ദാനം പാത്രമറിഞ്ഞുമാത്രം

37
0

കൊറോണയുടെ ദുരിത സമയത്ത് എവിടെയോ പോയി ഒളിച്ചിരുന്ന യാചകർ പലരും ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തി ത്തുടങ്ങിയിട്ടുണ്ട്.

യാതൊരു തരത്തിലും സഞ്ചരിക്കാൻ കഴിവില്ലാത്തവർ പോലും എങ്ങനെയാണ് ഇത്ര ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് എന്നത് ദുരൂഹം തന്നെ.. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും യാചകർക്ക് പണം കൊടുക്കരുത് ആഹാരവും വസ്ത്രവും മാത്രമേ കൊടുക്കാവൂ എന്ന് നിയമം ഉണ്ടാക്കിയിരിക്കുന്നു…
ഇനി വായിക്കാം…

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേനകാണുകയും കുട്ടികളെക്കുറിച്ച് നാം ആശങ്കയുള്ളവരാകുകയുംചെയ്യുന്നു. ചെറിയ കുട്ടികളോടുകാണിക്കുന്ന ക്രൂരതകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും, നിരന്തരം അന്യസംസ്ഥാനക്കാരായ നാടോടികള്‍ക്കെതിരായി പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് നിയമംമൂലം ഇവരുടെ സ്വതന്ത്രവിഹാരം നിരോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൊഴിലാളികളെന്നപേരില്‍ ഇവിടെകൂടിയിരിക്കുന്ന പലക്രിമിനലുകളുടേയും ഒത്താശയോടെയാണ് കുട്ടികളെതട്ടിക്കൊണ്ടുപോകല്‍ നടക്കുന്നതെന്നും അതിന് തദ്ദേശവാസികളുടെകൂടി സഹകരണമുണ്ടാകുന്നുവെന്നും പറയപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിരമായ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

അഞ്ചും പത്തും രൂപയില്‍നിന്നും നൂറോ അതിനുമേലെയോ ദാനംചെയ്യാവുന്നതരത്തിലേക്ക് കേരളത്തിലെ ജനങ്ങളുടെ ദാനശീലശേഷി വര്‍ദ്ധിച്ചിരിക്കുന്നതിനാലാകണം ഭിക്ഷതേടി ഇത്രയേറെപ്പേര്‍ ഇവിടെഎത്തിച്ചേരുന്നത്.
യാചകരില്‍പലരും കൊലപാതകികളോ ഭീകരരോ ആണെന്ന് നമുക്കറിയാം. ഇവരെ നിയന്ത്രിക്കുവാന്‍ പല ഉദ്യോഗസ്ഥര്‍ക്കും കഴിയാറില്ല. കാരണം ഇവരെസ്‌പോണ്‍സര്‍ചെയ്തുകൊണ്ടുവരുന്ന മാഫിയകളില്‍നിന്നും വേണ്ടപ്പെട്ടവര്‍പലരും ആയിരങ്ങള്‍ വാങ്ങുന്നുണ്ട് എന്നതുതന്നെ.

പണ്ടൊക്കെ വെള്ളപ്പൊക്കത്തില്‍ വീടും കുടുംബവും ഒലിച്ചുപോയി പ്രളയത്തില്‍ കൃഷിയിടവും കന്നുകാലികളും നഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞുവന്നിരുന്നവരുടെ പിന്‍മുറക്കാര്‍ യാതൊരു കഷ്ടതകളും നമ്മുടെ മുന്നില്‍ നിരത്താറില്ല. വെറുതെ കൈനീട്ടുകയും നമ്മള്‍ കൈനിറെയകൊടുക്കുകയും ചെയ്യുന്നു.

ഈ ദാനശീലത്തിന്റെ വര്‍ദ്ധിച്ച സാമ്പത്തികമാനദണ്ഡം ചിന്തിച്ചാല്‍ ഒരുകാര്യം വ്യക്തമാണ് സമ്പത്ത് കൂടിവരുമ്പോഴും രോഗങ്ങളും കഷ്ടതകളും ഏറിവരുന്നതുമൂലം അതില്‍നിന്നുള്ള മോചനത്തിന് ദാനകര്‍മ്മം ഒരു ഉപാധിയായി പലരും ചിന്തിക്കുന്നു. ദാനംചെയ്യുന്നത് പാത്രമറിഞ്ഞുവേണമെന്നു പറയുന്നതിന്റെ പ്രസക്തി ഇവിടെയാണ്. ആതുരാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും വേണ്ടി ദാനംചെയ്യാമല്ലോ. യാചകരെ സംരക്ഷിക്കുന്നതിനുള്ള ശാന്തിമന്ദിരം പോലുള്ള സ്ഥാപനങ്ങള്‍ കണ്ടുപിടിച്ച് അവിടെയും നമുക്ക് സഹായംനല്‍കാം. ക്രിമിനലുകളും,തട്ടിക്കൊണ്ടുപോകലുംമോഷണവും നടത്തുന്നവരും,നമ്മുടെ തണലില്‍ വളരുവാനുള്ള അവസരം സൃഷ്ടിക്കരുത്.

