യാത്ര തുടങ്ങും മുമ്പേ ഈ കഥ കൂടി കേട്ടോളൂ. വാസ്തവത്തില്‍ കാറ്റു വീശിത്തുടങ്ങുന്നത് പ്രത്യേകിച്ചൊരു സ്ഥലത്തുനിന്നല്ല. അതിനു ചെന്നു ചേരേണ്ടതായി പ്രത്യേകിച്ചൊരിടമില്ലതാനും. അതായിരിക്കും കാറ്റിന് മരുഭൂമിയേക്കാള്‍ കൂടുതല്‍ ശക്തിയുണ്ടാകാന്‍ കാരണം. മരുഭൂമിയെ നമുക്ക് വശത്താക്കാനാകും. മരങ്ങള്‍ വളര്‍ത്തിയെടുക്കാം. മേച്ചില്‍പ്പുറങ്ങളൊരുക്കി ആടുകളെ വളര്‍ത്താം. കാറ്റിനെ ആര്‍ക്കും ഒരു വിധത്തിലും നിയന്ത്രിക്കാനാവില്ലല്ലോ.
വിഷമം പിടിച്ചൊരു ഭാഷയാണ് അയാള്‍ വിഷമിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
എഴുതാന്‍ ഒരു പേനയോ, ഒരു കടലാസുതുണ്ടോ കയ്യില്‍ ഇല്ലാതിരുന്നതുകൊണ്ട്, ജോണ്‍ സാമുവേല്‍ മനസ്സിലെ ശുഭ്രതയിലേക്ക് നോക്കി, അവളുടെ പേര് ഒരിക്കല്‍കൂടി ഉരുവിട്ടു. സുനിതാ ജനാര്‍ദ്ദനന്‍
അവളുടെ ചുണ്ടുകളില്‍ പൂക്കള്‍ വിരിയുന്ന പുഞ്ചിരി. നക്ഷത്രങ്ങള്‍ ഒളിച്ചു കിടക്കുന്ന കണ്ണുകള്‍. ചന്ദ്രനുദിച്ചു നില്‍ക്കുന്ന കപോലങ്ങള്‍. അയാള്‍ അന്തരീക്ഷത്തിലെ തരിശുകളില്‍ കോറിയിട്ടു. ഞാന്‍ എവിടെയോ വച്ച് മറന്നു പോയവള്‍, ഇവള്‍. ഒരുറപ്പില്ലാത്ത, അഡ്രസിന്റെ പിന്‍ബലമല്ലാതെ പ്രേമിക്കാന്‍….
പേരറിയാം: സുനിതാ ജനാര്‍ദ്ദനന്‍
വയസ്സ് : വല്ലാത്തൊരു ബാധ്യതയാണ്.
നാള് : ആവശ്യഘടകമല്ല.
ജോലി : അതിന്റെ ആവശ്യമില്ല.
എന്റെ സ്‌നേഹത്തിന്റെ കിളികള്‍ പറക്കണമെങ്കില്‍, അവളുടെ ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കിട്ടണമല്ലോ….
എങ്ങനെ…?സ്‌നേഹം വല്ലാത്തൊരു ഭാഷയാണ്. വിഷമം പിടിച്ച ആ ഭാഷയുടെ അക്ഷരങ്ങളറിയാതെ അയാള്‍ പതറി.
എല്ലാം കൃത്യമായി അംശിച്ചാലും പ്രായമൊരു ശിഷ്ടമാകുമല്ലോ. ഇത്രയും നാള്‍ എന്നോടുകൂടെ മനസ്സിന്റെ ഏഴാം കടലിനക്കരെ വസിച്ചിരുന്ന നീ എങ്ങനെയാണ് അവതാരമെടുത്തത്. എന്റെ ഇരുണ്ട പ്രത്യാശകളില്‍ സൂര്യനെ ഉദിപ്പിച്ചുകൊണ്ട് നീ എവിടെ നിന്നുദിച്ചു.
