കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 13

412
0

ആകാശത്ത് വടക്കേ ച്ചെരുവില്‍ മങ്ങിയ സപ്തര്‍ഷികളും അരുന്ധതിയും ഒരു കറുത്ത കാറ്റ് അരയാലിനു ചുറ്റും പറന്നിട്ട് അരയാലില്‍ ചേക്കേറാനൊരിടം കിട്ടാതെ വന്ന വഴിയെ പോയി.

2015 ഏപ്രില്‍ 15

രാത്രി ഞാന്‍, ജോണ്‍ സാമുവേലും നീ, സുനിതാ സാമുവേലും നാടു വിടുകയാണ്.എനിക്ക് നീയും നിനക്കു ഞാനും മാത്രമാകാന്‍. രക്ഷകന്റെ പള്ളിയുടെ ചാരെയുള്ള നടപ്പാത വന്നു ചേരുന്ന ടാറിട്ട റോഡില്‍ രാത്രി 11 മണിക്ക് കാത്തു നില്‍ക്കുക. ഞാനെത്തും. പറഞ്ഞുറപ്പിച്ചതാണെങ്കിലും ആദ്യമാദ്യം സംശയങ്ങളൊന്നുമില്ലാതിരുന്നെങ്കിലും നേരം വെളുത്തപ്പോള്‍ മുതല്‍ എന്തെന്നില്ലാത്തൊരു മ്ലാനതയും മൗഢ്യവും ഒരുന്മേഷമില്ലായ്മയും അവളറിഞ്ഞിരുന്നു.
വരാതിരിക്കുമോ…
”എന്നിലെ എന്നെ നീ തടവിലാക്കി. എല്ലാം സ്വന്തമാക്കി” ഇടയ്ക്കിടെ അതവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മനസ്സു പറഞ്ഞത് ”ഒരുങ്ങാം, ഒരുങ്ങുക” എന്നായിരുന്നു. ഒന്നും വേണ്ട നീ മാത്രം മതി. ഒരു രാജകുമാരിയെപ്പോലെ അല്ലെങ്കില്‍ അതിനും മേലെയായി ഞാന്‍ നോക്കിക്കൊള്ളാം.
ഇതു വാക്കാണ്. ജോണ്‍ സാമുവേലിന്റെ വാക്കാണ്. വാക്ക് മാറില്ല.
മുത്തിയമ്മയുടെ ഒരു ഫോട്ടോ മാത്രം കൊണ്ടുപോയാലോ എന്നവള്‍ ആഗ്രഹിച്ചു. പിന്നെ അതും വേണ്ട എന്നു വച്ചു. ഓര്‍മ്മകളൊന്നുമില്ലാത്ത പുതു ജീവിതം. അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതു പോലെയാകട്ടെ. അടുക്കളയുടെ പുറത്തുള്ള വാതില്‍പ്പടിയില്‍ എന്തൊക്കെയോ ആലോചിച്ചു നില്‍ക്കുമ്പോഴാണ് മുത്തിയമ്മയുടെ മൂന്നാമത്തേതും ഇഷ്ടക്കേടുള്ളതുമായ വിളി അവള്‍ കേട്ടത്
”എന്തോ” എന്നു വിളികേട്ട് അവളവിടെ എത്തുമ്പോള്‍ മുത്തിയമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ചുന്‌തേ… അവള്‍ ഒന്നും മിണ്ടിയില്ല. എത്ത്‌റ വ്‌ളി വ്‌ളിക്കണം. ആരെ ഓറുത്ത് നിക്കാരുന്നു. ചീതപ്പെണ്ണിന്റെ വഴി…..എന്നു മാത്രം പറഞ്ഞ് ”ങാ…” എന്നൊന്നു മൂളിയിരുത്തി ലക്ഷ്മിയമ്മ വിരാമമിട്ടു.
