നരയാനം

323
0

പി. മോഹനചന്ദ്രന്‍


ഒഴിവുദിവസത്തെ ഉപവാസത്തിനൊടുവില്‍ ജാന്‍ ബസാറിലേക്ക് തിരിക്കാന്‍ കാലുറ ധരിക്കുമ്പോഴാണ് ഹബ്ബാ ഭായിയുടെ വിളിവന്നത്. ഭായിയുടെ പരുക്കന്‍ ശബ്ദം റെലന്‍ ഡിക്കിന്റെ പ്രാണനെ തൊട്ടു.
നീ എവിടെയാണ്? ഭായി ചോദിച്ചു.
മുറിയിലുണ്ട്, പുറത്തേക്കിറങ്ങാന്‍ തുടങ്ങുന്നു. റെലന്‍ പറഞ്ഞു.
നേരെ ഇങ്ങോട്ടു വരണം. ഞാന്‍ മിര്‍സാഗലീബ്‌സ്ട്രീറ്റിലുണ്ട്. സ്ഥലം നിനക്കറിയാമല്ലോ?.ഒരു ദൗത്യമേല്‍പ്പിക്കാനുണ്ട്.
കാലുറയും മേലുടുപ്പും നീലനിറമുള്ള പുള്ളോവറും ധരിച്ച് റെലന്‍ വാതില്‍ പൂട്ടി ചാവി മുന്‍വശത്തെ മരത്തൂണിന്റെ പൊത്തിലൊളിപ്പിച്ചു. അനന്തരം താഴേക്ക് കോണിയിറങ്ങി താഴെ പ്രീതംഘോഷ് എന്ന കെട്ടിടയുടമ കാളീപുജക്കുള്ള കുങ്കുമത്താലവുമായി നില്‍ക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്സ് പിന്നിട്ട അവരുടെ മുഖത്ത് ആകാശത്തിന്റെ ചാരനിറം പറ്റിപ്പിടിച്ചിരുന്നു. അവരുടെ കൂര്‍ത്ത ചുണ്ടുകളില്‍നിന്ന് ശബ്ദങ്ങളൊന്നും പുറത്തേക്കു വന്നില്ല. പെരിച്ചാഴിയെ നോക്കുന്നതുപോലെ ഒരു നോട്ടം സമ്മാനിച്ച് അവര്‍ ജാന്‍ബസാറിലെ കൈവഴിയിറങ്ങി കോവിലിലേക്കു നടന്നു.
കാലുറയില്‍ നിന്ന് നീണ്ടകത്തിയെടുത്ത് പുള്ളോവറിനുള്ളിലെ രഹസ്യഅറയില്‍ നിക്ഷേപിച്ച് റെലന്‍ ജാന്‍ ബസാര്‍ കുറുകെ കടന്ന് റിപ്‌സണ്‍സ്ട്രീറ്റിലെ പിലാച്ചയുടെ ടീഷോപ്പിലേക്കു നടന്നു. ചായയോടൊപ്പം പാനി പൂരിയും പാല്‍ക്കട്ടിയും കഴിച്ച് ആ ദിവസത്തെ ഉപവാസത്തിന് വിരാമമിട്ട് അയാള്‍ തിരിച്ച് ടിപ്പുസുല്‍ത്താന്‍ മോസ്‌ക്കിലൂടെ, ചൗരിംഗിയിലേക്കു നടന്നു. കല്‍ക്കത്ത നഗരത്തിന് ഒരിക്കലും അവധിദിവസങ്ങളില്ല. നിരത്തും നടപ്പാതയും നിറയെ ആള്‍ക്കൂട്ടമാണ്. വഴിവാണിഭക്കാ രുടെയും, പുകയില കച്ചവടക്കാരുടെയും, ചെറിയ തട്ടുകടകള്‍ മറികടന്ന് അയാള്‍ അലസനായി നടന്നു. വാഹനങ്ങള്‍ ചീറിപ്പോകുമ്പോഴുണ്ടാകുന്ന കാറ്റില്‍ അയാളുടെ നീണ്ടതും ചെമ്പിച്ചതുമായ മുടി ഇളകിയാടുന്നുണ്ടായിരുന്നു. വഴിയില്‍ അവിടവിടെ രൂപപ്പെട്ട കാനജലത്തിന്റെ ചതുപ്പുകള്‍ ഭേദിച്ച് മറ്റ് പലരേയും പോലെ അയാളും നഗരത്തെ അനുഭവിച്ചു.
മാസങ്ങള്‍ക്കുശേഷമാണ് ഹബ്ബാഭായിയുടെ വിളിവരുന്നത്. നാലുമാസങ്ങള്‍ക്കു മുമ്പ് ഹൗറയിലെ തുകല്‍ വ്യാപാരിയുടെ കടയൊഴിപ്പിക്കലിന് കൂട്ടുപോയിരുന്നു. കോടതിയുത്തരവിനെ അതിലംഘിച്ച് കടക്കാരന്‍ ഒഴിയാതെ ശാഠ്യംപിടിക്കുകയായിരുന്നു. ചില്ലറ അടിപിടിയിലും കത്തിക്കുത്തിലുമവസാനിച്ച അന്നത്തെ ഓപ്പറേഷന്റെ പോലീസ് കേസ് ഇപ്പോഴും നിലവിലുണ്ട്. റെലന്‍ അതിലെ നാലാം പ്രതിയായിരുന്നു. ഹബ്ബാഭായി കൂടെയുണ്ടായിരുന്നെങ്കിലും പ്രതിസ്ഥാനത്തു വന്നില്ല. കല്‍ക്കത്ത പോലീസും ഹബ്ബാഭായിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം റെലന് പിന്നീട് മനസ്സിലായി. ഭായിയാണ് പ്രീതംഘോഷിന്റെ ഒഴിഞ്ഞുകിടന്ന കുടുസ്സുമുറി താമസിക്കാന്‍ തരപ്പെടുത്തിത്തന്നത്. റെലനെ പ്രീതംഘോഷിന് പരിചയമില്ലാതിരുന്നതിനാല്‍ അവര്‍ അയാളോട് തട്ടിക്കയറി. നിനക്കെത്ര വയസ്സായി? എന്താണ് ജോലി?
മുപ്പതായിട്ടില്ല. ലൗഡന്‍ സ്ട്രീറ്റിലെ ലെയ്ത്ത് വര്‍ഷോപ്പിലാണ് ജോലി. റെലന്‍ പറഞ്ഞു.
അവിടെ എന്താണ് നിര്‍മ്മിതി?
മരപ്പണിക്കാരുടെ റൂട്ടറുകളുണ്ടാക്കുന്നു.
എത്ര ശമ്പളമുണ്ട്?
പതിനേഴായിരംരൂപ.
ആ പണം കൊണ്ട് ഈ മഹാനഗരത്തിലെങ്ങനെ ജീവിക്കും?
എനിക്ക് മറ്റ് ചിലവുകളൊന്നുമില്ല മാം… അയാള്‍ പറഞ്ഞു.
നിനക്ക് വീടും കുടുംബവുമൊന്നുമില്ലെ?
ഇല്ല. ഞാന്‍ തനിച്ചാണ്.
എവിടെയാണ് ജനിച്ചത്?
കല്‍ക്കത്തയിലെ ഏതോ തെരു വിലായിരുന്നു ജനനം. ബാരാസാത്തിലെ അനാഥാലയം മാത്രമാണ് ഓര്‍മ്മയിലുള്ളത്. അവിടെ നിന്നാണ് പന്ത്രണ്ടാംക്ലാസ് വരെ പഠിച്ചത്. റെലന്‍ എന്ന് പേരിട്ടത് അനാഥാലയം നട ത്തിപ്പുകാരായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ ഞാന്‍ കല്‍ക്കട്ടയി ല്‍നിന്നൊളിച്ചോടി, അഹമ്മദാബാദിലെ നറോഡയിലെത്തി. അവിടെ വച്ച് ഭുവന്‍ ദേശായി എന്ന വ്യവസായിയെ പരിചയപ്പെട്ടു. ദേശായിയുടെ വര്‍ക്ക്‌ഷോപ്പില്‍ താമസിച്ച് ജോലി ചെയ്തു. അങ്ങനെയാണ് ലെയ്ത്തുപണി പഠിച്ചത്.
അവിടെ നിന്ന് തിരികെപ്പോന്നതെന്തിന്?
ഭുവന്‍ ദേശായിക്ക് ഭാര്യയും മക്കളുമില്ലായിരുന്നു. ദീദിയോടൊപ്പമായിരുന്നു ദേശായി താമസിച്ചിരുന്നത്. എന്നെ കാണുന്നതേ ദീദിക്ക് ചതുര്‍ത്ഥിയാ യിരുന്നു. പക്ഷേ, ഭക്ഷണവും മറ്റും വെറുപ്പോടെയാണെങ്കിലും ദീദി തന്നെ വിളമ്പിത്തന്നു. ഒരു നാള്‍ ദേശായി പറഞ്ഞു. എനിക്ക് വയസ്സാകുന്നു. ഞാനീ കമ്പനി വില്‍ക്കാന്‍ പോവുകയാണ്. നീ പണി പഠിച്ചസ്ഥിതിക്ക് കല്‍ക്കത്തക്കു തന്നെ മടങ്ങുന്നതാണ് നല്ലത്. അവിടെ മെച്ചപ്പെട്ട വേതനം കിട്ടും. അങ്ങനെ യാണ് തിരികെ കല്‍ക്കട്ടയിലെത്തിയത്.
