മോറിസ് മൈനര്‍

165
0

അനീഷ് ഫ്രാന്‍സിസ് /വര: ഗിരീഷ് മൂഴിപ്പാടം


കാര്‍ഷെഡിന് സമീപം ഒരു ചുവന്ന ബോഗന്‍വില്ല നില്‍പ്പുണ്ട്. ഒപ്പം ഒരു കണിക്കൊന്നയും. കൊന്ന നിറയെ പൂത്തിരിക്കുന്നു. നീല ടിന്‍ഷീറ്റ് വിരിച്ച ഷെഡിന്റെ മേല്‍ക്കൂര നിറയെ കൊന്നപ്പൂക്കളും ബോഗന്‍വില്ലപ്പൂക്കളും പൊഴിഞ്ഞു കിടപ്പുണ്ട്. മഞ്ഞയും ചുവപ്പും നീലയും നിറംപൂണ്ട മേല്‍ക്കൂരയുടെ കീഴില്‍ ആ പഴയ മോറിസ് മൈനര്‍ കാര്‍ വിശ്രമിച്ചു.
കാര്‍ഷെഡില്‍ നാല് പൂച്ചട്ടി, കാര്‍ നന്നാക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍സെറ്റ്, പെയ്ന്റുപാട്ടകള്‍ തുടങ്ങിയവ കിടപ്പുണ്ട്. വെളുത്ത പെയിന്റ് അടിച്ച ഭിത്തിയില്‍ അവിടവിടെയായി മാറാലപിടിച്ചിരിക്കുന്നു. ആരോ ഒരിക്കല്‍ ഷെഡ്ഡിന്റെ ഉള്ള് വൃത്തിയാക്കിയതിന്റെ തെളിവായി ഒരു ചൂലും ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നു. മടുത്ത് ഇട്ടിട്ട് പോയതുപോലെയാണ് ചൂലിന്റെ കിടപ്പ്.
മോറിസ് മൈനറിന് ഇളംപച്ചനിറമാണ്. വെറും പച്ച എന്ന് കളറിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഉടന്‍തന്നെ തൊമ്മിച്ചന്‍ മുതലാളി അത് തിരുത്തുമായിരുന്നു. ‘ആല്‍മണ്ട് ഗ്രീന്‍’ അതാണ് ആ നിറത്തിന്റെ പേര് മുതലാളി പറയും. അറുപത്തിയെട്ടില്‍ അത് കൊച്ചിയില്‍നിന്ന് വാങ്ങുമ്പോള്‍ കേരളത്തില്‍ ആ നിറമുള്ള ഒരേഒരു മോറിസ്‌മൈനറിന്റെ ഉടമസ്ഥനായി മുതലാളി മാറി. ഉയര്‍ന്നു നില്‍ക്കുന്ന ബോണറ്റിന്റെ ഹുഡും, വട്ടത്തിലുള്ള ഹെഡ് ലൈറ്റുകളും ചേര്‍ന്ന് ആ കാറിന് ഒരു കിഴവന്റെ മുഖഭാവം നല്‍കിയിരിക്കുന്നു. ഹെഡ്‌ലൈറ്റിലും മുന്‍പിലെ ഗ്ലാസിലും മാറാല പിടിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പെയിന്റ് ഇളകിയിരിക്കുന്നു. ആ അപൂര്‍വ്വ പച്ചനിറം എന്നേ മങ്ങി.
ആല്‍മണ്ട് ഗ്രീന്‍. ആ നിറം ഇനി ആരെങ്കിലും ഓര്‍ക്കുമോ? ബംഗ്ലാവിന്റെ മുറ്റത്തുനിന്ന് തൊമ്മിച്ചന്‍ മുതലാളിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വെളുത്തവാന്‍ കാര്‍ഷെഡിന്റെ മുന്‍പിലൂടെ കടന്നുപോയപ്പോള്‍ ഏലമ്മച്ചേടത്തി ആലോചിച്ചു.