കുളിച്ച് രാവ്‌ലെ അമ്പ്‌ലത്തിപ്പോ. ഒരു പുഷ്പാഞ്ജലി നട്ത്തണം. ഒരു നാഗപൂജയും ചെയ്ക്കണം. ഈ ദെവ്‌സം….. എന്നു പറഞ്ഞിട്ട് ലക്ഷ്മിയമ്മ പെട്ടെന്നു നിര്‍ത്തി.
അമ്പലത്തില്‍ പോയി പുഷ്പാഞ്ജലിയും നാഗപൂജയും നടത്തുമ്പോള്‍ അവിടെയുള്ള ദൈവങ്ങളോടെല്ലാം അവള്‍ യാത്ര പറഞ്ഞു.സുനിത പോകുകയാണ്. ഇനി വരില്ല. ഒത്തിരി പ്രാവശ്യം വന്ന് ഒത്തിരി കാര്യം ചോദിച്ചില്ലേ. ഒന്നും ചെയ്തുതന്നില്ലല്ലോ.ഈ പുഷ്പാഞ്ജലിയും നാഗപൂജയും എനിക്കല്ല. മുത്തിയമ്മയ്ക്കാണ്. എനിക്ക് നിങ്ങളുടെ ഔദാര്യം വേണ്ട.
സന്ധ്യക്ക് മുത്തിയമ്മയോടൊപ്പം അത്താഴം കഴിക്കാനിരിക്കുമ്പോള്‍ അവള്‍ക്കു സങ്കടമായിരുന്നു. പാവം മുത്തിയമ്മ.
എല്ലാവരും തനിച്ചാക്കിപ്പോയി. അവസാനമായി ഈ ഞാനും. പെട്ടെന്നവള്‍ ഓടിച്ചെന്ന് മുത്തിയമ്മയെ ഉമ്മവച്ചിട്ട,് ഒരുരുളച്ചോറ് മുത്തിയമ്മയുടെ വായില്‍ വച്ചു.
എന്താ ചുന്‌തെയ്ത്. അങ്ങനെ തോന്നി എന്നു മാത്രമവള്‍ പറഞ്ഞു. അവള്‍ കിടക്കാനായി പാ വിരിക്കുമ്പോള്‍ മുത്തിയമ്മ പറഞ്ഞു. ചുന്‌തേ, ഈ ലാത്തിരി മുത്ത്യമ്മേടെ കൂടെ കെട്ന്നാ മതി. അതെന്താ മുത്തിയമ്മേ… ഈ ലാത്തിരി മുത്ത്യമ്മേടെ കൂടെ കെടന്നാ മതി. എന്നു പറഞ്ഞ് ലക്ഷ്മിയമ്മ നിര്‍ത്തി.അതെന്താണെന്ന് പിന്നെ അവളും ചോദിച്ചില്ല.
മുത്തിയമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍, ജോണ്‍ സാമുവേല്‍ സമ്മാനിച്ച, ഇരുളില്‍ തെളിയുന്ന വാച്ച്, അവള്‍ കൈയ്യില്‍ കെട്ടിയിരുന്നു. എന്തൊക്കെയോ പിറുപിറത്തുകൊണ്ട് ലക്ഷ്മിയമ്മ ഉറക്കത്തിന്റെ താഴ്‌വരയിലേക്കിറങ്ങിയപ്പോള്‍ അവള്‍ സമയം നോക്കി 10 മണി. മെല്ലെ അവള്‍ മുത്തിയമ്മയെ ചുറ്റിയിരുന്ന കൈ ഉയര്‍ത്തി,. ഉറപ്പാക്കി മുത്തിയമ്മ ഉറക്കത്തിലാണ്. പിന്നെ ഒന്നു തിരിഞ്ഞുകിടന്ന് ഉറപ്പിച്ചു. ”മുത്തിയമ്മ നല്ല ഉറക്കത്തിലാണ്”. തറയിലെ ഒരു മണല്‍ത്തരി പോലുമറിയാതെ അവള്‍ മെല്ലെ എഴുന്നേറ്റ്, തറയില്‍ കുത്തിയിരുന്നു. മുത്തിയമ്മ ഉറക്കത്തില്‍ തന്നെയാണോ. ആണെന്ന് ഉറപ്പാക്കിയ നിമിഷം അവള്‍ എഴുന്നേറ്റ്, പാദസരങ്ങള്‍ ഊരിമാറ്റി വച്ചിരുന്ന പാദങ്ങള്‍ നിലത്തൂന്നി, പതിയെ ഓലവാതിലിനടുത്തെത്തി, വാതില്‍ മെല്ലെ മാറ്റി, കാത്തു നിന്നു. മുത്തിയമ്മയില്‍ നിന്നും പ്രതികരണം ഒന്നുമില്ലെന്ന കണ്ട, അവള്‍ പുറത്തിറങ്ങി, ഓലവാതില്‍ ചാരി വാതിലടച്ചു.
