കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 10

481
0

പുറത്ത് സംഭവങ്ങളുടെ തുടരുകളുടെ കാറ്റ് ഭൂമിക്കുമേല്‍ വീശി. തുടര്‍ച്ചകളുടെ കാറ്റിനാല്‍ അടിച്ചുപരത്തപ്പെടുന്ന ഇലയായി മാറി.

മോളേ, ചുന്‌തേ
എന്താ മുത്തിയമ്മേ
പിന്നെ ഒരു നീണ്ട മൗനമായിരുന്നു. ഉത്തരമോ ചോദ്യമോ ഒന്നും ഇല്ലാതിരുന്നതുകൊണ്ട,് അവള്‍ കരുണാദ്രയായി വിളിച്ചു:
മുത്തിയമ്മേ…..
ഒരു നാഗ്പൂജ ചെയ്യണം
അതിന് പണം.
ഒണ്‍ടാക്കണം. വീടു തെണ്ടി. നാടു തെണ്ടി, ന്റെ ചുന്തയ്ക്കല്ലേ
പിന്നെയും അവരുടെ ഇടയില്‍ മൗനം തിങ്ങി വിങ്ങി. സുനിത, സുനിതയുടെ വഴിയെ പോയി. ലക്ഷ്മിയമ്മയുടെ ഓര്‍മ്മയില്‍ തെളിഞ്ഞത് ഒരു സമ്പല്‍ സമൃദ്ധമായ വീടായിരുന്നു. ഇന്നും അതിന്റെ നേരിയ ഓര്‍മ്മ, കഷ്ടപ്പാടുകള്‍ കൊണ്ട് വലയുമ്പോള്‍, ഒരു കുളിരായി മനസ്സിലുണ്ടായിരുന്നു. എനിക്കും ഒരു നല്ല കാലമുണ്ടായിരുന്നു. കടലാവണക്കിന്റെ തണ്ട് ഒടിച്ച്, ഊതിപ്പറപ്പിച്ച വര്‍ണ്ണക്കുമിളകളില്‍, എന്റെ ബാല്യമുണ്ടായിരുന്നു.
പന്ത്രണ്ടുമാസവും പത്തായം നിറഞ്ഞിരുന്നവീടിന്റെ മുന്നിലെ, തൊടിയുടെ ഒരു വശത്ത് സര്‍പ്പക്കാവും, കാവിനോട് ചേര്‍ന്ന് ഒരു കുളവുമുണ്ടായിരുന്നു. അവിടെ നാഗപ്രീതിക്കായി എല്ലാവര്‍ഷവും സര്‍പ്പം പാട്ട് നടത്തിയിരുന്നു. ആ സമയമാകുമ്പോള്‍ എവിടെ നിന്നോ പുള്ളുവരെത്തും. അച്ഛന്‍ പ്രധാന പുള്ളുവനുമായി സംസാരിച്ച,് ദിവസവും സമയവും നിശ്ചയിക്കും. പിന്നെ ഒരുത്സവമാണ്. വീടിന്റെ മുറ്റത്ത് ഒരു പന്തല്‍ ഉയരും. യാഗശാല എന്നാണവര്‍ അതിന് പറയുന്നത്. പന്തല്‍ അലങ്കരിക്കുന്നതിനായി മാവില, വെറ്റില, പഴുക്ക, കുരുത്തോല, കവുങ്ങിന്‍ പൂക്കുല ഒക്കെയാണ് ഉപയോഗിക്കുന്നത്. യാഗശാല ഒരുങ്ങിക്കഴിഞ്ഞാല്‍ അതിന്റെ കവാടം കുലവാഴകളാലും തൂക്കുവിളക്കുകളാലും അലങ്കരിക്കും.
നാഗരാജാവ്, നാഗയക്ഷി, മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം, എന്നിങ്ങനെയുള്ള നാഗങ്ങളെ ഈ ഉത്സവച്ചടങ്ങുകളിലൂടെ സംപ്രീതരാക്കുന്നു. ഓരോ നാഗത്തിനും ഓരോ നിറക്കൂട്ടാണ് ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ നിറക്കൂട്ടുകള്‍ക്കു വേണ്ടി ഉമിക്കരി, അരിപ്പൊടി, ഓട്ടുപൊടി, സിന്ദൂരം, നീലം, ചുണ്ണാമ്പ്, അഭ്രം, എന്നിവയാണ് ഉപയോഗിക്കുന്നത്. പ്രധാന പൂജാസാമഗ്രികള്‍ പീഠം, വാള്‍, ഇവയാണ്. കൂടാതെ നിലവിളക്ക്, നിറനാഴി, നിറപറ, ഭസ്മം, ചന്ദനം, പൂക്കുല, നാളികേരം, മുറം, കുട്ട, കലം, കുടം, തഴപ്പായ, വടി, കോടിമുണ്ട്, തോര്‍ത്ത് ഇവയും ഉപസാമഗ്രികളായി ഉപയോഗിക്കുന്നു.
കളമെഴുത്തു കഴിഞ്ഞാല്‍ പ്രധാനപുള്ളുവന്‍ നാഗരാജാവിന്റെ സ്ഥാനം അലങ്കരിക്കുന്ന പുരുഷന്റെ കയ്യില്‍ കാപ്പുകെട്ടുന്നു. പിന്നീട് ഇദ്ദേഹമാണ് പ്രധാന കര്‍മ്മി. പൂജാകര്‍മ്മങ്ങള്‍ക്കുശേഷം അച്ഛന്‍ വ്രതമെടുത്ത, നാഗരാജാവിന്റെ സ്ഥാനം അലങ്കരിക്കുന്ന പുരുഷനും നാഗയക്ഷിയായ സ്ത്രീക്കും, മറ്റു നാഗങ്ങളായി എത്തിയിരിക്കുന്ന ഒന്‍പതു ബാലികാ ബാലകന്മാര്‍ക്കും പൂക്കുല കൊടുക്കുകയും, അവരെ ഇടയിട്ട് നിര്‍ത്തുകയും ചെയ്യും. അപ്പോള്‍ ആര്‍പ്പുവിളിയും കുരവയും, ശംഖുനാദവും, വീണ, കൈമണി, കുടം, എന്നിവയുടെ അകമ്പടിയോടെ പുള്ളുവര്‍ പാട്ടു തുടങ്ങും. അപ്പോള്‍ കളത്തിലുള്ള വ്രതക്കാര്‍ നൃത്തമാരംഭിക്കുകയും, പാട്ടു മുറുകുന്നതിനനുസരിച്ച് ആട്ടവും മുറുകുന്നു. ആട്ടവും പാട്ടും താളവും ഇടകലര്‍ന്ന ഉച്ചസ്ഥായില്‍, പൂജയില്‍ സംപ്രീതരാകുന്ന നാഗരാജാവും നാഗയക്ഷിയും അദൃശ്യസാന്നിദ്ധ്യമായി കളത്തിലെത്തുകയും കമുകിന്‍ പൂക്കുല ഭക്ഷിച്ചും പാല്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, ഇളനീര്‍, പൂക്കള്‍ ഇവകൊണ്ട് അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്നു.
