കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 4

338
0

എല്ലായിടത്തും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന, ചുറ്റിയടിച്ചു ദേശാടനം ചെയ്യുന്ന കാറ്റിന് അറിയാത്തതായി ഒന്നുമില്ല.

”ചിന്തകള്‍ കിളിര്‍ക്കുന്ന ഒരു വൃക്ഷമായിരുന്നു ജനാര്‍ദ്ദനന്‍, ചിലപ്പോള്‍ ഒരു കുറ്റിച്ചെടിയായും മറ്റു ചിലപ്പോള്‍ ഒരു വടവൃക്ഷമായും രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു”. ഇത്രയും കാര്യങ്ങള്‍ കാറ്റ് അരയാലിനോട് പറഞ്ഞപ്പോള്‍ കാറ്റിന്റെ ഉള്ളില്‍ സഹതാപത്തിന്റെ ഒരു മാതൃസ്പര്‍ശമുണ്ടായിരുന്നു.
അരയാല്‍ തലങ്ങും വിലങ്ങും ഇലകളനക്കി പ്രതിഷേധമറിയിച്ചു.
ജനിച്ചത് കുടിക്കാനാണെന്നും
ജീവിക്കുന്നത് കുടിക്കാനാണെന്നും
കുടിക്കാന്‍ മാത്രമാണ് ജീവിക്കുന്നതെന്നും
അതു മാത്രമാണ് ചിന്തിക്കാനുള്ളതെന്നും മാത്രം കരുതുന്ന ഏഭ്യന്‍.
പൊരുള്‍ പറഞ്ഞുകൊടുക്കുന്നതു കൊണ്ടും, ഈശ്വരനെ മാത്രം ഉള്ളില്‍ വഹിക്കുന്നതു കൊണ്ടുമാണ് ഇങ്ങനെ തോന്നുന്നത്. ഒരു തീവണ്ടി യാത്ര ചെയ്യുന്നവന്‍ ഒരു വശം മാത്രമേ കാണുന്നുള്ളു. അപ്പോഴും മറ്റൊരു വശം കാണാനായി മിച്ചം കിടക്കുകയാണ്. മറു വശവും കൂടി കണ്ടാലെ കാഴ്ച പൂര്‍ണ്ണമാകുകയൊള്ളു. കാറ്റ് തിരുത്തി
ശരിയായിരിക്കും. പൊരുളുകളിലേക്കുള്ള കാക്കനോട്ടം ഞങ്ങള്‍ക്കില്ല. സര്‍വ്വം വഹയായി ഒരു കാറ്റലിസ്റ്റാകാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ. സഞ്ചാരത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ പരിധികളുള്ള ഞങ്ങള്‍ക്ക് എല്ലാം കാണാന്‍ കഴിയില്ലല്ലോ.
താഴെ പൊഴിഞ്ഞുകിടക്കുന്ന ഇലകളില്‍ ഒന്നെടുത്തേ, ശിഖാഗ്രത്തില്‍ പൊഴിയാന്‍ കാത്തുനിലക്കുന്ന ഇലകളില്‍ ഒന്നെടുത്തേ, പച്ചപ്പിന്റെ പൂര്‍ത്തിയിലെത്തിയ ഒരിലയെടുത്തേ, ഇന്നലെ വിരിഞ്ഞ ഒരു കുരുന്നിലയെടുത്തേ,
ഈശ്വരനെ ഭജിച്ച് അതിലേക്കൊന്നു നോക്കിക്കേ
എന്തു കാണുന്നു….
എന്താ ഒന്നും മിണ്ടാത്തത്….
എന്തു കാണുന്നു….
എന്തോ കാണുന്നു, തിരിച്ചറിയാന്‍….
കൃഷ്ണനാണ് ആലിലയില്‍ പള്ളികൊള്ളുന്ന ഈശ്വര സാന്നിദ്ധ്യം. ഇത്തിരിനേരം മൗനപ്പെട്ടിട്ട് കാറ്റു തുടര്‍ന്നു. ഓരോന്നിനും ഓരോ കര്‍മ്മമാണ്. എനിക്ക് ദൂത് ആണ്. അതു വിശുദ്ധവും അവിശുദ്ധവുമാകാം. കാക്കനോട്ടം… അതെന്റെ കുറവാണ്.
ഞങ്ങളുടെ അറിവുകള്‍ പരിമിതങ്ങളാണ്. ഇത്തിരി വട്ടമാണ് ഞങ്ങള്‍ക്കുള്ളത്. അതിനുള്ളില്‍ നിന്നുകൊണ്ട് വിശുദ്ധമായതുമാത്രം കാണാന്‍ നോക്കുന്നു. ആ കാഴ്ച ഞങ്ങളുടെ കുറവാണ്.
തമ്മില്‍ത്തമ്മിലുള്ള കുറവുകള്‍ പറഞ്ഞിട്ടര്‍ത്ഥമില്ല. ഐഹികത്തില്‍ ഒന്നും പൂര്‍ണ്ണരല്ല. പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണങ്ങള്‍ മാത്രം. ജനാര്‍ദ്ദനനും അങ്ങനെ തന്നെയാണ്. ജനാര്‍ദ്ദനന്‍ ജനാര്‍ദ്ദനനായി ത്തീര്‍ന്നതാണ്. മറ്റൊന്നാകാന്‍ ജനാര്‍ദ്ദനനാകില്ലായിരുന്നു. ഓരോന്നിന്റെയും വഴി ആദിയിലെ നിശ്ചിതമാണ്. ഓരോന്നും ഓരോന്നായി തീരുകയാമണ്.
അബ്രാഹത്തിന്റെ ബലി. അറയില്ലേ
നിനവേയിലെ പ്രവാചകന്റെ കഥ. അറിയില്ലേ.
സിദ്ധാര്‍ത്ഥന്‍ ബുദ്ധനായത് അറിയില്ലേ
സീത ഭൂമി പിളര്‍ന്ന് അമ്മയുടെ അടുത്തേക്ക് പോയതറിയില്ലേ
പ്രവാചകനായിട്ടും യുദ്ധം ചെയ്യാന്‍ വിധിക്കപ്പെട്ട പ്രവാചകനെ, അറിയില്ലേ
…..അറിയില്ലേ
….അറിയില്ലേ
….അറിയില്ലേ
….അറിയില്ലേ
ഇതാണ് ചരിത്രം. ഇത്രത്തോളമേ ചരിത്രമുള്ളൂ. ഇന്നലത്തെയും ഇന്നത്തേയും നാളത്തേയും ചരിത്രം ഇതാണ്.
എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ,
ജനാര്‍ദ്ദനന്‍ ജനാര്‍ദ്ദനനായിത്തീരുകയായിരുന്നു. അതിങ്ങനെയായിരുന്നു. എല്ലാം കാണുന്ന ഞാന്‍ നിങ്ങളെയും അതു കാട്ടിത്തരുമ്പോഴേ നിങ്ങള്‍ ജനാര്‍ദ്ദനനെ ശരിയായി കാണുകയുള്ളൂ. അപരനെ അവന്റെ കണ്ണിലൂടെ കണ്ടിട്ടു വേണം വിധി പറയാന്‍. ദാ, എന്റെ കണ്ണിലൂടെ നോക്കൂ
അരയാല്‍ കാറ്റിന്റെ കണ്ണിലുടെ ദൂരേക്ക് നോക്കി.
നീ കാണുക.