പിന്നെ നടപ്പ് വളരെ വേഗത്തിലായിരുന്നു. അള്ളാപ്പാറയുടെ നെറുകയില്‍ നിന്നിറങ്ങി, രക്ഷകന്റെ പള്ളിയുടെ ചാരെയുള്ള നടവഴിയിലൂടെ ടാര്‍ റോഡിലേക്കെത്തുമ്പോള്‍ സമയം 10.45. ചുറ്റും ഒരാശ്വസത്തോടെ അവള്‍ നോക്കി. ഒന്നും കാണാനില്ല. എങ്ങും കട്ടപിടിച്ച ഇരുട്ട്. ഈ ഇരുളില്‍ ഇവിടെയെങ്ങനെയെത്തി എന്നത് അവള്‍ക്കുപോലും ഒരത്ഭുതമായിരുന്നു. ”ഓ 11 മണി വരെ ഇനി കാത്തു നില്‍ക്കണം…”
കാലുകളില്‍ ഒരു നേരിയ വിറയലും, ശരീരമാകെ ഒരു പനിച്ചൂടും ഉള്ളതുപോലെ അവള്‍ക്കു തോന്നി. രാത്രി, അപ്പോഴവള്‍ക്ക് ശാന്തമായിരുന്നു. ഒച്ചയില്ല, ഒലിയില്ല, അനക്കമില്ല. പെട്ടെന്നൊരു പക്ഷി അവളുടെ തലയ്ക്കു മുകളിലൂടെ വല്ലാത്തൊരു ശബ്ദത്തില്‍ ചിലച്ചുകൊണ്ടു പറന്നു പോയി. അവള്‍ക്കു വല്ലാത്ത പേടി തോന്നി. അപ്പോള്‍ സമയം 11.30 ആയിരുന്നു. വഴി വിജനവും ഇരുള്‍ വന്യവും മനം വ്യഥിതവുമാണെന്നവള്‍ അറിഞ്ഞു. ചിന്തകളുടെ സ്വഭാവം മാറുന്നതവള്‍ അറിഞ്ഞു.
എല്ലാം കവര്‍ന്നെടുത്തിട്ട്….ഞാന്‍ ചതിക്കപ്പെടുകയാണോ….ഞാന്‍ ഉപേക്ഷിക്കപ്പെടുകയാണോ…എന്റെ വാക്കു വാങ്ങിയിട്ട് വാക്കു മാറുകയാണോ…മുമ്പേ പറന്ന പക്ഷി വീണ്ടും ഒരു വികൃത ശബ്ദം പുറപ്പെടുവിച്ച് തലയ്ക്കു മുകളിലൂടെ പറന്നപ്പോള്‍ ഭയന്നു പോയ അവള്‍ മെല്ലെ മുന്നോട്ടു നടക്കാന്‍ തുടങ്ങി. വരുമെങ്കില്‍ ഈ വഴിയെ വരുകയുള്ളു. വഴിയില്‍ വച്ച്…. അതവള്‍ക്കൊരു പ്രത്യാശയായിരുന്നു.