അഷ്ടനാഗങ്ങള്‍, അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍, സ്വസ്ഥാനങ്ങളില്‍ പ്രത്യക്ഷരാകുകയും, അവര്‍ക്ക് ശുദ്ധമായ അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പശുവിന്‍ പാല്‍ ഇളനീര്‍, കദളിപ്പഴം, ഇവ ഓട്ടുരുളിയില്‍ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന നൂറും പാലും പ്ലാവിലക്കുമ്പിളിലോ, കമുകിന്‍ പാളയിലോ നിറച്ച് മന്ത്രപൂര്‍വ്വം സമര്‍പ്പിക്കുന്നു. സര്‍പ്പം തുള്ളല്‍ കഴിഞ്ഞ് അവര്‍ കാപ്പഴിച്ചു വരുമ്പോള്‍ അച്ഛന്‍ അവര്‍ക്ക് പുഴുക്കലരിയും, ഉപ്പും, നല്‍കി വ്രതമവസാനിപ്പിക്കും. ഈ സമയമത്രയും അച്ഛന്റെ വിരലില്‍ തൂങ്ങി, അല്ലെങ്കില്‍ അച്ഛനോട് ചേര്‍ന്ന് ഞാന്‍ ഉണ്ടാകും. കൈ നിറയെ സമ്മാനങ്ങളും മടി നിറയെ പണവുമായി പുള്ളുവര്‍ പടിയിറങ്ങുമ്പോള്‍, അച്ഛന്‍ പറയും, ഇനി അടുത്ത വര്‍ഷം. സംപ്രീതരായ നാഗങ്ങള്‍ വാരിക്കോരി അനുഗ്രഹങ്ങള്‍ തരും. വാരിക്കോരി, സമൃദ്ധമായി തന്നിരുന്നു. പക്ഷേ, അതെന്നാണ് മുത്തിയമ്മേ, അവസാനിച്ചത്.
എന്റെ പന്ത്രണ്ടാത്തെ വയ്സ്സില.് നാട്ട്‌ലേയും, ദേശ്‌ത്തെയും ഏറ്റോം വല്യ ജമ്മിയും പ്രസിത്തനുമായ ജോത്സ്യനെ നടുറോട്ടീട്ട് സ്വാസം മുട്ട്ച്ച് കൊല്ലുമ്പോ അത്ാരും അറ്ഞ്ഞ്ല്ല. നാടറിഞ്ഞത് സറുപ്പദംശനമേറ്റ് മര്‌ച്ചെന്നാ. അമ്മ മാത്ത്‌റമറ്ഞ്ഞ്ാരുന്നു. അത് സൊന്തം കൂടപ്പെറപ്പെന്നും, അമ്മ അറ്ഞ്ഞ്ാരുന്നു. ആ അറ്‌വന്റെ ചൂട്‌ല്, തലവെന്ത് നീറിപ്പോ, അമ്മ പിച്ചും പേയും പറ്യാന്‍ തൊടങ്ങി. ഒരു രാത്‌റി, അമ്മ അപ്പ്‌റത്യച്ച്യായ്‌തോടെ ഒന്നോന്നായി എല്ലാം പട്‌യ്‌റ്ങ്ങി. പിന്നീ ലച്ചം വീട് കോള്‌നീല് കോള്‌നീലെ 15 സെന്റ്‌ല്
കെട്ടിയോനുപേച്ചിച്ചു പോക്‌മ്പോ മിച്ചൊണ്ടാരുന്നത് 5സെന്റെും 5 പെമ്മ്ക്ക്‌ളും, ഈ വീടും. ലച്ചുമിക്ക് തന്ത പാക്ക്യോല്ല. ലച്ചുമിക്ക് തള്ള പാക്ക്യോല്ല. ലച്ചുമിക്ക് പര്‍ത്തുറ് പാക്ക്യോല്ല. ലച്ചുമിക്ക് തീറ്റ പാക്ക്യോല്ല. ലച്ചുമിക്ക് പുത്ര പാക്ക്യോല്ല. ലച്ചുമിക്ക് ചുമംഗലി പാക്ക്യോല്ല. ലച്ചുമീനെ എല്ലാരൂ,പേച്ചിച്ചു. പര്‍ത്താവ്,മക്കള്,മര്മക്കള്,കവ്ടികള്‍,രാശികള്‍.ഇന്‍നി ചുനിത മാത്രം. മര്‌ണോം ചൊമ്‌ന്നോണ്ട് നടക്ക്ണവള്.
സുനിതയുടെ സാന്നിധ്യമോര്‍ക്കാതെ അവരതു പറഞ്ഞു. പിന്നെയും പിന്നെയും പറഞ്ഞു: തടയ്ണം, അതെങ്ക്‌ലും തട്‌യണം……ന്റീശ്വര്ന്മാരേ. സുനിതയുടെ സാന്നിധ്യമറിയാതെ അവരുടെ കണ്ണുകള്‍ നിറഞ്ഞു. നിറഞ്ഞ കണ്ണുകള്‍ തുളുമ്പി.
കരുണാദ്രയായ് സുനിത വിളിച്ചു: മുത്തിയമ്മേ…..മുത്തിയമ്മ കരയുവാണോ….
കണ്ണുതുടച്ചിട്ടവര്‍ പറഞ്ഞു. ഓ…..ഞാ……. ഒര് സറുപ്പംപാട്ട് നട്ത്തണം. ന്റെ ചുന്തക്ക്…….
അതിന് പണം വേണ്ടേ.
വേ്ണം. വീട് തെണ്ടി, നാട് തെണ്ടി .ജീവിതത്തില്‍ ആദ്യമായ് അന്നവള്‍ മുത്തിയമ്മയുടെ വാക്കുകള്‍ക്ക് എതിര്‍വാക്ക് പറഞ്ഞു: വേണ്ട, മുത്തിയമ്മേ. മുത്തിയമ്മേടെ ചുനിതയ്ക്ക് ഒന്നും വര്യേല. ചുനിതയ്ക്ക് വേണ്ടി മുത്തിയമ്മേടെ കൈ മറ്റുള്ളവരുടെ മുന്നില്‍ ഒത്തിരി നീണ്ടതാ. ഇനി അതു വേണ്ട, മുത്തിയമ്മേ.
രാശിയില്‍ തെളിഞ്ഞ വെളിപ്പെടുത്തല്‍ പോലെ അവരത് ഉള്‍ക്കൊണ്ടു. ഇത്തിരിനേരം ആലോചിച്ചിരുന്നിട്ടവര്‍ പറഞ്ഞു. ഈശ്‌ര്‌നും വേണ്ടത് പണ്മാ……. പണം വേണ്ടാത്തൊന്നു, പാര്‍ത്തനയാ അതൊണ്ട്, ന്റെ, മോള് പാര്‍ത്തിക്ക്. അവര്‍ ഓലക്കീറിനിടയില്‍ നിന്നും ഒരു തുണ്ടെടുത്ത് അവളുടെ നേരെ നീട്ടി. അവളതു വായിച്ചു.
മാ തോ ദേവാ അഹിര്‍വധിത്/സതോ കാന്‍ത് സഹ പുരുഷാന്‍/സംയതം ന വിഷ്പരത് വ്യാത്തം/ന സം യമന്തതോ ദേവ ജനേഭ്യ: (അഥര്‍വ്വവേദം) വിഷശമന കര്‍ത്താക്കളായ ദേവന്മാരേ, സര്‍പ്പങ്ങള്‍ ഞങ്ങളേയും ഞങ്ങളുടെ പുത്ര പൗത്രാദികളെയും ഭൃത്യന്മാരെയും ഉപദ്രവിക്കാതിരിക്കട്ടെ. ദംശനമേല്‍പ്പിക്കുന്നതിനു വേണ്ടി സര്‍പ്പത്തിന്റെ വായ് തുറക്കാതിരിക്കട്ടെ. അഥവാ തുറക്കുകയാണെങ്കില്‍ മന്ത്രത്തിന്റെ അതീവ ശക്തിയില്‍ അടയട്ടെ.
