സാപ്പോ

309
0

പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന ഭാവഗാനരചയിതാവായിരുന്നു സാപ്പോ. സാപ്പോയുടെ കവിതകള്‍ക്ക് പണ്ടുള്ളത്ര പ്രാധാന്യം ഇപ്പോഴില്ലെങ്കിലും അവരുടെ പ്രശസ്തിക്ക് ഇന്നും ഒരിടിവും സംഭവിച്ചിട്ടില്ല. പ്ലേറ്റോ ഇവരെ പത്താമത്തെ സംഗീതദേവത എന്ന നിലയില്‍ ബഹുമാനിച്ചിരുന്നു. ഇതുകൂടാതെ ഒരു സഹസ്രാബ്ദത്തിലെ ശ്രേഷ്ഠമായ കവയത്രി എന്നും അദ്ദേഹം സാപ്പോയെ വിശേഷിപ്പിച്ചിരുന്നു.
സ്‌ക്കാമാന്‍ഡറിന്റേയും ക്ലെയ്‌സിന്റേയും പുത്രിയായി ലെസ്‌ബോസ്‌ബോസ് ദ്വീപിലെ എറെസ്റ്റോസിലാണ് സാപ്പോ ജനിച്ചതെന്നാണ് വിശ്വാസം. സാപ്പോയുടെ എഴുത്തുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഒരു ഉന്നതകുലജാതയാണെന്ന് മനസ്സിലാക്കാം. സാപ്പോയുടെ കാല്‍പ്പനിക കവിതകളിലെല്ലാം തന്നെ സ്ത്രീകളായിരുന്നു പ്രധാന പ്രതിപാദ്യം. കാരണം അവര്‍ക്ക് സ്വവര്‍ഗ്ഗസ്‌നേഹത്തില്‍ താല്‍പര്യമുള്ളതായും പറയപ്പെടുന്നു. എന്നിരുന്നാലും കവിതകളെല്ലാം തന്നെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നതിന് യാതൊരു തെളിവുമില്ല. ഏതാണ്ട് ഒന്‍പത് വാല്യം കവിതകള്‍ സാപ്പോ രചിച്ചതായാണ് ആദ്യകാല അറിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതില്‍ ഒന്നുപോലും ഇക്കാലത്ത് നിലവിലില്ല.
സാപ്പോയുടെ കവിതകളെക്കുറിച്ചുള്ള അറിവ് നമുക്ക് ലഭിക്കുന്നത് മറ്റ് പുരാതന എഴുത്തുകാരില്‍ നിന്നുമാണ്. ഛന്ദോ കവിതകളുടെ രൂപത്തില്‍ സ്റ്റാഫിക്സ്റ്റാന്‍സകള്‍ വികസിപ്പിച്ചെടുത്തതും സാപ്പോയാണ്. അതുപോലെ തന്നെ സംഗീതോപകരണങ്ങള്‍ മീട്ടാനുപയോഗിക്കുന്ന പ്ലെക്ട്രം അഥവാ പിക് കണ്ടുപിടിച്ചതും സാപ്പോ ആവാം. ഇത്തരമൊരു പ്രശസ്തകവിയുടെ രചനകളൊന്നും തന്നെ ഇന്ന് നിലനില്‍ക്കുന്നില്ലെങ്കിലും ഗ്രീക്ക്ചരിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴും സാപ്പോയുടെ പേര് കടന്നുവരും. ജനനത്തെപ്പോലെതന്നെ അവര്‍ മരണപ്പെട്ടതും 579 ബിസിയിലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.