അള്ളാപ്പാറയുടെ അടുത്തുള്ള രക്ഷകന്റെ പള്ളിയും കടന്ന് ജനാര്‍ദ്ദനന്‍ വേച്ചു വേച്ചു നടന്നു.
ഇന്നു രാപ്പാര്‍ക്കാനൊരിടം….
തെളിഞ്ഞമാനമുണ്ട് വെളിച്ചത്തിന്.
മരത്തണലിലഭയം തേടാം
ഹേയ്, മാനമിരുണ്ടല്ലോ നോക്കിനിക്കെ
എവിടൊന്നു രാപ്പാര്‍ക്കും
കടത്തിണ്ണയിലാകാം. ഗോപുരവാതിലിലാകാം.
രണ്ടപ്പത്തിലും ഇത്തിരിച്ചാറിലും
പ്രഭാത ഭക്ഷണം
ഇനി ഉച്ചയുണ്ടല്ലോ
പിന്നെ സന്ധ്യയും.

നോക്കൂ ജനാര്‍ദ്ദനാ,
പക്ഷി
വിതയ്ക്കുന്നില്ലല്ലോ

കൊയ്യുന്നില്ലല്ലോ
ഓരോ ദിവസവും
ഓരോ നേരവും
ബാക്കിയെല്ലാം
വഴിയെ വന്നിടും
കേള്‍ക്കെടാ,
ജനാര്‍ദ്ദനാ
എടാ,
മണ്ടന്‍ ജനാര്‍ദ്ദനാ
എടാ മരമണ്ടന്‍ ജനാര്‍ദ്ദനാ
രണ്ടപ്പവും ഇത്തിരിച്ചാറും തന്നവന്‍
തരും രാപ്പാര്‍ക്കാന്‍ ഒരിടവും.
പെട്ടെന്നു പാട്ടു നിര്‍ത്തി, എന്തോ ഓര്‍ത്തിട്ടെന്നപോലെ ജനാര്‍ദ്ദനന്‍തിരികെ വന്നു ”ഓ…. ഇന്നു മറന്നുപോയി; നിന്റെ വീതം”.

അത് ജനാര്‍ദ്ദനന്റെ ഒരു ശീലമായിരുന്നു. ഉണ്ടില്ലേല്ലും ഉടുത്തില്ലേല്ലും ഒരു ചില്ലിക്കാശ് കൈയ്യിലില്ലേല്ലും രക്ഷകന്റെ പള്ളിയുടെ മുന്നിലെത്തുമ്പോള്‍….
രാവിലെ നടുറോഡില്‍ നിന്ന് തെളിഞ്ഞ ബോധത്തില്‍, ഉറച്ച വിശ്വാസത്തില്‍ വിളിച്ചു പറയും ”രക്ഷകാ, ഇന്നത്തെ കാര്യം, ദേ അങ്ങ് ഏപ്പിക്ക്യാ…
സന്ധ്യകളില്‍, നാലുകാലില്‍, മറയുന്ന ബോധത്തില്‍ ഒരു വെള്ളിരൂപ ഭണ്ഡാരത്തില്‍. പണിയുണ്ടെങ്കില്‍ വെള്ളിരൂപ ഭണ്ഡാരത്തില്‍ ഇടുന്നതിനു മുമ്പ് മുഖം നിറയെ ഒന്നു ചിരിച്ച്, പണിയില്ലെങ്കില്‍ വാ നിറയെ തെറി പറഞ്ഞിട്ട് ”ദേണ്ടേ കെടക്കണ് നിന്റെ വക. ജനാര്‍ദ്ദനന്‍ പറഞ്ഞാപ്പറഞ്ഞതാ”.
അന്ന് ഉള്ള് തുറന്ന് ചിരിച്ച് ഒരു വെള്ളി രൂപ ഭണ്ഡാരത്തില്‍ ഇട്ടിട്ട് അള്ളപ്പാറയുടെ മുകളിലൂടെയുള്ള കുറുക്കു വഴിയിലൂടെ ജനാര്‍ദ്ദനന്‍ വീട്ടിലേക്ക് നടന്നു.
”ഒരു പതിവു നാടകത്തിന്റെ അണിയറ ഒരുക്കങ്ങള്‍ ജനാര്‍ദ്ദനന്റെ ഉള്ളില്‍
നടക്കുന്നത് കാണുന്നുണ്ടോ.”
കാറ്റ് അരയാലിനോടു ചോദിച്ചു.
”ഞാനൊന്നും കാണുന്നില്ല. ഞാനൊന്നു അറിയുന്നുമില്ല.”
”്‌നിങ്ങളതു കാണും. എന്റെ കണ്ണിലൂടെ മാത്രം നോക്കുക. കാഴ്ചകള്‍ക്കു മേലെ കണ്ണടയ്ക്കരുത്. ദര്‍ശനങ്ങളുടെ അഭാവത്തില്‍ പിന്‍തിരിയരുത്.
എല്ലാം സാത്വികമായി മാത്രം കാണരുത്. കാണുന്നതു പോലെ കാണുക.

