ഓപ്പറേഷന്‍ തണ്ടര്‍

707
0

ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ സംസ്ഥാനമൊട്ടാകെ പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്ലാതെ പണവും സ്വര്‍ണ്ണവും കണ്ടെത്തി. ക്വാറിമാഫിയകളുമായും പണമിടപാടുകാരുമായും പോലീസുകാര്‍ക്കുള്ള അവിഹിതകൂട്ടുകെട്ടുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ബി.എസ്.മൂഹമ്മദ് യാസിന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന അഴിമതി കണക്കുകള്‍ പുറത്തുവന്നത്.
കുറ്റകൃത്യങ്ങള്‍ പെരുകുന്നു. കോടതികളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മജിസ്‌ട്രേറ്റുമാരില്ലാത്തതുമൂലം കോടതികള്‍ സ്തംഭിക്കുന്നു. പലയിടത്തും ജഡ്ജിമാരില്ല ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റില്ല അഡീഷണല്‍ ജില്ലാജഡ്ജിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പല കോടതികളിലും സിറ്റിംഗുകള്‍ നടക്കുന്നില്ല. കേസുകെട്ടുകള്‍ക്കുമുകളില്‍ കേസുകെട്ടുകള്‍ അടയിരിക്കുന്നു.
ഈ അവസ്ഥയില്‍ കോടതികളിലേക്ക് ഫയലുകള്‍ കൊടുക്കാതെ പോലീസ് സ്‌റ്റേഷനില്‍ തന്നെ ഒത്തുതീര്‍പ്പുണ്ടാക്കി കേസൊതുക്കുന്നതിന്റെ ഭാഗമായി കരുതിയാല്‍ മതിയോ. അടിമാലി പോലീസ് സ്റ്റേഷനില്‍ കണക്കില്‍പെടാതെ ലോക്കറില്‍ കണ്ടെത്തിയ 6 പവന്റെ സ്വാര്‍ണ്ണാഭരണം പ്രളയസമയത്ത് ഒഴുകിയെത്തിയതാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചുവത്രെ!
ചോദിക്കാനും പറയാനും നാഥനില്ലാതെ വന്നാല്‍ പരാതികള്‍ രേഖപ്പെടുത്താതിരിക്കാം. മണല്‍ ക്വാറിപോലുള്ള മാഫിയകള്‍ക്കെതിരെ കേസ്സെടുക്കാതിരിക്കാം, പോലീസുദ്യോഗസ്ഥര്‍ക്ക് ജോലിക്കു ഹാജരാകിതിരിക്കാം. രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരിക്കാം, പാരലല്‍ കോടതികളായി പോലീസ് സ്റ്റേഷനുകളെ മാറ്റാം. ഇഷ്ട്ടപ്രകാരം പിഴ എന്ന പേരില്‍ കോഴ വാങ്ങി കേസ്സില്ലാതെയാക്കാം. കോടതികള്‍ ഇഴയുമ്പോള്‍ പോലീസ് സ്റ്റേഷനുകള്‍ ഒരുപടി മുന്നില്‍ ഓടുന്നു. എന്നു കരുതിയാല്‍ മതിയോ.