സഹാനുഭൂതി മനുഷ്യത്വത്തിന്റെ പ്രത്യക്ഷപ്രകടനമാണ്, അതു നമ്മുടെ ഉദ്ധേശ്ശശുദ്ധിക്ക് നിരക്കുന്നതാകണമെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം ദാനംചെയ്യുവാന്‍ ശ്രദ്ധിക്കുക.
നമ്മുടെ പണംകൊണ്ടു തിന്നുകൊഴുക്കുന്ന മാഫിയകള്‍ ചേരിയിലെ കെട്ടുറപ്പില്ലാത്ത കുടിലുകളില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്ന കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കഥകള്‍ അറിയപ്പെടാതെപോകുന്നു. ചേരിനിവാസികളുടെ സഹകരണത്തോടെ നടക്കുന്ന പെണ്‍കുട്ടികളുടെ നാടുകടത്തല്‍ ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പണ്ട് ഈ ഇടപാടുകള്‍ വെറുമൊരു ജീവിതോപാധിയായി നടത്തിയിരുന്ന കുടില്‍വ്യവസായമായിരുന്നെങ്കില്‍ ഇന്നത് ഒരു ഭരണകേന്ദ്രത്തിനും നിയന്ത്രിക്കാനാവാത്ത വലിയ വ്യവസായമായിവളര്‍ന്നിരിക്കുകയാണ്.
പണ്ടൊക്കെ ഭിക്ഷകൊടുത്തില്ലെങ്കില്‍ ഭിക്ഷയ്‌ക്കെത്തുന്നവര്‍ അശ്ലീലം പറയുകയോ ശാപവാക്കുകള്‍ ചൊരിയുകയോ ഒക്കെ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൈനീട്ടി വീട്ടിലെത്തുന്നവര്‍ വെറുംകൈയോടെ പോകേണ്ടിവന്നാലും ഒരുനീരസവും പ്രകടിപ്പിക്കാറില്ല. കാരണം അവര്‍ വീടുംപരിസരവും നിരീക്ഷിക്കുവാന്‍വേണ്ടിവന്നവര്‍ മാത്രമാണ്. നമ്മുടെ കുടുംബാംഗങ്ങളുടെ എല്ലാ നീക്കങ്ങളും വീക്ഷിക്കുന്ന ചാരക്കണ്ണുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. കൃത്യമായി ഇതുമനസ്സിലാക്കുന്നവരാണ് വീടുകുത്തിത്തുറന്ന് വീട്ടിലെ സകല ഉപകരണങ്ങളും ലോറിയില്‍ കയറ്റിക്കൊണ്ടുപോകുവാന്‍വരെ തയ്യാറാകുന്നത്. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും അവയവകച്ചവടവും തമ്മില്‍കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

ഇത് ഒരുവർഷം മുന്നെ കവിമൊഴിയിൽ എഴുതുമ്പോൾ എനിക്കു മനുഷ്യ സ്നേഹമില്ലെന്നു പറഞ്ഞവർ ഇപ്പോൾ എഴുതി മടുക്കുന്നു…ആശങ്കയ്‌ക്കു വകയില്ല ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട് എന്ന ഔദ്യോഗിക പത്രവാർത്ത വരുമ്പോഴും
അതെ പത്രത്തിന്റെ അകത്തെ പേജിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റ, തട്ടിക്കൊണ്ടു പോയതിൻ്റെ നാല് വാർത്തയും ഉണ്ടായിരിക്കും.
മാതാപിതാക്കൾ മാത്രം ഇതിനെഗുരുതരമായി കണ്ടാൽ മതിയോ ?
ഇത്ര വലിയ ഒരു സാമൂഹ്യ പ്രശ്നത്തിനോട് ഉത്തരവാദിത്ത പെട്ടവർ നിസ്സംഗത കാണിക്കുന്നത് പ്രേതിഷേധാർഹമാണ്….