മലയാള സിനിമയുടെ ആകാശദൂതൻ

244
0

അനുസ്മരണ ലേഖനം

ദീപു ആര്‍.എസ് ചടയമംഗലം

മലയാള സാംസ്കാരിക ചരിത്രത്തിൽ സവിശേഷമായ സാന്നിധ്യമായ വളർന്ന നിരവധി എഴുത്തുകാർക്ക് അടിവേരു നൽകിയ മണ്ണാണ് ഏറ്റുമാനൂരിന്റേത്.

1987 ഒക്ടോബർ 20ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പിറന്ന ശ്രീ ഡെന്നിസ് ജോസഫ് മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായിരുന്നു.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള ഭാഷയ്ക്കും,തിരക്കഥാ സാഹിത്യത്തിനും,
സിനിമയ്ക്കും ഏൽപ്പിച്ച ആഘാതം വളരെ ആഴമുള്ളതാണ്.

ഒരു മാസികയുടെ സബ് എഡിറ്ററായി ആരംഭിച്ച എഴുത്ത് ജീവിതം കഥാകൃത്ത് ആയും, തിരക്കഥാകൃത്തായും, സംവിധായകനായുമൊക്കെ വളർന്ന് ഇതിഹാസതുല്യമായി പരിണമിക്കുന്നത് തെല്ലൊരത്ഭുതത്തോടെയാണ് നമ്മൾ മലയാളികൾ വീക്ഷിച്ചു നിന്നിട്ടുള്ളത്.

1985 ൽ ഈറൻ സന്ധ്യ എന്ന ചിത്രത്തിന്റെ കഥാകൃത്തായും ശ്രീ ജോഷിയുടെ സംവിധാനത്തിൽ ശ്രീ മമ്മൂട്ടി, ശ്രീമതി ലിസി,ശ്രീമതി ഉർവശി,ശ്രീമതി സുമലത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിറക്കൂട്ട് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും സിനിമാ എഴുത്താരംഭിച്ച ശ്രീ ഡെന്നിസ് ജോസഫ് 2021 പുറത്തിറങ്ങാനിരിക്കുന്ന ശ്രീ ഒമർ ലുലു സംവിധാനം ചെയ്ത് ബാബു ആന്റണി നായകനായ പവർ സ്റ്റാർ എന്ന ചിത്രം വരെ സ്വതസിദ്ധ വും സ്വതന്ത്രവുമായ ശക്തമായ രചനാരീതി യിലൂടെ മലയാള സിനിമയ്ക്ക് നവീന ദിശാബോധം നൽകുകയും, വമ്പൻ ഹിറ്റുകളിലൂടെ അതിനെ താങ്ങി നിർത്തുകയും ചെയ്തു.

രാജാവിന്റെ മകൻ എന്ന ചലച്ചിത്രത്തിലൂടെ മോഹൻലാൽ എന്ന അതുല്യ നടന്ന പ്രതിഭയെ താര രാജാവിന്റെ സിംഹാസനത്തിലേക്ക് ആനയിച്ച് അഭിഷേകം ചെയ്തു.

സിഡ്നി ഷെൽഡൺ എഴുതിയ റേഞ്ച് ഓഫ് എയ്ഞ്ചൽസ് എന്ന നോവലിന്റെ സമർഥമായ ചലച്ചിത്ര തിരക്കഥ ആവിഷ്കാരമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം ത്തിന്റെ സംവിധാനത്തിൽ പിറന്ന രാജാവിന്റെ മകൻ എന്ന എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റ്.
ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മിൻസ് ഗോമസ് എന്ന കഥാപാത്രം കാലത്തെ അതിജീവിച്ച് ഇന്നും സാമൂഹ്യമാധ്യമങ്ങളുടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

