രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനത്തില്‍ എതിര്‍പ്പുമായി എംഎം മണി എംഎല്‍എ.

104
0

പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നും എംഎം മണി പ്രതികരിച്ചു. അതേസമയം രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സർക്കാർ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ എന്നതൊക്കെ പാർട്ടി നേതാക്കളോട് ചോദിക്കണം.രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രൻ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വൻകിടക്കാർക്ക് ഭൂമി നൽകിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ഇന്നലെ സർക്കാർ തീരുമാനമായിരുന്നു. അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എംഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.