എനിക്കു നിന്നെ സ്‌നേഹിക്കാതെ വയ്യ പെണ്ണേ. ഇതൊരു ദര്‍ശന മാത്ര സ്‌നേഹമല്ല. ഒരു തേടലിന്റെ അന്ത്യമാണ്. കാട്ടരുവി തേടുന്ന മാന്‍പേടയുടെ കണ്ടെത്തല്‍. ഒരു സാക്ഷാത്കാരമാണ്. ജീവിത സാക്ഷാത്കാരം. പല ജന്മങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്. അല്ലെങ്കില്‍ ഭാര്യയും മക്കളുമുള്ള എന്റെ മനസ്സ്, നിന്റെ ദര്‍ശന മാത്രയില്‍ പൊടിഞ്ഞ്, ന്യായാന്യങ്ങള്‍ നിരത്താതെ, സാദ്ധ്യതകല്‍ തിരയാതെ ഇത്രമേല്‍ അന്ധമാകുമായിരുന്നോ.
സ്ഥല രാശികളുകടെ അനന്തതയില്‍, അനാദിയില്‍, ദൈവത്തിനും വചനത്തിനും മുമ്പേ, കാലത്തിനും സമയത്തിനും മുമ്പേ, എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്റെ പേര് ഭദ്രമായി എഴുതപ്പെട്ടിരുന്നു. ഞാനറിയുന്നു:എനിക്കു നിന്നെ സ്‌നേഹിക്കാതെ വയ്യ. എനിക്കു നിന്നെ പ്രാപിക്കാതെ വയ്യ. എനിക്കു നിന്നിലൂടെ ജനിക്കാതെ വയ്യ.
വാകമരത്തിന്റെ ചില്ലകള്‍ തളിരിടുന്നതും, സിന്ധൂരപ്പൂവിരിയുന്നതും, പൂവിലൊരു വിത്തു പാകപ്പെടുന്നതും, അടര്‍ന്നു വീണു വിത്ത് മണ്ണിന്റെ പ്രാര്‍ത്ഥനകളില്‍ പാകപ്പെടുന്നതും….. പിന്നെ, ശിശിര കാലം ഒരു പക്ഷിയായ് പറന്നെത്തി നീണ്ട് കൂര്‍ത്ത കൊക്കു മണ്ണിന്റെ ആഴങ്ങളിലേക്കഴ്ത്തി, വിത്തിനെ ആശിര്‍വദിക്കുന്നതും…..പുറം തോടുപൊട്ടി പ്രാര്‍ത്ഥനയുടെ കല്ലറയില്‍ നിന്നും ഒരു നാമ്പ് പുറത്തേക്കു വരുന്നതും ഞാന്‍ കാണുന്നു.
മലകളും കുന്നുകളും അതിരിടുന്ന എന്റെ കൃഷിയിടത്തില്‍, കിളിക്കുഞ്ഞുങ്ങള്‍ പറക്കാനായ് ചിറകു വിടര്‍ത്തുന്ന ആദിമ വേദനയില്‍, മുല്ലമൊട്ടുകള്‍ പൊട്ടിവിടരുന്ന ആദ്യ നൊമ്പരത്തില്‍, ഞാന്‍ നിന്നെയോര്‍ത്ത്, ആരോടും പറയാതെ, ആരോരുമറിയാതെ പാടിനടക്കും. തെറ്റാണെന്നറിയാം… ഭാര്യയും മക്കളുമുള്ള ഞാന്‍….എനിക്കിനി ആ ഓര്‍മകള്‍ വേണ്ട. മരുഭൂമിയുടെ ദയാദാക്ഷിണ്യമില്ലാത്തൊരു ചുടുകാറ്റാണത്. ഈയലിന്റെ, തിരി വെളിച്ചത്തിലേക്കുള്ള യാത്രയാണത്. എനിക്കതു വേണ്ട. ഈ തെറ്റിനെ ഞാന്‍ സ്‌നേഹിക്കുന്നു.