1986 മുതൽ 87 വരെ ഒരു ഡസനിലധികം പരാജയ ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്ന് ഒരു ഘട്ടത്തിൽ സിനിമ തന്നെ ഉപേക്ഷിക്കേണ്ടിവരും എന്ന നിലയിൽ നിന്നിരുന്ന ശ്രീ മമ്മൂട്ടിക്ക് ശ്രീ ജോഷിയുടെ സംവിധാനത്തിൽ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ പിറന്ന ന്യൂഡൽഹി എന്ന മെഗാഹിറ്റ് ചിത്രം നൽകിയത് മറ്റൊരു താരസിംഹാസനമായിരുന്നു. ഇന്നും ഇളകാത്ത മഹാ സിംഹാസനം. ഈ ചിത്രത്തിന്റെ തിരക്കഥയും മറ്റൊരു ഇംഗ്ലീഷ് നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട് താണ് എന്നറിയുമ്പോൾഒരാകസ്മിക കൗതുകം നമ്മലുണരും.

1988 ൽ പുറത്തു വന്ന മനു അങ്കിൾ, 1991ൽ തുടർക്കഥ, 95 ലെ അഗ്രജൻ,അധർവ്വം,
തുടങ്ങിയ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ചിത്രങ്ങളിലൂടെ ഒരു മികച്ച സംവിധായകനാണ് താൻ എന്നും ഡെന്നീസ് ജോസഫ് തെളിയിച്ചു.

ഇതിൽ മമ്മൂട്ടി നായകനായ അധർവ്വത്തിലെ

” പുഴയോരത്തും പൂന്തോണി എത്തീലാ “
എന്ന ഗാനം ഇന്നും ഹിറ്റ്‌ ചാർട്ട്കളിൽ തിളങ്ങുന്നു.

ജോഷി, സിബി മലയിൽ,ശ്രീകുമാരൻ തമ്പി,സംഗീത് ശിവൻ, പ്രിയദർശൻ, ടി എസ് സുരേഷ് ബാബു, ഷാജി കൈലാസ്, പ്രമോദ് പപ്പൻ, ജോസ് തോമസ്, ഒമർ ലുലു തുടങ്ങി നിരവധി ഹിറ്റ് സംവിധായകരുടെ സിനിമകളിൽ ജീവാത്മാവായ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.

കച്ചവടസിനിമയുടെ വക്താവായി ഇരിക്കുമ്പോഴും, ഗീതാഞ്ജലി പോലെ,ആകാശദൂത് പോലെയൊക്കെയുള്ള നിറയെ അഭിനയമുഹൂർത്തങ്ങൾ ഉള്ള, അതീവ വൈകാരിക വിസ്ഫോടനങ്ങൾ നിറഞ്ഞ അനശ്വരമായ തിരക്കഥകൾ സൃഷ്ടിക്കാൻ ശ്രീ ഡെന്നീസ് ജോസഫ് നായി എന്നത് ആരാധനയോടെ എഴുത്തുകാരും സമൂഹവും നോക്കിക്കാണുന്നു.

അദ്ദേഹം സജീവമായിരുന്ന എൺപതുകളിലും തൊണ്ണൂറുകളിലും എക്കാലത്തെയും മികച്ച മലയാള സിനിമകളാണ് ആ തൂലികയിൽ നിന്നും നമുക്ക് ലഭിച്ചത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സ്വതസിദ്ധവും സ്വതന്ത്രവുമായ രചനാശൈലിയിലൂടെ തന്റേതായ മേൽവിലാസം മലയാളസിനിമയിൽ ഉറപ്പിച്ച് പതിറ്റാണ്ടുകൾ അതിനെ താങ്ങി നിർത്തിയ ആ തൂലിക

2021 മെയ് പത്തിന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ച് വിടവാങ്ങിയപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ അഭൗമ സാഹിത്യ സൗന്ദര്യം പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകർന്ന ഭീഷ്മാചാര്യനെയാണ്.

ഈ കനത്ത നഷ്ടം നികത്താൻ മറ്റൊരു പൊൻ സൂര്യൻ ഇനിയും ഇവിടെ ഉദിക്കേണ്ടിയിരിക്കുന്നു.