മുറ്റത്തു കാലെടുത്തു വച്ചതെ ജനാര്‍ദ്ദനന്‍ ഉറക്കെ പ്രഖ്യാപിച്ചു.
ഇന്ന് രണ്ടിലൊന്നറിയണം

അതു കേള്‍ക്കാതെ ലക്ഷ്മിയമ്മ ചോദിച്ചു.
യെടാ, യെനാര്‍ത്തനാ, ചുനിതേടെ മരുന്നെന്തിയേ…
ഏ….തു…ചുനിത.
ന്‌ന്റെ മക്‌ടെ
ഫാ……… ആര്‌ടെ മകള്. നാട് മുഴോനും മേഞ്ഞു നടന്ന നിങ്ങടെ മകക്ക് ഇങ്ങനെത്രെണ്ണം ഒണ്ടായിക്കാണും. എല്ലാത്തിനേം ഉര്ക്കിക്കാണും. ഇതിനേം ഉര്ക്കാന്‍ പാട്ല്ലാരുന്നോ.
തേ, തള്ളേ, നിങ്ങടെ മോളെ ന്റെ തലേല് കെട്ടിവയ്ക്കുമ്പം അഞ്ച് സെന്റ്സ്ഥലോം ഈ പെരേം എന്‌ക്കെഴ്തിത്തരാന്ന് പറഞ്ഞതല്ലേ.
എന്ക്കിപ്പം കിട്ടണം.
അത്‌ന്റെ ചുനി്തമോക്കാ…
സുനിതയുടെ പേരു പറഞ്ഞപ്പോള്‍ ലക്ഷ്മിയമ്മ കോപമടക്കി, അനുനയത്തില്‍ ജനാര്‍ദ്ദനനോട് പറഞ്ഞു:
യെടാ, യെനാര്‍ത്തനാ, ചുനിതമോളെ ക്ക്ണ്ടില്ലല്ലോ.
തള്ളേട വഴ്യേ പോയിക്കാണും.
ഫാ, എരപ്പേ, ന്റെ ചുന്ത മോളെക്കുറിച്ചു പറഞ്ഞാണ്ടോല്ലോ…
ഒന്നും മനസ്സിലാകാതെ, സാത്വിക, നിര്‍മമതയില്‍ നിന്ന അരയാലിനോട് കാറ്റു ചോദിച്ചു:
ഒന്നും മനസ്സിലാകുന്നില്ല അല്ലേ.
ഞാന്‍ എല്ലാം പറഞ്ഞു തരാം.
കാറ്റ് കഥ പറയാന്‍ തുടങ്ങി.

