ദൈവവും ചെകുത്താനും

142
0

ധര്‍മ്മജ് മിത്ര


മനുഷ്യന് വ്യക്തമായ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്ന ഒരു സംജ്ഞയാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നത്. ഞാന്‍ ദൈവമാണ് എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ആരുംതന്നെ മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ ദൈവികത വച്ചുപുലര്‍ത്തി മനുഷ്യരാശിക്കുവേണ്ട ഗുണങ്ങളൊക്കെ ചെയ്തിട്ട് കടന്നുപോയ മഹാന്മാരുണ്ട് നമ്മുടെ മുന്നില്‍. അവരെ ഒരര്‍ത്ഥത്തില്‍ അവതാരപുരുഷന്മാര്‍ എന്ന് നാം വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. അടുത്തതായി അരൂപിയായി നിലനില്‍ ക്കുന്ന ദൈവത്തേക്കുറിച്ചുള്ള വിശ്വാസമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് നമ്മളെങ്ങനെ അറിയാന്‍. ദൈവം ഉണ്ടെന്ന് വന്നാല്‍ അതിനെ ആരാധിക്കുന്നതുകൊണ്ട് ഫലമുണ്ടായേക്കും. അഥവാ ഇല്ലെന്ന് വന്നാലോ ഈ വിശ്വാസംകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനുമില്ല. അതിനാല്‍ നമുക്ക് വിശ്വാസികളാകാം എന്ന് പാസ്‌കല്‍ പറഞ്ഞിരിക്കുന്നു. ഇത് മനുഷ്യന് സ്വീകരിക്കാവുന്ന നല്ലൊരു അഭിപ്രായമാണ്.
ഉപനിഷത്തില്‍ ദൈവത്തേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. അവിടെ ഏതൊരു ദൃശ്യാദൃശ്യ രൂപത്തിനും കാരണമായതിനെ ബ്രഹ്മം എന്ന് കാണുന്നു. അതിനപ്പുറത്ത് യാതൊന്നുമില്ല. എന്നാല്‍ ലാവോ-സേ താവോ എന്നും ഇസ്ലാം അള്ളാ എന്നും ക്രിസ്തുമതം പിതാവ് എന്നും യഹൂദമതം യഹോവ എന്നും അരിസ്റ്റോട്ടില്‍ ദി അണ്‍മൂവ്ഡ് മൂവര്‍(The Unmoved mover) എന്നും ഹെഗല്‍,നാടരാജഗുരു എന്നിവര്‍ അബ്‌സലൂട്ട് എന്നും അദൃശ്യമായ ദൈവീകതയ്ക്ക് നാമകരണം ചെയ്തിരിക്കുന്നു. ലാവോ-സേ താവോ (ദൈവം)യെക്കുറിച്ച് പറയുന്നത് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാവുന്ന താവോ താവോ അല്ല. അതായത് വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാവുന്നതല്ല താവോ എന്നര്‍ത്ഥം. എന്നിരുന്നാലും ചീനത്ത്കാര്‍ താവോയെ വെളിപ്പെടുത്താന്‍ വേണ്ടി നൂറ് കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതുകയുണ്ടായി. എന്നിട്ടും താവോയെ യഥാര്‍ത്ഥ രൂപത്തില്‍ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബുദ്ധനും താവോയെപ്പോലെ ആ ശക്തിയെ നിര്‍ണ്ണയിക്കാന്‍ കഴിയൊതെ ‘നേതി,നേതി’ (അതല്ല അതല്ല) എന്ന് പറഞ്ഞ് പര്യവസാനിപ്പിക്കുകയായിരുന്നു. സത്യത്തെ വാങ്മയമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് അസത്യപങ്കിലമാകുന്നു എന്ന് ശങ്കരാചാര്യരും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ബ്രഹ്മത്തെ സംബന്ധിച്ച് അനേകം ഭാഷ്യങ്ങളെഴുതിയത് എന്തിന് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം ഇങ്ങനെയാണ്:’അല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ അസ ത്യം മറ്റാരെങ്കിലും പറയും’.
തത്വചിന്തകനായ കാന്റിന്റെ ദൈവസങ്കല്‍പം ഇങ്ങനെയാണ്. മനുഷ്യന്റെ അവാച്യവും ഉദാത്തവുമായ ഒരു അമൂര്‍ത്ത സങ്കല്‍പമാണ് ദൈവം. അത് യുക്തിചിന്തയുടെ സംഭാവന ആണെങ്കിലും യുക്തിചിന്തകൊണ്ട് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല. ദൈവം ഉണ്ടെന്ന കാര്യത്തില്‍ കാന്റിന് സംശയമില്ല. അതേസമയം ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്ന പുരോഹിതന്മാരുടെ വാദഗതികളെ കാന്റ് തള്ളിക്കളയുന്നു. ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കലല്ല മതങ്ങള്‍ ചെയ്യേണ്ടതെന്നും നൈതികചിന്തയാണ് മതങ്ങളുടെ കാതലായി ഇരിക്കേണ്ടതെന്നും കാന്റ് പറയുന്നു. ഈ നൈതികതയ്ക്ക് കാറ്റഗറിക്കല്‍ ഇംപെരറ്റീവ് (Categorical imperative) എന്ന് കാന്റ് പറയുന്നു.
ഭാരതീയ കാഴ്ചപ്പാടില്‍ ഒരു വ്യക്തി ദൈവസന്നിധിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ അയാളുടെ ആത്മ ബോധത്തിനനുസരിച്ച് ഒരിടത്ത് ഉറച്ചുപോയവരെ അറിയപ്പെടുന്നതിങ്ങനെയാണ്. ചാമി(മുണ്ഡികന്‍),സാമി(ജഡികന്‍),സ്വാമി,സിദ്ധന്‍,ആചാര്യന്‍,സന്യാസി,മുനി,യതി,ഗുരു,യോഗി,ഋഷി,മഹര്‍ഷി,ദേവര്‍ഷി,ഏകര്‍ഷി എന്നിങ്ങനെ വേര്‍ തിരിച്ച് കാണുന്നു. സത്യാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചവര്‍ അവരവരുടെ അറിവിനനുസരിച്ചുള്ള അവസ്ഥയില്‍ എത്തിച്ചേരുന്നു എന്നല്ലാ തെ സത്യാന്വേഷി യെ ദിവ്യത്വം തേടിവരുന്നതല്ല. ഇത് വ്യക്തിയുടെ അസ്തിത്വത്തിന് ആനുപാതികമായിരിക്കും. വ്യക്തികളിലെ അസ്തിത്വത്തിന്റെ അനന്യതയാണ് വ്യക്തികളെയും അവരുടെ ചിന്തകളെയും വ്യത്യസ്തവും വ്യതിരക്തവുമാക്കുന്നത്. ഒരാളുടെ ചിന്തകളാണ് അയാളുടെ ചരിത്രം.
ദൈവം നിലവിലുണ്ട് എന്ന് പറയുന്നത് അങ്ങേ അറ്റം തെറ്റാണെന്ന് ഓഷോ പറയുന്നു. ഒരു പൂവ് നിലവിലുണ്ടെന്ന് നമ്മള്‍ പറയുന്നു കാരണം അത് നാ ളെ ഇല്ലാതാകും. എന്നാല്‍ ദൈവം എന്നെങ്കിലും ഇല്ലാതാകുമോ അങ്ങ നെ സംഭവിക്കുമെങ്കില്‍ അവന്‍ ദൈവമല്ല. ഒരിക്കല്‍ നിലവിലില്ലാതിരിക്കുന്ന ഒരുവന് ഒരു അ സ്തിത്വമുണ്ടെന്ന് പറയാനാകില്ല. നിങ്ങള്‍ നിലവിലുണ്ടെന്ന് പറയാനാകും കാരണം ഭാവിയില്‍ ഇല്ലാതാകും. എന്നാല്‍ ദൈവം നിലവിലുണ്ടെന്ന് പറയുന്നത് ഭാഷയുടെ പിശകാണ്. കാരണം അവന്‍ എന്നെന്നും നിലവിലുണ്ട്. ദൈവത്തിന് അസ്തിത്വമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം തെറ്റാണ്. അത് പറയുവാനുള്ള ശരിയായ രീതി ഇതാണ് ദൈവം അസ്തിത്വമാകുന്നു.
ദൈവത്തോടൊപ്പം എപ്പോഴും കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു അമൂര്‍ത്ത രൂപത്തിന്റെ സങ്കല്‍പമാണ് പിശാചിന്റേത്. പിശാച് തിന്മയെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് അതിന്റെ ദൂഷ്യവശം. ചെകുത്താനെ ഉദ്ഗ്രഥിക്കാതെ ലോകത്തിന് മോചനമില്ല,മനുഷ്യന് രക്ഷയുമില്ലെന്ന് സി.ജി.യൂങ് അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം ചെകുത്താനെ ഉദ്ഗ്രഥിക്കാന്‍ ഉള്ള ഒരു വഴി പറഞ്ഞുതരുന്നുണ്ട്. അത് ചെകുത്താനെ സാംശീകരിക്കുക എന്നതാണ്. സങ്കീര്‍ണമായ ബിംബരൂപീകരണ പ്രക്രിയയിലൂടെ അത് സാധിക്കാവുന്നതാണ്. മനുഷ്യവ്യക്തിത്വ രൂപീകരണത്തിന്റെ മനഃശാസ്ത്ര പ്രക്രിയയോട് ഏതാണ്ട് തുല്യമാണിത്.