ചുന്തയ്ക്ക് വേണ്ടി മുത്ത്യമ്മയും പാര്‍ത്തിക്കാം ഈ ജീവ്തത്തി, ഇന്ന്വരെ, ഈശ്‌രമ്മാര് മുത്ത്യമ്മ പറ,്‌ഞ്ഞൊന്നും കേട്ട്ട്ടില്ല. ഇതെ്ങ്ക്‌ലും. ഒരു പരിഭവമുള്ള മുഖത്തോടെ അവര്‍ ആകാശത്തേക്കു നോക്കി.
പക്ഷേ, സുനിത അത് പ്രാര്‍ത്ഥിച്ചില്ല. അന്നു മുതല്‍ സുനിതയുടെ മുറിയില്‍ മനോഹരമായി അലങ്കരിക്കപ്പെട്ട ഒരു പ്രതിമയുണ്ടായിരുന്നു. വിഷ്ണുപ്രതിമ. സുനിത സുമംഗലിയായി, സര്‍വ്വഗുണ സൗഭാഗ്യ ശാലിനിയായിത്തീരാനും, ജോണ്‍ സാമുവേലിന് ആരോഗ്യവും അഴകും, ആയുസ്സും, സമ്പത്തും, സൗഭാഗ്യവും, സര്‍വ്വൈശ്വര്യങ്ങളും, സൗശീലങ്ങളും, സര്‍വ്വഗുണങ്ങളും, സകലനന്മകളും, സുമനസും, സുചിന്തകളും, സൗഗതിയും, സൗകര്യങ്ങളും ഉണ്ടാകുന്നതിനും അടിവച്ചടിവച്ചു കേറാനുമായി അവള്‍ വിഷ്ണുപരമായ നക്ഷത്രപുരുഷ വൃതം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഇന്നു മുതല്‍ മരണം വരെ എന്നു പറഞ്ഞ് അവള്‍ ധ്യാനിച്ച് നോമ്പു നോറ്റു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന തുടര്‍ന്നു കൊണ്ടിരുന്നു.
ജോണ്‍ സാമുവേല്‍ തനിച്ചായിരുന്നു. കൈത്തോടിന്റെ അരികില്‍,മഴക്കാലം കഴുകി ശുദ്ധിയാക്കിയ പാറയുടെ തെളിമയില്‍ അയാള്‍ ഇരുന്നു. കണ്ണുകള്‍ ഒരു തുമ്പിയായി വെള്ളത്തിലും, മീനിലും, പുല്ലിലും, പൂവിലും, ഒക്കെയൊക്കെ കറങ്ങി നടന്നു. ഒന്നിനോടും പ്രിയം തോന്നിയില്ല. ഒന്നിലും കാഴ്ചയുറച്ചു നിന്നില്ല. ആകാശത്തേക്കു നോക്കിയപ്പോള്‍ ആകാശം ശുഭ്രമായിരുന്നു. ആറ്റിത്തണുപ്പിച്ച വെയില്‍ കൈത്തോടിനോടു ചേര്‍ന്നുള്ള നാട്ടുവഴിയിലൂടെ നടക്കാനിറങ്ങിയിരുന്നു. നോക്കി നോക്കി നില്‍ക്കെ ആകാശം ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങി. അപ്പോള്‍ അവിടെ സുനിത ഉണ്ടായിരുന്നില്ല. റീത്ത. റീത്ത സാമുവേല്‍
ജോണ്‍ സാമുവേല്‍: നിനക്കെന്നോട്………
റീത്ത സാമുവേല്‍: എന്താ ജോസ,യിത്…. എനിക്ക് ജോസയോട് വെറുപ്പാണെന്നോ….. വെറുപ്പിനു പകരം സ്‌നേഹവും ബഹുമാനവുമാണ്. പക്ഷേ, നമ്മുടെ ജീവിതത്തില്‍ ഇങ്ങനെയൊരു പരിണാമം. (അവളുടെ വാക്കുകളില്‍ വിറയല്‍ ഉണ്ടായിരുന്നു. നനവുള്ള വിറയല്‍.)
ജോണ്‍ : ഞാന്‍ നിസ്സാഹയനാകുകയാണ് റീത്ത. നീയെന്നെ ഇപ്പോഴും സ്‌നേഹിക്കുന്നെന്നോ. ഇത്രയുമൊക്കെ അറിഞ്ഞിട്ടും. അതും എന്റെ തന്നെ വാക്കുകളില്‍….. ഞാന്‍ മറ്റൊരു സ്ത്രീയെ…..അതും സ്ത്രീത്വത്തിന്റെ തുടക്കം കാണുന്നവളെ സ്‌നേഹിക്കുന്നെന്ന്, ഏറ്റു പറഞ്ഞിട്ടും.
റീത്ത: ഞാന്‍ നിങ്ങളെ ഇപ്പോഴും സ്‌നേഹിക്കുന്നു. ഒരു കാമുകിയെപ്പോലെ.
ജോണ്‍: നീ നിന്നോടു തന്നെ കളവു പറയുകയല്ലേ. ഒരു സ്ത്രീക്കും സാധിക്കാത്തത് നിനക്കു സാധ്യമാണോ……?
റീത്ത: എന്തുകൊണ്ട് സാദ്ധ്യമല്ല. ഒരു പക്ഷേ, അതിനു കാരണം എന്റെ സ്‌നേഹക്കുറവാണെങ്കിലോ. ഞാന്‍ ആണെങ്കിലോ……… എനിക്കു നിന്നെ വെറുക്കാനാകുമോ ജോണ്‍. സ്‌നേഹിച്ചുസ്‌നേഹിച്ചു നിന്നെ ഞാന്‍….
ജോണ്‍: ഞാന്‍ പരാജയപ്പെടുകയാണ് റീത്ത.
റീത്ത: സുനിതയുടെ സ്‌നേഹത്തിനു മുന്നില്‍ അല്ലേ. സുനിത അല്ലല്ലോ സ്‌നേഹം തുറന്നു വച്ചത്. തേടിച്ചെന്നത് നീയല്ലേ. തുറന്നുവച്ചത് ഒന്നുകില്‍ തട്ടിമറിക്കണം, അല്ലെങ്കില്‍ തനിയെ വറ്റണം. ഒരു ഇടവഴി സാദ്ധ്യമല്ല. തീരുമാനം നിന്റേതാണ്…… ഒഴിവാകണമെങ്കില്‍ ഞാന്‍………..
ജോണ്‍: നീ വളരുകയാണ് റീത്ത. വല്ലാതെ വളരുകയാണ്. നിന്റെ മൂന്നാം ചുവടിന് എന്നിലിടമില്ല.
റീത്ത: ഞാന്‍ തനിച്ചല്ലല്ലോ. നീ തന്ന രണ്ടു മക്കളും, ഈ വീടും, ഈ വീടിന്റെ മച്ചുകളില്‍ വറ്റാതെ നില്‍ക്കുന്ന ഓര്‍മ്മകളും. അതുപോരെ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍. നഷ്ടപ്പെടുന്നതു നിങ്ങളെ ആണെങ്കിലും എനിക്കു മാത്രമായി കുറെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുമല്ലോ. അതുപോരെ മരണം വരെ ഒരു കൂട്ടിന്. തൊണ്ടയിടറുന്നതും, കണ്ണുകള്‍ നനയുന്നതും, ശ്വാസഗതിയില്‍ വേഗതയേറുന്നതും, നിയന്ത്രണം വിട്ടു പോകുന്നതും, അവള്‍ അറിഞ്ഞു. ഇതു വരെ അറിഞ്ഞും അറിയാതെയും മനസ്സാ വാചാ കര്‍മണാ ജോണിന് അഹിതമായി ഒന്നും ചെയ്തിട്ടില്ല. അധിക നേരം അടുത്തിരുന്നാല്‍… ഒരുപക്ഷേ പിടിവിട്ടുപോയാലോ ”വേണ്ട” എന്ന് ഉള്ളില്‍പറഞ്ഞ,് ജോണിന്റെ സാന്നിധ്യം ഒഴിവാക്കി ആരേയും പഴിക്കാതെ ഇത്തിരി നേരം കരയാന്‍ മാത്രമായി, അവള്‍ സ്വന്തം മുറിയിലേക്ക് പോയി. പിന്നെ അധികനേരവും മൗനമാണ് അവരെ പൊതിഞ്ഞു നിന്നത്. അസാന്നിധ്യമാണ് അവര്‍ ആഗ്രഹിച്ചത്.
ജോണ്‍ സാമുവേലിന്റെ യാത്രകള്‍ എങ്ങോട്ടെന്നറിയാന്‍ റീത്ത വഴികള്‍ ചോദിച്ചറിഞ്ഞിട്ടില്ല. എല്ലാ വഴികളും ഒന്നിലേക്ക്. എന്നവള്‍ നിനച്ചു. അല്ലെങ്കില്‍ പുതിയ പുതിയ വഴികളുടെ പേരുകള്‍ പറഞ്ഞു പഠിക്കേണ്ട പ്രായമല്ലല്ലോ ജോണിന്. അതു കേട്ട് ശരിയിടേണ്ട പ്രായമല്ലല്ലോ റീത്തയ്ക്ക്. എന്നെ സ്‌നേഹിക്കൂ. എന്നെത്തന്നെ സ്‌നേഹിക്കൂ. എന്നെ മാത്രം സ്‌നേഹിക്കൂ …..എന്നിനി ആരോടും പറയേണ്ടല്ലോ. അവള്‍ കാത്തുവെയ്‌ക്കേണ്ട ഓര്‍മ്മകള്‍ കഴുകി വെടിപ്പാക്കി അടുക്കിവയ്ക്കാന്‍ സമയം കണ്ടെത്തി. ജോണിന്റെ ലോകത്ത് ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. സുനിത. റീത്ത മരിച്ചു കഴിഞ്ഞു. അറിഞ്ഞോ, അറിയാതെയോ സുനിത അവിടെ ഇടം പിടിക്കാതിരിക്കാന്‍ അവള്‍ ഏറെ പണിപ്പെട്ടിരുന്നു.
ചിന്തകളുടെ ഭ്രമണപഥത്തില്‍ റീത്തയെകുറിച്ചുള്ള ഓര്‍മ്മകളാണ് സുനിതയുടെ പേരെത്തിച്ചത്. ജോണ്‍ സാമുവേല്‍ ഏറെ നേരം ഓര്‍ത്തിരുന്നു.സുനിത-സുനിത-സുനിത-സുനിത-സുനിത-വാക്കുകള്‍കൊണ്ട് പൂരിപ്പിക്കാന്‍ പറ്റാതിരുന്നവയായിരുന്നു ആ ഇടങ്ങളെല്ലാം. അതുകൊണ്ട് ജോണ്‍ സാമുവേല്‍ അവയെല്ലാം പൂരിപ്പിക്കാതെ, പൂര്‍ണ്ണമാക്കാതെയിട്ടു.
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം/പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതെ/പൂര്‍ണ്ണമേ വാവശിഷ്യതേ/ഓം ശാന്തിഃ ഓം ശാന്തിഃ ഓം ശാന്തിഃ
സുനിത എനിക്ക് പൂര്‍ണ്ണമാണ്. ഒന്നെടുത്താലും ഒന്നുകൊടുത്താലും ഒരു മാറ്റവും വരാത്ത പൂര്‍ണ്ണത. എനിക്കവള്‍ ശാന്തിയാണ്. ഓം ശാന്തി. വീണ്ടും ചിന്തകള്‍ റീത്തയിലേക്ക് പോയി, തിരികെ ചിന്തകള്‍ സുനിതയിലെത്തി.
റീത്ത ജോണ്‍ സാമുവേല്‍ സുനിത
റീത്ത ജോണ്‍ സാമുവേല്‍ സുനിത
റീത്ത ജോണ്‍ സാമുവേല്‍ സുനിത
റീത്ത ജോണ്‍ സാമുവേല്‍ സുനിത
റീത്ത ജോണ്‍ സാമുവേല്‍ സുനിത
ഞാന്‍ ജോണ്‍ സാമുവേല്‍. ഞാന്‍ സൂര്യനാണ്. അലച്ചിലിന്റെ ദേവന്‍. ഞാന്‍ ഗ്രീഷ്മം മുതല്‍ ഹേമന്തം വരെയും ഹേമന്തം മുതല്‍ ഗ്രീഷ്മം വരെയും അയനം ചെയ്യുന്നു. അയനം മാത്രം. ഗ്രീഷ്മത്തില്‍ നിന്നും ഹേമന്തത്തിലേക്ക്, ഹേമന്തത്തില്‍ നിന്നും ഗ്രീഷ്മത്തിലേക്ക്, ഗ്രീഷ്മത്തില്‍ നിന്നും ഹേമന്തത്തിലേക്ക്, ഹേമന്തത്തില്‍ നിന്നും ഗ്രീഷ്മത്തിലേക്ക്, റീത്ത ഗ്രീഷ്മമാണ്, സുനിത ഹേമന്തമാണ്, റീത്ത ഗ്രീഷ്മ സംക്രാന്തി, സുനിത ഹേമന്ത സംക്രാന്തി.
ജോസ…
ങും…
ഞാനൊരു പുസ്തകം കൊണ്ടുവന്നിണ്ടുണ്ട്. ”രതിയുടെ മന്ദാരങ്ങള്‍”. അതില്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഒരു കഥയുണ്ട്. ” കീറ്റ്‌സിന്റെ ഗീതം പോലെ” വെറും രണ്ട് കഥാപാത്രങ്ങള്‍. ഒരു പ്രൊഫസര്‍. പ്രൊഫസര്‍ സീതാരമയ്യര്‍. പിന്നെ പേരില്ലാത്തൊരു പെണ്‍കുട്ടിയും. എല്ലാ പെണ്‍കുട്ടികളുടെയും പ്രതിനിധിയായി അല്ലെങ്കില്‍ പ്രതീകമായി അവള്‍. ഒന്നു വായിച്ചുനോക്കൂ,..അയാള്‍ കൈകള്‍ നീട്ടി പുസ്തകം വാങ്ങി.
അവള്‍ പ്രഫസറുടെ മുമ്പില്‍ ഭവ്യതയോടെയും അല്ലാതെയും ഇരുന്നു. കീറ്റ്‌സിന്റെ ഒരു ഗീതം പോലെയായിരുന്നു അവള്‍. ആകെ മധുരം. ഒന്നാം നിലയിലെ തെക്കേ അറ്റത്തെ വിശാലമായിരുന്ന മുറിയായിരുന്നു അദ്ദേഹത്തിന്റെത്. അവള്‍ എത്താന്‍ ലേശം വൈകിപ്പോയിരുന്നു. വന്നുകൊണ്ടിരിക്കെ സൈക്കിള്‍ ഒന്ന് സ്പീഡ് കുറച്ച് അവള്‍ ഒന്നാം നിലയിലെ തെക്കേ അറ്റത്തെ ജനാലയിലേക്ക് സൂക്ഷിച്ചുനോക്കി. അവള്‍ക്കു ചിരിയോ കരച്ചിലോ വന്നു. കാമ്പസിനെച്ചുറ്റി വളഞ്ഞുവരുന്ന വഴിയിലാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍. വഴിയോരത്തെ വാകമരങ്ങളുടെ ധിക്കാരത്തിനുള്ളിലായിരുന്നു അവള്‍ എന്നതിനാല്‍ അദ്ദേഹത്തിന് അവളെ കാണാന്‍ സാധിച്ചില്ല. ആ കാണായ്മയില്‍ കുറച്ചുനേരം നില്‍ക്കാന്‍ തോന്നി. അവള്‍ സൈക്കിളില്‍ നിന്നിറങ്ങി. ദൂരെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും നടന്നുപോവുന്നതും മൈതാനത്ത് ഒരു പശു മേയുന്നതുമൊഴിച്ചാല്‍ കാമ്പസില്‍ ഒരു ഊശാന്തവുമില്ല. അദ്ദേഹത്തിന്റെ നോട്ടം വഴിയില്‍ നിന്ന് മാറുന്നേയില്ല. തീക്ഷ്ണമാണ് ആ നോട്ടമെന്ന് അവള്‍ അറിയുന്നു. മീശ മുളച്ചുവരുന്ന ഒരു ചെറുപ്പക്കാരന്റെ നോട്ടംപോലെ അതിന് ചൂടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുന്ന അന്വേഷണങ്ങള്‍ അവള്‍ക്ക് വായിക്കാന്‍ കഴിയുമായിരുന്നു.
അവള്‍ ഇന്ന് വരില്ലെന്നുണ്ടോ ? (അദ്ദേഹം വാച്ചില്‍ നോക്കുന്നു. എന്തുപറ്റിയിരിക്കും ? ശ്രദ്ധയില്ലാതെ സൈക്കിളോടിച്ച് വല്ല അപകടത്തിലും പെട്ടിരിക്കുമോ ? ഹേയ്, അങ്ങനെ വരില്ല. ഇന്ന് ഇവിടെ വരാനുള്ളത് കൊണ്ട് അവള്‍ ശ്രദ്ധിച്ചേ സൈക്കിള്‍ ഓടിക്കൂ. അല്ലെങ്കിലും ഞായറാഴ്ച അല്ലേ. രാവിലെ ട്രാഫിക് നന്നെ കുറവായിരിക്കും. (വാച്ചില്‍ നോക്കുന്നു) വാച്ച് നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ചെവിയില്‍ വച്ചു നോക്കുന്നു. ഇപ്പോള്‍ ഒമ്പതേമുക്കാല്‍ കഴിയുന്നു. ഒമ്പതരയ്ക്കു വരാമെന്നാണു പറഞ്ഞിരുന്നത്. ചെറുപ്പക്കാരിയല്ലേ, ഒന്നിലും ഒരു ചൂടും പാടും കാണില്ല.
ഇങ്ങനെ അദ്ദേഹത്തെക്കുറിച്ചുള്ള കുറെ സ്വകാര്യതോന്നലുകളില്‍ മുഴുകി കുറച്ചുനേരം കൂടി അങ്ങനെ മറവില്‍ നിന്നു.
ഇന്നലെ ശനിയാഴ്ച മടങ്ങുമ്പോള്‍ അവള്‍ പ്രസാദിനോട് ചോദിച്ചു
”നാളെ സാര്‍ ഇവിടെ വരുന്നുണ്ടാവുമോ?”
”നാളെ ഞായറാഴ്ചയല്ലേ?”
”അതുകൊണ്ടാണ് വരുന്നുണ്ടാവുമോ എന്ന് ചോദിച്ചത്?”
” വരികയാണെങ്കില്‍” അങ്ങനെ അങ്ങോട്ടു ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം ചുവന്നു. മൂക്കിന്‍ തലപ്പില്‍ വിയര്‍പ്പു പൊടിയുകയും ചെയ്തു
”വരികയാണെങ്കില്‍? ഞാനും വരാം. കീറ്റ്‌സിനെക്കുറിച്ച് കുറച്ചുകൂടി ചോദിക്കാനുണ്ടായിരുന്നു.” ഇത്രയും കടന്ന് ഇവള്‍ വര്‍ത്തമാനം പറയുന്നത് ഇത് ആദ്യമാണോ അതോ രണ്ടാമതോ അതോ പത്താമതോ?
” സംശയം ചോദിക്കുക ഞായറാഴ്ച തന്നെ വേണമെന്നുണ്ടോ വര്‍ക്കിംഗ് ഡേയ്‌സില്‍ എന്നെങ്കിലുമായിക്കൂടെ ?” ”സോറി സര്‍, ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. വര്‍ക്കിംഗ് ഡേയ്‌സിലെ ബഹളത്തിലിരുന്ന് സാര്‍ ക്ലീററ്‌സിനെക്കുറിച്ച് പറഞ്ഞു തന്നാല്‍ മതി. സ്വകാര്യംപോലെ പറഞ്ഞും കേട്ടും പഠിക്കേണ്ട ഒരാളെക്കുറിച്ച് ഞാന്‍ ബഹളത്തിലിരുന്ന് കേട്ടു പഠിച്ചുകൊള്ളാം.” കനത്ത ശബ്ദത്തിലാണ് അവള്‍ അത്രയും പറഞ്ഞത്. അവളുടെ മുഖം മുഴുവന്‍ അപ്പോള്‍ ചുവന്നുപോയിരുന്നു. പ്രഫസറുടെ മറുപടിക്കു കാക്കാതെ വേഗം പുറത്തു കടന്നു.
അദ്ദേഹം തന്റെ പേരു വിളിക്കുന്നതു കേട്ടു. കേട്ടതായി ഭാവിച്ചില്ല. കുറച്ചുകൂടി ഉച്ചത്തില്‍ വിളിക്കുന്നതു കേട്ടു. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അങ്കലാപ്പോ വേവലാതിയോ കലര്‍ന്നിരുന്നു. തിരിഞ്ഞുനോക്കാതെ അവള്‍ കോണി ഇറങ്ങിത്തുടങ്ങി. അവസാനത്തെ പടിയുമിറങ്ങി. അവള്‍ മുകളില്‍ കോണിപ്പുറത്തുവന്നു നിന്നിട്ടാവണം. സാര്‍ തന്റെ പേര് വീണ്ടും വീണ്ടും വിളിക്കുന്നു. അന്നേരം അവള്‍ അതു നല്ലപോലെ കേട്ടു എന്നു പ്രതികരിച്ചു.
”ഞാന്‍ വല്ലതും പറഞ്ഞു എന്നുവച്ച് ഇങ്ങനെ കുട്ടികളെപ്പോലെ പെരുമാറിയാലോ?” അവളെ മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി അദ്ദേഹം പരിഭവം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിലെ പ്രഫസര്‍ അപ്രത്യക്ഷമാവുന്നതും സീതാരാമയ്യര്‍ കൂടുമാറ്റം നടത്തുന്നുതും അവള്‍ അനുഭവിച്ചു. സീതാമാമയ്യര്‍ തുടര്‍ന്നു- ”നീ പറഞ്ഞാല്‍ എനിക്കു ഞായറാഴ്ചയുണ്ടോ ഒഴിവുദിനമുണ്ടോ?” താന്‍ കുറച്ചു കയറിപ്പറഞ്ഞു എന്നു അദ്ദേഹത്തിനു തോന്നിയിരിക്കണം. അതുകൊണ്ടാവാം പറയുമ്പോള്‍ അദ്ദേഹം കിതച്ചുപോയത്. കിതപ്പ് സഹിക്കാമെന്നായപ്പോള്‍ അദ്ദേഹം തുടര്‍ന്നു.
”മറ്റൊരാളുടെ കീഴില്‍ റിസേര്‍ച്ച് നടത്തുമ്പോഴും നീ സംശയം ചോദിക്കാന്‍ ഇവിടെ വരുന്നത് എന്റെ ഭാഗ്യം. ശബ്ദം നിലയ്ക്കുന്ന നേരത്തു സ്വകാര്യംപോലെ പഠിക്കേണ്ട ആളു തന്നെ കീറ്റ്‌സ്. എന്നാലും ഞായറാഴ്ച പ്യൂണടക്കും ഒരു മനുഷ്യപ്രാണിയും ഇവിടെ ഉണ്ടാവില്ല എന്നതുകൊണ്ടു പറഞ്ഞു പോയതാണ്.അവള്‍ ചിരിച്ചതേയുള്ളൂ. ആ ചിരി അദ്ദേഹത്തിന് ഒരു ധൈര്യം നല്‍കി പലതും മനസ്സിലായി വരുന്നു. അഥവാ ശരിയാണെന്നു ബോധ്യപ്പെടുന്നു.
”റൈറ്റോ. പ്യൂണിന്റെ കൈയില്‍ നിന്ന് ഇന്നു വൈകുന്നേരം ഞാന്‍ താക്കോലു വാങ്ങി വയ്ക്കാം. നീ എത്ര മണിക്കു ഇവിടെ എത്തും?”
”രാവിലെ ഒമ്പതരയ്ക്ക്”
ഓ.കെ. ഒമ്പതരയ്ക്കു മുമ്പു ഞാന്‍ ഇവിടെ എത്തിയിരിക്കും.”
ഒമ്പതേമുക്കാലു കഴിഞ്ഞിട്ടും വാകയുടെ ചുവപ്പു ചിരിയില്‍ നിന്നും അവള്‍ പുറത്തു കടന്നില്ല. ഇടയ്ക്കിടെ വാച്ചുനോക്കിയും വഴിയില്‍ നോക്കിയുമുള്ള പ്രഫസറുടെ ആശങ്ക നിറഞ്ഞ ആ നില്‍പ്പില്‍ ഒരു ഇരുപത്തിരണ്ടുകാരനെ അവള്‍ കണ്ടു. ഇനിയും പാവത്തെ വിഷമിപ്പിച്ചുകൂടാ. അവള്‍ മെല്ലെ സൈക്കിളില്‍ കയറി വാകമരങ്ങളുടെ ഹുങ്കില്‍നിന്നും പറത്തു കടന്നു. വഴിതിരിഞ്ഞപ്പോള്‍ തെക്കേ ജനാലയിലേക്ക് ഒന്നു നോക്കി. അദ്ദേഹം പൊടുന്നനെ ജനാലയ്ക്കല്‍ നിന്നു തെന്നിമാറി. മുറിയിലേക്കു കടക്കുമ്പോള്‍ ആവള്‍ ആവശ്യത്തിലേറെ ശബ്ദമുണ്ടാക്കി. ഗൗരവപ്പെട്ട എന്തോ വായിക്കുകയാണെന്ന നാട്യത്തിലായിരുന്നു അദ്ദേഹം. മുഖത്തുനിന്ന് തടിച്ച കണ്ണട മാറ്റി അദ്ദേഹം അശ്രദ്ധമായി നോക്കുന്നതു കണ്ട് അവള്‍ക്കു ചിരി വന്നു. ഓ, സാറിന് ഇത്രനന്നായി അഭിനയിക്കാന്‍ കഴിയുന്നല്ലോ എന്ന് അവള്‍ പറഞ്ഞില്ല. വാക്കുകള്‍ പരിധി വിട്ടുപോകുമോ എന്നവള്‍ പേടിച്ചു.
”സാര്‍ ഞാന്‍ ഇരുന്നോട്ടെ” അതിന് ഉത്തരം വരുംമുമ്പേ അവള്‍ ഇരുന്നുകഴിഞ്ഞിരുന്നു.
അദ്ദേഹം സാവധാനം തലയുയര്‍ത്തി അവള്‍ക്ക് നന്നായി കാണാവുന്നവിധം കൈ ഉയര്‍ത്തി സമയം നോക്കി.
”ഇപ്പോള്‍ സമയം എത്രയായെന്നോ?” അവള്‍ ചിരിച്ചു. ആ ചിരി പ്രഫസര്‍ക്കു രസിച്ചില്ല
”ഞാന്‍ കുട്ടീടെ പ്രഫസറാ. ചോദിച്ചതിന് ഉത്തരമാണ് വേണ്ടത്. ഫ്രണ്ട്‌സിനെപ്പോലെ ചിരിക്കുകയൊന്നും വേണ്ട.”
അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു തമാശയായിട്ടോ അതോ ഗൗരവമായിട്ടോ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് അവള്‍ക്ക് അറിയാതെ പോയി. താന്‍ വരാതിരുന്നാലോ എന്ന വേവലാതി ഇപ്പോഴും സാറിന്റെ മനസ്സില്‍ ആറിയിട്ടില്ല. ഒരാഴ്ച മുമ്പ് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്. ”നമുക്ക് ഫ്രണ്ട്‌സിനെപ്പോലെ പെരുമാറണം. സംശയങ്ങള്‍ ഫ്രീയായി ചോദിക്കൂ. അപ്പോഴേ ഇംഗ്ലീഷ് കവിതയുടെ ഉള്ളിലേക്ക് കടക്കാന്‍ പറ്റൂ.” അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണ് പ്രഫസര്‍ക്ക് താന്‍ പറഞ്ഞത് ലേശം അധികമായിപ്പോയോ എന്ന പേടി തോന്നിയത്. മൂക്കിന്‍ തലപ്പില്‍ വിയര്‍പ്പു പൊടിഞ്ഞു.
അദ്ദേഹം സ്വന്തം വാക്കുകള്‍ക്കപ്പുറം ഒരു അനുബന്ധം ചേര്‍ത്തു ഇങ്ങനെ. ” ഞാന്‍ പറയുന്നത് ഒരു റൈറ്റ് സെന്‍സിലെ എടുക്കാവൂ.”
പ്രഫസറെക്കൊണ്ട് ഇത്രയെല്ലാം സംസാരിക്കാന്‍ ഇടവരുത്തിയത് താന്‍ തന്നെയായിരിക്കണം. ലിബിഡോ എന്നാല്‍ എന്താണ് സാര്‍? ലെസ്ബിയന്‍ എന്നാലോ? ഇന്‍സെസ്റ്റ് എന്നു പറഞ്ഞാല്‍? ബൊഹിമിയന്‍ എന്നാലോ ? മറ്റാരും ഇല്ലാത്തപ്പോള്‍ അവള്‍ അദ്ദേഹത്തോട് സംശയം ചോദിക്കും. ഡിക്ഷ്ണറി നോക്കിയാല്‍ അര്‍ത്ഥം കിട്ടാവുന്നതേയുള്ളൂ. ഈ പെണ്ണ് തെറിച്ച വിത്താണല്ലോ എന്നദ്ദേഹം കരുതിക്കാണും. ആ കരുതല്‍ അദ്ദേഹത്തെ വാചാലനാക്കും. ആ വാചാലത തുടങ്ങുന്നത് ഇങ്ങനെയാവും.

ഇപ്പോള്‍ എന്നെ കുട്ടിയുടെ പ്രഫസറായിയല്ല സ്‌നേഹിതനായി കണക്കാക്കുക. എന്നിട്ട് കിട്ടുന്ന വിശദീകരണം, ചിത്രീകരണം ചരിത്രത്തില്‍ നിന്ന് ഉദാഹരണം, കീറ്റ്‌സിന്റെ കവിതപോലെ വാക്കുകള്‍ കിനിയുമ്പോള്‍ അവള്‍ തൃപ്തിപ്പെടും.
”ഹൊ എന്റെ പ്രഫസര്‍!”
രജീഷ് അവളോടു ചോദിക്കുകയുണ്ടായി. ”നീ പ്രഫസറെ കളിപ്പിക്കുകയാണോ?”
”നോ രജീഷ്, നോട്ട് അറ്റ് ഓള്‍.”
” അപ്പോള്‍ എന്നെ കളിപ്പിക്കുകയാണല്ലേ?” ”അങ്ങനെയെങ്കില്‍ അങ്ങനെ” എന്നു പറഞ്ഞ് അവള്‍ രജീഷിന്റെ കൈതണ്ടയില്‍ ആഞ്ഞുകടിച്ചു. അവന്‍ ശരിക്കും നിലവിളിച്ചുപോയി. ഇങ്ങോട്ടു വരുന്ന കാര്യവും അവള്‍ രജീഷിനോട് പറഞ്ഞിരുന്നു.
”നിങ്ങളേക്കാളും പ്രഫസറെ എനിക്കേ അറിയൂ. രജീഷ് അദ്ദേഹം പാവമാണ്.”
അദ്ദേഹം വീണ്ടും വായിക്കുന്നതായി നടിക്കുകയാണെന്ന് കണ്ടപ്പോള്‍ അവള്‍ പറഞ്ഞു. ”ശരി ഇനി മുതല്‍ ഞാന്‍ സാറിനെ പ്രഫസറായി മാത്രം കാണാം പോരേ”
അദ്ദേഹം തലയുയര്‍ത്തിനോക്കി. അദൃശ്യമായ ഒരു പക്ഷിയുടെ കൂവല്‍ അദ്ദേഹം കേള്‍ക്കുന്നു. അദ്ദേഹം ഇംഗ്ലീഷില്‍ ചോദിച്ചു. ”പ്രഫസറായി മാത്രം കാണാം എന്നു പറയുമ്പോള്‍ കുട്ടി ഉദ്ദേശിക്കുന്നതെന്താണ്.?”
”ചിരിക്കരുത് എന്ന്, കരയരുത് എന്ന്, ഒന്നാം നിലയിലെ തെക്കെ മുറിയിലെ ഭദ്രതയിലേക്ക് ഞായറാഴ്ചകളില്‍ കയറിവരരുത് എന്ന്.” പ്രഫസര്‍ സീതാരാമയ്യര്‍ ഒന്നും പറയാതെ ഇരുന്നു.
രാവിലെ എട്ടരക്കുതന്നെ അദ്ദേഹത്തിന്റെ ഭാര്യ ഊണ് റെഡിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ മകള്‍ പ്രസവത്തിന് വന്നിട്ടുണ്ട്. അവള്‍ക്ക് നന്നേ ക്ഷീണം. അതുകൊണ്ട് ഭാര്യയുടെ ജോലി ഇരട്ടിച്ചിരുന്നു. എന്നിട്ടും ഭര്‍ത്താവിന് ഒരസൗകര്യവും വരാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രഫസര്‍ സീതാരമാമയ്യരുടെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ ദഹിക്കാതെ കിടന്നു..
”ഇന്റ് ഞായക്കഴമ അല്ലവാ. ഞായക്കഴമയും വേലയിരിക്കാ ?”
”അങ്കെ സഹായത്ത്ക്ക് യാര് ?”
അദ്ദേഹം ഊണു മുഴുമിക്കാന്‍ പറ്റാതെ എഴുന്നേറ്റപ്പോള്‍ ഭാര്യക്ക് അതും അദിശയം, ”ഇന്നെന്താ എല്ലാം ഒരു മട്ട്. ശമയല്‍ നന്നായിട്ടുണ്ടാവില്ലെ?”
അവര്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. തലമുടി മുഴുവന്‍ നരച്ചിരിക്കുന്നു. നിത്യേന ഷേവ് ചെയ്യുന്നതുകൊണ്ട് മുഖത്ത് നര കയറിയോ എന്നറിയാന്‍ വയ്യ.
ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞത് ഓര്‍മ്മിച്ചു. ”സാറ് ഈ തലമുടി ദയവുചെയ്തു കറുപ്പിക്കരുത്”. കേട്ടതു മനസ്സിലാവാത്തതുപോലെ പ്രഫസര്‍ അവളെ നോക്കിനിന്നു.”ഈ നരച്ച മുടിയില്‍ പഴമ ഒളിഞ്ഞിരിക്കുന്നു. ക്ലാസ്സില്‍ ഞങ്ങളെ പഠിപ്പിക്കുമ്പോള്‍ ഏതോ നൂറ്റാണ്ടില്‍ ഇരുന്നുകൊണ്ടു സാറു ഞങ്ങളോട് സംസാരിക്കുന്നതായാണ് തോന്നുക. രണ്ടു കാലത്തില്‍ ഇരുന്നുള്ള ഈ സംവാദം ഒരനുഭവമാണ്.”.
കുറെ കഴിഞ്ഞപ്പോള്‍ ഒരു ഉണര്‍വ്വിലേക്ക് തിരിച്ചുവന്നപ്പോലെ അദ്ദേഹം പറഞ്ഞു. ”സമയം പോവുന്നു. നമുക്ക് പാഠമോ സംവാദമോ തുടങ്ങാം”.
അവള്‍ പറഞ്ഞു. ”വരട്ടെ സാര്‍”.
അവള്‍ക്ക് വെറുതേയിരിക്കാനാണ് തോന്നിയത്.’സ്വീറ്റ് നതിംഗ്‌സ്’ സംസാരിച്ചുകൊണ്ട് അങ്ങനെയിരിക്കുക. ”അല്ലെങ്കില്‍ സാറ് ഒരു കാര്യം ചെയ്യൂ. പഴയ എഴുത്തുകാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വല്ലതുമൊക്കെ പറയൂ. അന്നൊരിക്കല്‍ പറഞ്ഞു തന്നില്ലേ അതുപോലെ വല്ലതും.”
”ഇനിയും അതെല്ലാം വേണോ?”
”എന്നാല്‍ പിന്നെ എന്തിനാണ് ജോനാഥന്‍ സ്വിഫ്റ്റിന്റെ അനുഭവങ്ങള്‍ അന്നു പറഞ്ഞുതന്നത് ? ഞാന്‍ ചോദിച്ചിട്ടില്ലല്ലോ?” അവളുടെ മുഖത്ത് അദ്ദേഹം തുറിച്ചുനോക്കി. അവളുടെ മുഖം ഒരു ചിരിയിലേക്ക് ചാഞ്ഞു. അദ്ദേഹവും ചിരിക്കുന്നുണ്ടായിരുന്നു.
അവള്‍ അപേക്ഷിച്ചു ”പറയൂ സാര്‍. പറഞ്ഞു തുടങ്ങൂ”.
അദ്ദേഹം ഇതാ പറയാന്‍ ആരംഭിച്ചു എന്നുതോന്നിയതാണ്. പറയാന്‍ ആരംഭിക്കുമ്പോഴെല്ലാം കുറച്ചുനേരം അദ്ദേഹം അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ നോട്ടം തന്നിലേക്കു ചൂഴ്ന്നിറങ്ങുന്നത് അവള്‍ അനുഭവിക്കും. രജീഷിനുപോലും ഇത്രയും കൂര്‍ത്ത നോട്ടം ദൈവം കൊടുത്തിട്ടില്ല. അങ്ങനെ ഇരിക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ വച്ചാണ് അദ്ദേഹം കഥ തുടങ്ങുക. സ്വപ്നത്തിലിരുന്നു കഥ കേള്‍ക്കുന്നതുപോലെയാണ് അദ്ദേഹം മുറിയില്‍ മറ്റാരോ ഉണ്ടെന്നപോലെ, സ്വകാര്യമായി അവളോടു പറഞ്ഞു. ”ആ വാതില്‍ ഒന്നു അടച്ചേക്കൂ”. അവള്‍ അതുപ്രകാരം ചെയ്തു. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു.
”വാതില്‍ അടക്കുന്നതും അടയ്ക്കാതിരിക്കുന്നതും ഇപ്പോള്‍ ഒരുപോലെ. അറിയാതെയല്ല. എന്നാലും നാം മറ്റുള്ളവരുടെ അനുഭവ കഥ പറയുമ്പോല്‍ നമുക്കും ആഗ്രഹങ്ങളുടെ തടവറയുണ്ടാവട്ടെ.” അദ്ദേഹം കഥ തുടങ്ങാനും അവള്‍ കഥ കേള്‍ക്കാനും തയ്യാറായി.
സ്വിഫ്റ്റിനെപ്പോലെ പ്രായം ചെന്ന ഒരാള്‍ക്ക് വളരെ ചെറുപ്പമായ ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആഗ്രഹത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ക്കു തോന്നി. ഇതു പ്രഫസര്‍ സ്വന്തം ആഗ്രഹം കഥയായി പറയുകയാണോ. ഒരു ഘട്ടത്തില്‍ അവള്‍ക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
”സാര്‍ ഞാന്‍ തെക്കേ ജനാലയടച്ചോട്ടോ?” അവള്‍ ജനാലയടച്ചുതീരുന്നതുവരെ അദ്ദേഹം കഥ നിര്‍ത്തിവച്ചു. നേരിയ ഇരുട്ടില്‍ കഥ കീറ്റ്‌സിന്റെ കവിതപോലെ ഒഴുകി. എപ്പോഴാണ് സാറ് കഥ നിര്‍ത്തിയത് എന്ന് അവള്‍ അറിഞ്ഞില്ല. കഥ മുഴുവന്‍ തീര്‍ന്നോ എന്നുമറിഞ്ഞില്ല. അദ്ദേഹം ഇങ്ങനെ പറയുന്നതു കേട്ടാണ് അവള്‍ ഉണര്‍ന്നത്.
”തെക്കേ ജനാല തുറന്നോളൂ, ഇനി വാതില്‍ തുറന്നോളൂ.” അവള്‍ വാതിലും തുറന്നു. വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ മുഖം അവള്‍ കണ്ടു. പാപം പുരണ്ട ഒരു മുഖംപോലെയാണ് അതു തോന്നിച്ചത്.
അദ്ദേഹം പറഞ്ഞു. ”നമുക്കു ഇനി പിരിയാം.”
വാതില്‍ പൂട്ടി താഴോട്ടിറങ്ങുമ്പോഴും അവള്‍ സൈക്കിളിലും അദ്ദേഹം മാരുതിയിലും കയറി രണ്ടു വഴിക്കു പിരിയുമ്പോഴും അവര്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം അതിവേഗം കാറോടിച്ചു. മോള്‍ പ്രസവവേദന തുടങ്ങിയിട്ടുണ്ട് എന്ന ഒരു തോന്നലിലായിരുന്നു അപ്പോള്‍ സീതാരാമ അയ്യര്‍. വായന പൂര്‍ത്തിയാക്കി ജോണ്‍ സാമുവല്‍ പുസ്തകം അടച്ചുവച്ചു. അടഞ്ഞ പുസ്തകത്തിനൊപ്പം കണ്ണുകളും അടച്ചു.
പ്രൊഫസര്‍ സീതാരാമയ്യര്‍= പ്രൊഫസര്‍ ജോണ്‍ സാമുവല്‍, പ്രൊഫസര്‍ സീതാരായ്യര്‍: ഇംഗ്ലീഷ് പഠിപ്പിക്കുന്നു. പ്രൊഫസര്‍ ജോണ്‍ സാമുവല്‍: ഇംഗ്ലീഷ് പഠിപ്പിക്കുന്നു. അവള്‍: ഒരു കോമണ്‍ നൗണ്‍// ആണ്, ആരുമാകാം. എങ്കിലും , അവള്‍ : സുനിതയാകാം. വാതിലും ജനലും അടച്ച് തുറന്നവള്‍. അതല്ലേ റീത്ത ഉദ്ദേശിക്കുന്നത്. പ്രൊഫസര്‍ സീതാരാമയ്യര്‍ പറഞ്ഞു: നമുക്ക് ഇനി പിരിയാം. പ്രൊഫസര്‍ ജോണ്‍ സാമുവല്‍:….
ഒരു മറുപടിയിലേക്ക് മനസ്സ് മൗനപ്പെടുമ്പോള്‍ അനുവാദം ചോദിക്കാതെ മുറിയിലേക്ക് കയറി വന്ന റീത്ത പറഞ്ഞു:

അവള്‍ ചതിക്കപ്പെട്ടു
സുനിതയോ…
സുനിതയ്ക്ക് 18 വയസ്സാണ്.
നമ്മുടെ മൂത്ത മകള്‍ക്കും 18 വയസ്സാണ്.