റാണി ലക്ഷ്മിഭായി

172
0

ത്സാന്‍സിയിലെ രാജ്ഞിയായ റാണി ലക്ഷ്മിഭായി അഥവാ ത്സാന്‍സി റാണി ഇന്ത്യയില്‍ 1857 ല്‍ നടന്ന കലാപത്തില്‍ പങ്കെടു ത്ത ധീരനേതാക്കളില്‍ ഒരാളായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഒരു പ്രതീകം തന്നെയായിരുന്നു ആ ധീരവനിത.
സമൂഹത്തിലെ ഉന്നതകുലജാതരായ മൊറോപാന്ത് തമ്പിയുടെയും ഭഗീരഥിഭായിയുടെയും മകളായി 1835 നവംബര്‍ 19 ന് കാശിയിലാണ് ലക്ഷ്മിഭായി ജനിച്ചത്.വിദ്യാഭ്യാസവും കായികപരിശീലനങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ച ലക്ഷ്മിഭായിയെ 1842 ല്‍ ത്സാന്‍സിയിലെ രാജാവായ രാജഗംഗാധര്‍ നിവാല്‍ക്കര്‍ വിവാഹം കഴിച്ചതോടെ അവര്‍ ത്സാന്‍സിയിലെ രാജ്ഞിയായി മാറി. അന്നു മുതലാണ് ലക്ഷ്മിഭായി ത്സാന്‍സി റാണിയായി തീരുന്നത്. 1857ല്‍ ഒരു പുത്രന് ജന്മം നല്‍കിയെങ്കിലും വെറും നാല് മാസത്തെ ആയുസ്സേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ദാമോദര്‍ റാവു എന്ന പുത്രനെ ആ ദമ്പതികള്‍ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു. ത്സാന്‍സി റാണിയ്ക്ക് 18 വയസ്സ് പ്രായമായപ്പോഴേക്കും മഹാരാജ ഗംഗാധര്‍ റാവുവും മരണത്തിന് കീഴടങ്ങി.
ഈ സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറലായിരുന്നു ഡല്‍ഹൗസി പ്രഭു . അദ്ദേഹത്തി ന്റെ ദത്തവകാശ നിരോധനനയപ്രകാരം ത്സാന്‍സിയിലെ സ്വത്ത് ബ്രിട്ടീഷുകാരുടെ അധീനതയിലാക്കാന്‍ തീരുമാനമായി. എന്നാല്‍ ഈ നയത്തിനെതിരെ നിയമപരമായി പൊരുതാന്‍ ത്സാന്‍സി റാണി മുന്നോട്ടു വന്നെങ്കിലും ലക്ഷ്യപ്രാപ്തിയിലെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. റാണിയ്ക്ക് സ്ഥാനനഷ്ടം സംഭവിച്ചെങ്കിലും ത്സാന്‍സിയിലെ അവകാശം തിരിച്ച് പിടിക്കുമെന്ന വാശിയോടെ അവര്‍ രംഗത്തിറങ്ങി. ധാരാളം പടനേതാക്കളേയും ആ ധീര വനിതയ്ക്ക് സഹായത്തിന് ലഭിച്ചു. 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കേന്ദ്ര കഥാപാത്രമായി ത്സാന്‍സിറാണിയുമെത്തി. സ്വന്തം രാജ്യത്തിനുവേണ്ടി പടവാളേന്തിയ ആ ധീര വനിതയ്ക്ക് വളരെ കുറഞ്ഞ വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ത്സാന്‍സിറാണി 1858 ജൂണ്‍ 18ന് മരണപ്പെട്ടു.