പിശാചുക്കളെയും ചെകുത്താനെയും അറിയാതെയും അവരുമായി നിരന്തരം സമരം നടത്താതെയും മാന്യവും മഹത്വപൂര്‍ണ്ണവുമായ ഒരു ജീവിതമില്ലെന്ന് ഹെര്‍മന്‍ ഹെസ്സെ യും അഭിപ്രായപ്പെട്ടിരിക്കുന്നു. ചെകുത്താനെക്കുറിച്ചുള്ള ഈ രണ്ട് അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത് ചെകുത്താന് സ്വതന്ത്രമായ അസ്തിത്വം ഉണ്ട് എന്നുള്ളതാണ്.
ദൈവത്തെയും ചെകുത്താനെയും കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ഇങ്ങനെയാണ്: ദ്വൈത മതങ്ങളെ സംബന്ധിച്ച് ഒ ന്നാമത്തെ വിഷ മം നീതിമാനും കാരുണികനും അനന്തകല്യാണനിധിയുമായ ഈശ്വരന്റെ ഭരണത്തില്‍ എങ്ങ നെ ഈ ലോകത്തില്‍ ഇത്രയേ റെ ദുഃഖങ്ങളും ദോഷങ്ങളും ഉണ്ടാ കും? ഇതി ന് സമാധാനമായി ഹിന്ദുക്കള്‍ ഒരു ചെകുത്താ നെ സൃഷ്ടിച്ചിട്ടില്ല.. കുറ്റം മനുഷ്യന്റേത് തന്നെയെന്നാണ് ഹിന്ദുക്കളില്‍ എല്ലാ ശാഖക്കാരും ഒരുപോലെ തീരുമാനിച്ചത്. അങ്ങനെ തീരുമാനിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. എന്തുകൊണ്ട്? ജീവന്മാരെ ശൂന്യത്തില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് അവര്‍ വിശ്വസിക്കുന്നില്ല. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയുമെന്ന് ഈ ജന്മത്തില്‍ തന്നെ നാം കാണുന്നു. നാളത്തെ ദിവസത്തെ രൂപപ്പെടുത്തുകയാണ് നാം ഇന്ന് ചെയ്യുന്നത്. നാളത്തെ ഫലത്തിന് ഇന്ന് നാം ഒരുക്കം കൂട്ടുന്നു. മറ്റന്നാളത്തേതിന് നാളെയും ഇങ്ങനെ പോകുന്നു. അതില്‍ യുക്തിഭംഗമില്ല. മേലിലുള്ളത് നമ്മുടെ കര്‍മ്മത്താല്‍ നാം വരുത്തുകയാണെങ്കില്‍ ആ നിയമം കഴിഞ്ഞകാലത്തേക്കും ചേരില്ലേ? ആദ്യന്തമില്ലാത്ത ഒരു ചങ്ങലയില്‍ കുറെ കണ്ണികള്‍ ഇടവിട്ടിടവിട്ട് ചേര്‍ന്നുകാണുന്നു. അതില്‍ കുറെ നീളമെടുത്ത് അതിന്റെ ക്രമം മനസ്സിലാക്കിയാല്‍ പ്രകൃതി സര്‍വ്വസ്വമാണെങ്കില്‍ മുഴുവന്‍ ശൃംഖലയുടെയും കാര്യം അറിവായി. ഈ സ്വല്പമായ ജീവിതത്തിനുള്ളില്‍ നമ്മുടെ ഭാവി നാം നിര്‍മ്മിക്കുന്നു എന്നത് വാസ്തവമാണെങ്കില്‍ കാരണമില്ലാതെ കാര്യമില്ലെന്നുള്ളതും വാസ്തവമാണെങ്കില്‍ നമ്മുടെ ഇന്നത്തെ അനുഭവം നമ്മുടെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെന്നുള്ളതും വാസ്തവം തന്നെ. അതുകൊണ്ട് മനുഷ്യഗതിക്ക് മനുഷ്യനല്ലാതെ മറ്റാരുമല്ല ഉത്തരവാദി. ലോകത്തിലെ ദുഖങ്ങള്‍ക്ക് നാം തന്നെ കാരണം. ഇതെല്ലാം നാം വരുത്തിക്കൂട്ടുന്നതാണ്. ദുഷ്‌കര്‍മ്മത്തിന് ദുഃഖം ഫലമെന്ന് നാം കണ്ടുവരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ദുഃഖങ്ങള്‍ക്ക് പൂര്‍വ്വദുഷ്‌കര്‍മ്മം കാരണമാണെന്നും കാണാം. അതുകൊണ്ട് ഉത്തരവാദിത്വം മനുഷ്യന് മാത്രം, ഈശ്വരന്റെ കുറ്റമല്ല. സന്തത കൃപാനിധിയായ ജഗത്പിതാവ് കുറ്റക്കാരനല്ലതന്നെ. ”നാം വിതച്ചത് നാം കൊയ്യുന്നു”