നിനക്കൊരു ദാദാ ലുക്കുണ്ട്. എന്നിരുന്നാലും മുറി തരാം. പക്ഷേ, നാട്ടുകാ രായ ആരെങ്കിലും പരിചയക്കാര്‍ പറയണം. ഹബ്ബാഭായിയുടെ സഹായം തേടിയതും പരിചയപ്പെടുന്നതും അങ്ങനെയാണ്. കല്‍ക്കത്തയിലെ അറിയ പ്പെടുന്ന ലോജിസ്റ്റിക്ക് വ്യവസായിയായ ഭായി പെട്ടെന്നൊരുനാള്‍ ദാദയായി പരിണമിക്കുകയായിരുന്നു. ഒരു ലോറിഡ്രൈവറെ, ജാക്കികൊണ്ട് തലപൊളിച്ചുകൊണ്ടായിരുന്നു തുട ക്കം. ഒരു വ്യവസായി എന്നതിനപ്പുറ ത്തുള്ള അറിവൊന്നും ഭായിയെകുറിച്ച് പ്രീതംഘോഷിനറിയില്ലായിരുന്നു. മുറി കൊടുത്തോളൂ.. അവനെന്റെ ചെക്കനാ. കുഴപ്പം വരാതെ നോക്കാം. പക്ഷേ ഒന്ന് രണ്ട് കണ്ടീഷനുണ്ട് പ്രീതംഘോഷ് പറഞ്ഞു. കൂട്ടുകാര്‍ മുറിയില്‍ വരാന്‍ പാടില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. മുറിയില്‍ മദ്യപാനവും അനുവദനീയമല്ല.
ഇല്ല മാം. ഞാന്‍ അനുസരിച്ചോളാം.
കഴിഞ്ഞ നാലുവര്‍ഷത്തെ താമസത്തിനിടയില്‍ ആരുംതന്നെ റെലനെകാ ണാനായി മുറിയില്‍ വന്നില്ല. കല്‍ക്കത്തയില്‍ റെലന് കൂട്ടുകാരായി ആരും തന്നെയില്ലായിരുന്നു. പണിസ്ഥലത്തെ ജോലിക്കാര്‍ പരിചയക്കാരാണെങ്കിലും റെലനുമായി അവര്‍ക്ക് ആത്മബന്ധമൊന്നുമില്ലായിരുന്നു. ഹബ്ബാ ഭായിയുടെ ദൂതന്മാര്‍ ഇടക്കിടെ അന്വേഷിച്ചുവ രാറുണ്ട്. നഗരത്തില്‍ ആകെയുള്ള സുഹൃത്ത്കുടുംബം റോസിലിന്റേതാണ്. ബന്നാഘട്ടിലെ അവളുടെ വസ തിയില്‍ റെലന്‍ വല്ലപ്പോഴും സന്ദര്‍ശനം നടത്താറുണ്ട്. അഹമ്മദാബാദ് റെയില്‍വേസ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ടതാണ്. അനുജത്തിയേയും കൊണ്ട് പാല്‍ഡിയിലെ എന്‍.ഐ.ഡി.യില്‍ വന്നതായിരുന്നു റോസിലിന്‍. തുടര്‍ന്ന് ഫോണിലൂടെ ബന്ധം മുറിയാതെ കാത്തുസൂക്ഷിച്ചു. നറോഡയില്‍ നിന്ന് കല്‍ക്കത്തയിലെത്തിയപ്പോള്‍ ഒരു വൈകുന്നേരം ബന്നാഘട്ടിലെ അവളുടെ ചെറിയവാസസ്ഥലം കണ്ടെത്തുകയായിരുന്നു. പച്ചനിറമുള്ള മരത്തൂണുകളാല്‍ ചുറ്റപ്പെട്ട ഭംഗിയുള്ള വനമായിരുന്നു അത്. റോസിലിനെ കൂടാതെ അമ്മയും അനുജത്തിയുമുണ്ടായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടുപോയിരുന്നു. റെലന് റോസിലിന്‍ സഹോദരിയെപ്പോലെയായിരുന്നു. അതിലേറെ സുഹൃത്തും. ആനന്ദം മനുഷ്യനുള്ളതല്ലെന്ന് വ്യവസ്ഥ ചെയ്യുന്ന പുസ്തകം ആരോ എഴുതപ്പെട്ടിട്ടുണ്ടെന്നും അതിലെ പ്രതിനായികയാണ് താനെന്നും റോസിലിന്‍ പറയുമായിരുന്നു. തെരുവിന്റെ ഗന്ധം പറ്റിപ്പിടിച്ച തന്റെ പ്രാണനെ പരിശുദ്ധമാക്കാനൊന്നും റെലന്‍ മുതിര്‍ന്നില്ല. പരുക്കനായിതന്നെ റെലന്‍ പറഞ്ഞു. ഇങ്ങനെയൊക്കെയാണ് ജീവിതം. നിനക്കും നിന്റെ അനുജത്തിക്കും നല്ല ജോലിയും സ്ഥിരവരുമാനവും വരുമ്പോള്‍ കാഴ്ചപ്പാടിനും മാറ്റം വരും. ഗലികളും ചേരികളും അന്ന് അരോചകമാകും. ഇ ടക്കിടെയുള്ള ഫോണ്‍വിളികളിലൂടെ റെലന്‍ റോസിലിനുമായുള്ള ബന്ധം നിലനിര്‍ത്തി.
പ്രീതംഘോഷിന്റെ വീട്ടില്‍ താമസിക്കുന്ന വളര്‍ത്തുപുത്രി ഉപര്‍ണയോട് റെലന് അടുപ്പംതോന്നാതിരുന്നില്ല. അവളൂടെ കണ്ണുകള്‍ റെലന് നേരെ നീണ്ടുവരുമ്പോള്‍ പ്രീതംഘോഷ് ചതുര്‍ത്ഥിപോലെ പ്രത്യക്ഷപ്പെടും. കാണാന്‍ സുന്ദരിയല്ലെങ്കിലും, കണ്ണുകള്‍ക്ക് പവിഴത്തിന്റെ തിളക്കമുണ്ടായിരുന്നു. പ്രപഞ്ചം മുഴു വനായും കുടികൊണ്ടിരുന്നു.. അവള്‍ക്ക് വീടിന് പുറത്തിറങ്ങാനുള്ള അവകാശം നിജപ്പെടുത്തിയിരുന്നു. കോളേജ് പഠനം കഴിഞ്ഞ്, അവളും ജോലിക്ക് ശ്രമിക്കുക യാണെന്ന് പ്രീതംഘോഷ് ഒരിക്കല്‍ റെലനോട് പറയുകയുണ്ടായി. ഞായറാഴ്ചകളില്‍ പ്രീതംഘോഷ് കാളീ പൂ ജക്കുപോകുമ്പോള്‍ ഉപര്‍ണ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. പരസ്പരം ഏറെനേരം നോക്കുന്നതിനൊടുവില്‍, റെലന്‍ ഒരിക്കല്‍ ഒരു കുറുപ്പെഴുതി, ബാല്‍ക്കണിയിലേക്കെറിഞ്ഞു കൊടുത്തു. ഞാന്‍ നിന്നെ സ്‌നേ ഹിച്ചോട്ടെ. മറുപടിയൊന്നും ഉപര്‍ണ കൊടുത്തില്ല. പിന്നീടവള്‍ അയാള്‍ക്ക് വിടര്‍ന്ന ചിരി സമ്മാനിക്കുകയും കണ്ണുകളാല്‍ തലോടുകയും ചെയ്തു. അപ്പോള്‍ മനസ്സിനുള്ളില്‍ മണമുള്ള പൂവ് വിരിയുന്നതുപോലെ റെലന് തോന്നിയിരുന്നു.
മിര്‍സാഗലീബ്‌സ്ട്രീറ്റിലെ എസ്.എന്‍.ബാനര്‍ജി റോഡിലായിരുന്നു ഹബ്ബാ’ഭായിയുടെ പണ്ടികശാല. നിറബാരലുകളും റബ്ബര്‍ ഷീറ്റുകളും, തുകലുല്‍പ്പന്നങ്ങളും കൊണ്ട് നിറഞ്ഞ ഗോഡൗണിനുള്ളില്‍ രണ്ട് ട്രക്കുകള്‍ പുറപ്പെടാന്‍ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. പണ്ടികശാലയിലെ ഏറ്റവും പുറകിലെ മുറിയിലായിരുന്നു ഹബ്ബ. വായില്‍ പുകയിലയിട്ട് ആരോടോ ഫോണില്‍ കയര്‍ക്കുകയായിരുന്നു അയാള്‍. റെലനെ കണ്ടതും ഫോണ്‍ കട്ട് ചെയ്ത് അയാളെ അകത്തേ ക്കുക്ഷണിച്ചു.