ഒരു പാപമോചനത്തിന്റെ ആകുലതനേരിടേണ്ടാത്ത, ഒരു വിശുദ്ധപാപം പോലെ ഈ തെറ്റെന്നില്‍ വളരട്ടെ. എന്റെ സ്‌നേഹത്തുമ്പികള്‍ക്ക് പറക്കാന്‍ നിന്റെ മുറ്റം നീ വെടിപ്പാക്കുമോ…? എനിക്കു നിന്നെ സ്‌നേഹിക്കാതെ വയ്യ. ഈ സ്‌നേഹം തേടിയാണല്ലോ ഇക്കാലമത്രയും ഞാന്‍ അലഞ്ഞത്.
നീ, ആരാകിലും, എന്താകിലും നിന്നെ ഞാന്‍ തേടിയെത്തും കണ്ടെത്തും മതി തീരാതെ കണ്ടു കൊണ്ടിരിക്കും
ചരിഞ്ഞ ആകാശത്തിന്റെ ഒരു കോണു കീറി, അതിന്റെ നീലിമയുടെ നേര്‍മ്മയില്‍, വെളുത്ത സൂര്യന്റെ ഒരു കമ്പൊടിച്ച്, പര്‍ണ്ണശാലയിലെ അഗ്നിയില്‍ മുക്കി പതം വരുത്തി, ഭൂമിയുടെ പച്ചയില്‍ മുക്കി, ജോണ്‍ സാമുവേല്‍ ഒരു സന്ദേശമെഴുതി.
ഇന്നു മുതല്‍ എന്നേക്കുമായി നിന്റെ….
സുനിത വീടെത്തുമ്പോള്‍ വീട് ഇരുളിമയിലായിരുന്നു. അകലെ നിന്നു തന്നെ അവള്‍ അറിഞ്ഞിരുന്നു ജനാര്‍ദ്ദനന്‍ ഇന്ന് പതിവിലും നേരത്തെ വീടെത്തിയിട്ടുണ്ടെന്ന്. വീടിന്റെ പിറകിലത്തെ തിണ്ണയിലിരുന്ന് ജനാര്‍ദ്ദനപ്പോള്‍ നാലാമത്തെയോ, അഞ്ചാമത്തെയോ കഞ്ചാവു ബീഡിക്ക് തീപിടിപ്പിക്കുകയായിരുന്നു. കഞ്ചാവിന്റെ മണമുണ്ടെങ്കില്‍ ജനാര്‍ദ്ദനന്‍ വീട്ടിലുണ്ടെന്നും കഞ്ചാവിന്റെ മണമില്ലെങ്കില്‍ ജനാര്‍ദ്ദനന്‍ വീട്ടിലില്ലെന്നും അവള്‍ക്കറിയാമായിരുന്നു. ജനാര്‍ദ്ദനന്റെ സാമ്രാജ്യം വീടിന്റെ പിറകിലത്തെ തിണ്ണയായിരുന്നു. ആ വീടും തിണ്ണയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. തോന്നുമ്പോള്‍ പോകാം, തോന്നുമ്പോള്‍ വരാം. ജനാര്‍ദ്ദനന്‍ സുനിതയെയോ, സുനിത ജനാര്‍ദ്ദനെയോ കാണാറില്ല. മിണ്ടാറില്ല. രണ്ടു ധ്രുവങ്ങളിലായി, ഒരു വീട്ടിലവര്‍……
വല്ലപ്പോഴും നിവൃത്തികേടുകൊണ്ട് ലക്ഷ്മിയമ്മ പത്തു രൂപ ചോദിച്ചാല്‍, അതിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുമായിരുന്നു. ചുന്തക്ക്…..
ഒരു ചുന്ത. ആര്‌ന്റെ പുള്ള്‌ന് പൂടപറ്ച്ചാ പുള്ളുംല്ല, പൂടേംല്ല. അതോണ്ട്……എന്നു പറയാന്‍ തുടങ്ങുമ്പഴേ, ലക്ഷ്മിയമ്മ അവിടെ നിന്നും മാറും. അല്ലെങ്കില്‍ പത്തു കുളത്തില്‍ കുളിച്ചാലും കറ തീരുകയില്ലാത്ത, കറ കളയാത്ത തെറി കേള്‍ക്കേണ്ടി വരും. പിന്നെപ്പിന്നെ ലക്ഷ്മിയമ്മ പറയുമായിരുന്നു.ആസ്‌റിച്ചാ അമ്പില്ലെ, ശീലം കണ്ടാ കൂട്ടാക്കില്ലാന്ന്.