ജനാര്‍ദ്ദനന്റെ താവഴി ഇപ്രകാരമായിരുന്നു. ജനാര്‍ദ്ദനന്‍ അവസാനത്തെ സന്തതിയായിരുന്നു. അച്ഛന്റെ അന്തകനെന്നും, കാലനെന്നും അമ്മ വിളിച്ചിരുന്നത് കേട്ടു കേട്ട ്ജനാര്‍ദ്ദനന് ഒരു അര്‍ത്ഥമില്ലാത്ത വാക്കായി പരിണമിച്ചു. പൂരപ്പറമ്പിലെ ഒരു തെറിപ്പാട്ടു പോലെ.
ജനാര്‍ദ്ദനന്‍ ജനിച്ചതിന്റെ മൂന്നാം നാള്‍ അച്ഛന്‍ മരിച്ചു. പാമ്പു കടിയേറ്റായിരുന്നു മരണം. ജനാര്‍ദ്ദനന് രണ്ട് ജ്യേഷ്ഠന്മാരും ഒരു പെങ്ങളുമുണ്ടായിരുന്നു. മൂന്നാം ക്‌ളാസുവരെ ജനാര്‍ദ്ദനന്‍ എങ്ങനെയൊക്കെയോ പഠിച്ചു. ക്‌ളാസില്‍ ഒന്നാമനായിരുന്നു. കേട്ടിട്ടില്ലേ കിലേഹലഴലിരല ഝൗീശേലി േഎന്ന്. വളരെ ഉയര്‍ന്ന ക. ഝആയിരുന്നു ജനാര്‍ദ്ദനന്. ”നീ പഠിച്ചിട്ടു വലിയ കാര്യ മൊന്നുമില്ല. നീ തന്തക്കാലനല്ലേ. എനിക്കും നീ കാലനാകും. അതു കൊണ്ട് നിന്റെ ചേട്ടന്മാര് പഠിക്കട്ടെ”. അതായിരുന്നു അമ്മയുടെ തീരുമാനം.
മഴയത്ത് സ്‌കൂള്‍ വരാന്തയില്‍ കയറി നില്‍ക്കുമ്പോള്‍ അതിനുള്ളിലെ ബഞ്ചില്‍ ഒന്നു കയറി ഇരിക്കാന്‍ ജനാര്‍ദ്ദനന്‍ വല്ലാതെ മോഹിച്ചിരുന്നു. ആരെങ്കിലും കണ്ടാലോ എന്ന ചിന്തയില്‍ സ്‌കൂളില്‍പ്പോകാനുള്ള ആവേശം പോലെ അതും ജനാര്‍ദ്ദനന്‍ ഉപേക്ഷിക്കുമായിരുന്നു. ജനാര്‍ദ്ദനന്‍ നാട്ടുകാരുടെ മകനായി എങ്ങനെയൊക്കെയോ വളര്‍ന്നു കൊണ്ടിരുന്നു.
ജനാര്‍ദ്ദനന്‍ പുരുഷപ്രാപ്തിയിലെത്തിയപ്പോള്‍ അവനെക്കാണുന്നവരൊക്കെ ഒന്നു കൂടി നോക്കുമായിരുന്നു. അവന്‍ ഒന്നു വന്നിരുന്നെങ്കില്‍ എന്നു ചിന്തിച്ച് പല വീട്ടമ്മമാരും മറ്റാരു മില്ലാത്ത സമയങ്ങളില്‍ വഴിയിലേക്ക് നോക്കിയിരിക്കുമായിരുന്നു. സ്വന്തം ജേഷ്ഠന്റെ ഭാര്യയുടെ കണ്ണുകളിലും അവന്‍ സഹോദരനേക്കാള്‍ എന്തോ ആണെന്ന തോന്നലുണ്ടാകാന്‍ തുടങ്ങിയപ്പോള്‍, വല്ലപ്പോഴുംമൊക്കെ കയറിച്ചെന്നിരുന്ന വീടു വിട്ടിവനിറങ്ങി. വഴിയാത്രയിലെന്നോ, എവിടെയോ വച്ചു കണ്ട നാട്ടുകാരിലൂടെ എന്നോ അറിഞ്ഞു, ജനാര്‍ദ്ദനന് ഒരു തുണ്ടു ഭൂമിപോലും മിച്ചമിടാതെ വിറ്റ്, അമ്മ ആവടിയിലുള്ള ജ്യേഷ്ഠനു നല്‍കിയെന്നും അവിടെ ജേഷ്ഠഭാര്യയും അമ്മയും കൂടി എന്തൊക്കെയോ ബിസിനസ്സ് നടത്തുകയാണെന്നും. നഷ്ടപ്പെട്ട വിദ്യാഭാസത്തോളം വലുതല്ലല്ലോ ഈ നഷ്ടം എന്നു പറഞ്ഞ,് ജനാര്‍ദ്ദനന്‍ അതു മറക്കാന്‍ തുനിഞ്ഞു. പലതും മറക്കാന്‍ പറ്റാതെ വരുമ്പോള്‍ കഞ്ചാവു പുകയ്ക്കുള്ളില്‍ അവയെ പുതച്ചിച്ചു കിടത്തുമായിരുന്നു. പുകകൊണ്ടു നിറയുമ്പോള്‍ ജനാര്‍ദ്ദനന്‍ ഉറക്കെ വിളിച്ചു പറയുമായിരുന്നു ”ചെന്നൈയില്‍ ഒരാവ്ടിയൊണ്ട്. അവ്‌ടെ ഒരു വലിയ പ്‌ളാറ്റില്‍…..ഫൂ, അമ്മയാണ്”. പിന്നെ ഒരു കട്ടികൂടിയ തെറി പറഞ്ഞിട്ടു പറയും, ”അ….മ്മ. ഇവ്‌ടെ ദേണ്ടെ ചുനിതേടെ അപ്പനാണെന്നും പറഞ്ഞ് ജനാര്‍ത്തനന്‍.
”ജനാര്‍ദ്ദനന്‍ എങ്ങനെ സുനിതയുടെ അച്ഛനായി. സുനിതയുടെ അമ്മ………” കഥയുടെ പോക്കില്‍ ജിജ്ഞാസപ്പെട്ട് അരയാല്‍ ചോദിച്ചു.
പൊരുള്‍ തേടുന്നവര്‍ക്ക് അത് വെളിപ്പെടുത്തിക്കൊടുക്കലല്ലേ സ്വധര്‍മ്മം. ഈ പൊരുളും സ്വയം കണ്ടെത്തിക്കൂടെ.
ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമുണ്ട്. അറിയില്ലേ,
സര്‍വ്വജ്ഞനല്ലേ.
കര്‍മ്മണ്യേ വാധികാരസ്ഥേ.
ശരിയാണ്, എല്ലാവരുടേയും വഴികള്‍ നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. നിയതമാണ്. അവിടെ എത്താതെ പറ്റില്ലല്ലോ അതല്ലേ നിനേവെയിലെ പ്രവാചകന്റെ കഥയും പറയുന്നത്. ആവശ്യപ്പെട്ടിടത്ത് പോകാന്‍ മടിച്ച് ദിശമാറി യാത്രയായവന്‍. കടല്‍ക്കോളില്‍ ആദ്യത്തെ ഊഴ ത്തില്‍ത്തന്നെ കടലില്‍ എറിയപ്പെട്ടവന്‍. മൂന്നുനാള്‍ മത്സ്യത്തിന്റെ വയറ്റില്‍ കേടു കൂടാതെ ഇരുന്നിട്ട്, മൂന്നാം നാള്‍ നിനേവെയെന്ന ആവശ്യപ്പെട്ടിടത്ത്, മത്സ്യത്തെക്കൊണ്ട് ഛര്‍ദ്ദിപ്പിച്ച്, എത്തപ്പെട്ടവന്‍. എല്ലാം ദൈവ നിശ്ചിതങ്ങളാണ്.
അരയാലും അതു സമ്മതിച്ചു.

കാറ്റ് കഥ തുടര്‍ന്നു.
എല്ലാത്തിനും ഒരു നിമിത്തമുണ്ടാകുമല്ലോ. രാധയായിരുന്നു ആ നിമിത്തം.
ദേ, കേള്‍ക്ക് ജനാര്‍ദ്ദനന്‍ പറയുന്നുണ്ടത്. എല്ലാത്തിനും കാരണക്കാരി അവളാണ്, രാധ…………
അത്രത്തോളമെത്തുമ്പോള്‍ ജനാര്‍ദ്ദനന്‍ മൂക്കുപിഴിയും. ഉറക്കെക്കരയും. കഞ്ചാവിന്റെ പുകച്ചുരുളുകള്‍ക്കിടയില്‍ പ്രജ്ഞനഷ്ടപ്പെടുമ്പോഴും വല്ലാത്തൊരു നഷ്ടബോധവും പരാജയഭീതിയും മനസ്സിലുണ്ടാകും.
രാധ…..
ലക്ഷ്മിയമ്മയുടെ അഞ്ചുപെണ്‍മക്കളില്‍ ഏറ്റവും ഇളയവള്‍. ഒരു കൊച്ചു സുന്ദരി….
രാധയോട് വെറുപ്പൊന്നുമില്ല. ഇന്നും സ്‌നേഹമാണ്. ഡല്‍ഹിയില്‍ എവിടെയോ ഉണ്ട.്
ഒരിക്കല്‍കൂടി കാണണമെന്നുമുണ്ട്.
പിന്നെ അരയാല്‍ കണ്ടു ജനാര്‍ദ്ദനനെ, കാറ്റിന്റെ കണ്ണിലൂടെ.
ജേഷ്ഠന്റെ ഭാര്യയുടെ കണ്ണുകള്‍ ജനാര്‍ദ്ദനനെ ആര്‍ത്തിയോടെ തേടുന്നുണ്ടെന്ന് ഉറപ്പായ അന്ന്, മൂക്കറ്റം കുടിച്ച്, അമ്മയോട് വഴക്കിട്ട് നാടുവിടുമ്പോള്‍ ജീവിതം ഇങ്ങനെയൊക്കെ ആകുമെന്ന് ജനാര്‍ദ്ദനന്‍ കരുതിയിരുന്നില്ല. ബാറ് ജനാര്‍ദ്ദനന് ജന്മഗ്രഹവും വളര്‍ത്തുഗൃഹവുമായിരുന്നു.
മറ്റൊരു നാട്ടിലെത്തി എല്ലാം മറക്കാനും ഒന്നും ഓര്‍ക്കാതിരിക്കാനുമായി
സകലതും മദ്യത്തില്‍ മുക്കിത്താഴ്ത്തി. ബാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വഴിയേത്, വളവേത,് ദിശയേത,് വിളക്കേത,് വെളിച്ചമേത് എന്നൊന്നും ജനാര്‍ദ്ദനന് അറിവുണ്ടായിരുന്നില്ല, ഒട്ടും ഓര്‍മ്മയുമുണ്ടായിരുന്നില്ല. റോഡില്‍ എത്തിയോ എന്നറിയാന്‍ ഒത്തിരി പണിപ്പെട്ടപ്പോള്‍ ഒരു മഞ്ഞച്ച ഓര്‍മ്മ ഒന്നു മിന്നി മങ്ങി.
പിന്നെ ഓര്‍മ്മകളുണ്ടാകുന്നത് ആശുപത്രി വരാന്തയില്‍ വച്ചായിരുന്നു. അപകട സ്ഥലത്തുനിന്നും ആരൊക്കെയോകൂടി ആശുപത്രിയില്‍ എത്തിച്ചതാണെന്ന് അപ്പോള്‍ അറിഞ്ഞു. ”അവ്‌ടെക്കെടന്ന് ചാകാന്‍ സ്മ്മത്ക്കാതെ എന്ത്‌ന് എത്തിച്ചെന്ന്” ചോദിച്ചപ്പോള്‍ പരിശോധനയ്ക്ക് വന്ന ഡോക്ടറുടെ മുഖത്ത് ഒരു ക്‌ളാവു നിറം പടരുന്നുണ്ടായിരുന്നു.
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ലേ. ജനാര്‍ദ്ദനനും മാറാന്‍ തുടങ്ങി. ജനാര്‍ദ്ദനനു ജീവിക്കണമെന്നു തോന്നി. ജനാര്‍ദ്ദനന്‍ ബാറില്‍പ്പോകാതായി. ആശുപത്രി ജീവിതത്തിലും കൊച്ചു കൊച്ചു ജോലികള്‍ ചെയ്ത് കിട്ടുന്നതു സ്വരൂപിക്കാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ ആശുപത്രിയുടെ മുന്നിലെ ബഞ്ചിലിരുന്ന,് തനിയെ, മനോഹരമായി, സ്വതസിദ്ധമായ ശബ്ദമാധുരിയില്‍ പാട്ടുകള്‍ പാടി.
ആ പാട്ടുകള്‍ക്ക് പ്രത്യാശയുടെ താളമുണ്ടായിരുന്നു. വാക്കുകള്‍ പൂക്കുന്ന പാട്ടുകള്‍.
വേനലിലെ വാകമരം നിറയെ പൂവണിയിച്ച പാട്ടുകള്‍. ആ പാട്ട് ആരെയോ ഓര്‍ത്ത്, ആര്‍ക്കോവേണ്ടി പാടുന്നവയായിരുന്നു.
മറു വാക്കു കേള്‍ക്കാന്‍ ഇടം ഇട്ടിട്ടുള്ള പാട്ടുകളായിരുന്നു.
രാധ….
രാധമാത്രം….
രാധയ്ക്കുവേണ്ടി മാത്രം….
ഇരു ധ്രുവങ്ങളില്‍ രണ്ടു നാമങ്ങള്‍ വച്ചിട്ട് ജനാര്‍ദ്ദനന്‍ പാടി
രാധ…………………….ജനാര്‍ദ്ദനന്‍
പാട്ടിലലിഞ്ഞ,് ഒരേ തരംഗദൈര്‍ഘ്യത്തില്‍ നാമപദങ്ങള്‍ മുന്നോട്ടും പിന്നോട്ടും ചലിച്ച് ഒന്നായി, അഗ്നിയില്‍ സ്വര്‍ണ്ണം പോലെ വിളക്കുപൊടിയിട്ട് വിളക്കി ചേര്‍ക്കപ്പെട്ട് ഒന്നാകണം.
രാധാജനാര്‍ദ്ദനന്‍
നൂറ്റൊന്നാവര്‍ത്തിച്ചു ജനാര്‍ദ്ദനന്‍ ആ സ്വപ്നം തന്നെ കണ്ടപ്പോള്‍ അതിനൊരു സിന്ദൂരത്തിന്റെ ശുദ്ധിയുണ്ടായിരുന്നു.
ആശുപത്രിയിലെ ഉദ്യാനത്തിലെ ചാരു ബഞ്ചിലിരുന്ന് ജനാര്‍ദ്ദനന്‍ മണിമാളികകള്‍ പണിയാന്‍ തുടങ്ങി. തൃപ്തി വരാതെ പൊളിച്ച് പൊളിച്ച് പിന്നെയും പിന്നെയും പണിതു.
അപ്പോഴൊക്കെ രാധയും കൂടെയുണ്ടെന്ന് ജനാര്‍ദ്ദനന് ഉറപ്പായിരുന്നു.
ജനറല്‍ വാര്‍ഡില്‍, ജനാര്‍ദ്ദനന്റെ കട്ടിലിനരികില്‍ നടുവു വേദനയ്ക്ക് ചികിത്സിക്കാന്‍ വന്നതായിരുന്നു ചെല്ല. ലക്ഷ്മിയമ്മയുടെ നാലാമത്തേതും രാധയുടെ മൂത്തതും. മച്ചിയാണെന്നു പറഞ്ഞു ഭര്‍ത്താവ് തിരിച്ചുകൊണ്ടാക്കിയതാണെന്നും, അതല്ല ഭര്‍ത്താവ് മാത്രം പോരാ എന്നു പറഞ്ഞു പഴയ താവളം തേടിപ്പോന്നതാണെന്നും… അങ്ങനെ പലതും. പക്ഷേ ആരൊക്കെ, എന്തൊക്കെ, എങ്ങനൊക്കെ പറഞ്ഞിട്ടും ജനാര്‍ദ്ദനന്റെ ശബ്ദതാരാവലിയില്‍ ചെല്ല ഉണ്ടായിരുന്നില്ല. രാധ….രാധ മാത്രം.
ഒരു ദിവസം വൈകുന്നേരം അമ്പലത്തില്‍ പോകുന്നതിനു മുമ്പ് ചെല്ല കേള്‍ക്കാതെ രാധയോട് ജനാര്‍ദ്ദനന്‍ ചോദിച്ചു ”നാളേതാണ്.” അപ്പോള്‍ ജനാര്‍ദ്ദനന്റെ മനസ്സില്‍ ഉണ്ടായിരുന്നു, ഒരു പുഷ്പാഞ്ചലി കഴിക്കണം. ജീവിതത്തില്‍ ആദ്യത്തേത്.
ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട് ആശുപത്രി വരാന്തയില്‍ സന്നിഗ്ദതയോടെയും ആശങ്കകളോടെയും ഇരിക്കുമ്പോള്‍ ചെല്ലയാണ് പറഞ്ഞത് ”ഞങ്ങളുടെ കൂടെ പോര്. ഞങ്ങള്‍ക്കൊരാണ്‍ തുണ ഇല്ലല്ലോ. പോകാനൊരിടമായിരുന്നില്ല മനസ്സില്‍ അപ്പോള്‍. മനസ്സില്‍ രാധയായിരുന്നു. രാധ മാത്രം.
രാധയില്‍ നിന്ന് ചെല്ലയിലൂടെ ലക്ഷ്മിയമ്മ അതറിഞ്ഞപ്പോള്‍ ചോദിച്ചു ”മോന് തിര്ുമ്മ്‌റ്യാല്ലേ. ചെല്ലെ..ന്നെ ഒന്നു തിരുമ്യാ.. അവ്‌ടെ നട്‌വ് വേദ്‌ന”. അപ്പോഴും ജനാര്‍ദ്ദനന്‍ ആഗ്രഹിച്ചു അതു രാധയായിരുന്നെങ്കില്‍. രാധ…. രാധ മാത്രം.
പൂര്‍ണ്ണ നഗ്നയായി ജനാര്‍ദ്ദനന്റെ മുന്നില്‍ കിടക്കാന്‍ ചെല്ലയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ആ നിമിഷങ്ങളെ അപൂര്‍വ്വ നിമിഷങ്ങളാക്കി ചെല്ല ആഘോഷിച്ചു.
അവന്റെ സാമീപ്യം
അവന്റെ വിരല്‍ സ്പര്‍ശത്തില്‍ പൂത്തുലയുന്ന ശരീരത്തിലെ ചില്ലകള്‍.
അവനെ തൊട്ടുമുട്ടിയിരിക്കാനുള്ള മോഹം.
മാറിലെ തെറിച്ചു നില്‍ക്കുന്ന മുലഞെട്ടുകളില്‍ അവന്റെ സ്പര്‍ശനം.
അവന്റെ കണ്ണുകള്‍ നോക്കാന്‍ മടിക്കുന്നിടത്ത് അറിയാതെയെങ്കിലും ഒരു ചെറു വിരല്‍ സ്പര്‍ശം.
അവളുടെ ഒരു പ്രാര്‍ത്ഥനയായിരുന്നു.
ഒരു ദാഹമായിരുന്നു.
ഒരു കോടി മോഹങ്ങളില്‍ ഒന്നു മാത്രം.
കാറ്റ് കഥ പറഞ്ഞ് കഥ പറഞ്ഞ് അരയാലിന്റെ ചുവട്ടിലിരിക്കുകയായിരുന്നു. ഒത്തിരി നേരം കാത്തിരുന്നിട്ടും കാറ്റ് കയറി വരുന്നില്ലെന്നുകണ്ട തളിരിലകള്‍ കലപില കൂട്ടി. കയറിച്ചെന്ന് അപ്പോള്‍ കാറ്റ് ഇലകളെ തൊട്ടു. ഇലകള്‍ അരയാലിലെ ചെറിയ കായ്കളെ തൊട്ടു. കായ്കള്‍ പറഞ്ഞു.
സ്പര്‍ശനമാണ് ഏറ്റവും വലിയ ഭാഷ.
ആരും തൊടാനില്ലായിരുന്ന ഒരു കായ് പരിഭവിച്ചു താഴേക്ക് ചാടി. ചുട്ടു പഴുത്ത മണ്ണില്‍ മുഖം ചേര്‍ത്ത് നെടുനീളെ കിടന്നു.
കാറ്റിറങ്ങി അരയാലിന്റെ ചുവട്ടിലെത്തി.
കാറ്റ് ചോദിച്ചു
ഏറ്റവും വേഗത്തില്‍ പരക്കുന്നതെന്താണ്.
ഈശ്വരനാമം.
ഏയ് അതല്ല.
പിന്നെ..
പരദൂഷണം.
ചിലപ്പോളതു സത്യമാകാം. ചിലപ്പോള്‍ അസത്യമാകാം.
പക്ഷേ ചെല്ലയുടെ കാര്യത്തില്‍ അത് സത്യമായിരുന്നു. നാട്ടുകാര്‍ പറഞ്ഞത് അങ്ങനെയാണ്. ചെല്ല എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ രാധയെത്തേടി വന്ന ജനാര്‍ദ്ദനന് ചെല്ലയില്‍ എങ്ങനെ കുട്ടിയുണ്ടായി. മക്കളുണ്ടാകിയേല എന്നുപറഞ്ഞ് ഭര്‍ത്താവ് വീട്ടില്‍ കൊണ്ടാക്കിയ ചെല്ല എങ്ങനെ ഗര്‍ഭിണിയായി.
ചെല്ല രാധയോടാണത് ആദ്യം പറഞ്ഞത്. പറഞ്ഞ ചെല്ലയ്ക്കും കേട്ട രാധയ്ക്കും അത് സന്തോഷമായിരുന്നു.
കാരണം ഞാന്‍ പറയേണ്ടല്ലോ.
കാറ്റു ചോദിച്ചു:
വേണ്ട എനിക്കറിയാം.
ചെല്ല രാധയോടു പറഞ്ഞു.
തിരുമ്മലിന്റെ ഏതോ ഒരു ദിവസം …
ചൂടുപിടിച്ചു കിടന്നിരുന്ന അവളുടെ സ്‌ത്രൈണതയിലേക്ക് വിത്തു കാത്തു കിടന്നിരുന്ന അവളുടെ വയലുകളിലേക്ക് ജനാര്‍ദ്ദനന്‍ ചാലു കീറി.
അങ്ങനെ ഉഴവുകാരന്റെ കലപ്പയ്ക്കും ഉഴവു മൃഗത്തിന്റെ കുളമ്പുകള്‍ക്കുമിടയിലെ ഒരു വിത്തായി, സുനിത ചെല്ലയുടെ ആഴങ്ങളില്‍ പറ്റിപ്പിടിച്ചു വളരാന്‍ തുടങ്ങി.
വാര്‍ത്തകള്‍ എല്ലാവര്‍ക്കും മുമ്പേ നാട്ടിലെത്തിച്ചത് രാധയായിരുന്നു. അവളറിഞ്ഞിരുന്നു, അതവള്‍ക്കൊരു മോചനമാണെന്ന്. എത്രത്തോളമെത്തിക്കാവോ, അത്രത്തോളം മോചനമാണെന്ന്.
ശരിയാണോടി….
സംശയിച്ചവരോടവള്‍ പറഞ്ഞു:
വാഴയുടെ ചുവട്ടിലിരുന്ന് ഓക്കാനിക്കുന്നത് ഞാനും അമ്മയും കണ്ടതല്ലേ.
അപ്പോഴും ജനാര്‍ദ്ദനന് ചെല്ല ആരുമായിരുന്നില്ല. ജനാര്‍ദ്ദനന്‍ ചെല്ലയെ ഓര്‍ത്ത് പാട്ടുപാടിയിരുന്നില്ല. ചെല്ലയെ ഓര്‍ത്ത് സ്വയം നന്നാകണമെന്ന് തീരുമാനമെടുത്തിരുന്നില്ല. തെങ്ങുകയറിയും, മരം മുറിച്ചും കൈ നിറയെ പണവുമായി നേരത്തെ വീടെത്തണമെന്ന് ചിന്തിച്ചിരുന്നില്ല. എല്ലാം രാധയ്ക്കായിരുന്നു. രാധയ്ക്ക് മാത്രമായിരുന്നു. രാധ മാത്രമായിരുന്നു.