എങ്ങനെയുണ്ട് നിന്റെ ലെയ്ത്തു പണി. അയാള്‍ ശമ്പളം തരുന്നുണ്ടോ?
പലപ്പോഴായി തരുന്നുണ്ട്. കൃത്യതയില്ല.
ഒരു ചെറിയ കൊട്ടേഷനുണ്ട്. അതിന് പറ്റിയവന്‍ നീയാണെന്ന് തോന്നി. അന്‍മ്പതിനായിരം രൂപ കിട്ടും. നിനക്ക് നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂ.
എന്താണ് ദൗത്യം. റെലന്‍ ചോദിച്ചു.
ഹബ്ബ മേശവലിപ്പ് തുറന്ന്, ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയെടുത്ത് മേശപ്പുറത്ത് വച്ചു. പിന്നീടത് വിളക്കിലേക്കടുപിച്ച് ചോദിച്ചു.
ഇവനെ നീ കണ്ടിട്ടുണ്ടോ?
ഇല്ലെന്ന് റെലന്‍ പറഞ്ഞു.
ഇവനാണ് ബെനുസെന്‍. എകസ്പ്ലനേടിലും മറ്റ് പല സ്ഥലങ്ങളിലുമായി ജിം നടത്തുന്നവനാണ്. ചെറുപ്പക്കാരന്‍, സുമുഖന്‍. ഇരുപത്തിയെട്ടു വയസ്സുപ്രായം. ജി.റ്റി.റോഡിലെവിടെയോയാണ് താമസം. അത് ഇവന്റെ മുത്തച്ഛന്റേതാണ്. കിഴവനും ഇവന്റെമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബം. ഇവന്റെ പിതാവ് ദുബായില്‍ ബിസ്സിനസ്സാണ്. രണ്ടുകൊല്ലം കൂടുമ്പോള്‍ വരും. ഇവന്റെ മുത്തച്ഛന്‍ ഗോയല്‍ ചരണും എന്റെ കക്ഷിയുമായി ഒരു സ്ഥലക്കച്ചവടത്തിന് കരാറൊപ്പിട്ടു. അന്‍പത് ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങി. കരാര്‍ പക്ഷേ നിയമമാക്കിയില്ല. വെറും പേപ്പറില്‍ മാത്രം. അതിന് നിയമസാധുതയില്ലല്ലോ. ഇപ്പോള്‍ കിഴവന്‍ സ്ഥലം തീറെഴുതി കൊടുക്കുന്നില്ല. പണവും തിരികെ കൊടുക്കുന്നില്ല. പോലീസിലറിയിച്ചപ്പോള്‍ സിവില്‍കേസായതുകൊണ്ടും, പ്രതിക്ക് എഴുപതു വയസ്സായതുകൊണ്ടും അവര്‍ കേസെടുക്കു ന്നില്ല. കോടതിയില്‍ പോകാന്‍ പറയുന്നു. കിഴവനെ നാലുപൂശിയാല്‍ കാര്യം നടക്കും. പക്ഷെ അയാള്‍ കാഞ്ഞുപോയാല്‍ എല്ലാം തുലയത്തില്ലെ. എന്റെ കക്ഷിക്ക് ആ പണം തിരികെ ലഭിക്കണം. അല്ലെങ്കില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കണം. കിഴവന്‍ അത് രജിസ്റ്റര്‍ ചെയ്ത് തരില്ലെന്നുറപ്പായി. കാരണം എന്റെ കക്ഷിഓഫറുചെയ്തതിനേക്കാള്‍ കൂടുതല്‍ തുക മറ്റാരോ വാ ഗ്ദാനം ചെയ്തിട്ടുണ്ട്.
ഞാന്‍ എന്താണ് ചെയ്യേണ്ടത് ഭായി? റെലന്‍ ചോദിച്ചു.
ഒരു വളഞ്ഞ ചതി പ്രയോഗം. കിഴവന്റെ കൊച്ചുമകനിട്ട് പണി കൊടുക്കുക. ഹോക്കി സ്റ്റിക്ക് കൊണ്ട് വലതു കാല്‍മുട്ടിന് നാല് പ്രഹരം. കാല്‍മുട്ടിന്റെ ചിരട്ട പൊട്ടണം. ആറുമാസം ആശുപത്രിയില്‍ കിടക്കണം. കൊച്ചുമകന് നൊന്താല്‍ കിഴവന് കാര്യം പിടികിട്ടും. ഞാന്‍ രംഗത്ത് വന്ന് കിഴവനോട് സംസാരിക്കും. അങ്ങനെ കാര്യങ്ങള്‍ ഒരു കരയടുക്കും. അതാണ് പ്ലാന്‍. ബെനുസെന്‍ ഹോക്കി പ്ലെയറും കൂടിയാണ്. ആഴ്ചയവസാനങ്ങളില്‍ എന്റ്‌റാലി ഹോക്കി ഗ്രൗണ്ടിലാണ് അവന്‍ കളിക്കാനിറങ്ങുന്നത്. കളികഴിയുമ്പോഴേക്കും ഇരുട്ട് വീഴും. നിനക്കൊരു ബൈക്കും ഹെല്‍മറ്റും ഹോക്കി സ്റ്റിക്കും തരാം. ഹെല്‍മറ്റ് വച്ച് ഇരുട്ടില്‍ കൃത്യം ചെയ്യാം. നിനക്കതിനുള്ള ബുദ്ധിയുണ്ടെ ന്നറിയാം. സ്റ്റേഡിയമറിയില്ലേ? ആനന്ദ് പലീറ്റ് റോഡിലാണ്.
അറിയാം. പക്ഷേ, ആ പാവം എന്തുപിഴച്ചു.? റെലന്‍ ചോദിച്ചു.
എടാ മണ്ടാ. കൊച്ചുമകന്റെ ജീവന് ഭീഷണിയുണ്ടാകുമ്പോള്‍, കിഴവന്‍ മുട്ടു മടക്കും. അതാണ് ഇത്തരം കൊട്ടേഷനുകളുടെ രീതി. കിഴവനെ നേരിട്ടാക്രമിച്ചാല്‍ അയാള്‍ മരണപ്പെടും. ആരോഗ്യമില്ലാത്ത മെലിഞ്ഞ ശരീരമാണയാള്‍ക്ക്. അതുകൊണ്ടാണ് ഈ വഴി തിരഞ്ഞടുത്തത്. ഒരു മാസം സമയം തരുന്നു. അതിനുള്ളില്‍ പദ്ധതി നിറവേറ്റണം എന്ന് പറഞ്ഞുകൊണ്ട്, പതിനായിരത്തിന്റെ നോട്ടുകെട്ടെടുത്ത് ഹബ്ബാഭായി റെലന് നേരെ നീട്ടി.
വേണ്ട ഭായി. മുന്‍കൂര്‍ വേണ്ട. കാര്യം കഴിഞ്ഞിട്ടുമതി. റെലന്‍ പറഞ്ഞു.
ഈ ദൗത്യം മറ്റാരുമറിയരുത്. നിനക്കൊരു കാമുകിയുണ്ടെങ്കില്‍ അവളോടുപോ ലും. പദ്ധതി നടപ്പിലാക്കി കഴിഞ്ഞ് പി റ്റേദിവസം ഞാന്‍ നിന്നെ സന്ദര്‍ശിക്കും. ബൈക്ക് ഒളിയിടത്തിലേക്ക് മാറ്റാം. എല്ലാം ഭദ്രമായിരിക്കും. ഒന്നുകൂടി പറയാം. ഇതോടെ ഞാനീ പണിനിര്‍ ത്തുകയാണ്. മടുത്തു. ഹബ്ബ ഒരു നുള്ളുപുകയിലയെടുത്ത് ചുണ്ടുകള്‍ക്കിടയിലേക്ക് തിരുകി. ഇതെനിക്കൊഴു വാക്കാനാകുമായിരുന്നില്ല. പണം കൊടുത്ത കക്ഷി എന്റെ ഒരു ബന്ധുകൂ ടിയാണ് ഹബ്ബാഭായി പറഞ്ഞു.
ഗോഡൗണില്‍ നിന്ന് പുറത്തിറ ങ്ങുമ്പോള്‍ നഗരം പൂര്‍ണ്ണമായും ദീപ പ്രഭയില്‍ തിളങ്ങിനിന്നിരുന്നു. എല്ലാ നഗരങ്ങളും രാത്രി ഒരുപോലെയാണെ ന്ന് റെലന് തോന്നി. പ്രത്രേ്യകിച്ച് കല്‍ക്കത്ത. അയാള്‍ പാത കുറുകെ ക്കെടന്ന് ശ്യാംബസാര്‍ ടെര്‍മിനലിലേക്കു നടന്നു. ടെര്‍മിനലിനടുത്താണ് ധരം വീറിന്റെ വീകോള്‍ ബേക്കറി. ഗുലാബ് ജാമിന് പ്രസിദ്ധമായ ഇടം. ധരംവീര്‍ സ്വന്തമായി മരപ്പണികൂടി ചെയ്യുന്ന തുകൊണ്ട് റൂട്ടര്‍മെഷീന്‍ വാങ്ങാന്‍ ലെയ്ത്തില്‍ വന്നിട്ടുണ്ട്. പരിചയം പിന്നീട് സുഹൃത്ത് ബന്ധമായി മാറിയെ ങ്കിലും ഫോണ്‍വിളികളോ, അഭിമുഖ ങ്ങളോ ഇല്ല.
ടെര്‍മിനലില്‍ പലവഴികളിലേക്കുള്ള ട്രാമുകള്‍ വന്നും പോയുമിരുന്നു. ആള്‍ ക്കൂട്ടത്തിനിടയിലൂടെ ടെര്‍മിനലിന്റെ പടികള്‍ കയറിയിറങ്ങി എതിര്‍വശ ത്തെത്തിയപ്പോള്‍, ബേക്കറിയുടെ ബോഡ് നിയോണ്‍ലൈറ്റില്‍ വെട്ടി തിളങ്ങു ന്നുണ്ടായിരുന്നു. പക്ഷേ ധരംവീര്‍ കടയിലുണ്ടായിരുന്നില്ല. ഫുട്‌ബോള്‍ ഭ്രാന്ത്രനായ അയാള്‍ മാച്ച് കാണാന്‍ സ്റ്റേഡിയത്തിലേക്ക് പോയെന്ന് ജോലി ക്കാര്‍ പറഞ്ഞു. ഏതെങ്കിലും വലയ ത്തില്‍ ബോള്‍ വീണുകഴിഞ്ഞാല്‍ ധരംവീര്‍ കളിമതിയാക്കി വരാറാണ് പതിവെന്നും, ഒരു ടീം രണ്ട് ഗോളടി ച്ചതായും ടിവിയില്‍ നോക്കികൊണ്ട് ജോലിക്കാര്‍ പറഞ്ഞു. റെലന്‍ അടുത്ത പബ്ബില്‍ കയറി, ഒരു കോപ്പ ബീര്‍ വാങ്ങി ചുണ്ടോടടുപ്പിച്ചു. അയാളുടെ മനസ്സിന് ഭായിയെ കണ്ടതിന് ശേഷം വ ല്ലാതെ ഭാരം കൂടിയിരുന്നു. പാപത്തിന്റെ വിത്ത് മുള പൊട്ടി, തഴച്ച് തിടം വച്ചു. നിരപരാധിയായ ഒരു യുവാ വിന്റെ കാല്‍മുട്ട് തകര്‍ക്കാനുള്ള ഭായിയുടെ ആജ്ഞ യോട് അപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും, മനസ്സിനുള്ളില്‍ അഴിച്ചെടുക്കാനാകാത്ത കുരുക്കുവീണതുപോലെ റെലന് തോന്നിയിരുന്നു. യാതൊരു ന്യായീകരണവുമില്ലാത്ത ദൗത്യത്തിന്റെ പാപഭാരം ചുവന്ന് അയാള്‍ പബ്ബില്‍ നിന്നിറങ്ങി, ജാന്‍ബസാറിലേക്ക് തിരിച്ചു.
രാത്രി വളരെ വൈകി കുടൂസുമുറിയിലെത്തുമ്പോള്‍, പ്രീതംഘോഷിന്റെ ബാല്‍ക്കണിയില്‍ ഉപര്‍ണയുടെ നിഴല്‍ കണ്ടു. മങ്ങിയ വെളിച്ചത്തില്‍ മുഖം വ്യക്തമല്ല. അവിടേക്ക് ഒന്ന് കണ്ണെറിഞ്ഞ് റെലന്‍ മുറിതുറന്ന് അക ത്തുകയറി. പൂച്ചയുടെ മുഴുപ്പുള്ള എലി മരത്തൂണുവഴി മച്ചിലെ കീറിയ മരപ്പാളിവഴി അകത്തേക്കു വലിഞ്ഞു. വസ്ത്രം മാറി, ബര്‍മൂഢയും, ടീഷര്‍ട്ടും ധരിച്ച് അയാള്‍ പുറത്തിറങ്ങി, പ്രീതംഘോഷിന്റെ ബാല്‍ക്കണിയിലേക്ക് നോക്കി. ഉപര്‍ണ അവിടെത്തന്നെയുണ്ട്. പ്രീതംഘോഷ് ഒരു പക്ഷേ ഉറങ്ങിയിരിക്കണം. ഈ രാത്രിയില്‍ അവിടെയിരുന്ന് ഇവളെന്താണ്‌ചെയ്യുന്നതെന്ന് റെലന് പെട്ടെന്ന് മനസ്സിലായില്ല. മൊബൈലില്‍ വിളിച്ചാല്‍ അതെപ്പോഴും അവള്‍ ഓഫാക്കി വക്കാറാണ് പതിവ്. ആംഗ്യഭാഷയില്‍ റെലന്‍ ചോദ്യമെറിഞ്ഞപ്പോള്‍ അവള്‍ ഏതോ പുസ്തകമുയര്‍ത്തി റെലന് കാണിച്ചുകൊടുത്തു. വായനയിലാണെന്ന് മനസ്സിലായതോടെ റെലന്‍ പിന്‍തിരിഞ്ഞ് മുറിയുടെ ജനാല തുറന്നിട്ടു. തിരക്കൊ ഴിഞ്ഞെങ്കിലും തെരുവില്‍ കടകള്‍ മുഴുവനായും അടച്ചിട്ടില്ല. അടച്ച കടകള്‍ക്ക് മുന്നില്‍ അനാഥരുടെ വരവ് തുടങ്ങി യിരുന്നു. പുതപ്പും ഷാളുമായി അവര്‍ കടത്തിണ്ണയില്‍ നിരന്നുതുടങ്ങിയിരുന്നു. ചിലര്‍ ചപ്പാത്തിക്കല്ല് സ്റ്റൗവില്‍ വച്ച് ചപ്പാത്തി പരത്തുന്നുണ്ട്. ആര്‍ത്തിയോടെ കാത്തിരി ക്കുന്ന കുട്ടികള്‍. അനാഥജന്മങ്ങളുടെ അട്ടഹാസവും പോര്‍വിളിയും, കുട്ടികളുടെ കരച്ചിലും പാതിരാത്രിയുടെ പരിച്ഛേദമായി തെരുവുകളെ നിഷ്‌ക്കാമമാക്കുന്നു. അതുപോലൊരു തെരുവില്‍നിന്നാണ് തന്റെ പ്രാണന്‍ പ്ര ജ്ഞയെടുത്തതെന്ന് ഇടക്കിടെ റെലന്‍ ഓര്‍ക്കാറുണ്ട്.
അയാള്‍ ഇരുമ്പ് കട്ടിലിലിരുന്ന് ഹബ്ബഭായിയുടെ ശബ്ദം ഒന്നുകൂടി ഓര്‍ത്തെടുത്തു. ബെനുസെന്‍ എന്ന ഹോക്കികളിക്കാരനായ ചെറുപ്പക്കാരന്‍, അയാളുടേ തല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണം. ഹബ്ബഭായിയോട് ഉപേക്ഷിക്കാനാകാത്തവിധം കടപ്പാടും സ്‌നേഹവുമുണ്ട്. അയാളാണ് കല്‍ക്കത്ത നഗരത്തില്‍ ചുവടുറപ്പിക്കാന്‍ സഹായിച്ചത്. പക്ഷേ, ഇന്ന് പറഞ്ഞിരിക്കുന്ന ദൗത്യം അശുഭകരമായ അന്ത്യത്തില്‍ കലാശിക്കുമെന്ന് മന സ്സുപറയുന്നു. ഒരു കിഴവന്‍ ചെയ്ത തെറ്റിന് കൊച്ചു മകനെ ശിക്ഷിച്ച് പകരം ചോദിക്കുന്ന രീതി റെലന് തീര്‍ത്തും ഉള്‍കൊള്ളാനാകുന്നില്ല. ഭായിയില്‍നിന്ന് കുറച്ചു നാള്‍ മാറിനില്‍ക്കാനാലോചിച്ചെങ്കിലും, അയാള്‍ തന്നെ കണ്ടെത്തുമെന്നും അതിന് ശിക്ഷയനുഭവിക്കേണ്ടി വരുമെന്നും റെലനറിയാം. അയാള്‍ എഴുന്നേറ്റ് പുറത്തിറങ്ങി ഉപര്‍ണയെ നോക്കി. ബാല്‍ക്കണിയില്‍ ഇപ്പോള്‍ വെളിച്ചമില്ല. അവളുറങ്ങിയിരിക്കും എന്നനുമാനിച്ചുകൊണ്ട് റെലന്‍ കട്ടിലില്‍ നിവര്‍ന്നു കിടന്നു. ഉറക്കം ശത്രുവിനെപ്പോലെ കണ്‍മുമ്പില്‍ കഥകളിയാടി..