ഉമ്മറത്ത് ദീപം കൊളുത്താതെ, കാലും നീട്ടി, ഇരുളിലേക്ക് തുറിച്ചു നോക്കി ലക്ഷ്മിയമ്മ ഇരിക്കുകയായിരുന്നു. ദൂരെ നിന്നും മണികള്‍ പൊട്ടിയ പാദസരങ്ങളുടെ ചിലമ്പിച്ച ഒച്ച കേട്ടപ്പോള്‍ ലക്ഷ്മിയമ്മ വിളിച്ചുചോദിച്ചു: ചുന്ത്യാണോ ? ഉത്തരം ഒന്നും കേള്‍ക്കാതെ വന്നപ്പോള്‍ ലക്ഷ്മിയമ്മ വീണ്ടും വിളിച്ചു. ചീതപ്പൊണ്ണേ…
അപ്പോള്‍ മുറ്റത്തെത്തിയ സുനിത വിളിച്ചു: മുത്തിയമ്മേ….
ദ്ന്താ, മോളേ വൈക്യേ….മഴയാര്‍ന്നു മുത്തിയമ്മേഇവ്‌ടെ മഴെയ് പെയ്‌തെല്ലല്ലോ….ചീതപ്പെണ്ണെന്ത്യേ….വീട്ടിപ്പോയി. മുത്തിയമ്മയെന്ത്യേ ഇരുട്ടത്തിരുന്നെ. ഞാനിപ്പം വെളക്ക് കത്തിച്ചുവരാം.അവള്‍ അകത്തേക്ക് പോയപ്പോള്‍ ലക്ഷ്മിയമ്മ സങ്കടപ്പെട്ടു പറഞ്ഞു.
വെളക്ക് മറ്ഞ്ഞ് കെടക്യാണ് കുട്ട്യേ. കവ്ടീലൊന്നും തിര്യണ്ല്ല. അവള്‍ വിളക്കുമായി വന്നപ്പോള്‍ ലക്ഷ്മിയമ്മ ചോദിച്ചു:
ജാസ് ഡാക്കിട്ടറെന്നാപറ്‌ഞ്ഞെ.
എന്തിനാ വന്നതെന്നു ചോദിച്ചു.
ഓ… കാശ്ല്ലാഞ്ഞ്ട്ടാര്ക്കും. എന്നാലും ജാസ് ഡാക്കിട്ടര് അങ്ങനെ………
അതല്ല മുത്തിയമ്മേ, എനിക്കൊരസുഖവും ഇല്ലെന്നും, മുത്തിയമ്മേനെ അന്വോഷിച്ചെന്നു പറയണമെന്നും പറഞ്ഞു.
അപ്‌പ്പോപ്പ്‌ന്നെ നെന്റെ പനി
അതു പോയി
അരയാലിന്റെ ചുവട്ടിലെത്തിയപ്പോള്‍ പനി മാറിയ കാര്യം അവള്‍ പറഞ്ഞില്ല. പറഞ്ഞാല്‍….കവടി നിരത്തലായി. നൂറു കൂട്ടം…എന്നാത്തിനാ. പെട്ടെന്നു ലക്ഷ്മിയമ്മ നീട്ടി വച്ചിരുന്ന കാലുകള്‍ ഒതുക്കി പത്മാസനത്തിലിരുന്നിട്ട് തെളിഞ്ഞു കത്തുന്ന ദീപത്തിലേക്ക് നോക്കി അനങ്ങാതിരുന്നു.