സുനിതയ്ക്ക് മുന്നോട്ടു പോകണം. തീര്‍ച്ചയായും പോകണം. മുന്നിലുള്ളത് മരണമോ…. ജീവിതമോ എന്തു തന്നെയായാലും സുനിതയ്ക്ക് പോകണം. അവള്‍ നടന്നെത്തിയത് അരയാലിന്റെ ചുവട്ടിലായിരുന്നു. അവള്‍ വഴിയിലേക്കു നോക്കി. സമയം 11.45 ഇനി നടന്നാല്‍ പത്തു മിനുറ്റുകൊണ്ട് വാഴക്കുളം മൂവാറ്റുപുഴ റോഡിലെത്തും. അതപകടമാണ്. മുന്നോട്ടുള്ള യാത്ര ഒഴിവാക്കി, അവള്‍ അരയാലിന്റെ പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്നു. സമയം 11.50. അവള്‍ വിളിച്ചു:
ജോണ്‍ സാമുവേല്‍, ഇതാ ഞാന്‍. നിന്റെ സ്വന്തം.
കാലിലൂടെ ഒരു തണുപ്പ് മുകളിലേക്കു കയറുന്നതവള്‍ അറിഞ്ഞു. ഇഴഞ്ഞിഴഞ്ഞു കയറുന്ന തണുപ്പ്. അപ്പോള്‍ അവള്‍ ജോണ്‍ സാമുവേലിനെ ഓര്‍ത്തു. ”ആരും കാണാത്ത, ആരും കാണരുതാത്ത നിന്റെ മനോഹമായ ഈ തുടയില്‍ ഒരു മുറിവ് എന്റെ ഓര്‍മയ്ക്കായി ഞാന്‍ നല്‍കട്ടെ. എന്റെ അടയാളം. നിത്യ അഭിജ്ഞാനം. ഇഴഞ്ഞിഴഞ്ഞ് തണുപ്പ് അവിടോളമെത്തിയപ്പോള്‍ അവള്‍ പുളകിതയായി. പെട്ടെന്ന് രണ്ടു പല്ലുകള്‍ ആഴ്ന്നിറങ്ങി. അവിടെ നിന്ന് ചോര ചെറുതായി പൊടിയാന്‍ തുടങ്ങി. പിന്നെ അവളിലേക്കിഴഞ്ഞു കയറിയ തണുപ്പ് അവളുടെ സ്‌ത്രൈണതയോളമെത്തി തല ഉയര്‍ത്തി.
അവള്‍ ചെവിയോര്‍ത്തു. ശബ്ദങ്ങളെല്ലാം നിലച്ച ഒരു വിശുദ്ധ നിശബ്ദതയില്‍, ഒറ്റ സീല്‍ക്കാരത്തില്‍ അവളുടെ സ്‌ത്രൈണതയില്‍ അത് ആഞ്ഞു കൊത്തിയപ്പോള്‍ അവള്‍ വിളിച്ചു ”ജോണ്‍…”
അരയാലിന്റെ പൊട്ടിയ തറയിലേക്കവള്‍ തളര്‍ന്നു വീഴുമ്പോള്‍, ഒരു തണുത്ത തലം അവിടെയുണ്ടായിരുന്നു. അരക്കെട്ടൊതുങ്ങി സ്‌നിഗ്ദമായ വയറിന്റെ നടുവിലെ പൊക്കിള്‍ച്ചുഴിയില്‍ പിളര്‍ന്ന നാവുകള്‍ ഇക്കിളി കൂട്ടുമ്പോള്‍ അവള്‍ ജോണിനെ ഓര്‍ത്തു. ഓര്‍മ്മയില്‍ സൂക്ഷിച്ചു വച്ചൊരു ആദ്യാനുഭവത്തേയും.
ചുരുട്ടിക്കൂട്ടിയ ശരീരത്തില്‍ നിന്നും സ്വതന്ത്രമായിരുന്ന തലയുടെ നീളം ചുണ്ടുകളോളമെയുണ്ടായിരുന്നുള്ളു. തണുക്കാന്‍ തുടങ്ങിയ മാറിലെ ധാരാളിമയില്‍ തെല്ലുനേരം തലചേര്‍ത്തു വച്ച് നാവുകൊണ്ടുഴിഞ്ഞിട്ട്, മുകളിലേക്കു തലയുയര്‍ത്തി ചുണ്ടുകളോളമെത്തി, കീഴ്ച്ചുണ്ടിന്റെയുള്ളില്‍ ജോണ്‍ സമ്മാനിച്ച മുദ്രയിലേക്ക് തലതാഴ്ത്തി ആഞ്ഞുകൊത്തി. പിന്നെ സ്വസ്ഥനായി, അവന്‍ അവളുടെ മേല്‍ ശയിച്ചു.
തണുക്കാന്‍ തുടങ്ങിയ അവളുടെ ശരീരത്തിനൊപ്പം വിടര്‍ത്തി, ആവൃതിയിലാക്കിയ ഫണം അവളുടെ ശിരസ്സിനു മേലെ വിരിച്ചു വച്ച്, അവളെ ഒരു അനന്തശയനത്തിലാക്കി, അവനും തണുത്തുകൊണ്ടിരുന്നു. തണുത്ത്, മരച്ച്, മരവിച്ച്….
അരയാല്‍ ചോദിച്ചു : ജോണ്‍ സാമുവേല്‍ വന്നില്ല, അല്ലേ.
കാറ്റ് : വന്നോ എന്നു ചോദിച്ചാല്‍ വന്നില്ല. വന്നില്ലേ എന്നു ചോദിച്ചാല്‍ വന്നു.
അരയാല്‍ : എനിക്കു മനസ്സിലായില്ല.
കാറ്റ് : എല്ലാത്തിനും ഒരു കാലവും സമയവുമുണ്ട്.
അരയാല്‍ : എന്നാലും ജോണ്‍ സാമുവേല്‍ ചെയ്തത്… ചതിയായിപ്പോയി
കാറ്റ് : ചതിയല്ല. ചതിക്കപ്പെട്ടതാണ്.
അരയാല്‍ : മനസ്സിലായില്ല.
കാറ്റ് : ദാ കേട്ടോളൂ
ആലോചന സഭയില്‍ അവര്‍ മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാമറിയുന്ന സൂസന്നയും റീത്തയും റീത്തയുടെ സഹോദരനും. എനിക്കിതിലൊന്നും വിശ്വാസമില്ലെന്നു പറഞ്ഞ റീത്തയുടെ സഹോദരനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ക്കാ രഹസ്യം പറയേണ്ടി വന്നു. അങ്ങനെ ആ എഴുത്തിനെപ്പറ്റി അറിയാവുന്ന മൂന്നാമത്തെ ആള്, റീത്തയുടെ സഹോദരനായി. സൂസന്ന തുടര്‍ന്നു: ഞാന്‍ പറഞ്ഞിട്ടാണ് റീത്ത, ജോണ്‍ സാമുവേലിനെ ക്‌ളോസായി വാച്ചു ചെയ്യാന്‍ തുടങ്ങിയത്. അതു കൊണ്ടെത്തിച്ചത് ഒരു കത്തിലും.
2015 ഏപ്രില്‍ 15
രാത്രി ഞാന്‍, ജോണ്‍ സാമുവേലും നീ, സുനിതാ സാമുവേലും നാടുവിടുകയാണ്. എനിക്കു നീയും നിനക്കു ഞാനും മാത്രമാകാന്‍. രക്ഷകന്റെ പള്ളിയുടെ ചാരെയുള്ള നടപ്പാത ചെന്നു ചേരുന്ന ടാറിട്ട റോഡില്‍ രാത്രി 11 മണിക്ക് കാത്തു നില്‍ക്കുക. ഞാനെത്തും.
കാര്യങ്ങളുടെ ഗൗരവംമനസ്സിലാക്കിയ റീത്തയുടെ സഹോദരന്‍പറഞ്ഞു :എങ്ങനെ വായിച്ചു, എന്തിനു വായിച്ചു, എപ്പോള്‍ വായിച്ചു എന്നൊന്നും പ്രസക്തമല്ല. 2015 ഏപ്രില്‍ 15…. ദിനരാത്രങ്ങള്‍ ജോണ്‍ സാമുവേല്‍ നമ്മുടെ കൈയ്യില്‍ നിന്നും പുറത്തു പോകരുത്.
പിന്നെ സൂസന്നയാണു പറഞ്ഞത് റീത്താ… നിന്റെ സകല കഴിവുകളും എടുക്കേണ്ട ദിവസമാണിന്ന്. മറ്റൊരാദ്യ രാത്രി പോലെ….. എന്തിനും ഏതിനും തയ്യാറായി വണ്ടിയുമായി ഞങ്ങള്‍ റോഡിലുണ്ടാകും.
”അവരുടെ പദ്ധതി നടപ്പായോ” അരയാല്‍ ചോദിച്ചു. പൂര്‍ണമായും കാറ്റു പറഞ്ഞു. പിന്നെ കാറ്റു തുടര്‍ന്നു. ഒരു സ്‌മോള്‍ നിര്‍ബന്ധിച്ചു കഴിപ്പിക്കാന്‍ റീത്തയുടെ സഹോദരന് ഒത്തിരി പാടുപെടേണ്ടി വന്നു. പക്ഷേ, പിന്നെ ജോണ്‍ സാമുവേല്‍ ചോദിച്ചു വാങ്ങുകയായിരുന്നു. രണ്ട്, മൂന്ന്, നാല്.. ആടിയുലഞ്ഞ് റീത്തയുടെ തോളില്‍ച്ചാരി കിടപ്പറയിലേക്ക് ജോണ്‍ സാമുവേല്‍ പോകുമ്പോള്‍ റീത്തയുടെ ആങ്ങള പറഞ്ഞു. ”ഇനിയൊന്നും പേടിക്കാനില്ല” രണ്ടുപേരും ചിരിച്ചു മുറിക്കകത്തു കയറി പുറത്തു നിന്നും അകത്തു നിന്നും വാതില്‍ പൂട്ടി.
റീത്തയില്‍ ഒരു ആദ്യ രാത്രി പൂത്തുലയുകയായിരുന്നു. സ്വയം നഗ്നയായി ജോണിന്റെ മുന്നിലിരിക്കുമ്പോള്‍ അവള്‍ക്കൊരു സംശയമുണ്ടായിരുന്നു. ഒരു സ്‌മോളുപോലും കഴിച്ച ഭാവമില്ലല്ലോ. അതോര്‍ത്തപ്പോള്‍ ഇത്തിരി പരിഭ്രമവും. അവള്‍ വിളിച്ചു, ”ജോണ്‍… പിന്നെ ഭിത്തിയിലെ ക്‌ളോക്കിലേക്കവള്‍ നോക്കി. 10.30 ഈ രാത്രി ഒന്നു കഴിഞ്ഞു കിട്ടിയാല്‍…. തടിച്ചുരുണ്ട മാറ് ജോണിന്റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് അവള്‍ പിന്നെയും വിളിച്ചു: ജോണ്‍… മെല്ലെ അവളുടെ മുഖം അവന്റെ ചുണ്ടുകള്‍ക്കു മേലെ കൊണ്ടു വന്നു ആദ്യ ചുംബനം പോലെ അവള്‍ അവനെ ആഴമായി ചുംബിച്ചു. പതുക്കെ വലതു കൈ കൊണ്ട് അവനെ വിവസ്ത്രനാക്കുമ്പോള്‍, അവള്‍ പേടിയോടെ ക്‌ളോക്കില്‍ നോക്കുന്നുണ്ടായിരുന്നു. 11.40. അവന്റെ നഗ്നമേനിയില്‍ കമിഴ്ന്നു കിടന്നിട്ട,് അവള്‍ അവന്റെ ചെവിയില്‍ കടിച്ചിട്ടു വിളിച്ചു