പ്രീതംഘോഷിന്റെ സാന്നിദ്ധ്യത്തില്‍ ഒരിക്കല്‍പ്പോലും റെലന്‍ ഉപര്‍ണയോട് സംസാരിച്ചിട്ടില്ല. സംസാരിക്കാന്‍ സമയം കിട്ടുന്നതാകട്ടെ കാലത്ത് ഒരു കോപ്പ ചായയുമായി അവള്‍ മുറിക്ക് പുറത്ത് വന്നു നില്‍ക്കുമ്പോഴാണ്. മേശപ്പുറത്ത് നിന്നും ഗ്ലാസ്സെടുത്ത് നീട്ടുമ്പോള്‍ അതിലേക്ക് ചായ പകര്‍ന്ന് അവള്‍ മടങ്ങാറാണ് പതിവ്. ഈ സമയം പ്രീതം ബാല്‍ക്കണിയില്‍നിന്ന് നോക്കുന്നുണ്ടാകും. ബാല്‍ക്കണിയില്‍ പ്രീതംഘോഷ് പ്രത്യക്ഷപ്പെടാതിരുന്ന ഒരു പ്രഭാതത്തില്‍ റെലന്‍ ചോദിച്ചു.
എവിടെയാണ് ഉപര്‍ണയുടെ ജന്മസ്ഥലം?
സിലിഗുരി ഉപര്‍ണ പറഞ്ഞു.
അവിടെ ആരൊക്കെയുണ്ട്?
അമ്മയും രണ്ടു സഹോദരിമാരും, ഒരനുജനും അങ്കിളും, മുത്തശ്ശിയും.
ഇപ്പോള്‍ പഠിക്കാന്‍ പോകുന്നില്ലേ?
ഡിഗ്രി കഴിഞ്ഞു. റിസല്‍ട്ട് വരാന്‍ കാത്തിരിക്കുന്നു.
പ്രീതംഘോഷ് ഇപ്പോള്‍ പൂജാമുറിയിലാണോ?
അതെ. കഴിയാറായി. ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് അവള്‍ വേഗം നടന്നു നീങ്ങും. നിഷ്‌ക്കളങ്കമായ ചിരിയും, താമരത്തണ്ടു പോലെ ഉടലുമുള്ള അവ ളുടെ സാന്നിദ്ധ്യം റെലന് സ്വപ്നം കാണാനുള്ള പൂജാദ്രവ്യമായിരുന്നു.
ലെയ്ത്തിലേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍, ഹബ്ബാ ഭായിയുടെ ദൂതന്‍ പ്രത്യ ക്ഷ്യപ്പെട്ടു. ബൈക്കിന്റെ ചാവിയും ഹെല്‍മറ്റും നീണ്ട ഹോക്കിസ്റ്റിക്കും കൈ മാറി അയാള്‍ ചോദിച്ചു.
റെലന്‍ഡിക്ക് അല്ലേ?
അതെ.
ഭായിയെ വിളിക്കാന്‍ പറഞ്ഞു. ബൈക്ക് താഴെ കോണിയുടെ ചുവട്ടിലുണ്ട്.. ദൂതന്‍ പിന്‍തിരിഞ്ഞപ്പോള്‍ റെലന്‍ മുറിപൂട്ടി, ചാവി മുകളിലെ തൂണി ലൊളി പ്പിച്ച്, ജാന്‍ബസാറിലിറങ്ങി ട്രാം സ്റ്റോപ്പിലെക്കു നടന്നു. ട്രാമിലിരിക്കുമ്പോള്‍ റോസിലിന്റെ നമ്പര്‍ മൊബൈലില്‍ തെളിഞ്ഞു.
നീ എവിടെയാണ് റെലന്‍. സംസാരിക്കുന്നതില്‍ വിരോധമുണ്ടോ?
വണ്ടിയിലാണ്.നിനക്ക് സംസാരിക്കാം.
വൈകിട്ട് കാണാന്‍ കഴിയുമോ? ഒരു പ്രധാനവിഷയം ചര്‍ച്ച ചെയ്യാനാണ്.?
എവിടെയാണ് കാണേണ്ടത്?
മില്ലേനിയം പാര്‍ക്കിലാകാം. ഒന്നിച്ചു കോഫിയും കുടിക്കാം.
എത്തിക്കോളാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചപ്പോഴാണ് സമയം ചോദിച്ചില്ലെന്ന് റെലനോര്‍ത്തത്. ലെയ്ത്തില്‍ നിന്ന് മില്ലേനിയം പാര്‍ക്കിലെത്താന്‍ സമയമെടു ക്കൂം. പാര്‍ക്കില്‍ ചെന്നുവിളിക്കാമെന്ന് തീരുമാനിച്ച് അവന്‍ ലെയ്ത്തിനടുത്ത് വണ്ടിയിറങ്ങി.
പാര്‍ക്കിലെ ചാമ്പമരത്തിന്റെ ചുവട്ടില്‍ റോസിലിന്‍ കാത്ത് നില്‍ക്കുന്നുണ്ടാ യിരുന്നു. അകലെനിന്ന് തന്നെ റെലന്‍ അവളെ തിരിച്ചറിഞ്ഞു. ഇളം റോസ്‌കളര്‍ ദുപ്പട്ടയും പച്ച സാല്‍വാറും കമ്മീസുമാണവള്‍ ധരിച്ചിരുന്നത്. ചാമ്പാമര ത്തിന്റെ ചുവട്ടിലെ ആളൊഴിഞ്ഞ മരബഞ്ചിലിരുന്ന് റോസിലിന്‍ പറഞ്ഞു. ഒരുപാട് നാളുകളായി ഇവിടൊക്കെ വന്നിട്ട്.
ഞാനും പാര്‍ക്കുകളിലൊന്നും പോകാറില്ല. സമയമെവിടെ?
നീ ക്ഷീണിച്ചിട്ടുണ്ട്. റോസിലിന്‍ പറഞ്ഞു.
എന്താണ് വിഷയം. സംസാരിക്കാനുണ്ടെന്ന് പറഞ്ഞു.
നിനക്ക് തിരക്കായോ?
ഇല്ല. കാര്യമറിയാനാണ്.
എന്റെ അനുജത്തിക്ക് ഒരു വിവാഹാലോചന. ഇടത്തരം കുടുംബത്തിലെ ചെക്കനാ. അവന് നഗരത്തില്‍ എന്തൊക്കെയോ ബിസ്സിനസ്സുകളുണ്ടെന്ന് പറയുന്നു. അച്ഛന്‍ പുറത്താണ്. അടുത്തമാസം വരുന്നുണ്ടത്രെ.
മകനേയും മകളെയും അവന്റെ അമ്മയേയും സംരക്ഷിക്കുന്നത് ഗ്രാന്‍പയാണ്. നഗരത്തില്‍ രണ്ട് മൂന്നിടത്ത് കെട്ടിടങ്ങളും സ്വന്തം വനങ്ങളുമുണ്ട്. ഈ പയ്യനെപ്പറ്റി ഒരന്വേഷണം നടത്തണം. നിനക്കറിയാമല്ലോ, എനിക്ക് പപ്പയില്ല. അമ്മക്ക് ആരേയും പരിചയവുമില്ല.
നിനക്കുമൊരു വിവാഹം വേണ്ടേ റോസിലിന്‍? റെലന്‍ ചോദിച്ചു.
അതൊക്കെ പിന്നീട്. തല്‍ക്കാലം അനുജത്തി. പയ്യന്റെ പേര് പറയൂ?.
ലിച്ചന്‍ ബെനുവെന്നാണ് വീട്ടില്‍ വിളിക്കുന്നത്. ഒരുപക്ഷേ ചെല്ലപോ രാവും.
എവിടെയാണ് താമസം?
ജി.റ്റി.റോഡിലെ അല്‍ക്കാവിലാണത്രെ. ഫ്‌ളാറ്റ് നമ്പര്‍ പതിമൂന്ന് ബി.
നിന്റെ അനുജത്തി ഇപ്പോള്‍ എന്തു ചെയ്യുന്നു?
ചാര്‍ലിബോത്തിക്കിലെ ഫാഷന്‍ ഡിസൈനറാണ്. നിനക്കറിയില്ലെ? അഹമ്മദാബാദിലെ എന്‍.ഐ.ഡി.യി ല്‍ പഠിക്കുമ്പോഴാണ് നമ്മള്‍ പരിചയ പ്പെട്ടത്.
ഓര്‍മ്മയുണ്ട്. ഞാനന്വേഷിക്കാം. ലിച്ചന്‍ ബെനു എന്തു ബിസിനസ്സാ ണെന്നറിയില്ല അല്ലേ?
നിന്നോട് മറച്ചുവെക്കുന്നില്ല. അവനും അവളും തമ്മില്‍ പ്രണയത്തിലാണ്.
അതെങ്ങനെ?
എങ്ങനെയോ?. ലിച്ചന്‍ പറഞ്ഞിട്ടാവും മുത്തച്ഛന്‍ വീട്ടില്‍ വന്നിരുന്നു. അവന്റെ അച്ഛന്‍ ദുബായില്‍ നിന്ന് മടങ്ങി വരുമ്പോള്‍ പയ്യനുമൊത്ത് വരാമെന്ന് പറഞ്ഞാണ് പോയത്. അതിനുമുമ്പ് അവനെകുറിച്ചൊരന്വേഷണം അത്യാ വശ്യമല്ലേ റെലന്‍?
തിര്‍ച്ചയായും, ഞാന്‍ എന്റെ വഴിക്ക് നോക്കി റിപ്പോര്‍ട്ട് തരാം. പക്ഷെ, ധൃതികൂട്ടരുത്.
ഇല്ല. സാവധാനം മതി.
പാര്‍ക്കില്‍ നിന്ന് അവര്‍ അടുത്ത കോ ഫിഹൗസിലെത്തി. നഗരം ഇരുട്ടിലേ ക്ക് കൂപ്പുകുത്താന്‍ തുടങ്ങി. കോഫി ഹൗസിലിരുന്ന് റോസിലിന്‍ പറഞ്ഞു. എത്രവര്‍ഷമായി നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട്.?
നീയിപ്പോഴും ജാന്‍ബസാറില്‍ തന്നെയാണോ താമസം?
അതെ. പ്രീതംഘോഷിന്റെ കൂടുസ്സുമുറിയില്‍.
എനിക്കും നിനക്കും ജീവിതത്തില്‍ ഉയര്‍ച്ചകളില്ല, അല്ലേ?
കല്‍ക്കത്തയിലെ സാധാരണക്കാര്‍ എന്നും അങ്ങനെത ന്നെയാവാന്‍ വിധിക്കപ്പെട്ടവരാണ്. ഞാനൊരു വെറും കൂലിത്തൊഴിലാളി, നീ പി.ജി.വരെ പഠിച്ച അഭ്യസ്തവിദ്യ. ഇന്ത്യ എല്ലാവരേടേതുമല്ല. സമ്പന്നരുടെ മാത്രം നാടാണ്. രേഖപ്പെടുത്താത്ത മരണങ്ങളുടെ നാഥന്മാര്‍. എല്ലാ അവ സ്ഥകളെയും അതിജീവിച്ച് ആഹ്ലാദം വിലക്കു വാങ്ങുന്നവര്‍. മദ്യവും മയക്കുമരുന്നും കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് വിലാസം തേടിപ്പോകുന്നവര്‍. കൊലയും കൊള്ളയും കൊണ്ട് പ്രഭുക്കന്മാരാകുന്നവരുടെ നാട്. കോഫീഹൗ സില്‍നിന്നിറങ്ങി ആള്‍ക്കൂട്ടത്തിലൂടെ നടന്നുകൊണ്ട് റെലന്‍ ചോദിച്ചു. നീ അവനെ കണ്ടിട്ടുണ്ടോ?
അനുജത്തിയുടെ മൊബൈലില്‍ അവരുടെ സെല്‍ഫി കണ്ടു.
ആളെങ്ങനെ?
മിടുക്കന്‍, കാണാനും സുന്ദരനാണ്.
ഇരുവരും ഇഷ്ടത്തിലായസ്ഥിതിക്ക് അന്വേഷണത്തിനെന്താണ് പ്രസക്തി?
വെറുതെ ഒരു സമാധാനത്തിന് അവള്‍ ഭാവിയില്‍ സുരക്ഷിതയാണെന്ന ബോധത്തിന് വേണ്ടി.
ഓക്കെ റോസിലിന്‍. ഞാന്‍ തെരഞ്ഞ് കണ്ടെത്താം. റോസിലിന് ബൈ പറഞ്ഞ് റെലന്‍ അവന്റെ കൂരയിലേക്കും റോസിലിന്‍ മറ്റൊരു വഴിയിലേക്കും നടന്നു.
ലിച്ചന്‍ബെനു എന്ന പേര് റെലന്റെ മനസ്സിന് വ്യാധി സമ്മാനിച്ചു. ഈ മഹാനഗരത്തില്‍ അങ്ങനെയൊരാളെക്കുറിച്ചന്വേഷിക്കാന്‍ തുടക്കമിടണമെന്ന് തീരുമാനിച്ച് അയാള്‍ ലിച്ചന്‍ബെനു എന്ന പേരും, ജി.റ്റി.റോഡിലെ അല്‍ക്കാവ് അപ്പാര്‍ട്ട്‌മെന്റും മനസ്സില്‍ ഹൃദിസ്ഥമാക്കി.
രാത്രി ഉറങ്ങാന്‍കിടക്കുമ്പോള്‍ റോസിലിന്റെ മുഖമായിരുന്നു മനസ്സില്‍. ദൈന്യതയും, ഇച്ഛാഭംഗവും, സംശയങ്ങളുമുള്ള നാടന്‍ പെണ്‍ക്കുട്ടി. ഇരുത്തംവന്ന എഴുപതുകാരിയുടെ മനസ്സ്. അനുജത്തിയോടുള്ള സ്‌നേഹത്തിന്റെ ആഴം അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു. ലിച്ചന്‍ വരുന്നദിവസം താന്‍കൂടി വീട്ടിലുണ്ടാകണമെന്നവള്‍ ആഗ്രഹിക്കുന്നു. പാവം റോസിലിന്‍. അനാഥയുടെ എല്ലാ ഭാരങ്ങളും പേറുന്ന പെണ്‍ക്കുട്ടി. അയാള്‍ ജനാല തുറന്നിട്ട് തെരുവില്‍ അന്തിയുറങ്ങുന്നവരുടെ ബഹളത്തിലേക്ക് ഏറ നേരം കണ്ണെറിഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഒഴുക്ക് മുറിഞ്ഞിരുന്നു. സ്വപ്നങ്ങളില്ലാത്ത മനുഷ്യരുടെ വേദവിന്യാസങ്ങള്‍. ഉറക്കം അന്നും റെലനെയുപേക്ഷിച്ചിരുന്നു. തെരുവിലെ ശാന്തതയിലേക്ക് നോക്കി അവന്‍ തുടരെ തുടരെ പുകവലിച്ചു കൊണ്ട് ആ രാത്രിയെ ഭക്ഷിച്ചു.
ആഴ്ചയവസാനം എന്റ്‌റാലി ഹോക്കിഗ്രൗണ്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ബെനുസെനിന്റെ ചിത്രം ഒന്നുകൂടി നോക്കി. അന്തിവെട്ടം ദു:ഖത്തിന്റെ കാലടികളാല്‍ നഗരസഞ്ചാരം തുടങ്ങി യിരുന്നു. ഗ്രൗണ്ടില്‍ ഹോക്കികളി തുടങ്ങിയിരുന്നു. ഗാലറിയിലെ കോണ്‍ക്രീറ്റ് സ്റ്റെപ്പിലിരുന്ന് റലെന്‍ കളി വീക്ഷിച്ചു. എല്ലാവരുടേയും മുഖം ഒരുപോലെയിരിക്കുന്നു. താടിവളര്‍ത്താത്തവരെ അടയാളപ്പെടുത്തി അതിലേതാണ് ബെനുസെന്‍ എന്നത് കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നില്ല. ഇരുട്ട് വീണതോടെ കളിയവസാനിപ്പിച്ച് കളിക്കാര്‍ ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങാന്‍ തുടങ്ങി. റെലന്‍ അവര്‍ക്കരികിലേക്ക് നടന്ന് ഓരോരുത്തരുടേയും മുഖം പരതി. ബെനുസെന്‍ എന്ന ചെറുപ്പക്കാരനെ റെലന്‍ തിരിച്ചറിഞ്ഞു. അയാളുടെ പട്ടകെട്ടിയ വലതുകാലിലേക്ക് റെലന്റെ കണ്ണുകള്‍ നീണ്ടു. കാണികളിലാരോ തന്നെ നിരീക്ഷിക്കുന്നു എന്ന ഭാവമൊന്നും ബെനുസെന്നിനില്ലായിരുന്നു. അയാള്‍ ഡ്രസ്സുമാറി തന്റെ മാരുതി കാറില്‍ അതിവേഗം ഗ്രൗണ്ട് വിട്ടു പോയി.
പിറ്റേ ആഴ്ച നേരത്തെ തന്നെ റെലന്‍ ഗാലറിയില്‍ സ്ഥാനം പിടിച്ചിരുന്നു. കാഴ്ചക്കാരായി നൂറില്‍താഴേയുള്ള കാണികള്‍ മാത്രമാണ് ഗ്രൗണ്ടില്‍. ഏറെയും ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ്.
സന്ധ്യയോടെ കളിയവസാനിക്കുമ്പോള്‍ കാണികള്‍ നാലുപാടും ചിതറിപ്പോയി. പിന്നീട് ഡ്രസിങ്ങ് റൂമില്‍ നിന്നിറങ്ങുന്ന കളിക്കാര്‍ മാത്രമായി ഗ്രൗണ്ടില്‍. അതീവജാഗ്രതയോടെ ഡ്രസ്സ് മാറിവന്ന ബെനുസെന്നിനെ റെലന്‍ അടു ത്തേക്കു വിളിച്ചു. ചെറുചിരിയോടെയും ആകാംഷയോടെയും അയാള്‍ നടന്നു വരികയും, റെലന്‍ അയാളോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്റ്റേഡിയം ബാല്‍ക്കണിക്കരികിലെ ഇരുട്ടിലേക്കു നടന്നു. റെലന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് ബെനുസെന്നിന് അയാളെ തിരിച്ചറി യനാകാതെ പരുങ്ങുന്നത് റെലന്‍ കണ്ടു. ധൃതിയില്‍ പുറത്ത് പുള്ളോവറിനുള്ളില്‍ നിന്ന് ഹോക്കിസ്റ്റിക്ക് വലിച്ചൂരിയെടുത്ത് ബെനുസെന്നിന്റെ വലതു കാല്‍മുട്ടില്‍ തുടരെതുടരെ നാലുപ്രഹരം കൊടുത്തു. അയ്യോ എന്ന നിലവിളിയോടെ തടുക്കാന്‍ നോക്കിയപ്പോള്‍ അടി തലക്കും കൊടുത്ത്, റെലന്‍ സ്റ്റിക്കുപേക്ഷിച്ച് അതിവേഗം ബൈക്കില്‍ കയറി നഗരവീഥിയിലൂടെ കുതിച്ചു. പിന്നില്‍
ബെനുസെന്നിന്റെ നീണ്ട നിലവിളികേട്ട് ആളു കള്‍ കൂടുന്നതും, പിടിയവനെ എന്ന ആക്രോശവും റെലന് കേള്‍ക്കാമായിരുന്നു. മുറിയിലെത്തിയ റെലന്‍ ഹബ്ബഭായിയെ വിളിച്ച് ദൗത്യം നിറവേറ്റിയതായി അറിയിച്ചു. അഞ്ചുമിനിട്ടു കഴിഞ്ഞപ്പോള്‍ ഭായിയുടെ ദൂതന്‍ വന്ന് ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി മറ്റൊന്ന് സ്ഥാപിച്ച് അതുമായി എവിടേക്കോ ഓടിച്ചുപോയി.
നീ നാളെത്തന്നെ എന്റെ പണ്ടിക ശാലയിലേക്കുവരണം. പണം തരാം. ഭായി ഫോണിലൂടെ പറഞ്ഞു. ഫോണ്‍ വച്ച് നോക്കുമ്പോള്‍ തൊട്ടുമുന്നില്‍ നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഉപര്‍ണ ബാല്‍ക്കണിയില്‍നിന്ന് നോക്കുന്നു. പ്രീതം ഘോഷ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ അതിവേഗം അകത്തേക്കസ്തമിച്ചു.
പിറ്റേന്ന് രാവിലെ ഹബ്ബാഭായിയുടെ ഫോണ്‍ വരുമ്പോള്‍ ഉല്‍കണ്ഠയോടെയാണ് റെലന്‍ ഫോണെടുത്തത് എല്ലാം തകര്‍ന്നെടാ റെലന്‍ ആ കിഴവന്‍ ഇന്നലെ രാത്രി ഹൃദയാഘാതം വന്ന് മരിച്ചു. ബെനു സെന്നിനെ ഹോസ്പിറ്റലില്‍ കണ്ടു മടങ്ങും വഴിയായിരുന്നു. അവന്റെ തല പൊട്ടി യിട്ടുണ്ട്. രക്ഷപെടാനെളുപ്പമല്ലെന്ന് പറയുന്നു. നീ എന്താണ് ചെയ്തത്?
അവസാനത്തെ പ്രഹരം അവന്റെ തലയിലേക്ക് തെന്നിമാറുകയായിരുന്നു. അറിഞ്ഞു കൊണ്ടല്ല.
സാരമില്ല. ഇത്തരം ഓപ്പറേഷനുകളില്‍ പിഴവ് സ്വാഭാവികമാണ്. എന്തായാലും പയ്യന്‍ മരിച്ചിട്ടില്ല.
നീ പതിവുപോലെ ലെയ്ത്തില്‍ പോകണം. മുറിയില്‍ ചടഞ്ഞിരിക്കരുത്.
ഇല്ല. ഞാന്‍ തയ്യാറാവുകയാണ്.
മുറിപൂട്ടാന്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. റോസിലിന്റെ നമ്പരാണ്. ലിച്ചന്റെ വിവരങ്ങളാരായാനാണെന്ന നിഗമനത്തോടെ ഫോണെടുത്തു. കിതച്ചു കൊണ്ടാണ് അവള്‍ സംസാരം തുടങ്ങിയത്. ലിച്ചനെ ഇന്നലെ വൈകിട്ട് ആരോ ആക്രമിച്ചു. തലയ്ക്കും കാലിനും പരിക്കുണ്ട്. ആരാണെ ന്നും എന്തിനാണെന്നും അറിയാനായിട്ടില്ല. അവനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങും വഴി ഗ്രാന്‍പ്പാ ഹൃദയാഘാതം വന്ന് മരിച്ചു. ലിച്ചന്റെ പിതാവ് നാട്ടിലെത്തിയിട്ടുണ്ട്. ആകെ വല്ലാത്ത ദുരവസ്ഥ. നീ ആശുപത്രി വരെ വരണം. അനുജത്തി ലിച്ചനോടൊപ്പമുണ്ട്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലിച്ചന് ആരാണ് ശത്രുക്കളെന്നറിയില്ല. നീയിനി അവനെക്കുറിച്ചന്വേഷിച്ച് സമയം കളയണ്ട. എല്ലാവിവരങ്ങളും കിട്ടി. അവ നൊരു പാവമായിരുന്നു റെലന്‍. നീയെന്താ ണൊന്നും പറയാത്തത്.?
ആളുമാറിയതാവും. അങ്ങനെയും നഗരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നില്ലേ?. റെലന് അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്.
നീ എപ്പോഴാണ് വരുന്നത്?
ഞാന്‍ ജോലി കഴിഞ്ഞിട്ട് വരാം. ഏതാശുപത്രിയിലാണ്?
ഫോര്‍ട്ടിസ് ഹോസ്പിറ്റലിലാണ്.
ഞാന്‍ വരാം. റെലന്‍ ഫോണ്‍വച്ച് കുറച്ചുനേരം തരിച്ചുനിന്നു. അയാളുടെ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ലിച്ചനാണ് ബെനുസെന്‍ എന്ന വേട്ടമൃഗമെന്നറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും താനിതിന് തുനിയുമായിരുന്നില്ല. റോസിലിന്‍ നീ എനിക്ക് മാപ്പു തരണം. അയാള്‍, കട്ടിലിലിരുന്ന് അ നുതാപത്തോടെ ബെനുസെന്നിന്റെ പടം മൊബൈലില്‍ നോക്കി. ഒരു നിരപരാധിയെ തല്ലിക്കൊന്ന കൊലപാതകിയാണ് താനെന്ന് ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. ചെ റുമകന്റെ വിധികണ്ട് പകച്ച മുത്തച്ഛന്‍ യാ ത്രയായിരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. താനൊരു പിഴച്ച സന്തതിയാണെന്നും പാപപങ്കിലമായ ജീവിതത്തിന്റെ ഉടമയാണെന്നും ഇന്നിതാ വീണ്ടും തെളിയിച്ചിരിക്കുന്നു. ഹബ്ബാഭായി ഒരു നിമിത്തം മാത്രമാണ്. അയാള്‍ തന്ന ദൗത്യം നിഷ്‌ക്കരണം നിരസിക്കാമായിരുന്നിട്ടും, പണ ത്തിനുവേണ്ടി വേട്ടക്കാരനാവുകയായിരുന്നു. എന്താണ് നേടിയത്. നഗരത്തിലെ ഏക സു ഹൃത്തായിരുന്ന റോസിലിനെയും കുടുംബത്തെയും നഷ്ടമായി. അവരെ ഇനി അഭിമുഖീകരിക്കാനാവില്ല. കല്‍ക്കത്തയില്‍ തനിക്കിനി ജീവിതമില്ല. എല്ലാം അവസാനിക്കുന്നു. ഭായിക്കുവേണ്ടി എന്തെല്ലാം ക്രൂരകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. ആരുടെയൊക്കെ ശാപങ്ങളാണ് തന്നെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നത്. തണുത്ത മുറിയിലിരുന്ന് പുകയില ചവച്ചു കൊണ്ട് ഭായിക്ക് കല്പിക്കാനായിരുന്നു നിയോഗം. മറ്റ് പലരേയും പോലെ, താനും അയാളുടെ അടിമയായതെങ്ങനെയാണെന്നോര്‍മ്മയില്ല. നറോഡയില്‍നിന്ന് വന്ന് സ്റ്റേഷനിലിറങ്ങി നഗരം നോക്കി കൊണ്ടു നിന്ന തന്റെ മുന്നില്‍ അന്ന് ദൈവമായി പ്രത്യക്ഷപ്പെട്ടതാണ് ഹബ്ബാഭായി.
ഇന്നിതാ അതേ ഹബ്ബാഭായി പിശാചിന്റെ വേഷപകര്‍ച്ചയില്‍ ലോകത്തെ നോക്കി ചിരിക്കുന്നു. ആരു മരിച്ചാലെന്ത്? ആര് ആരെ വെട്ടിവീഴ്ത്തി യാലെന്ത്?. പണമാണ് ഭായിക്ക് പ്രധാനം.
മുറിയുടെ വാതിലില്‍ മുട്ടുകേട്ടാണ് വാതില്‍ തുറന്നത്. പുറത്ത് പ്രീതംഘോഷും ഉപര്‍ണയും.
നീയിന്ന് ജോലിക്ക് പോയില്ലേ?.
ഇല്ല. സുഖമില്ല..
വല്ലതും കഴിച്ചോ?