വഴ്യേ വച്ച് നെന്റ പനി മാറ്യല്ലേ. അവള്‍ ഒന്നും മിണ്ടാതിരുന്നു
അള്ളാപ്പാറയും കടന്ന്, രക്ഷകന്റെ പള്ളിയും കഴിഞ്ഞ്…പെട്ടെന്നവള്‍ കേറിപ്പറഞ്ഞു അരയാലിന്റെ അടുത്തെത്തിയപ്പോള്‍
ഞാം കാണ്ന്നു. അതു മാത്രമല്ല. വെറെ ചെല്തും
അപ്പോള്‍ പിറകിലത്തെ തിണ്ണയില്‍ നിന്നും, ജനാര്‍ദ്ദനന്‍ കഞ്ചാവിന്റെ പുകച്ചുരുളുകള്‍ ഉരുണ്ടുകൂടി രൂപപ്പെട്ട ഏതോ ഒരദൃശ്യതയിലേക്ക് നോക്കി ഉറക്കെ അലറിപ്പറഞ്ഞു.
മരണം. ജലം കൊണ്ടു മരണം. മേഘങ്ങള്‍ കൊണ്ടു മരണം. കാറ്റു കൊണ്ടു മരണം. ആയുധം കൊണ്ടു മരണം. അഗ്നികൊണ്ടു മരണം. സര്‍പ്പദംശനം കൊണ്ടു മരണം.
മുറ്റത്തെ ചെമ്പകമരത്തില്‍ ഇരുന്നിരുന്ന ഒരു പേരറിയാ പക്ഷി തട്ടിപ്പിടഞ്ഞ് മരണം വിളംബരം ചെയ്ത് വീടിനു ചുറ്റും അലച്ചു പറന്നിട്ട,് വല്ലാത്ത ശബ്ദത്തില്‍ ചിലച്ചു പറന്നുപോയി. ലക്ഷ്മിയമ്മ സുനിതയോട് പറഞ്ഞു
മോളകത്ത്‌പോ
എന്താ മുത്തിയമ്മേ….
പോക്കാനാ പറഞ്ഞേ. അവള്‍ അകത്തോക്കു പോയപ്പോള്‍, കിഴക്കോട്ടു തിരിഞ്ഞിരുന്നിട്ടവര്‍ വിളിച്ചു.ന്റീശ്വര്ന്മാരേ
മരണം
അന്നൊരു അവധി ദിവസമായിരുന്നു. അവധി ദിവസങ്ങള്‍ ജോണ്‍ സാമുവലിന് കണക്കെടുപ്പ് ദിവസങ്ങളായിരുന്നു. ഈ ആഴ്ചയില്‍ എത്ര മണിക്കൂര്‍ ഉറങ്ങി. ഇനി എത്ര മണിക്കൂര്‍ കൂടി ഉറങ്ങാനുണ്ട്. കണക്കുകള്‍ തുല്യമാണെങ്കില്‍ വരാനിരിക്കുന്ന ആഴ്ചയിലെ കുറച്ചു മണിക്കൂര്‍ കടമെടുത്ത്, കമ്മി ബഡ്ജറ്റ് ഉണ്ടാക്കി, ആഴ്ചയുടെ അവസാനം അതെഴുതി തള്ളുന്ന ആളായിരുന്നു ജോണ്‍ സാമുവേല്‍. ഇത് ഓര്‍മിപ്പിച്ചിരുന്നത് റീത്ത സാമുവേലായിരുന്നു.
ഇടയ്ക്കിടെ ജോണ്‍ സാമുവേല്‍ പറയുമായിരുന്നു സമാന തരംഗദൈര്‍ഘ്യമുള്ളവര്‍ ഒരുമിച്ചാലെ യഥാര്‍ത്ഥ ലയനം ഉണ്ടാവുകയുള്ളു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളു. അതു വരെ മനുഷ്യന്റെ അലച്ചില്‍, യഥാര്‍ത്ഥത്തിലുള്ള ഇണയ്ക്കായുള്ള അലച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കും.
ഷാജഹാന്റെ താജ്മഹല്‍ ഷാജഹാന്റെയും മുംതാസിന്റെയും തരംഗദൈര്‍ഘ്യമാണ്.