തന്റെ ഉടമസ്ഥന്‍ പൂക്കള്‍ക്ക് നടുവില്‍ അലങ്കരിച്ച പെട്ടിക്കുള്ളില്‍ മയങ്ങികിടക്കുന്നത് മോറിസ് മൈനര്‍ നോക്കിനിന്നു. പെട്ടിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കുരിശില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന വിരലുകള്‍ കണ്ടപ്പോള്‍ കാറിന്റെ മാറാലപിടിച്ച സ്റ്റിയറിംഗ് വീല്‍ തരിച്ചു. ഒരിക്കല്‍കൂടി ആ വിരലുകളുടെ ചലനത്തില്‍ വിശാലമായ എസ്റ്റേറ്റിലെ മണ്‍ റോഡിലൂടെയും ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ ടാര്‍റോഡുകളിലൂടെയും സഞ്ചരിക്കാന്‍ അത് മോഹിച്ചു.
ആ വണ്ടിയില്‍ വന്നാണ് തൊമ്മിച്ചന്‍ തന്നെ പെണ്ണ് കണ്ടത്. ഗര്‍ഭിണിയായ തന്നെയും കൂട്ടി കട്ടപ്പനയിലെ ആശുപത്രിയില്‍ പോയത്. മുതലാളിയുടെ ശരീരത്തിനരികില്‍ ഇരുന്നു ചേടത്തി മോറിസ് മൈനറിനെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു. റോഡിലെ കുണ്ടിലും കുഴിയിലും ശവവാഹനം ചാടുമ്പോള്‍ പൂക്കള്‍പൊതിഞ്ഞ മുഖത്തിരുന്നു മുതലാളിയുടെ നരച്ച കൊമ്പന്‍മീശ വിറയ്ക്കുന്നത് ചേടത്തി നിര്‍ന്നിമേഷയായി നോക്കിയിരുന്നു. ആ കാറില്‍ വേണം തന്റെ അവസാനയാത്രയെന്ന് മുതലാളിക്ക് വലിയ ആഗ്രഹമായിരുന്നു. മോറിസ് മൈനര്‍ മുതലാളിയുടെ ജീവിതത്തിന്റെയല്ല ആത്മാവിന്റെ തന്നെ ഭാഗമായിരുന്നു. ആണ്‍മക്കളില്ലാത്ത മുതലാളി ആ പച്ചനിറമുള്ള കാറിനെ ഇടയ്ക്കിടെ എടാപോടാ എന്ന് വരെ വിളിച്ചിരുന്നു.
”വല്യമ്മച്ചി എന്തുവാ ഈ പറയുന്നത്? ആ പൊട്ടവണ്ടിയില്‍ ശവം കൊണ്ടുപോവാനോ. ആ വണ്ടി കേടായിട്ട് അഞ്ചുകൊല്ലമായത് അമ്മച്ചി മറന്നുപോയോ.” ഇളയമകള്‍ ആനി വല്യമ്മച്ചിയെ വഴക്ക് പറഞ്ഞു.
താന്‍ മരിക്കുന്നതുവരെ ആ വണ്ടി മുറ്റത്ത് കാണണം എന്ന് മുതലാളിക്ക് നിര്‍ബന്ധമായിരുന്നു. മുതലാളി കിടപ്പായതിനു ശേഷം ആരും നോക്കാനില്ലാതെ വണ്ടിയും കിടപ്പിലായി.
ശവമടക്ക് കഴിഞ്ഞു തിരികെ വരുമ്പോഴും ചേടത്തിയുടെ ഉള്ളില്‍ എന്തോ തികട്ടിവന്നു. മുറിയുടെ ജനാല തുറന്നു കട്ടപിടിച്ച ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന കാര്‍ഷെഡ്ഡിലേക്ക് വൃദ്ധ നോക്കിനിന്നു. വിന്റേജു കാറുകള്‍ക്ക് നല്ല വിലകിട്ടും. കോട്ടയത്തുള്ള ഏതോ വിന്റേജ് കാര്‍ ഭ്രാന്തനായ ചെറുപ്പക്കാരന്‍ മോറിസ് മൈനര്‍ വലിയ വിലയ്ക്ക് കച്ചവടം ഉറപ്പിച്ച വിവരം ആനിയുടെ മകന്‍ സണ്ണി ആരോടോ പറയുന്നത് എലമ്മ ചേടത്തി കേട്ടിരുന്നു. തന്നോട് അവര്‍ അതിനെക്കുറിച്ച് ഒന്നും ആലോചിച്ചില്ലല്ലോ എന്ന കാര്യം ഒരുമാത്ര ചേടത്തിയുടെ മനസ്സിലൂടെ കടന്നുപോയി. കെട്ടിയോന്‍ പോയി. അത്ര വരില്ലല്ലോ. ചേടത്തി ആശ്വസിക്കാന്‍ ശ്രമിച്ചു.
രാത്രിയായി, മരിച്ച വീട്ടിലെ രാത്രി. മരിച്ചയാളുടെ ഓര്‍മ്മകള്‍ മെല്ലെ മെല്ലെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കാന്‍ തുടങ്ങുന്ന രാത്രി. ആ ഓര്‍മ്മകളെ പിടിച്ചു നിര്‍ത്താന്‍ എന്നവണ്ണം ചേടത്തി കട്ടിലില്‍ കിടന്നു കാറിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു.
എല്ലാവരും ഉറങ്ങട്ടെ. ഉറങ്ങി കഴിഞ്ഞു മെല്ലെ എഴുന്നേല്‍ക്കണം. അതിയാനിഷ്ടമുള്ള കസവുള്ള നേര്യതും ചട്ടയും മുണ്ടും അണിയണം. പിന്നെ കാര്‍ഷെഡ് തുറന്നു ആ പഴയ വണ്ടി ഒന്ന് സ്റ്റാര്‍ട്ട് ചെയ്യണം. തനിക്കോടിക്കാന്‍ അറിയില്ലല്ലോ.
”യെടീ പെമ്പ്‌റന്നോരെ കാര്‍ ഓടിക്കാന്‍ പഠിക്കണ്ട. അവന്‍ നമ്മളെക്കെണ്ട് സവാരി ചെയ്യുകയാ. ഈ തോട്ടത്തിലെ എല്ലാ വഴിയും ഇറക്കവും കേറ്റവും മോറിസ് മൈനറിന് അറിയാം. ആരെയെങ്കിലും കയറ്റണമെങ്കില്‍ വണ്ടിതന്നെ നില്‍ക്കും. വണ്ടിക്ക് നമ്മളെ അറിയാം. നമ്മള്‍ വണ്ടിയേയും അറിയണം.” നെല്ല്കുത്തി വാറ്റിയ ചാരായം നുണഞ്ഞുകൊണ്ട് തന്റെ കെട്ടിയോന്‍ മുന്‍പില്‍നിന്ന് പറയുന്നതു പോലെ ചേടത്തിക്ക് തോന്നി. കെട്ടിയോന്‍ പറയുന്നതിനപ്പുറം ഏലമ്മചേടത്തിക്ക് മറിച്ചൊരു വാക്കില്ല.
നിലാവ് വീണുകിടന്ന പൂമറ്റം തറവാടിന്റെ മുറ്റത്തേക്ക് അവര്‍ മെല്ലെയിറങ്ങി. എല്ലാവരും നല്ല ഉറക്കമാണ്. ഷെഡ്ഡിനുള്ളില്‍ കാര്‍ കാത്തുകിടപ്പുണ്ടായിരുന്നു.
ചട്ടയും വെളുത്ത ഒറ്റമുണ്ടും കസവ് നേര്യതും അണിഞ്ഞ ചേടത്തി പതഞ്ഞൊഴുകുന്ന നിലാവില്‍ ഒരു മാലാഖയെപോലെ കാണപ്പെട്ടു. സ്വര്‍ണ്ണകുണുക്കുകള്‍ മിന്നുന്നത് കണ്ട് നക്ഷത്രങ്ങള്‍ അസൂയപ്പെട്ടു. കാറ്റില്‍ ചേടത്തിയുടെ വെള്ള മുണ്ടിന്റെ ഞൊറികള്‍ വിശറിപോലെ ചലിച്ചു. ചേടത്തി വണ്ടിയില്‍ സ്‌നേഹപൂര്‍വ്വം സ്പര്‍ശിച്ചു. മോറിസ് മൈനറിന്റെ ഹെഡ് ലൈറ്റുകള്‍ മിന്നി. ഒരു ഇരമ്പത്തോടെ വണ്ടി സ്റ്റാര്‍ട്ടായി.
”ഭര്‍ത്താവ് മരിച്ചതിന്റെ തൊട്ടുപിന്നാലെ ഭാര്യയും” താന്‍ വിലയ്ക്ക് വാങ്ങിയ വിന്റേജ് മോറിസ് മൈനറില്‍ പണിതുകൊണ്ടിരുന്നപ്പോള്‍ ടോണി ആ പത്രവാര്‍ത്ത ഓര്‍ത്തു. അനുഗ്രഹീതരായ വൃദ്ധദമ്പതികള്‍. അവര്‍ ഈ വണ്ടിയില്‍ ഒരുപാട് യാത്രചെയ്തിട്ടുണ്ടാവും. ഒരാഴ്ച പണിതാണ് വണ്ടി മൂവിംഗ് കണ്ടീഷനിലാക്കിയത്. അഞ്ചുവര്‍ഷത്തെ ഷെഡ്ഡിലെ വാസത്തിനുശേഷം ടോണി ആ കാര്‍ കൊണ്ടുപോവുകയാണ്.
അയാള്‍ മെല്ലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അഞ്ചുവര്‍ഷം അനങ്ങാതെ കിടന്നതിനുശേഷം മെല്ലെ മോറിസ് മൈനര്‍ തന്റെ പഴയ വഴിയിലേക്ക് ഇറങ്ങി. എസ്റ്റേറ്റിലെ മണ്‍പാതയിലൂടെ അത് മെല്ലെ മുന്‍പോട്ടൊഴുകി.
ടോണി വളരെ പതുക്കെയാണ് വണ്ടിയോടിച്ചത്. വഴിയരുകില്‍ നിന്നിരുന്നവര്‍ ആദരവും അത്ഭുതവും കലര്‍ന്ന മുഖത്തോടെ കാറിനെ നോക്കി.
സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മുന്‍പിലെത്തിയപ്പോള്‍ കാര്‍ നിന്നു. അയാള്‍ സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി അനങ്ങിയില്ല.
”ഇത് നമ്മുടെ തൊമ്മിച്ചന്‍ മുതലാളിയുടെ വണ്ടിയല്ലേ? എന്ത് പറ്റി വണ്ടിനിന്നു പോയോ” പള്ളി മേടയില്‍നിന്ന് കൊച്ചച്ചന്‍ ഇറങ്ങിവന്നു.
”ഹേയ് കുഴപ്പമൊന്നുമില്ലച്ചോ…പഴയ വണ്ടിയല്ലേ..” ടോണി വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഇത്തവണ ഒരു കുഴപ്പവും കൂടാതെ വണ്ടി മുന്‍പോട്ടു നീങ്ങി.
”ഈ പച്ച കളര്‍ എനിക്കിഷ്ടമായി. അടിപൊളി.” ടോണി വണ്ടി മുന്‍പോട്ട് എടുക്കുന്നതിനിടയില്‍ അച്ചന്‍ പറഞ്ഞു.
”അത് വെറും പച്ചയല്ല അച്ചോ..ആല്‍മണ്ട് ഗ്രീനാണ്.” ടോണി അച്ചനോട് പറഞ്ഞു. അത് കേട്ട് പുറകിലെ സീറ്റിലിരുന്ന മുതലാളി ആശ്വാസത്തോടെ ഏലമ്മയെ നോക്കി.