പൊളിച്ചടുക്കലും പുനര്‍നിര്‍മ്മാണവും

210
0


ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

പരമാവധി കുറഞ്ഞ പ്രകൃതിവിഭവചൂഷണവും കുറഞ്ഞമലിനീകരണവും നടത്തിക്കൊണ്ട് നിലവാരമുള്ള ജീവിതഗുണമാര്‍ജ്ജിക്കുക എന്നതായിരുന്നു കേരളത്തിന്റെ വികസനമാതൃക. എന്നാല്‍ കേരളത്തിന്റെ ശാസ്ത്രസാങ്കേതികശേഷി വികസനപാതയൊരുക്കുന്നതില്‍ ഒരിക്കലും നമുക്ക് ഉപയോഗിക്കാനായിട്ടില്ല. അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലേല്പിച്ച മുറിവും ഉണങ്ങുന്നതല്ല. നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അതു നടപ്പിലാക്കുന്നതില്‍ കാണാറില്ലെന്നതാണ് സത്യം. നെല്‍വയലും കുന്നുകളും സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട് പക്ഷെ രണ്ടും ഇന്ന് അന്യംനിന്നു കൊണ്ടിരിക്കുന്നു. നിയമങ്ങളില്‍മായംചേര്‍ക്കുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ പരിസ്ഥിതിസൗഹൃദമായ നീതിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.പ്രകൃതിയെ കീഴടക്കി ചൂഷണം ചെയ്ത് തലമുറകള്‍ക്ക് ഒന്നും അവശേഷിപ്പിക്കാത്ത തരത്തിലുള്ള വികസനപ്രക്രിയ ശാസ്ത്രീയമായി പുനഃക്രമീകരിക്കണം. വികസനത്തിന്റെ ഫലങ്ങള്‍ താഴെതട്ടിലുള്ളവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും ഒഴിവാക്കപ്പെടുന്നത് ഈ വിഭാഗമാണ്.
പ്രളയത്തില്‍ നഷ്ടപ്പെട്ടവ പുനര്‍നിര്‍ മ്മിക്കുന്നതിനൊപ്പം ഒന്നുമില്ലാതിരുന്നവരുടെ ജീവിതംകൂടി പ രിഗണിക്കണം. വീടുനഷ്ടമായവരെ സ ഹായിക്കുന്നതിനൊ പ്പം കയറിക്കിടക്കാനൊരു വീടില്ലാതിരുന്നവരെയും ആദിവാസികളെയും ദലിതരെ യും കൂടി പരിഗണിക്കണ്ടെ. വീടുവയ്ക്കാ ന്‍ അല്പം ഭൂമി ആവശ്യപ്പെട്ട ആദിവാസികളെ എത്ര ക്രൂരമായാണ് സര്‍ക്കാരുകള്‍ നേരിടുന്നത്. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും അവരുടെ സമരങ്ങളെ നേരിട്ടരീതി ആമുഖമില്ലാതെ വായനയ്ക്കുവയ്ക്കാവുന്ന രേഖപ്പെടുത്തലുകളാണ് അവരെ സംഘടിപ്പിക്കുന്നതും തെരുവിലിറക്കുന്നതും അടിച്ചൊതുക്കുന്നതും എല്ലാ ഭരണാധികാരികളുടെ വിനോദങ്ങളായി മാറിയിരിക്കുന്നു. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നതാണ് അറിയാനാവാത്തത്.
ഒരു ഇടതുപക്ഷസര്‍ക്കാരില്‍ നിന്നും ആദിവാസികള്‍ ഏറെ പ്രതീക്ഷിച്ചിരുന്നിരിക്കണം. ഇനിയൊരു വെടിവെയ്പ്പും ലാത്തിച്ചാര്‍ജും തങ്ങള്‍ക്കുനേരെ ഉണ്ടാവില്ലെന്നു അവര്‍ വിശ്വസിച്ചിരുന്നിരിക്കണം. എന്നാല്‍ കൊല്ലങ്കോട്ടെ എരവാളരുടെ ന്യായമായ സമരത്തെ ഭരണകൂടം നിര്‍ദാക്ഷണ്യം അടിച്ചമര്‍ത്തുകയായിരുന്നു. സമരത്തിന് ജനപിന്തുണയുണ്ടായിരുന്നിട്ടും അവരുടെ സമരപ്പന്തല്‍ പൊതുജനങ്ങള്‍ക്കു ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാകുമെന്നു പറഞ്ഞ് പൊളിച്ചുനീക്കി മാഫിയകളുടെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നവരാണ് ഈ ക്രൂരതകള്‍ ചെയ്യുന്നത്. ആയിരത്തിനുമുകളിലുള്ള കുറഞ്ഞജനസംഖ്യ മാത്രമാണ് എരവാളരുടേത്. രാജവാഴ്ചക്കാലത്തെ അടിമകള്‍ ഇന്നും അടിമകള്‍ തന്നെ. ഭൂപരിഷ്‌കരണനിയമത്തിനും ഇവരെ സഹായിക്കാനായില്ല. എന്നുമാത്രമല്ല കൃഷി ഭൂമിയില്‍ നിന്ന് ഇവര്‍ പുറത്താക്കപ്പെടുകയും ചെയ്തു.