”നമ്മുടേതു പോലെ… അല്ലേ….” ആണെന്നോ അല്ലെന്നോ അതിനയാള്‍ പ്രതികരിച്ചില്ല. മനസ്സിന്റെ തരംഗവര്‍ണ്ണ ദൈര്‍ഘ്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടോ. ഉണ്ടെന്നോ ഇല്ലെന്നോ റീത്തയും പ്രതികരിച്ചില്ല.
അന്നുറങ്ങാന്‍ കിടക്കുമ്പോള്‍ റീത്തയുടെ കൈ ജോണ്‍ സാമുവേലിന്റെ നെഞ്ചിലായിരുന്നു. കൈ, ജോണ്‍ സാമുവേലിന്റെ നെഞ്ചില്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ റീത്ത എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു. അത് ജോണ്‍ സാമുവേലിനുള്ള ഒരടയാളമായിരുന്നു. മഴയില്‍ കുതിര്‍ന്ന് മണ്ണ് പാകപ്പെടാന്‍ തയ്യാറാണ്. മണ്ണിന്റെ ആഴങ്ങളിലേക്ക് കലപ്പയിറക്കി ഉഴുതു മറിക്കപ്പെടാന്‍ മണ്ണ് കാത്തിരിക്കുകയാണ്.
ജോണ്‍ സാമുവേലിന്റെ നെഞ്ചിലെ സ്‌നേഹക്കൂടാരത്തിനുമേല്‍ അവളുടെ വിരലുകള്‍ തോരാത്ത മഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു. ചൂടുള്ള നിശ്വാസങ്ങള്‍ ചെറു കാറ്റായി മഴയോടൊപ്പം മുഖത്തിന്റെ തരിശുകളില്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു. നനഞ്ഞ ചുണ്ടുകള്‍ ഒരു പൂ വിരിയും പോലെ വിളിക്കുന്നുണ്ടായിരുന്നു. ജോണ്‍…. ജോണ്‍ സാമുവേല്‍ ഒന്നും അറിഞ്ഞില്ല. ജോണ്‍ സാമുവേലിന്റെ മനസ്സ് നിറയെ ഒരു പാട്ടായിരുന്നു.
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
തിരിഞ്ഞു കിടന്ന് റീത്ത സാമുവേല്‍ കണ്ണടച്ച്, കാത്തു കിടക്കുമ്പോള്‍ അവള്‍ക്ക് പിന്നെയും എന്തൊക്കെയോപ്രതീക്ഷകള്‍ ഉണ്ടായിരുന്നു.
ജോണ്‍ സാമുവേല്‍ അപ്പോഴും പാട്ടു കേട്ടുകൊണ്ടിരുന്നു.
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
കിളിച്ചുണ്ടന്‍ മാമ്പഴമേ, കിളികൊത്താ തേന്‍ പഴമേ
ഓ….! എന്നു പറഞ്ഞ് റീത്ത ഉറങ്ങിതും ജോണ്‍ സാമുവേല്‍ അറിഞ്ഞില്ല.
പാട്ട് അപ്പോള്‍ ഷഡ്ജം, ശുദ്ധ ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധ മധ്യമം, പഞ്ചമം, ശുദ്ധ ധൈവതം, കാകളി, നിഷാദം
ഒക്കെ കടന്ന് മാലാഖമാരുടെ പാട്ടിന്റെ സ്വരസ്ഥാനം തേടുകയായിരുന്നു.
