ആയുര്‍വേദത്തിന്റെ ആരോഗ്യവഴികള്‍

315
0

കാന്‍സറിനും ആയുര്‍വേദം
ഡോ. എം.എന്‍. ശശിധരന്‍


കരുണാകരന്‍ നായര്‍ക്ക് വയസ്സ് 58. വസ്തുക്കളുടെ ക്രയവിക്രയങ്ങളില്‍ ദല്ലാളായി നിന്ന് ഏര്‍പ്പാടുകള്‍ നടത്തിക്കൊടുത്ത് കമ്മീഷന്‍ വാങ്ങിയാണ് ജീവിക്കുന്നത്. കാരണവന്മാര്‍ തറവാട്ടുകാരായിരുന്നു. പല പല വ്യവഹാരങ്ങളിലും മറ്റും ഏര്‍പ്പെട്ട് ക്ഷയിച്ചുപോയ കുടുംബം പണ്ട് കാപ്പിക്കട നടത്തിയിരുന്നു, അത് പിന്നീട് മുറുക്കാന്‍ കടയായി. പിന്നെ അതും നിര്‍ത്തി. ലഹരി പദാര്‍ത്ഥങ്ങള്‍ ഏതും കരുണാകരന്‍ നായരുടെ ദൗര്‍ബല്യമായിരുന്നു. അത് കള്ളായാലും കഞ്ചാവായാലും മുറുക്കാനായാലും സിഗരറ്റായാലും അയാള്‍ ഉപയോഗിക്കുമായിരുന്നു. പുകയില ചില സുഗന്ധദ്രവ്യങ്ങള്‍ കൂടിച്ചേര്‍ത്ത് തിരുമ്മി വായില്‍ സൗകര്യമായി വയ്ക്കാന്‍ പറ്റിയ ഇടങ്ങളിലൊക്കെ വച്ച് അതിന്റെ ലഹരി ആസ്വദിക്കുമായിരുന്നു.
ഒരിക്കല്‍ അയാ ള്‍ക്ക് വായ്ക്കുള്ളില്‍ കവിളിനകവശത്തായി പല്ലുകള്‍ ചേരുന്ന ഭാഗത്ത് ഒരു തടിപ്പും വേദനയും ഉണ്ടായി. പല്ലുകള്‍കൂട്ടിക്കടിക്കുമ്പോള്‍ കവിളിനുള്ളിലെ തൊലി അറിയാതെ പല്ലുകള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞ്‌പോകുമായിരുന്നു. ചിലപ്പോള്‍ ആദ്യം മുറിവ് ഉണ്ടാകാറുണ്ടായിരുന്നെങ്കിലും ക്രമേണ ആ ഭാഗം മുറിയാതെ കട്ടിയാകുകയും ചെയ്തു. ആ ഭാഗത്തായിരുന്നു വേദന ഉണ്ടായത്. ആദ്യമൊന്നും അത് ഗൗരവമുള്ളതായി തോന്നിയിരുന്നില്ല. ക്രമേണ വേദനവര്‍ദ്ധിച്ചുവന്നപ്പോള്‍ ചില മരുന്നുകള്‍ പുറമേ പുരട്ടിനോക്കി. വലിയ മാറ്റമൊന്നും കണ്ടില്ല. മെഡിക്കല്‍ കോളേജില്‍ വായ്ക്കുള്ളിലെ രോഗങ്ങള്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കുന്ന വിഭാഗത്തിലെ ഡോക്ടറെ കണ്ടു. അദ്ദേഹം വിശദമായി പരിശോധിച്ച് കഴിക്കാനും പുരാട്ടാനും മരുന്നുകള്‍ കൊടുത്തു.
അതുകൊണ്ട് വേദനയ്ക്ക് കുറച്ചാശ്വാസം ഉണ്ടായി. എങ്കിലും വായ്ക്കുള്ളിലെ തടിപ്പ് മാറിയില്ല. തടിപ്പ് മാറാത്തതില്‍ കരുണാകരന്‍ നായര്‍ക്ക് വിഷമമൊന്നും തോന്നിയില്ല. വേദന മാറിക്കിട്ടിയല്ലോ എന്ന ആശ്വാസം ഉണ്ടാവുകയും ചെയ്തു.
ഡോക്ടര്‍ കരുണാകരന്‍ നായരുടെ മുറുക്കും പുകവലിയും നിര്‍ത്തണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. മനസ്സില്ലാ മനസ്സോടെ അയാള്‍ കുറച്ചുദിവസത്തേക്ക് അത് നിര്‍ത്തുകയും ചെയ്തു. അങ്ങനെയാണ് വേദനയും മറ്റും കുറഞ്ഞത്. എന്നാല്‍ ആ ആശ്വാസം അധികം നീണ്ടില്ല. ഏതാണ്ട് ഒന്നരമാസത്തിനുശേഷം വീണ്ടും രാത്രിയില്‍ വേദന ആരംഭിച്ചു. പഴയ ഡോക്ടറെത്തന്നെ വീണ്ടും കണ്ടു. നിര്‍ത്തിയ ദുശ്ശീലങ്ങള്‍ വീണ്ടും തുടങ്ങിയോ എന്നും ഡോക്ടര്‍ ചോദിച്ചപ്പോള്‍ പുകയിലയ്ക്ക് പകരം പായ്ക്കറ്റായി വരുന്ന മുറുക്കാന്‍കൂട്ട് മൂന്നുനാലുദിവസം വായിലെ വിരസത അകറ്റാന്‍വേണ്ടി മോണയില്‍ വച്ചിരുന്നതായി കരുണാകരന്‍ നായര്‍ പറഞ്ഞു.
ഡോക്ടര്‍ കുറച്ച് കര്‍ശനമായി മേലില്‍ അപ്രകാരം ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും മരുന്നുകള്‍ക്ക് മാറ്റം വരുത്തുകയും ചെയ്തു. ഒരിഞ്ചക്ഷന്‍ ആഴ്ചയില്‍ ഒരിക്കല്‍ എടുക്കുവാന്‍ കുറിച്ചുകൊടുത്തു. അങ്ങനെ വീണ്ടും കരുണാകരന്‍ നായര്‍ക്ക് വേദന കുറഞ്ഞ് സുഖം തോന്നിത്തുടങ്ങി. തന്റെ പതിവ് ജോലികളുമൊക്കെയായി വീണ്ടും സജീവമായി. ഏതാണ്ട് ഒന്നരവര്‍ഷത്തോളം കാലം ആ പ്രശ്‌നം കരുണാകരന്‍ നായര്‍ക്ക് ഉണ്ടായിട്ടില്ല. ഇതിനിടയില്‍ പഴയ ലഹരി കൂട്ടങ്ങളെ ഒക്കെ അയാള്‍ വീണ്ടും തന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. എല്ലാം പൂര്‍വ്വാധികം ഭംഗിയായി മുറപോലെ നടന്നു.
വീണ്ടും ഒരു സുപ്രഭാതത്തില്‍ ഷേവ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അത് കരുണാകരന്‍ നായരുടെ ശ്രദ്ധയില്‍പ്പെട്ടത്. പണ്ട് വേദനയുണ്ടായിരുന്ന വായുടെ അകത്തെ തടപ്പിന്റെ പുറത്തായി കവിളില്‍ ഒരു ചെറിയ കട്ടിപോലെ ഒന്നു അല്പം വീര്‍ത്തു കാണപ്പെട്ടു. എന്നാല്‍ അകത്തുണ്ടായമാതിരിയുള്ള വേദന ഒന്നും തോന്നിയതുമില്ല. എങ്കിലും കരുണാകരന്‍ നായരുടെ ഉള്ളില്‍ ഒരാപത്ശങ്ക എങ്ങനെയോ ഉടലെടുത്തു. ഡോക്‌റുടെ ലഹരി നിരോധനാജ്ഞ അയാളുടെ മനസ്സിലേക്ക് കടന്നുവന്നു. ഇതുവരെ താന്‍ കാണിച്ചതെല്ലാം തെറ്റായിപ്പോയെന്ന ഒരുള്‍വിളി അയാള്‍ക്കുണ്ടായി. അയാള്‍ ലഹരി ഉപയോഗങ്ങളെല്ലാം നിര്‍ത്തി. വീണ്ടും ഡോക്ടറെ കണ്ട് പുതിയ പരിണാമാവസ്ഥയെക്കുറിച്ച് പറഞ്ഞ് അദ്ദേഹം വിശദമായി പരിശോധിക്കുകയും അവിടെനിന്ന് അല്പം സാമ്പിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.
വീണ്ടും കരുണാകരന്‍ നായര്‍ക്ക് വേദന ആരംഭിച്ചു. വേദനസംഹാരികളും ശക്തിയുള്ള കുത്തിവയ്പുകളും എല്ലാം പ്രയോഗിച്ചു. ഇതിനിടയില്‍ പരിശോധനയ്ക്ക് അയച്ചിരുന്ന സാമ്പിളിന്റെ റിസല്‍ട്ട് വന്നു. ക്യാന്‍സര്‍ സെല്ലുകള്‍ കണ്ടെത്തിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്. അക്കാര്യം ഡോക്ടര്‍ കരുണാകരന്‍ നായരോട് പറയുകയും സമാധാനിപ്പിക്കുകയും ചെയ്തു. ചികിത്സിച്ച് ഭേദമാക്കാവുന്ന അവസ്ഥയിലാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. അതിന്റെ ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. റേഡിയേഷന്‍ ചെയ്യുവാനുള്ള നിര്‍ദ്ദേശവും ഉണ്ടായി.
ചികിത്സകള്‍ എല്ലാം കൃത്യമായിത്തന്നെ ചെയ്ത് കരുണാകരന്‍ നായരുടെയ വേദന ഇല്ലാതെയായി. വേദനകളും വിഷമങ്ങളും എല്ലാം സാധാരണ ജീവിതത്തിലേക്ക് ഇഴുകിച്ചേര്‍ന്നപ്പോഴേയ്ക്ക് അയാള്‍ മറന്നുകഴിഞ്ഞു.
ശാന്തമായി മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസം രാത്രിയില്‍ വായില്‍ ഒരു രുചിവ്യത്യാസം തോന്നിയപ്പോള്‍ തുപ്പി. അപ്പോള്‍ ചുവന്ന നിറം. ചോരയുടെ രുചി. രക്തസ്രാവം കുറച്ചുനേരം നീണ്ടു. കാലത്ത് ഡോക്ടറെ കണ്ടു. കാര്യങ്ങള്‍ കൂടുതല്‍ വളഷായതായി ഡോക്ടര്‍ക്ക് മനസ്സിലായി. കരുണാകരന്‍ നായരെ കൂടുതല്‍ ഭയപ്പെടുത്താതിരിക്കാന്‍ രോഗത്തിന്റെ ഗൗരവം കുറയൊക്കെ മറച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മരുന്നുകള്‍ കൃത്യമായി സേവിക്കാനും റേഡിയേഷന്‍ ട്രീറ്റ്‌മെന്റ് തുടരാനും ഒക്കെയായിരുന്നു നിര്‍ദ്ദേശം.
കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നു മനസ്സിലാക്കിയ കരുണാകരന്‍ നായര്‍ അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചു. അവരില്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരം ഒന്നുരണ്ടു ഡോക്ടര്‍മാരെക്കൂടി കണ്ടു. അവരും സ്ഥിതി വഷളായെന്നു സുഹൃത്തുക്കുളെ അറിയിച്ചു. ചികിത്സയെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിച്ച് കഴിയുമ്പോള്‍ ആണ് ആയുര്‍വേദ ചികിത്സയെക്കുറിച്ച് ഒരു സുഹൃത്ത് പറയുന്നത്. അങ്ങനെ ആയുര്‍വേദ ചികിത്സ ചെയ്യുവാനുള്ള തീരുമാനവുമായിട്ടാണ് അവര്‍ എന്നെ സമീപിക്കുന്നത്.
ആദി മുതലുള്ള രോഗചരിത്രം കേട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ രോഗത്തിന്റെ ഗൗരവസ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു. ചികിത്സാകാര്യങ്ങള്‍ ഗൗരവമായി സ്വീകരിച്ച് അനുസരണയോടെ ചെയ്യുവാന്‍ കഴിയുമോ എന്ന് ആദ്യം തന്നെ കരുണാകരന്‍ നായരോട് ചോദിച്ചു. എന്തും ചെയ്യാന്‍ അയാള്‍ ഒരുക്കമായിരുന്നു. കഴിയ്ക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ചും കുടിക്കാവുന്ന പാനീയങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ ആദ്യംതന്നെ പറഞ്ഞുമനസ്സിലാക്കി.
ചികിത്സ തുടങ്ങി. ശരീരത്തിന്റെ ആഭ്യന്തരശുദ്ധി വിരേചനാദികള്‍ കൊണ്ട് നിര്‍വഹിച്ചശേഷം ‘വരണാദിഗണം’ കഷായം ദിവസം രണ്ടുനേരം ‘കാഞ്ചനാരഗുല്‍ഗുലുഗുളിക’ ഓരോന്ന് അരച്ച് ചേര്‍ത്ത് സേവിക്കുവാന്‍ നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചകള്‍ക്കുശേഷം പാടോല മൂലാദിക്കഷായം ബൃഹത്യോഗരാജഗുല്‍ഗുലുഗുളിക ചേര്‍ത്ത് ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷവും രാത്രി കിടക്കാന്‍ നേരവും സേവിക്കാന്‍ പറഞ്ഞു. വായ്ക്കകത്തു വ്രണപ്പെട്ടിരുന്ന ഭാഗത്തിന് പുറത്തുകവിളില്‍ ഒരു ചെറിയ കുരു ഈ കാലയളവില്‍ രൂപംകൊണ്ടു. ആദ്യം കാര്യമായ വേദന ഇല്ലാതെ ആരംഭിച്ച പരു ക്രമേണ അല്പം വലുതാകുകയും ചുമപ്പ് രാശി പടരുകയും ചെയ്തു.
പരുവിന് അല്പം കഠിനത ഉണ്ടായിരുന്നു. സ്പര്‍ശനത്തില്‍നിന്നത് മനസ്സിലായി എങ്കിലും ചുവപ്പുനിറം പടര്‍ന്നിരുന്നതിനാലും നല്ല ചൂട് തോന്നിച്ചിരുന്നതിനാലും ആരോഗ്യകല്പഭ്രമത്തില്‍ പറയുന്ന മൃണാളാദി ലേപനം തയ്യാറാക്കി പരുവിന് പുറമേ പകല്‍നേരം തോരെപൂശി മൂന്നുദിവസം പൂശിയപ്പോഴേയ്ക്കും പരു കൂടുതല്‍ പുറത്തേക്ക് തള്ളി മഞ്ഞ കലര്‍ന്ന ചുവപ്പുരാശിയോടുകൂടി കാണപ്പെട്ടു. വേദനയ്ക്ക് ഒരല്പം കുറവും ഉണ്ടായി.
പരിശോധിച്ചപ്പോള്‍ അതിനൊരു മുഖപ്പ് ഉള്ളതായി കാണാന്‍ കഴിഞ്ഞു. ആ ഭാഗമായിരിക്കും പൊട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളത് എന്നതിനാല്‍ സിദ്ധവൈദ്യ ഔഷധങ്ങളില്‍ പെടുന്ന അമൃതവെണ്ണ എന്ന മരുന്നു പുറമേ സേവിച്ചു. (അമൃതവെണ്ണ കണ്ടാല്‍ സാധാരണ വെണ്ണപോലെ തന്നെയിരിക്കും എങ്കിലും അത് പല ഔഷധങ്ങളും കൂടിച്ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. മുമ്പും അത് പ്രയോഗിച്ച് ഫലസിദ്ധി ബോദ്ധ്യപ്പെട്ടതായിരുന്നു.)
പരുവിന് മുകളില്‍ ഒരു ചെറിയ വെള്ള കൂമ്പാരം പോലെ അമൃതവെണ്ണ ഇരുന്നു. മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ പരുവിന്റെ മുഖപ്പ് പൊട്ടി അമൃതവെണ്ണയ്ക്ക് നടുവില്‍ കൂടി പഴുപ്പ് പുറത്തേക്ക് വന്നു. സാവകാശം അതെല്ലാം ഞെക്കിക്കളഞ്ഞ് രക്തഛവി കലര്‍ന്ന പഴുപ്പ് വരാന്‍ തുടങ്ങി. പിന്നീട് രക്തം മാത്രമായും പുറത്തുവന്നു. പരു ഏതാണ്ട് ചൊങ്ങിയിരുന്നു.
പഴുപ്പ് പുറത്തേക്ക് വന്ന ദ്വാരത്തില്‍ ഒരു പഞ്ഞിത്തിരി വച്ചശേഷം അരിപ്പൊടി പശുവിന്‍ പാലില്‍ കുറുക്കി ഒരു കഷണം തുണിയില്‍ വച്ച് ചെറു ചൂടോടെ പരുവിന് മുകളില്‍ പതിച്ചു. പരുവില്‍ അവശേഷിക്കുന്ന ദുര്‍നീരും പഴുപ്പും എല്ലാം പഞ്ഞിത്തിരിയിലൂടെ അരിപ്പൊടിയിലേക്ക് വലിച്ചെടുക്കപ്പെടുമെന്നതിനാലാണ് അത് ചെയ്തത്. അടുത്ത 24 മണിക്കൂറിനിടയ്ക്ക് രണ്ടുപ്രാവശ്യം അത് മാറ്റിവച്ചു. പരു പൂര്‍ണ്ണമായും ചൊങ്ങുകയും ഒരു ചെറിയ ഓപ്പണിങ്ങ് അവിടെ അവശേഷിക്കുകയും ചെയ്തു. ജാതിദ്യാതിഘൃത- പഞ്ഞിയില്‍ മുക്കിവച്ച് പതിവായി ഡ്രസ്സ് ചെയ്തു. പരുവന്നഭാഗം ക്രമേണ ഉണങ്ങിയെങ്കിലും അവിടെ ഒരു പാട് അവശേഷിച്ചു.
മരുന്നുകള്‍ എല്ലാം ഇതിനിടയിലും തുടര്‍ന്നുകൊണ്ടിരുന്നു. നാലുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പരു വന്ന സ്ഥലത്ത് വീണ്ടും ഒരു ചുവന്നുതടിപ്പ് പ്രത്യക്ഷപ്പെട്ടു. അതിനൊരല്പം ചൊറിച്ചിലും ഉണ്ടായി. ചൊറിയുമ്പോള്‍ നീറ്റലുംവേദനയും ക്രമേണ അതിനൊരല്പം വലുപ്പം വയ്ക്കുകയും അതുപോലെ തന്നെ ഒന്നുരണ്ട് ചെറിയ കുരുക്കള്‍ കൂടി അതോടൊപ്പം ഉണ്ടാവുകയും ചെയ്തു. കവിളില്‍ അസഹ്യമായ വേദന അനുഭവപ്പടുവാനും തുടങ്ങി. ഇപ്പോള്‍ വായ്ക്കുള്ളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയായി. പ്രശ്‌നങ്ങളെല്ലാം പുറത്തായി.
കഷായത്തില്‍ മാറ്റം വരുത്തി. പടോല മൂലാദികഷായം ബൃഹത്‌യോഗ രാജഗുല്‍ഗുലു ഗുളിക ചേര്‍ത്ത് കാലത്തും വൈകിട്ടും ഭക്ഷണത്തിന് മുമ്പ് സേവിക്കാന്‍ നിര്‍ദ്ദേശിക്കുകയും രാത്രി മോരുചേര്‍ത്ത ആഹാരം കഴിച്ചശേഷം രസഗന്ധി മെഴുക്ക് ചുണ്ടയ്ക്കാ പ്രമാണം സേവിക്കാന്‍ പറയുകയും ചെയ്തു. കവിളിന് പുറത്ത് പ്രത്യക്ഷപ്പെട്ട കുരുക്കള്‍ കഠിനതരമായി വേദനയുണ്ടാക്കിക്കൊണ്ട് വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു. ഈ അവസ്ഥയില്‍ വരട്ടുമഞ്ഞള്‍, പാച്ചോറ്റിത്തൊലി, ചപ്പണം, ഇല്ലാക്കരി, മനയോല ഇവ പൊടിച്ച് തേനിലരച്ച് പുറമേ ലേപനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അതിന് ഫലമുണ്ടായി. കുരുക്കള്‍ പൊട്ടി പഴുപ്പും രക്തവും പോയി. പക്ഷേ വ്രണം ഉണങ്ങാന്‍ മൂന്നാഴ്ചയോളം സമയം വേണ്ടിവന്നു. എങ്കിലും അവിടെ മാംസത്തിന്റെ ചെറിയ പുറ്റ് രൂപാന്തരപ്പെട്ടു. അതോടൊപ്പം അവയ്ക്ക് സംഭവിച്ച ഒരു മാറ്റം വേദനാരഹിതമായിത്തീര്‍ന്നു എന്നതാണ്.
അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചമൂലം വ്രണപ്പെടുന്ന മാംസഭാഗങ്ങളെ നിര്‍വീര്യമാക്കാന്‍ സാധാരണ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു ധൂമ പ്രയോഗത്തെക്കുറിച്ച് അച്ഛന്‍ പറയാറുള്ളത് ആ സമയം ഓര്‍ക്കാനിടയായി. ആ പ്രയോഗം ഈ രോഗാവസ്ഥയില്‍ ഫലപ്രദമാകും എന്നുതോന്നി. അതിന് സിംഹ്യാദിധൂമം എന്നാണ് പറയുന്നത്.
കണ്ടകാരി അരി, ചെറുവഴുതിന അരി, കര്‍പ്പൂരം, അതിവിടയം, വിഴാലരിക്കാമ്പ് 5 ഗ്രാം വീതം ചായില്യം 10ഗ്രാം ഇവ പൊടിച്ച് ഒന്‍പത് പൊതികളാക്കി വച്ചുകൊണ്ട് ദിവസം മൂന്നുപ്രാവശ്യം വീതം മൂന്നുദിവസം ഓരോ പൊതിവീതം ചിരട്ടക്കനലില്‍ ഇട്ട് എരിച്ച് അതില്‍നിന്ന് വരുന്ന പുക രോഗാസ്ഥാനത്ത് കൃത്യമായി ഏല്പിക്കുക. അതിനായി കോട്ടിയപ്ലാവിലയും കപ്പളക്കുഴലും യുക്തമായി ഉപയോഗിക്കാം. പുകയേല്‍പ്പിക്കുന്ന വ്രണഗ്രസ്തമായ ഭാഗമൊഴിച്ച് ചുറ്റുമുള്ള ഭാഗം (പരിസരം) നന്നായി വിയര്‍ത്ത് കഴിഞ്ഞാല്‍ പുകയേല്‍പ്പിക്കല്‍ നിര്‍ത്താവുന്നതാണ്. മൂന്നുദിവസം കൊണ്ട് ഒന്‍പതുപ്രാവശ്യം ക്രിയ ചെയ്തു കഴിഞ്ഞാല്‍ നിര്‍ത്താം. പുകയേല്‍പ്പിക്കുന്ന ദിവസങ്ങളില്‍ പഥ്യാചരണം നിര്‍ബന്ധമാണ്. വാര്‍ത്ത ചോറ് മാത്രം കഴിക്കാം. കഠിനമായ ദാഹം ഉണ്ടാകാന്‍ ഇടയുണ്ട്. അങ്ങനെയുണ്ടായാല്‍ വിളഞ്ഞ ചിരട്ട പൊട്ടിച്ച് ഇട്ട് വെന്ത വെള്ളം കുറേശ്ശേ കുടിയ്ക്കാം. കുളി പാടില്ല. 7-ാം ദിവസം കുളിക്കാം.
കരുണാകരന്‍ നായരുടെ കവിളിലെ വ്രണത്തില്‍ ഈ പുക ഏല്‍പ്പിച്ചു. സേവിച്ചുവന്നിരുന്ന കഷായങ്ങളും മറ്റ് മരുന്നുകളും തുടരാന്‍ നിര്‍ദ്ദേശിച്ചു. ആ പുകയേല്‍പ്പിക്കല്‍ കപോലാര്‍ബുദ വ്രണത്തില്‍ അതീവഫലപ്രദമാണെന്നു തെളിയിച്ചുകൊണ്ട് രണ്ടാഴ്ചക്കുള്ളില്‍ കവിളില്‍ തള്ളിനിന്നിരുന്ന മാംസഭാഗങ്ങള്‍ വരണ്ട് അടര്‍ന്നുപോയി. അവശേഷിച്ചഭാഗത്ത് വ്രണശുദ്ധി ഗുളിക ചെറുനാരങ്ങാനീരില്‍ അരച്ച് രണ്ടുദിവസം പുരട്ടി.
ക്രമേണ ആ വ്രണഭാഗം ഒരു കറുത്ത അടയാളമവശേഷിച്ചുകൊണ്ട് പൂര്‍ണ്ണമായും പൂര്‍വസ്ഥിതിയെ പ്രാപ്രിച്ചു. എങ്കിലും ചില ഔഷധങ്ങള്‍ ഭാവിയില്‍ രോഗാവസ്ഥ വീണ്ടും ഉണ്ടാവാതിരിക്കണമെന്ന ചിന്തയോടെ കുറച്ചുകാലം തുടരണമെന്ന് നിര്‍ദ്ദേശിച്ചു.പടോലമൂലാദികഷായം പതിവായി ബൃഹത്യോഗരാഗുല്‍ഗുലുഗുളിക ഒന്നുവീതം ചേര്‍ത്ത് ദിവസം രണ്ടുനേരം ആറുമാസം തുടരുവാനായിരുന്നു നിര്‍ദ്ദേശം.

  • മരുന്നുകളുടെ ഉപയോഗം ഡോക്ടറുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം. സ്വയം ചികിത്സ പാടില്ല.