പതിവിനു വിപരീതമായി ‘ചേട്ടാ’ എന്നു വിളിച്ചു കൊണ്ട് രാധ ഒരു ചെറു ചിരിയുമായി ജനാര്‍ദ്ദനനെ സമീപിച്ചപ്പോള്‍ കാറ്റ് അനുകൂലമാണെന്ന് ജനാര്‍ദ്ദനന്റെ ഉള്ളം ചെണ്ടകൊട്ടിഘോഷിച്ചു. പക്ഷേ രാധ പറഞ്ഞത് ജനാര്‍ദ്ദനന്‍ ജീവിതത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിച്ചതല്ലായിരുന്നു.
ചേച്ചി ഗര്‍ഭിണിയാണ്. ചേട്ടനാണല്ലേ.
ചേച്ചി എല്ലാം എന്നോടു പറഞ്ഞു.
ചെല്ലച്ചേച്ചീടെ ചേട്ടന് ആണു വേണോ പെണ്ണു വേണോ….?
എന്നു ചോദിച്ചിട്ടവള്‍, ഒരുത്തരത്തിനു കാത്തു നില്‍ക്കാതെ ചിരിച്ചുകൊണ്ട് തന്നെ നടന്നു പോയി.
പതിയെ നാട്ടുകാരുടെ മുന്നില്‍ ജനാര്‍ദ്ദനന്‍ എന്ന പേരു പോലും അപ്രസക്തമായി, ചെല്ലയുടെ കെട്ടിയോനായി.

അറിയാമോ…?
കാറ്റ് അരയാലിനോടു ചോദിച്ചു. ജനാര്‍ദ്ദനന്റെ ജീവിതം എന്നും കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു. ജനാര്‍ദ്ദനന്റെ ജീവിതം ഇങ്ങനെയൊക്കെ ആയാല്‍ മതിയെന്ന് ആര്‍ക്കോ തീരുമാനമുണ്ടായിരുന്നതുപോലെ. എന്നും ചതികളില്‍പ്പെട്ടു പോകുന്ന ജീവിതം.
കാറ്റു തുടര്‍ന്നു.
രാധയുടെ വായില്‍ നിന്നു തന്നെ അതുകേട്ടപ്പോള്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു.
ജനാര്‍ദ്ദനനെന്നും ജനാര്‍ദ്ദനനാകാനെ കഴിയൂ. ഒരു മുരടിച്ച മരത്തിനെന്നും മുരടിച്ച മരമാകാനെ കഴിയൂ.
അപ്പോള്‍ ജനാര്‍ദ്ദനന്‍ മനസ്സൊരു തകര്‍ന്ന കണ്ണാടിയായും, അതിലെ ഓരോ ചീളിലും രാധ നിറഞ്ഞു നില്‍ക്കുന്നതയാും കണ്ടു. ഓരോ ചീളിലെയും രാധയെ മനസ്സ് നഗ്നമാക്കികൊണ്ടിരുന്നു. അവളെ നഗ്നയായിട്ടു വേണം ഒരിക്കലെങ്കിലും. രാധ ചുറ്റും വലിഞ്ഞ് ശിഖാഗ്രം തേടിപ്പോകുന്ന ഒരു പുളയുന്ന സര്‍പ്പമായി, അവനെ ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു.

ഇനി ഒരിക്കലും നന്നാകില്ലെന്നുറപ്പിച്ച് ജനാര്‍ദ്ദനന്‍ വാശിയോടെ കുടിച്ചു. കഞ്ചാവു പുകകളില്‍ കുളിച്ചു. പിന്നെയും പിന്നെയും ലഹരി തേടി. ലഹരിയേറുന്തോറും രാധയുടെ നഗ്നത മാത്രം ഓര്‍ത്തു. കേട്ടു, കണ്ടു, ആസ്വദിച്ചു.

മഴ പെയ്ത ഒരു പകല്‍ അടച്ച് കുറ്റിയിട്ട മുറിയിലെ തറയില്‍ അക്രമിച്ച് കീഴ്‌പ്പെടുത്തി കിടത്തി, ബലിഷ്ഠങ്ങളായ കൈകള്‍ കൊണ്ട് മുഖമമര്‍ത്തി ഒരൊച്ചപോലും പുറത്തുവിടാനനുവദിക്കാതെ, അവളെ പ്രാപിക്കുമ്പോള്‍ അവന്റെ മനസ്സിലെ ഉടഞ്ഞ കണ്ണാടിച്ചില്ലുകള്‍ ഒന്നാകുകയായിരുന്നു. അതിലപ്പോള്‍ രൂപങ്ങളൊന്നുമുണ്ടായിരുന്നില്ല. കറുത്തിരുണ്ട് പുകയുന്ന വെറുമൊരു പുകനിറം. കീറിപ്പറിഞ്ഞ ഉടുവസ്ത്രങ്ങളുമായി, വേദനയില്‍കിടന്നു പുളയുന്ന രാധയെക്കണ്ടപ്പോള്‍ ലക്ഷ്മിയമ്മയ്ക്ക് വേറൊന്നും പറയുവാനുണ്ടായിരുന്നില്ല.

ചെല്ലക്കൊരു ജീവ്‌തോണ്ട്കാ, ന്റെ മോള്ത് മറ്ന്നു കള.
ചെല്ല സുനിതയെ പ്രസവിക്കുമ്പോള്‍ രാധ അടുത്തുണ്ടായിരുന്നില്ല. ഒരു പുലി മടയിലെത്രനാള്‍, ഉണ്ണാതുറങ്ങാതെ, കഴിയും. അവള്‍ അപ്പോള്‍ കിട്ടിയ കാമുകനുമൊത്ത്, ഒരു കുറിപ്പുപോലുമെഴുതി വയ്ക്കാതെ, നാടുവിട്ടു.
എവിടെ…?
അരയാല്‍ ചോദിച്ചു.
എവിടെയെന്നൊരു ചോദ്യത്തിന് അവളുടെ കാര്യത്തില്‍ പ്രസക്തിയില്ല.
എനിക്കുമറിയില്ല.

എല്ലാത്തിനും ഒരു സമാപ്തി വേണം. ഒന്നും അധികം നീട്ടി കൊണ്ടു പോകാന്‍ വിധിയും ആഗ്രഹിക്കാറില്ല. ജനാര്‍ദ്ദനന്റെ കഥ ഇങ്ങനെയാണ് അവസാനിച്ചത.് അതും കൂടി കേള്‍ക്കുക.
അരയാല്‍ തയ്യാറായി.
ഒരു ശവം വഴിയില്‍ കിടക്കുന്നെന്ന വാര്‍ത്തയാണ് ആദ്യമെ നാട്ടില്‍ പരന്നത്.
പാമ്പു കടിയേറ്റ് മരിച്ചതാണ്.
ശരീരം മുഴുവന്‍ നീലനിറമാണ്.
പിന്നീടാണ് സ്ഥിതീകരിക്കപ്പെട്ടത്.
അത് ചെല്ലയാണ്. ജനാര്‍ദ്ദനന്റെ ഭാര്യ.
ശവം കാണാന്‍ പോലും ജനാര്‍ദ്ദനന്‍ പോയില്ല. ജനാര്‍ദ്ദനനു പണ്ടേ അറിയാമായിരുന്നു, ചെല്ല പല രാത്രകളിലും ആരെയോ അല്ലെങ്കില്‍ ആരെയൊക്കെയോ തേടിപ്പോകുന്നുണ്ടെന്ന്. മുറിയുന്ന കഞ്ചാവു ബീഡി ആഞ്ഞാഞ്ഞു വലിച്ച്, പുകച്ചുരുളുകള്‍ക്കിടയില്‍ രാധയുടെ നഗ്നരൂപം മാത്രം കണ്ട്, അവന്‍ അപ്പോള്‍ ഉണര്‍ന്നിരിക്കുന്നുണ്ടാകും.
”ചെല്ല മരിച്ചു. പാമ്പു കടിയേറ്റാണ്,” എന്ന് ആരോ വന്നു പറഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു:
ഓഹോ…. ചത്തോ…
ങാ…. ചത്തു അല്ലേ!
മരിച്ചു എന്ന വാക്കുപയോഗിക്കാന്‍ പോലും അവന്‍ തയ്യാറായില്ല.
മുട്ടിലിഴയുന്ന സുനിതയെ കാണുമ്പോള്‍ ജനാര്‍ദ്ദനന്‍ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു.
”ഓ…! സറുപ്പ സന്തതി ഇഴ്യാന്‍ തൊടങ്ങ്യോ.
പിന്നെ ഒരാശംസയും നേരുമായിരുന്നു.
വേഗം വള്‌ന്നോ. തള്ളേടെ വഴ്യേപോക്ാന്‍.

കണ്ടോ ജനാര്‍ദ്ദനനെ…?
കണ്ടു!
സൂക്ഷ്മമായി കണ്ടോ…?
കണ്ടു.
അതായിരുന്നു ജനാര്‍ദ്ദനന്‍. ആയതല്ല. ആയിത്തീര്‍ന്നതാണ്. ആക്കിത്തീര്‍ത്തതാണ്.

അത്രയും നേരം ചോദ്യമൊന്നും ചോദിക്കാതിരുന്ന അരയാല്‍ ഗൗരവമുള്ള ഒരു ചോദ്യം ചോദിച്ചു.
ആര്…?
അറിയില്ല.
ഓരോരുത്തരും ഓരോ പേര് പറയുന്നു. കൃത്യമായ പേര് എനിക്കറിയില്ല.
കാഴ്ചയുടെ ആവൃതി ഒതുക്കി അരയാല്‍ മൗനത്തിലേക്കു കടന്നു.
ഒരു വിധിയെഴുത്ത് അരയാലിനുള്ളതല്ലല്ലോ. ക്ഷീണിച്ച കാറ്റ് ഒരു കുളിപോലും മറന്ന് അരയാല്‍ ചില്ലയില്‍ മയങ്ങി.
മെല്ലെ കണ്ണുകള്‍ തുറന്ന് അരയാല്‍ ജനാര്‍ദ്ദനനോടായി വെളിപ്പെട്ടു.
നിന്റെ പിറവിക്കും മുന്‍പേ
നിന്റെ പിതാവിനും മുന്‍പേ
നിന്റെ മാതാവിനും മുന്‍പേ
നിന്റെ അവ്യക്ത സ്വരങ്ങള്‍ അവിടെയുണ്ടായിരുന്നു.

തുടരും….