ജനാലയ്ക്കലേക്ക് ആരോ വിളിച്ചപ്പോഴാണ് ജോണ്‍ സാമുവേല്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് ജനാലയ്ക്കല്‍ എത്തിയത്. ജോണ്‍ സാമുവേല്‍ ജനാലയ്ക്കല്‍ നിന്നു നോക്കുമ്പോള്‍ ആകാശം പൂത്തുലഞ്ഞിരുന്നു. ആതിരരാവു പോലെ ഭൂമിയിലെങ്ങും വെള്ളി വെളിച്ചം ചിതറിത്തെറിച്ചിരുന്നു. നിശ്ചലമായ ആകാശത്ത് മേഘങ്ങള്‍ കൂടാരം കൂട്ടിയിരുന്നു. കൂടാര വാതില്‍ക്കല്‍ ഒരു കന്യക. ജോണ്‍ സാമുവേല്‍ കണ്ണു തിരുമ്മി വീണ്ടും നോക്കി. അവിടെ കൂടാരമുണ്ടായിരുന്നില്ല. കൂടാര വാതില്‍ക്കല്‍ കന്യകയും.
ജോണ്‍ സാമുവേല്‍ ധൃതിയില്‍ ആകാശത്തിന്റെ മറ്റൊരു കോണിലേക്ക് നോക്കി. ആകാശത്തുകൂടെ കാറ്ററിയാതെ, വെളുത്തമേഘങ്ങളറിയാതെ, ഭൂമിക്കു തിരശ്ചീനമായി ഒഴുകുന്ന വെളുത്ത നദി. ജോണ്‍ സാമുവേലിന്റെ കണ്ണുകള്‍ വിടര്‍ന്നു. കണ്ണിന്റെ ആഴങ്ങളില്‍ ഒരു ജലകന്യക. അവള്‍ മെല്ലെ തിരയിലൂടെ ഉയര്‍ന്നു വന്നു. അവള്‍ക്ക് മനുഷ്യരുടെ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വെള്ളത്തുള്ളികള്‍ ചാര്‍ത്തിയ തൊങ്ങല്‍ മെല്ലെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. വെള്ളം അവളെ അനാവൃതമാക്കികൊണ്ടിരുന്നു. ചന്ദനക്കാതല്‍ കടഞ്ഞെടുത്ത ആകാരവടിവുകളും സാലഭഞ്ജികകളുടേതു പോലെ ഉയര്‍ന്നു പൊങ്ങി, ഉരുണ്ടുദൃഡതയാര്‍ന്ന കൊങ്കദ്വയങ്ങളും. മലര്‍ന്ന് തടിച്ച്, ചുവപ്പ് കലര്‍ന്ന അധരങ്ങള്‍ ഇപ്പോള്‍ വിരിഞ്ഞ പൂവു പോലെ നയന മനോഹരങ്ങള്‍. തൊട്ടാവാടി കണ്‍പീലികള്‍. കനവുറങ്ങുന്ന കരിമിഴികളുടെ ആഴങ്ങളില്‍ തെന്നിമറയുന്ന പരല്‍ മീനുകള്‍. നീലച്ചനോട്ടം. തലേന്നത്തെ മഴയ്ക്ക് പൊഴിഞ്ഞ തളിരിലകള്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന മാര്‍ദ്ദവമുള്ള വയര്‍. അതിനു നടുവില്‍ സൂര്യനിറങ്ങി പൊന്‍നിറമാക്കിയ ചെറു തടാകം പോലെ പൊക്കിള്‍ച്ചുഴി. അതിനു താഴെ… മേഘങ്ങള്‍ പിന്നെയും അവളെ അനാവൃതമാക്കികൊണ്ടിരുന്നു.
ഒതുങ്ങിയ അരക്കെട്ട്, അതിനു താഴെ കന്യാവനം,അതില്‍ ഉണരാനായി ഉറങ്ങികിടക്കുന്ന പൂവ്. അപ്പോള്‍ ഒരു വലിയ മേഘം അവളെ ഉയര്‍ത്തി, തിരകള്‍ക്കുമേലെ നിര്‍ത്തി. അരക്കെട്ടിന്റെ അരികിലേക്ക് ഊര്‍ന്നിറങ്ങുന്ന മുടിയഴക.്മുടിത്തുമ്പില്‍ നിന്നും ഊരുക്കളില്‍ നിന്നും വെള്ളം ഒഴുകി താഴേക്ക്…..
കണ്ടോ, ഇവളെ തിരകള്‍ ഒന്നിനു പിറകെ ഒന്നായി ചോദിച്ചു. ഇതു ഞങ്ങളുടെ കന്യക. ജലകന്യക.