ജോണ്‍….അവന്‍ മെല്ലെ കൈകള്‍ അവളുടെ നഗ്നമേനിയില്‍ എടുത്തു വച്ചു. അപ്പോള്‍ അവള്‍ക്കു വല്ലാത്ത ആശ്വാസമായി. ജോണ്‍ പ്രതികരിക്കുന്നുണ്ട്. സഹകരിക്കുന്നുണ്ട്. കൈകള്‍ കിടക്കയില്‍ കുത്തി അവന്റെ നഗ്നതയിലേക്ക് അവളുടെ നഗ്നത ചേര്‍ത്തമര്‍ത്തി അവള്‍ അവന്റെ കവിളുകളില്‍ ഉമ്മവച്ചു. പിന്നെ മെല്ലെ ഊര്‍ന്ന് കിടക്കയില്‍ കിടന്നിട്ട് ജോണിന്റെ പ്രതികരണമറിയാന്‍ കാത്തു കിടന്നു.
സമയം 11.45 ജോണ്‍ പതിയെ അവളുടെ നഗ്നമേനിയില്‍ വിരലോടിച്ചു. ഒന്നു പുളകിതയായി അവള്‍ ക്‌ളോക്കിലേക്കു നോക്കി 11.50. ഓ ഇനി പത്തു മിനിറ്റു കൂടിയെ ഉള്ളു. ഒരാശ്വസത്തിന്റെ നിശ്വാസം അവളില്‍ നിന്നുയര്‍ന്നു. ജോണ്‍ സാമുവേലിന്റെ ശരീരത്തില്‍ ഉറങ്ങിക്കിടന്നിരുന്ന കോടാനുകോടി ജീവാണുക്കള്‍ ഉണര്‍ന്ന് ഊര്‍ജ്ജമായി ഒഴുകി. ശരീരമാകെ ചൂടിലുണര്‍ന്നു പുളഞ്ഞു, അവന്‍ ഉണര്‍ന്ന് ഇഴയാന്‍ തുടങ്ങി. അവളുടെ പാദത്തില്‍ മുഖം ചേര്‍ത്തിട്ടു, മുകളിലേക്കിഴഞ്ഞു.ആ മുറിവെവിടെ. ഏതു മുറിവ്
ആരും കാണാത്ത, ആരും കാണരുതാത്ത നിന്റെ മനോഹരമായ ഈ തുടയില്‍ ഒരു മുറിവ് ഞാന്‍ എന്റെ ഓര്‍മ്മയ്ക്കായി നല്‍കട്ടെയെന്നു പറഞ്ഞു സമ്മാനിച്ച ആ മുറിവ്. ഒരു മറുപടി ഉണ്ടാകുന്നതിനു മുന്‍പേ അവന്‍ അവളുടെ തുടയില്‍ പല്ലുകള്‍ ചേര്‍ത്തമര്‍ത്തി.
ഓ… എന്നു പറഞ്ഞ് റീത്ത വേദനിച്ചെങ്കിലും ഒച്ച പുറത്തു വിടാതെ ഉള്ളിലൊതുക്കിപ്പറഞ്ഞു ”എന്തുവേണമെങ്കിലുമായിക്കോട്ടെ,” ഒരു പത്തു മിനിറ്റു കഴിഞ്ഞുകിട്ടാന്‍…. അവള്‍ പതിയെ തപ്പിനോക്കി. അവിടെ നിന്നും ചോരപൊടിയുന്ന നനവവള്‍ വേദനയിലറിഞ്ഞു. അവളുടെ സ്‌ത്രൈണതയില്‍ മുഖം ചേര്‍ത്തിട്ടവന്‍ പറഞ്ഞു. ”ഞാനൊന്നു മുഖം ചേര്‍ക്കയാണിവിടെ. ഞാനറിഞ്ഞ കന്നി മണ്ണിന്റെ ഗന്ധം.
പിന്നെ അവന്‍ മുഖമുയര്‍ത്തി ആ സ്‌ത്രൈണതയിലേക്ക് പല്ലുകളാഴ്ത്തിയപ്പോള്‍ വേദനിച്ച് റീത്ത വിളിച്ചു.ജോണ്‍..
നിറഞ്ഞമാറിലെ ദൃഢതയില്‍ തല ചേര്‍ത്തു വച്ച് ഇത്തിരി നേരം കിടന്നിട്ട് തല വളരെ വിഷമിച്ച് ചുണ്ടുകളോളമെത്തിച്ചിട്ട് കീഴ്ച്ചുണ്ടില്‍ എന്തോ പരതാന്‍ തുടങ്ങി. പിന്നെ ചുണ്ടിന്റെ ഉള്‍ഭാഗത്ത് അടിയിലായി പല്ലുകളാഴ്ത്തി അവളുടെ മേല്‍ ചാഞ്ഞു നിന്ന് അവളുടെ സമതലങ്ങൡലേക്ക് ചാലു കീറി.
ഒരു മയക്കത്തിലേക്ക് താഴുമ്പോഴും റീത്ത ഓര്‍ത്തു: ജീവിതത്തില്‍ ഇത്രയും നാള്‍ ഇങ്ങനെയൊരു രതി നിവൃതി…
ഈ ജോണ്‍ ഇത്രയും നാള്‍ എവിടെയായിരുന്നു.
അവള്‍ 2015 ഏപ്രില്‍ 15 ന് നന്ദി പറഞ്ഞു. അപ്പോള്‍ ഭിത്തിയിലെ ക്‌ളോക്കില്‍ 2015 ഏപ്രില്‍ 16 ന്റെ കിളി ചിലച്ചു. സന്തോഷത്തോടെ ഞെട്ടിയുണര്‍ന്ന അവള്‍ ജോണിന്റെ ശരീരത്തില്‍ തൊട്ടു നോക്കി. ശരീരം തണുക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ കൈ ഉയര്‍ത്തി മെല്ലെ ജോണിന്റെ കൈയെടുത്തു. വാടിത്തളര്‍ന്ന കൈകള്‍. ധൃതിയില്‍ ജോണിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി കിടക്കയില്‍ കിടത്തിയിട്ടവള്‍ ശരീരമാകെ തൊട്ടുനോക്കി തണുപ്പേറിക്കൊണ്ടിരിക്കുന്ന ശരീരം. ഒരു വിധത്തില്‍ തപ്പിതടഞ്ഞ് ഹൃദയത്തിലവള്‍ കൈചേര്‍ത്തു വച്ചു. ഹൃദയമിടിപ്പു നിലച്ചഹൃദയം അകത്തേക്കും പുറത്തേക്കും വായു പ്രവാഹമില്ലാത്ത നാസികകള്‍
അവള്‍ ഉറക്കെ വിളിച്ചു ജോണ്‍…എന്റെ പ്രിയപ്പെട്ട ജോണ്‍…
കാറ്റ് ആരോടും യാത്ര പറഞ്ഞില്ല. കൂടെ കൊണ്ടുപോകാന്‍ ഒന്നുമെടുത്തില്ല. എല്ലാം പരീക്കപ്പീടികയിലിട്ടിട്ട് യാത്രയായി.
മൂവാറ്റുപുഴയാറിലിറങ്ങി കുളിച്ച് ഓര്‍മ്മകള്‍ അവിടെയിറക്കി വച്ച്, മനസ്സും ശരീരവും ശുദ്ധിമാക്കി യാത്രയായി.
യാത്ര…
യാത്രയാണ് സത്യം.
യാത്ര മാത്രമാണ് സത്യം.
യാത്ര മാത്രമാണ് നിത്യ സത്യം.

അവസാനിച്ചു