വേണ്ട. വിശപ്പില്ല. ഉപര്‍ണയുടെ വിടര്‍ന്നകണ്ണു കളില്‍ അനുതാപത്തിന്റെ നിറപ്പകര്‍ച്ച .
അവര്‍ മടങ്ങിയപ്പോള്‍, റെലന്‍ വാതില്‍ കുറ്റിയിട്ട്, കട്ടിലില്‍ മലര്‍ന്നു കിടന്നു. മനസ്സുനിറയെ പ്രാര്‍ത്ഥനയായിരുന്നു. ലിച്ചന് ഒന്നും സംഭവിക്കരുതേ. അവന്‍ സുഖം പ്രാപിക്കുകയും റോസിലിന്റെ അനുജത്തിയെ വിവാഹം കഴിക്കുകയും വേണം. വിവര്‍ണ്ണമായ റോസിലിന്റെ മുഖത്ത് പ്രകാശം പരക്കണം. എവിടെയെങ്കിലുമിരുന്ന് സ്വപ്ന ത്തില്‍ തനിക്കതു കാണണം.
വൈകുന്നേരത്തോടെ റെലന്‍ തന്റെ തുണികളും സ്വന്തമായ വര്‍ക്ക്‌ഷോപ്പ് ടൂളുകളും ബാഗിലൊതുക്കി വാതില്‍ ചാരി താഴേക്കുപടിയിറങ്ങി. ബാല്‍ക്കണിയില്‍ നിന്ന ഉപര്‍ണയുടെ മുഖത്ത് ആകുലത ദൃശ്യമായിരുന്നു. ചെറിയകാറ്റില്‍ അവളുടെ മുടിയിഴകള്‍ മുഖത്തേക്ക് പാറിവീണി രുന്നു. അവളവിടെ തനിച്ചാണെന്നും പ്രീതം ഘോഷ് കോവിലില്‍ പോയിരിക്കുകയാണെന്നും റെലനൂഹിച്ച് അയാള്‍ അവളെ അടുത്തേക്കു വിളിച്ചു.
എന്നാണ് ഇനി സിലിഗുരിയില്‍ പോകുന്നത്?
അറിയില്ല. അക്ക പറയുമ്പോള്‍ പോകും.
എല്ലാവരോടും എന്റെ അന്വേഷണം പറയണം.
പറയാം. എവിടേക്കാണ് യാത്ര?
ഞാന്‍ പോവുകയാണ്. നിന്നോട് യാത്രപറയാനാണ് വിളിച്ചത്?
എവിടേക്ക്?
അറിയില്ല. എവിടേക്കെങ്കിലും.
ഒരിക്കലും മടങ്ങിവരില്ലേ? ഉപര്‍ണ ചോദിച്ചു.
ഇല്ല.
അതുകേട്ടപ്പോള്‍ അവള്‍ നടുങ്ങുകയും, പെട്ടെന്ന് മുഖം വാടുകയും ചെയ്തു. കണ്‍തടങ്ങളില്‍ നനവുപടരാന്‍ തുടങ്ങി യപ്പോള്‍, റെലന്‍ പറഞ്ഞു.
ഏതു ദേശത്തായാലും ഞാന്‍ നിന്നെ ഓര്‍ക്കും. എന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത മുഖമാണിത്. ഈ നഗരത്തില്‍ നിന്ന് രക്ഷപെടാതെ തരമില്ല കുട്ടീ. നിനക്ക് നല്ലൊരുജീവിതമുണ്ടാകും. നല്ലവനായ ഭര്‍ത്താവ്, നല്ല കുട്ടികള്‍, അങ്ങനെ പലതും……
ഉപര്‍ണയുടെ കണ്ണില്‍ നിന്ന് സൂര്യകാന്തം പോലെ കണ്ണീര്‍ കവിളില്‍ തിളങ്ങു ന്നത് കണ്ട് റെലന്‍ ഏറെനേരം നിശബ്ദനായി നിന്നു. വാക്കുകളുടെ അസ്തമയം ആകാശവിതാനത്തെ മറച്ചുകൊണ്ട് ഇരുട്ടിനെ പുണര്‍ന്നു. ബൈ, എന്ന് പറഞ്ഞ് റെലന്‍ മുറിക്കുള്ളിലേക്കുമടങ്ങിയപ്പോള്‍ ഉപര്‍ണ്ണ സാവധാനം അവളുടെ ബാല്‍ക്കണിയിലെത്തി, ഹൃദയത്തെ വിതുമ്പാന്‍ വിട്ട് നിശ്ചലയായി നിന്നു.
ഹബ്ബാഭായിയുടെ വിളികള്‍ ഫോണില്‍ തെളിഞ്ഞെങ്കിലും റെലന്‍ എടുത്തില്ല. അനിശ്ചിതമായ കാലത്തിന്റെ കൈവില ങ്ങുകള്‍ അവനെ ബന്ധിച്ചിരുന്നു. പാതി രാത്രിയിലെപ്പോഴൊ തന്റെ ബാഗുമെടുത്ത് മുറിപൂട്ടി ചാവി ഒളിയിടത്തിലൊളിപ്പിച്ച് താഴേക്ക് കോണിയിറങ്ങി. നിശ്ചലമായ തെരുവിന്റെ ഇടനാഴിയിലൂടെ, നിരത്തിലിറങ്ങി, ഹൗറ സ്റ്റേഷനിലേക്ക് ഓട്ടോപിടിച്ചു. ജാന്‍ബസാറും, പ്രീതം ഘോഷിന്റെ വസതിയും തന്റെ കുടുസ്സുമുറിയും, ഇനി ഓര്‍മ്മയുടെ ശേഷിപ്പുകള്‍ മാത്രം. കല്‍ക്കത്ത നഗരത്തില്‍ കടം കൊണ്ട ജീവിതത്തിനോട് എന്നേയ്ക്കു മായി വിടപറയുകയാണ്. ഹബ്ബാ ഭായിയും അയാളുടെ പുകയിലക്കറപിടിച്ച മുഖവും ഇനി കാണേണ്ടതില്ല. ഇനിയുള്ള ജീവിതം വിധിക്ക് വിടുകയാണ്.
മനുഷ്യപ്രളയത്തില്‍ ഹൗറ സ്റ്റേഷന്‍ വീര്‍പ്പുമുട്ടുകയാണ്. അഹമ്മദാബാദി ലേക്കുള്ള ഗാര്‍ബാ എക്‌സ്പ്രസ്സ് ട്രയിന്‍ യാത്രക്ക് തയ്യാറായിക്കിടക്കുന്നു. തീവണ്ടി യിലെ സാധാരണകമ്പാര്‍ട്ടുമെന്റിലേക്ക് ടിക്കറ്റെടുത്ത് പുള്ളോവറില്‍ സൂക്ഷിച്ചി രുന്ന മടക്കുകത്തി ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞ് റെലന്‍ സ്വതന്ത്രനായി. തിരക്കിലും ഇരിക്കാന്‍ ഇടം തന്ന ഒറ്റക്കാലനോട് നന്ദി പറഞ്ഞ് അയാള്‍ ജനാലക്കരികിലെ സീറ്റി ലിരുന്നു. ദൂരെ പച്ചവെളിച്ചം തെളിഞ്ഞു. ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്കുള്ള അസുരപ്രയാണം. തീവണ്ടി മെല്ലെ ചലിക്കാന്‍ തുടങ്ങി. സീറ്റില്‍ ചാരിയിരുന്ന് കണ്ണുകളടച്ചപ്പോള്‍, വ്യാധി യുടെ അടരുകള്‍ ഒന്നൊന്നായി നിവര്‍ന്നു. അരുത് കണ്ണുകള്‍ നനയരുത്. ജന്മശാപത്തിന്റെ തുടര്‍ച്ചകള്‍ക്ക് പൊരുളുകളില്ല. ഒന്നുമോര്‍ക്കരുത്. അടങ്ങുക.
നറോഡയിലെ ഭുവന്‍ദേശായിയോടൊപ്പം ഒരിക്കല്‍ സന്ദര്‍ശനം നടത്തിയ ഗുരു രമേഷ് ഒസാ മൊട്ടാ ഭായിയുടെ മുഖം മനസ്സിലേക്കോടിയെത്തി. ഒസയുടെ ആശ്രമത്തിലെ ശാന്തി നുകര്‍ന്ന് ഒരു പക ലും രാത്രിയും അവിടെ കഴിഞ്ഞിരുന്നു. നറോഡയില്‍ നിന്ന് അവസാനം യാത്രപറയുമ്പോള്‍ ഭുവന്‍ ദേ ശായി പറഞ്ഞിരുന്നു. ഏതെങ്കിലും കാലത്ത് നീ അഹമ്മദാബാദിലേക്ക് മടങ്ങിയെത്തിയാല്‍ ഒസയുടെ ആശ്രമത്തില്‍ വരണം. മരിച്ചില്ലെങ്കില്‍ ഞാനവി ടെയുണ്ടാകും.
തീവണ്ടിക്ക് വേഗം കൂടുകയാണ്. പുറത്ത് ഇരുട്ട് മാത്രം. ജരാനരകളില്ലാത്ത വാല്മീകം.