കൊല്ലങ്കോട്ടെ അരിപ്പയിലും ഇതുതന്നെയാണ് അവസ്ഥ. ആദിവാസികളും ദളിതരും കയറിക്കിടക്കാനൊരു വീടുവയ്ക്കാനുള്ള സ്ഥലത്തിനായി വര്‍ഷങ്ങളോളമായി സമരം നടത്തുന്നു.പ്രതികാരബുദ്ധിയോടെയുള്ള അടിച്ചമര്‍ത്തലാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. ദളിതരെയും ആദിവാസികളെയും തമ്മിലടിപ്പിച്ച് സമരംപൊളിക്കാനുള്ള നീചമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത് ഖേദകരമാണ്.എന്തുവിലകൊടുത്തും ഈ സമരങ്ങളെ തകര്‍ക്കുവാന്‍ എന്തുകൊണ്ടാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് വാശിപ്പിടിക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും എതിരായ അക്രമങ്ങളെ എന്തുകൊണ്ടാണ് വെറുമൊരു സാധാരണ സംഭവമായിമാത്രം കണക്കാക്കുന്നത്.
സമത്വത്തിന്റെ പേരില്‍ കോടികള്‍ മുടക്കുകയും വാതോരാതെ പ്രസംഗിക്കുകയും സാമൂഹ്യനവോത്ഥാനത്തെ മാത്രം ലക്ഷ്യമാക്കി ഭരണം നടത്തുന്നുവെന്ന് ആണയിടുകയും ദളിതരുടെ പാര്‍ട്ടി, പാവപ്പെട്ടവന്റെ ഭരണകൂടം എന്നൊക്കെ ഇടയ്ക്കിടെ പ്രഘോഷിപ്പിക്കുകയും ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് ഇവരെ കണ്ടില്ലെന്നു നടിക്കുന്നത്?. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കെതിരെ ആയുധമുപയോഗിക്കുന്നത്?
ഒറ്റയ്ക്കു നിന്നാല്‍ അഞ്ഞൂറുവോട്ടുപോലും നേടാനാകാത്ത പ്രാദേശികപാര്‍ട്ടികളെ ഭരണയന്ത്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ടാണ് ഈ ദരിദ്രരുടെ വോട്ടിന് വിലയിടാത്തത്. റിസോര്‍ട്ടുപണിയാന്‍ പൊതുസ്ഥലം വെട്ടിപ്പിടിക്കുന്ന കോടീശ്വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുസര്‍ക്കാരില്‍ നിന്നും ഈ പാവങ്ങള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു എന്നുവേണമല്ലോ അനുമാനിക്കുവാന്‍. കേന്ദ്രസര്‍ക്കാര്‍ ആദിവാസികള്‍ക്കായി അനുവദിക്കുന്ന തുകയുടെ പത്തുശതമാനം വിനിയോഗിച്ചാല്‍ പോലും ഇവര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനാവുമെന്നിരിക്കെ എന്തിനാണീ അനാസ്ഥ. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി കോടികള്‍ വകയിരുത്തുമ്പോഴും കിട്ടുമ്പോഴും ഇവരുടെയിടയില്‍ പട്ടിണിമരണം തുടരുകയാണ്.
നാഴികയ്ക്കുനാല്പതുവട്ടം സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ ദളിതര്‍ എന്നൊക്കെപ്പറയുന്നവരും സവര്‍ണ്ണര്‍ക്കെതിരെ സമരം ചെയ്യുവാന്‍ ദളിതരോട് ആഹ്വാനം ചെയ്യുന്നവരും എന്തുകൊണ്ടാണ് ദളിതരെ തീണ്ടപ്പാടകലെ നിര്‍ത്തുന്നത്. അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള സമരങ്ങളെ അടിച്ചമര്‍ത്തുന്നത്. പ്രളയത്തിന് മുന്‍പും പിന്‍പും ആദിവാസികളുടെയും ദളിതരുടെയും അവസ്ഥ ദുരിതംതന്നെ. കേരളത്തിലെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കിയെങ്കിലും ഈ മണ്ണിന്റെ ഉടമകളുടെ അവകാശം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍!