ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
ഒരിന്ത്യാക്കാരന്റെ ശരാശരിആയുസ്സ് എഴുപതായിരുന്നപ്പോള്‍ മലയാളിയുടെ ശരാശരിആയുസ്സ് എഴുപത്തിയേഴായിരുന്നു. എന്നാല്‍ ഇന്ന് അത് താഴേക്കുവന്നുകൊണ്ടിരിക്കുകയാണ്. അത് ഇനിയും താഴ്ന്നുകൊണ്ടേയിരിക്കും. അറുപതുവയസ്സാകുമ്പോഴെ നമ്മള്‍ അനാരോഗ്യത്തിന് അടിമകളായി മാറികൊണ്ടിരിക്കുന്നു. ആയുസ്സുനീട്ടുന്നയന്ത്രങ്ങള്‍ക്ക് ആരോഗ്യം പ്രദാനംചെയ്യാനാവില്ലല്ലോ. അനാവശ്യമരുന്നു കഴിക്കല്‍ അറിയപ്പെടാത്തരോഗങ്ങള്‍ക്കും ആയുസ്സറുതിക്കും കാരണമാകുന്നു. മരുന്നുകമ്പിനികളും ഡോക്ടര്‍മാരും ഹോസ്പിറ്റലുകളും ലാബോറട്ടറികളും ചേര്‍ന്നുള്ള ഈ സംഘടിതഅതിക്രമം ഇവരൊക്കെയും ഉള്‍പ്പെടുന്ന സമൂഹത്തിനുനേരയാണെന്നറിയാമെങ്കിലും ധനത്തോടുള്ള ആര്‍ത്തി ഇവരെ അന്ധരാക്കുകയാണ്. സര്‍ക്കാരാശുപത്രികളിലെ കോടിക്കണക്കിന് ആധുനികചികിത്സായന്ത്രങ്ങള്‍ കാരണമില്ലാതെ പണിമുടക്കുകയും അതുവഴി സ്വകാര്യലബോറട്ടറികള്‍ക്ക് അവസരം ഒരുക്കുകയും ചെയ്യുമ്പോള്‍ ഒരുകാര്യം മനസ്സിലാക്കണം ഈ യന്ത്രങ്ങള്‍ കേടാക്കുന്നതിനുമാത്രമായി ചിലര്‍ക്ക് സര്‍ക്കാരില്‍നിന്നും ശമ്പളം കൊടുക്കുന്നുണ്ട്.
എണ്‍പതുകളില്‍ പൊട്ടിപ്പുറപ്പെട്ട ഈ നൂറ്റാണ്ടിന്റെ മഹാരോഗമെന്നറിയപ്പെടുന്ന എയ്ഡ്‌സ് വൈറസിനോളമോ അതിലേറെയോ സംഹാരശേഷിയുള്ളതാണ് ഈ മരുന്നുലോബിയുടെ ആര്‍ത്തി എന്നുപറയാതെവയ്യ. ആശുപത്രികളും ആധുനികചികിത്സാസൗകര്യങ്ങളും ഇല്ലാതിരുന്നകാലത്ത് രോഗികളുടെനിരക്ക് ഇതിലും കുറവായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഇന്നിതു സംഭവിക്കുന്നതെന്ന് അന്വേക്ഷിക്കേണ്ടതില്ലേ. അത്യന്താധുനികസൗകര്യങ്ങളുള്ള ആശുപത്രികളുടെ എണ്ണം കൂടുന്നതല്ല ഒരു രാജ്യത്തിന്റെ ജനതയുടെ ആരോഗ്യത്തിന്റെ അളവുകോല്‍. ചികിത്സാരംഗത്തെ മത്സരം ഒഴിവാക്കാനാവില്ല, കാരണം കോടികളാണ് ആതുരശുശ്രൂഷകേന്ദ്രങ്ങളെന്നു പറയപ്പെടുന്ന ഈ പഞ്ചനക്ഷത്രസ്ഥാപനങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നത്. ഡോക്ടര്‍മാരെ വിലയ്‌ക്കെടുക്കുന്നതിനുള്ള മത്സരം ക്രിക്കറ്റുകളിക്കാരെ ലേലംവിളിച്ചെടുക്കുന്നതുപോലെയാണ്. ഈ വന്‍മുതല്‍മുടക്കു തിരിച്ചുപിടിക്കണമെങ്കില്‍ രോഗികള്‍ സൃഷ്ടിക്കപ്പെടണം. ആവശ്യത്തിനും അനാവശ്യത്തിനും നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍കഴിച്ച് രോഗികളായി മാറുന്നവര്‍ ഒരു രോഗത്തിനുള്ള മരുന്നുമൂലമുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്ക് ചികിത്സിക്കേണ്ടിവരുന്നു. ഏതെങ്കിലും ഒരു രോഗത്തിന്റെ ചികിത്സയ്ക്കായി സ്ഥിരമായി ഒരു ഡോക്ടറെ കാണേണ്ടിവരുന്നവര്‍ ആശുപത്രിയുടെ ആസ്തികളുടെ ഭാഗമാണ്.