ജലത്തിന്റെ പരിശുദ്ധിയും, കടലിന്റെ കനിവും, കാഴ്ചയുടെ സുഭഗതയും, കാമത്തിന്റെ വിരിയാത്ത പൂവുമുള്ളവള്‍.
എടുത്തുകൊള്ളുക, ജോണ്‍ സാമുവേല്‍ ഇവളെ എടുത്തുകൊള്‍ക. പൂജയ്ക്ക് പൂവു പോലെ. അഭിഷേകത്തിന് പാലുപേലെ. പൊന്നിന് നിറം പോലെ. ഇനി നിന്റെ ഇഷ്ടം പോലെ
നക്ഷത്രങ്ങള്‍ വിളക്കുകൊളുത്തി അവളുടെ മുഖത്തേക്ക് ചേര്‍ത്തപ്പോള്‍ ജോണ്‍സാമുവേല്‍ അവളെ കണ്ടു, ഡോക്ടര്‍ ജോസിന്റെ ചെറുപുഷ്പം ഹോസ്പിറ്റലില്‍ വച്ചു കണ്ട സുനിത. സുനിതാ ജനാര്‍ദ്ദനന്‍.
ഒരു കൈ മെല്ലെ വന്ന് തോളില്‍ തൊട്ടത് ജോണ്‍ സാമുവേല്‍ അറിഞ്ഞില്ല. അത് ബലത്തില്‍ അമര്‍ന്നതിനൊപ്പം ”എന്തേ”യെന്നൊരു ചോദ്യം കൂടി ഉണ്ടായപ്പോല്‍ ജോണ്‍ സാമുവേല്‍ തിരിഞ്ഞു നോക്കി, എന്താണൊരുത്തരം പറയേണ്ടതെന്നാലോചിച്ചിട്ട്. മനസ്സില്‍ പറഞ്ഞു. കവികള്‍ക്കും കാമുകന്മാര്‍ക്കും ഭ്രാന്താണ്. ഇതും ഒരു പക്ഷേ…
വ്യക്തമായൊരുത്തരം കിട്ടാതെ വന്നപ്പോള്‍ റീത്ത, ജോണ്‍ സാമുവേലിനെ ഒന്നു കുലുക്കി ഉണര്‍ത്തിയിട്ടു ചോദിച്ചു:
എന്തുപറ്റി. ഒരു മറുപടിയുമില്ലാതിരുന്നതു കൊണ്ട് ജോണ്‍ സാമുവേല്‍ പറഞ്ഞു:ഒന്നുമില്ല.
അതില്‍ തൃപ്തയാകാതെ റീത്ത പറഞ്ഞു:വന്നു കിടക്ക്. അപ്പോള്‍ അനുസരണയുള്ള ഒരു ഭര്‍ത്താവായിമാറി ജോണ്‍ സാമുവേല്‍ ഇത്തിരിയുറക്കം കൂടി ബാക്കിയുണ്ട് എന്നു പറഞ്ഞ് റീത്തയേയും പിടിച്ചു കിടത്തിയുറങ്ങുന്ന ജോണ്‍ സാമുവേലിനെ റീത്ത പ്രഭാതത്തില്‍ കണ്ടില്ല. റീത്ത ഉണരുമ്പോള്‍ ജോണ്‍ സാമുവേല്‍ ജനാലയ്ക്കല്‍ത്തന്നെയുണ്ടായിരുന്നു. അപ്പോഴും ജോണ്‍ സാമുവേല്‍ ഒരു പാട്ടു കേള്‍ക്കുകയായിരുന്നു.
വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യപോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു.
മധുരമാം കാലൊച്ച കേട്ടു
ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ.
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോഴും,
ഉയിരില്‍, അമൃതം തളിച്ചപോലെ
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചുപോയി
അറിയാതെ കോരിത്തരിച്ചുപോയി
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെ ഉഴറുമ്പോഴും
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു.
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു.