കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 11

341
0

ജാലകത്തിലൂടെ കടന്ന് വന്ന കാറ്റ് മെഴുകുതിരി നാളം കെടുത്തി. ആരും കാണാതെ അവള്‍ കാറ്റിനു ചുംബനങ്ങള്‍ നല്‍കി. എവിടെയോ കിടക്കുന്ന തന്റെ പ്രിയതമന്റെ ചുണ്ടിലേക്ക് ഉമ്മകള്‍ കാറ്റു പകര്‍ന്നു കൊടുക്കുമെന്ന് അവള്‍ ആശിച്ചു.

അന്ന് വാക്കുകളുടെ ദിവസമായിരുന്നു. ഓരോന്നിനും ഓരോ ദിവസമുണ്ടെന്ന് അവളറിഞ്ഞത് അന്നായിരുന്നു. ക്ലാസു മുറിയുടെ ജനാലയുടെ പ്രതിരോധം ഭേദിച്ച്, വാക്കുകള്‍ ഉന്മത്തരായി, അതിരുകളില്ലാത്ത സ്വാതന്ത്യത്തിലേക്ക്………. അപ്പോള്‍ മധുസൂദനന്‍ നായരുടെ ”വാക്ക്” എന്ന കവിത വ്യാഖ്യാനിച്ചുകൊണ്ട് ഗ്ലോറി മറ്റില്‍ഡാ സിസ്റ്റര്‍ അവളുടെ ക്ലാസിലുണ്ടായിരുന്നു.
വാക്കും വചനവും ഒന്നാകുന്നു. വാചാ സര്‍വ്വാണി ഭൂതാനി. വാക്കില്‍ നിന്നാണ് എല്ലാം ഉണ്ടായത് എന്നാണ് ഐതരേയാരണ്യക ഉപനിഷത്ത് പറയുന്നത്. ആദിയില്‍ ഉണ്ടായിരുന്നത് വചനമായിരുന്നു. വചനം വാക്കായിരുന്നു. വചനം ദൈവത്തോടു കൂടിയായിരുന്നു. കൂടിയായിരിക്കുക, കൂടെയായിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതു തന്നെയായിരിക്കുക, അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമായിരിക്കുക, അല്ലെങ്കില്‍ അതിലായിരിക്കുക എന്നൊക്കെയാണ്. അപ്പോള്‍ വചനം ദൈവമാണ്. വചനം വാക്കാണ്. അപ്പോള്‍ വാക്ക് ദൈവമാണ്. വാക്കാണ് സമസ്തവും. സൃഷ്ടി സ്ഥിതി ലയകാരകന്‍.
വാക്ക് മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിയില്ല. കേള്‍വി, പിന്‍നിരയിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ട ആ ക്ലാസ്സില്‍, ഒരു വാക്കും അവളുടെ ഓര്‍മയില്‍ വന്നിരുന്നില്ല. നാലതിരുകളുള്ള ബോര്‍ഡില്‍, പ്രജ്ഞയുടെ പരിധികള്‍ക്കുള്ളില്‍, മറ്റൊന്നിനുമിടമില്ലാതെ ഒന്നു മാത്രം രേഖപ്പെട്ടു കിടന്നിരുന്നു.
അക്ഷരങ്ങളുടെ വടിവുകള്‍ മറന്നു കളയുക. അതില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹം മാത്രം അരിച്ചെടുക്കുക. ഓര്‍ത്തു വയ്ക്കുക. ജോണ്‍ സാമുവേല്‍
ഗ്ലോറി മറ്റില്‍ഡാ സിസ്റ്റര്‍ ക്ലാസ്സു നിര്‍ത്തിയിട്ടു പറഞ്ഞു, ”നിങ്ങള്‍ക്കിഷ്ടമുള്ള പത്തു വാക്കുകള്‍ എഴുതുക. വാക്കില്‍ നിന്നും ~ഒരാളിലേക്ക് കടക്കാമെന്ന് ഇന്നത്തെ ശാസ്ത്രം പറയുന്നു. അതുകൊണ്ട് ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പത്തു വാക്കുകള്‍ എഴുതുക. ശ്രദ്ധിക്കുക, വാക്കില്‍ നിന്നും നിങ്ങളെ അറിയാം. എഴുതുക പത്തു വാക്കുകള്‍.
എല്ലാവരും ചിന്തയുടെ മൗനത്തിലേക്കു തിരിഞ്ഞപ്പോള്‍ സുനിത എഴുതി: ജോണ്‍ സാമുവേല്‍.. ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍..ജോണ്‍ സാമുവേല്‍
അതിനടിയില്‍ അവള്‍ എഴുതി സുനിതാ സാമുവേല്‍..സുനിതാ സാമുവേല്‍ 18 വയസ്സ് കഴിഞ്ഞു..സുനിതാ സാമുവേല്‍ 18 വയസ്സ്
അപ്പോളവള്‍ ഉള്ളില്‍ ഉറക്കെ ചിരിച്ചു. ക്ലാസ്സിലായിരുന്നെങ്കിലും ചിരി പുറത്തു വരാന്‍ പ്രകമ്പനം കൊണ്ടു. ഗ്ലോറി മറ്റില്‍ഡാ സിസ്റ്ററിനറിയില്ലല്ലോ. പരല്‍ പേരു പ്രകാരം വിജയത്തിന്റെ സംഖ്യ 18 ആണ്.
മഹാഭാരതത്തില്‍ 18 പര്‍വ്വം, ഭഗവത് ഗീതയില്‍ 18 അദ്ധ്യായം, മഹാഭാരതയുദ്ധം 18 ദിവസം, അക്ഷൗണി18 എണ്ണം, സുനിതാ സാമുവേല്‍18 വയസ്സ്, ജോണ്‍ സാമുവേല്‍18 വയസ്സ് (എന്റെ കണക്കില്‍)
രണ്ടു മൂന്നും, മൂന്നും നാലും വാക്കുകള്‍ എഴുതി എല്ലാവരും വഴിമുട്ടി നിന്നപ്പോള്‍ സുനിതയുടെ ബുക്കു വാങ്ങി ഗ്ലോറി മറ്റില്‍ഡാ സിസ്റ്റര്‍ ഉറക്കെ വായിച്ചു: ജോണ്‍ സാമുവേല്‍, സുനിതാ സാമുവേല്‍ 18 വയസ്സ് ജോണ്‍ സാമുവേല്‍ 18 വയസ്സ്
അന്നാണ് ലോകം ആദ്യമായി അറിഞ്ഞത്. അക്ഷരങ്ങളുടെ വടിവുകള്‍ മറന്നു കളയുക. അതില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹം മാത്രം അരിച്ചെടുക്കുക. ഓര്‍ത്തു വയ്ക്കുക. എന്നു പറഞ്ഞത് ജോണ്‍ സാമുവേലാണെന്ന്.
അതിനുമേല്‍ വേറൊരറിവില്ലെന്ന് സുനിതയും അതിനു മേലൊന്നും അവള്‍ക്കു പകര്‍ന്നു കൊടുക്കാനില്ലെന്ന് സ്‌കൂള്‍ അധികൃതരും മനസ്സിലാക്കിയതു കൊണ്ട,് അന്ന് സ്‌കൂളിന്റെ വാതിലുകള്‍ അടച്ച,് സുനിത ജോണ്‍ സാമുവേലിന്റെ വാതിലുകള്‍ മലര്‍ക്കെത്തുറന്ന് അങ്ങോട്ടു കയറിപ്പോയി.
ഓരോ വാതില് തുറക്കുമ്പോഴും അടയാള വാക്യമായി അവള്‍ പറഞ്ഞു:ജോണ്‍ സാമുവേല്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ചെന്നായുടെ വായില്‍ കൊറ്റിയായി അര്‍പ്പിക്കുന്നു.
സാമൂ എന്നെ എന്നും സ്‌നേഹിക്കില്ലേ….?
എന്തേ, ഇപ്പോള്‍….?
എന്നെ വിട്ടുപോകല്ലേ…..?
എന്തേ, ഇപ്പോള്‍ ഇങ്ങനെ…..?
എന്റെ മാര്‍ദ്ദവങ്ങളില്‍ നിന്റെ ചുണ്ടുകളുടെ അഭിജ്ഞാനങ്ങളാണ്. നിന്റെ ആകാശത്തിന്റെ ചെരിവുകളില്‍ എന്നില്‍ പൊടിഞ്ഞ ചുവപ്പിന്റെ കലയുണ്ട്. ഞാന്‍ കാത്തുവച്ച മാണിക്യക്കല്ല് നിന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. നീയില്ലാതെ എനിക്കിനി എന്തു സന്ധ്യകള്‍… പുലരികള്‍…
നീ പൗലോ കൊയ്‌ലോയുടെ ”ആല്‍കെമിസ്റ്റ്” വായിച്ചിട്ടുണ്ടോ. അവള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പൗലോ പറയുന്നു. ”ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെപ്പോയാലും ഒരു നാള്‍ നീ എന്റെ അരികില്‍ത്തന്നെ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്”. നീ എന്റെ വിധിയുടെ ഒരു ഭാഗമാണ്. അതുകൊണ്ടാണ് ഈ അന്‍പതാം വയസ്സില്‍ നിന്നെ എനിക്ക് കാലം വെളിപ്പെടുത്തിത്തന്നത്. നീയെന്റെ അരികിലും ഞാന്‍ നിന്റെ അരികിലുമെത്തി.
മക്ബൂത്ത്
എന്താണത്?
തലേലെഴുത്ത്, വിധി, ശിരോരേഖ, ദൈവേഷ്ടം, യോഗം.
അവള്‍ പറഞ്ഞു: എനിക്കൊന്നുമറിയില്ല.ഒന്നുമാത്രം ഞാനറിയുന്നു. നീ തന്നെ മരണവും നീ തന്നെ ജനനവും.
മുകളില്‍ ആകാശം.ആകാശം സന്ധ്യക്കുള്ള അടുപ്പുപൂട്ടി.പുകഞ്ഞു പുകഞ്ഞു നിന്നിരുന്ന മേഘങ്ങളില്‍, മെല്ലെ തീ ച്ചുവപ്പ്പടര്‍ന്നു. പിന്നെ ആകാശത്ത് തീയുടെ ചുവപ്പ് താഴെ നിന്ന് മേലോട്ട് കത്തിക്കയറി.
ജോണ്‍ സാമുവേല്‍ : സന്ധ്യയാകുന്നു.
സുനിതാ സാമുവേല്‍ : എനിക്കൊരു സമ്മാനം തരുമോ. ഓര്‍മ്മയ്ക്കായി.
ജോണ്‍ സാമുവേല്‍ : എന്താണ്. എന്തായാലും…..
സുനിതാ സാമുവേല്‍ : ഒരു പൂവ്. ഒരു മഞ്ഞപ്പൂവ്.
ജോണ്‍ സാമുവേല്‍ : ഓര്‍ക്കിഡ്, ആന്തൂരിയം…..
സുനിതാ സാമുവേല്‍ : അല്ല.
ജോണ്‍ സാമുവേല്‍ : പിന്നെന്തു പൂവ്. എന്തായാലും എവിടെനിന്നായാലും
സുനിതാ സാമുവേല്‍ : എനിക്കൊരു മഞ്ഞവെന്തിപ്പൂ മതി.
ജോണ്‍ സാമുവേല്‍ : അതെന്താണ്, വെന്തിപ്പൂ
സുനിതാ സാമുവേല്‍ : വെന്തിപ്പൂ പാവങ്ങളുടെ പൂവല്ലേ.
ജോണ്‍ സാമുവേല്‍ : അതിനെന്തിനാ മഞ്ഞനിറം
സുനിതാ സാമുവേല്‍ : ”മഞ്ഞ….”എന്തിന്റെ നിറമാണ്.
ആരുമാരും ഉത്തരം പറയാതിരിക്കേ ഒരു മഞ്ഞയിലേക്ക് ആകാശം നിറം മാറി.
ആരുമാരും ഉത്തരം പറയാതെപോയ ആ സന്ധ്യയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു സാന്ധ്യവിഷാദത്തിലേക്ക് ഒരു തപാല്‍ വന്നു. അതില്‍ ഒരു മഞ്ഞപ്പൂ ഉണ്ടായിരുന്നു. ഒരു കുറിപ്പും
അക്ഷരങ്ങളുടെ വടിവുകള്‍ മറന്നു കളയുക. അതില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹം മാത്രം അരിച്ചെടുക്കുക. ഓര്‍ത്തു വയ്ക്കുക. ജോണ്‍ സാമുവേല്‍.
അന്നത്തെ തപാലില്‍ അവള്‍ക്കൊരു കത്തുണ്ടായിരുന്നു. അതൊരു ഇന്‍ലന്റായിരുന്നില്ല. ഒരു കവര്‍ ആയിരുന്നു.
സാമുവിന്റേതാണ്. എന്റെ സാമു. ജോണ്‍ സാമുവേലിന്റേത്.
ആയിരം കൈകള്‍ കൊണ്ടവള്‍ എഴുത്തുപൊട്ടിച്ചു. ആയിരം ഇരട്ടക്കണ്ണുകള്‍ കൊണ്ടവള്‍ വായിച്ചു. ഇന്ന് വിശേഷങ്ങള്‍ ഒന്നും എഴുതാനില്ല. മത്സരിക്കാന്‍ നിനക്കൊരു പ്രസംഗം വേണം അല്ലേ.
അവള്‍ അത്ഭുതപ്പെട്ടു. ”സാമുവിനോടാരു പറഞ്ഞു”
ഞാന്‍ എന്നോടു തന്നെ കലഹിച്ചതല്ലാതെ……
എന്തൊരത്ഭുതം. സാമുവിതെങ്ങനെ അറിഞ്ഞു.
ഒരു പ്രസംഗം എഴുതിത്തരാന്‍ ആരുമില്ലാതിരുന്നതുകൊണ്ട് ഞാന്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍….. ഇതെന്താശ്ചര്യം.
അവള്‍ മെല്ലെ കയ്യിലിരിക്കുന്ന പേപ്പറുകളിലേക്ക് നോക്കി. രണ്ട് സെറ്റ് പേപ്പറുകള്‍ സ്റ്റേപ്പിള്‍ ചെയ്തിരിക്കുന്നു. ആദ്യത്തേതവള്‍ തുറന്നു നോക്കി.
എങ്ങനെ പ്രസംഗിക്കണം.
രണ്ടാമത്തേതും തുറന്നു നോക്കി
”മലയാള ഭാഷ ശ്രേഷ്ഠ ഭാഷ”
അവള്‍ വായന തുടങ്ങി:
മാന്യ സദസ്സിനു വന്ദനം
ബഹുമാനപ്പെട്ട വിധികര്‍ത്താക്കളേ, ഗുരുക്കന്മാരേ, സഹമത്സരാര്‍ത്ഥികളേ,
2013 മെയ്മാസം 23-ാം തിയതി ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ആകാശത്തെ അനന്തനീലിമയിലൂടെ, മനോഹരമായ ഒരു പൂമാല താഴേക്കു വരുന്നുണ്ടായിരുന്നു. സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഞാന്‍ അത്, അമ്മ മലയാളത്തിന്റെ കഴുത്തില്‍ക്കിടന്ന് തിളങ്ങുന്നതു കണ്ടു. അതില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടിരുന്നു ”മലയാള ഭാഷ ശ്രേഷ്ഠ ഭാഷ” എന്ന്.
ഹാ! വരും. വരും, നുന-/മദ്ദിനമെന്‍ നാടിന്റെ /നാവനങ്ങിയാല്‍, ലോകം/ശ്രദ്ധിക്കും കാലം വരും.
അങ്ങനെ…..അവസാനം
എന്റെ സ്വപ്നത്തിനൊപ്പം പുസ്തകത്താളുകള്‍ക്കിടയിലെ മയില്‍പ്പീലിപോലെ, ചിപ്പിക്കുള്ളിലെ മുത്തുപോലെ ഞാന്‍ കാത്തുവച്ചൊരു സമ്മാനമുണ്ട്. എന്റെ ഒരു കൊച്ച്, അല്ല ഇമ്മിണിവല്ല്യ ഉമ്മ. നിങ്ങളുടെ എല്ലാവരുടേയും, അനുവാദത്തോടെ എല്ലാ മലയാളികള്‍ക്കുമായി, ശ്രേഷ്ഠഭാഷ, അമ്മമലയാളത്തിന്റെ കവിളില്‍, അമ്മയ്‌ക്കൊരുമ്മ നല്‍കിക്കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.
നന്ദി, നമസ്‌കാരം, വന്ദേ, മലയാളം.
എന്റെ സാമുവിനുവേണ്ടി ഒരു സമ്മാനം, ഒന്നാം സമ്മാനം ഉറപ്പാക്കണം.
പിന്നെ അവളുടെ രാവുകള്‍ക്ക് ഒരു നിറമേ ഉണ്ടായിരുന്നുള്ളു, അവളുടെ പകലുകള്‍ക്ക് ഒരു നിറമേ ഉണ്ടായിരുന്നുള്ളു,അവളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരു നിറമേ ഉണ്ടായിരുന്നുള്ളു,അവളുടെ പ്രതീക്ഷകള്‍ക്ക് ഒരു നിറമേ ഉണ്ടായിരുന്നുള്ളു. സ്വര്‍ണ്ണമെഡല്‍.എനിക്കല്ല. എന്റെ സാമുവിനുവേണ്ടി. വേണം. എനിക്ക് സ്വര്‍ണ്ണമെഡല്‍
ജീവിതത്തിലാദ്യമായിട്ടവള്‍ മുത്തിയമ്മയോട് അഞ്ചുരൂപ കളവു പറഞ്ഞു മേടിച്ചു. വാഴക്കുളം ചന്തയുടെ അരികില്‍, കൂട്ടിലെ തത്തയുമായി എത്തുന്ന തമിഴത്തിയായിരുന്നു അപ്പോള്‍ അവളുടെ മനസ്സില്‍. തത്തകൊത്തിയെടുത്ത കാര്‍ഡില്‍ പക്ഷി ശാസ്ത്രക്കാരി സ്വര്‍ണ്ണമെഡല്‍ അവള്‍ക്കു വിധിച്ചു. ഇന്നോളമുള്ള ജീവിതത്തിലെ ആദ്യസ്വര്‍ണ്ണമെഡല്‍.
ഫാം ഹൗസിന്റെ വടക്കുപടിഞ്ഞാറെ അതിരിലുള്ള ഉയര്‍ന്ന പാറയുടെ വിജനതയില്‍ ജോണ്‍ സാമുവേലിരുന്നു. കണ്ണുകള്‍ ആകാശ നീലിമയിലായിരുന്നു. കൈകള്‍ നെഞ്ചോടു ചേര്‍ത്ത് വച്ചിരുന്നു. മനസ്സ് ഒരു പ്രാര്‍ത്ഥനയിലായിരുന്നു. ഏറെ നേരമായി ആ ഇരിപ്പുതന്നെയായിരുന്നു. അത്രയും നേരം ഇരുന്നിട്ടും മനസ്സ് ഒരു വാക്കു മാത്രമേ പറഞ്ഞുള്ളു.
മനസ്സ് അതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. ദൈവമേ…ദൈവമേ…
ജോണ്‍ സാമുവേലിന് ആ സമയം മുഴുവനും ഒരു സംശയമുണ്ടായിരുന്നു. ഇത്തിരിനേരം സ്വസ്ഥമായി ദൈവസന്നിധിയിലിരുന്നു പ്രാര്‍ത്ഥിക്കണം. എന്നോര്‍ത്താണ് ഇങ്ങോട്ടു തിരിച്ചത്. ഒന്നും പ്രാര്‍ത്ഥിച്ചില്ല. ദൈവമേ എന്നു മാത്രം വിളിച്ചു കൊണ്ടിരുന്നു. ഇതാണോ പ്രാര്‍ത്ഥന. സംശയിക്കേണ്ട… ഇതാണ് പ്രാര്‍ത്ഥന.
ആരാ പറഞ്ഞത്
ഞാനാണ്…ജോണ്‍ സാമുവേല്‍ ചുറ്റിലും നോക്കി, ആരേയും കാണാതെ, പിന്നെയും ചോദിച്ചു. ആരാ… അത്.
ഞാനാണ്…അടുത്തുള്ള മരച്ചില്ലയിലെ ഇലകള്‍ ഒന്നാകെ കുലുങ്ങി. ഞാനാണതു പറഞ്ഞത്. കാറ്റാണ്. ഞാന്‍ കാറ്റാണ്. സമസ്തവും ഞാനാണ്. ആ കാറ്റ്. കാറ്റ് ആത്മാവാണ്. വായുവാണ്. ജീവവായു. സൃഷ്ടിയും സ്ഥിതിയും സംഹാരകനും ഞാനാണ് . ഞാന്‍ സത്യമാണ്. ഞാന്‍ പറയുന്നതും സത്യമാണ്.
സത്യം സത്യമായി ഞാന്‍ പറയുന്നു. പ്രാര്‍ത്ഥനയെന്നാല്‍ ദൈവസന്നിധിയിലുള്ള സാന്നിധ്യമാണ്. അമ്മയുടെ മടിയിലെ കുഞ്ഞിന്റെ സാന്നിധ്യം പോലെ. കുഞ്ഞ് അമ്മയോട് ഒന്നും പറയുന്നില്ല. അമ്മ കുഞ്ഞിനോടും ഒന്നും പറയുന്നില്ല. അമ്മ എല്ലാം അറിയുന്നു. അവന്റെ മുഖത്തെ ആനന്ദവും ആകുലതയും, തിളക്കവും, തളര്‍ച്ചയും, വേണ്ടതും, വേണ്ടാത്തതും അമ്മ അറിയുന്നു. കുഞ്ഞിനെ മടിയിലിരുത്തിയിരിക്കുന്ന അമ്മ. അതാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. എനിക്കൊന്നും ചെയ്യാനില്ലേ? നിനക്കു മാത്രമേ ചെയ്യാനുള്ളു. കര്‍മ്മണ്യേവാധികാരസ്ഥേ. നിന്റെ കര്‍മ്മം ചെയ്യുക.
ഒരു യാത്രാ മൊഴിപോലും പറയാതെ, ഇലകളെ ഒന്നനക്കുക പോലും ചെയ്യാതെ, കാറ്റ് യാത്രയായി.
ജോണ്‍ സാമുവേല്‍ പ്രാര്‍ത്ഥനയിലായി. ദൈവമേ…ദൈവമേ…