മാറാരോഗങ്ങള്‍ക്ക് ചികിത്സയും മരുന്നുകളും ഇന്ന് ഫലപ്രദമാണെങ്കിലും മാറാരോഗങ്ങള്‍സൃഷ്ടിക്കുന്ന മരുന്നുകളുടെ അനിയന്ത്രിതഉപയോഗം ജനങ്ങളെ രോഗികളാക്കുകയാണ് ചെയ്യുന്നത്. രോഗങ്ങളില്ലാത്ത ജനങ്ങളായിരിക്കണം ആരോഗ്യമുള്ളജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലുണ്ടാവേണ്ടത്. അല്ലാതെ വികസനത്തിന്റെപേരില്‍ ഒരേനഗരത്തില്‍തന്നെ കെട്ടിപ്പൊക്കുന്ന എണ്ണമില്ലാത്ത സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് രോഗികളെ സൃഷ്ടിക്കുക എന്നതായിരിക്കരുത്.
രോഗശമനത്തിനുള്ള മരുന്നുകള്‍മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇന്നത്തെ വെല്ലുവിളി. ഇതിലൂടെ ആരോഗ്യംക്ഷയിച്ച ഒരുഭാവിതലമുറയാണ്‌സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറുപതിനുംഎഴുപതിനും ഇടയിലുള്ള വൃദ്ധരില്‍ പത്തോപതിനേഴോ ശതമാനം മാത്രംരോഗികളാകുമ്പോള്‍ മുപ്പതുവയസ്സിനു താഴെയുള്ളവരില്‍ അന്‍പതോ അറുപതോ ശതമാനവും രോഗികളാണ്. പതിനെട്ടുവയസ്സിനു താഴെയുള്ളവരില്‍ ഇരുപതു ശതമാനവും രോഗികളാണ്. ഏറെയും അമിതവും അപകടകരവുമായ ആഹാരരീതിമൂലം സംഭവിക്കുന്നതാണ്. മാതാപിതാക്കളുടെ അനാരോഗ്യപരമായ ജീവിതശൈലിമൂലം കുട്ടികളില്‍ സംഭവിക്കുന്ന ജനിതകവൈകല്യങ്ങള്‍ വേറെ.
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വര്‍ദ്ധിച്ചുവരുന്ന ചികിത്സാചിലവുകള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവുമ്പോഴും ആശുപത്രികള്‍ക്ക് ഇത് പണം കൊയ്യുന്നതിനുള്ള ഉപകരണമാകുന്നു. അതുകൊണ്ടുതന്നെ ഇന്‍ഷ്വറന്‍സ്‌കമ്പനികള്‍ പ്രീമിയം ഇരട്ടിയോ അതിലധികമോ ആയി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള രോഗിയുടെ ശരാശരി ശരീരത്തിലുപയോഗിക്കുന്ന അനാവശ്യചികിത്സാരീതികള്‍ ഒരാളെ പരിപൂര്‍ണരോഗിയാക്കിമാറ്റുകയാണ് ചെയ്യുന്നത്.
ആരോഗ്യ ചികിത്സാമേഖലകളിലെ ആധുനിക സാങ്കേതിക അറിവുകള്‍ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സര്‍ക്കാര്‍ തലത്തിലുള്ള സൗകര്യങ്ങളുടെ അഭാവമാണ് മരുന്നുകമ്പനികള്‍ക്ക് ഇവരെ വിലയ്‌ക്കെടുക്കുവാനുള്ള അവസരംസൃഷ്ടിക്കുന്നത്. ഡോക്ടര്‍മാര്‍ക്കായി വിദേശങ്ങളില്‍വരെ മരുന്നുകമ്പനികള്‍ സെമിനാറുകള്‍ നടത്തുന്നു, പാരിതോഷികങ്ങള്‍ കൊടുക്കുന്നു.ഡോക്ടര്‍മാരുടെ വിധേയത്വം ചര്‍ച്ചചെയ്തിട്ടുകാര്യമില്ല. ഒരേ രാസഘടകങ്ങളുള്ള മരുന്നുകള്‍ വിവിധബ്രാന്‍ഡ് നെയിമില്‍ ഒരേ കമ്പനിതന്നെ പലവിലകളില്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നത് നിയന്ത്രിക്കുവാനുള്ള സംവിധാനം സര്‍ക്കാരിനില്ലന്നുവേണം വിശ്വസിക്കുവാന്‍. രാസഘടകങ്ങളല്ലാതെ ബ്രാന്‍ഡ്‌നെയിമുകള്‍ ഡോക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യരുതെന്ന നിയമം ഈ അതിക്രമത്തിനെ നിയന്ത്രിക്കുവാനായി നടപ്പിലാക്കിയതാണെങ്കിലലുംആരാണ് ചെവിക്കൊള്ളുന്നത്. പ്രലോഭനങ്ങള്‍ പ്രതീഷകള്‍ക്കപ്പുറമാകുമ്പോള്‍ ആരാണ് ആതുരസേവനത്തെക്കുറിച്ചു ചിന്തിക്കുന്നത്. ഗുണകരമല്ലാത്ത മരുന്നുകള്‍ കുറിച്ചുകൊടുത്ത് രോഗികളെകൊണ്ട് പണം മുടക്കിച്ച് കമ്മീഷന്‍ വാങ്ങിച്ചോളൂ, പക്ഷെ മാരകരോഗങ്ങള്‍ക്കടിപ്പെടുത്തുന്ന മരുന്നുകള്‍ അനാവശ്യമായി കുറിച്ചുനല്‍കി മനുഷ്യരെ മാറാരോഗികളാക്കാതിരുക്കുവാനുള്ള മനുഷ്യത്വമെങ്കിലും കാണിക്കണം. അടുത്തകാലത്തുവന്ന ഒരുവാര്‍ത്ത ഓര്‍ക്കുന്നു. വിദേശത്തു ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ നാട്ടിലുള്ള പിതാവിന് ഇവിടുത്തെ ഡോക്ടര്‍ കുറിച്ച കുറെമരുന്നുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം അനാവശ്യമായതും ദോഷകരവുമായിരുന്നു എന്ന് മനസ്സിലാക്കിയ മകന്‍ നാട്ടിലെഡോക്ടര്‍ക്കെതിരെ കേസുകൊടുക്കുമെന്ന് മുന്നറിയിപ്പുനല്‍കിയത്രെ. ഒരാഴ്ചകഴിച്ചാല്‍ പോലും ആന്തിരികാവയവങ്ങള്‍ക്ക് കേടു സംഭവിക്കാവുന്ന മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുവാനാണത്രെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ആതുരസേവനം തപസ്യയാക്കണമെന്നൊന്നും ലക്ഷങ്ങള്‍മുടക്കി പഠിച്ചുവരുന്ന ഡോക്ടര്‍മാരോട് പറയുവാനുള്ള അവകാശം നമുക്കില്ലെങ്കിലും കൊല്ലാക്കൊലചെയ്യരുതെന്ന് അപേക്ഷിക്കാമല്ലോ.