കാറ്റ് പറഞ്ഞ കഥ /അദ്ധ്യായം 12

455
0

ഭാവിയുടെ കാറ്റ് എന്നിലൂടെ വീശുന്നതുപോലെ എനിക്കു തോന്നി.

2015 ഏപ്രില്‍ 15
രാത്രി, ഞാന്‍ ജോണ്‍ സാമുവേലും നീ സുനിതാ സാമുവേലും നാടുവിടുകയാണ്.
എനിക്കു നീയും നിനക്ക് ഞാനും മാത്രമാകാന്‍. രക്ഷന്റെ പള്ളിയുടെ ചാരെയുള്ള നടപ്പാത ചെന്നു ചേരുന്ന ടാറിട്ട റോഡില്‍ രാത്രി 11 മണിക്ക് കാത്തു നില്‍ക്കുക.
ഞാനെത്തും
അവള്‍ ഒരിക്കല്‍ മാത്രമേ ആ എഴുത്ത് വായിച്ചുള്ളു. പിന്നെ അത് നെഞ്ചോടു ചേര്‍ത്തു വച്ചു.നിന്റെ സുനിത എന്നെഴുതി അതിനടിയില്‍ ഒരു ഒപ്പും ഇട്ടു.
ഉച്ചമുതല്‍ മനസ്സില്‍ വല്ലാത്തൊരു മോഹം. ക്ഷേത്രത്തില്‍പ്പോകണം. എന്തിനാണെന്ന് മനസ്സിനോട് പലവട്ടം ചോദിച്ചു നോക്കി. മനസ്സിന് നിര്‍ബന്ധബുദ്ധിയല്ലേയുള്ളു. ഇളം കരിക്ക് വെട്ടിയതില്‍ കയ്യിട്ട,് ഉറയ്ക്കാത്ത തേങ്ങ വാരാന്‍, മനസ്സ് നിര്‍ബന്ധിക്കും. പക്ഷേ, കൈ പുറത്തെടുക്കാനുള്ള വഴി മനസ്സ് പറഞ്ഞു തരില്ലല്ലോ. ഇനി നീയായി നിന്റെ പാടായി. അല്ലാതെന്താ….
പോകണം. അമ്പലത്തില്‍പ്പോകണം. അവസാനം പോകാം എന്നു തന്നെ തീരുമാനിച്ചു. പോകണമെന്നു തീരുമാനിച്ചപ്പോള്‍ ദേവിക്കര്‍പ്പിക്കാനായി എന്തുകൊണ്ടുപോകുമെന്നായി ചിന്ത. പൂവ് എണ്ണ, സാമ്പ്രാണിത്തിരി, ചുടം, കരിക്ക്, പഴം, വെറ്റില, പാക്ക്, ഹാരം, തുളസി, കൂവളത്തില, തെറ്റി, താമര…….. എന്തുമാകാം. പക്ഷേ, എന്റെ കയ്യില്‍…..
മുറ്റത്ത് മുത്തശ്ശി വച്ചു പിടിപ്പിച്ച വാഴയുണ്ട്. വാഴയില്‍ നിന്നും ഒരു തൂശനിലത്തുമ്പു വെട്ടാം. പിന്നെ കണ്ണുകള്‍ മുറ്റത്തുകൂടെ അലഞ്ഞു തിരിഞ്ഞപ്പോള്‍ കണ്ടു, നട്ടുനനച്ചു പിടിപ്പിച്ച റോസയില്‍ അരുമയായി വിടര്‍ന്നു നില്‍ക്കുന്ന പൂവ്. ഒത്തിരി ആഗ്രഹിച്ചതാണ് അത് തലയില്‍ ചൂടണമെന്ന്. അതു വേണ്ട തൂശനിലത്തുമ്പില്‍ വച്ചു ദേവിക്കു കൊടുക്കാം. പിന്നെ…….. കുറ്റിമുല്ലയില്‍ നിറയെ പൂവൊണ്ട്, അരളിപ്പൂവുമൊണ്ട്. എന്റെ ദേവീ എനിക്കിതല്ലാതെ എന്തുണ്ട് തരാന്‍.
സീതയുടെ ഒരുപ്പോക്കിനുശേഷം സൗമ്യയായിരുന്നു ഒരാശ്രയം. അവളെക്കൂടി വിളിക്കണമെന്ന് ആദ്യമേ ഓര്‍ത്തു. പക്ഷേ അതാരോ വിലക്കി. ഒപ്പം ഒരു സംശയവും ഉണ്ടായിരുന്നു. ഇന്ന് എന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണോ. മാറ്റാരോ ആണ്. ഒന്നും ഇന്നെന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലല്ലോ. ആരോ നടത്തിക്കുന്നു. അവള്‍ അതിനൊത്തു നടക്കുന്നതുപോലെ. അതുകൊണ്ടാണ് അമ്പലത്തിലേക്കു തനിയെ പോകാന്‍ തീരുമാനിച്ചത്.
വഴിയില്‍ കൂട്ടിനു കാറ്റുണ്ടായിരുന്നു. അരയാലിലെ തണുപ്പുതരുന്ന കാറ്റ്. കാറ്റ് മരങ്ങളിലെ ഇലകളിലൂടെ അവള്‍ക്കു മുമ്പേ നടന്നു. കാറ്റിനോടു ഇലകള്‍ക്കെന്തോ ചോദിക്കണമെന്നുണ്ടായിരുന്നു. അവളൊന്നു നിന്നിട്ടു വേണ്ടേ ചോദിക്കാന്‍. കാറ്റും ഇലകളും അവളും ഒന്നും മിണ്ടാതെ, കണ്ണോടു കണ്ണു കാണാതെ, കാതോടു കാതു ചേര്‍ക്കാതെ നടന്നു… നടന്നു… നടന്നു….
അമ്പലം വിജനമായിരുന്നു. മുറ്റത്തു പൊഴിഞ്ഞു വീണ കുറെ ഇലകളും, ആകാശത്തു നിന്നും താഴേക്കു നോക്കി നില്‍ക്കുന്ന പൂജയ്ക്കു വന്ന കുറെ വെളുത്ത പഞ്ഞി മേഘങ്ങളും ഒഴികെ. അവള്‍ എത്തും മുമ്പേ കാറ്റ് ഇലകള്‍ പറത്തി, ഒറ്റാല്‍ പോലൊരു ചുഴിയാക്കി ദൂരേക്കു പറത്തിക്കളഞ്ഞു. കാറ്റടിച്ചു വെടിപ്പാക്കിയ മുറ്റത്തു കാലു കുത്തുമ്പോള്‍ അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.
അവള്‍ മനസ്സിനെ ശാസിച്ചു. ഒരു സാധാരണ ദിവസം. വെറുമൊരു സാധാരണ ദിവസം. ഒരു സാധാരണ പൂജ. പിന്നെയെന്തിനാ…..പക്ഷേ ഹൃദയം അടങ്ങാന്‍ തയ്യാറായില്ല. ഹൃദയമിടിച്ചു കൊണ്ടേയിരുന്നു. വേഗത്തില്‍ വേഗത്തില്‍. പിന്നെയും പിന്നെയും വേഗത്തില്‍. ”എന്തെങ്കിലുമാകട്ടെ” എന്നു പറഞ്ഞവള്‍ മനസ്സിനെ അതിന്റെ വഴിക്ക് വിട്ടിട്ട,് അമ്പല നടയില്‍ കെട്ടിത്തൂക്കിയിരുന്ന മണി പിടിച്ചടിച്ച .എന്നിട്ടു പറഞ്ഞു ”ദേവീ, യോഗനിദ്രയില്‍ നിന്നുണര്‍ന്നാലും” കയ്യില്‍ തൂശനിലയില്‍ കരുതിയിരുന്ന പൂവ് അവള്‍ നടയ്ക്കു വച്ചിട്ടു കണ്ണടച്ചു നിന്നു.
എന്തിനാ എന്നെ വിളിച്ചത്…..?അകത്തു നിന്നും ഉത്തരമൊന്നുമുണ്ടാകാതെ വന്നപ്പോള്‍, അവള്‍ വീണ്ടും ചോദിച്ചു:
എന്തിനാ എന്നെ വിളിച്ചേന്ന്…?
അതിനും ഉത്തരമൊന്നുമില്ലാതെ വന്നപ്പോള്‍ അവള്‍ ദേഷ്യപ്പെട്ടു ചോദിച്ചു: കേട്ടില്ലേ, എന്തിനാ വിളിച്ചേന്ന്
കണ്ണടയ്ക്ക്. പേടിച്ചു വിറച്ച അവള്‍ കണ്ണടച്ചു
കൈ നീട്ട്. ഇടതു കൈപ്പത്തിക്കുമേല്‍ വലതു കൈപ്പത്തി വച്ചിട്ട് ധൃതിയില്‍ കൈ നീട്ടുമ്പോള്‍, അവള്‍ ചോദിച്ചു: ആരാ
”കണ്ണുതുറക്കരുത് കൈ വലിക്കരുത്,” എന്നുപറഞ്ഞിട്ട് അവളുടെ കൈയ്യില്‍ ഒരു ഇലപ്പൊതി, വച്ചിട്ട് ആരോ ധൃതിയില്‍ നടന്നു മറഞ്ഞു. ആരെന്നറിയാന്‍ എത്ര ധൃതിയിലും ശക്തിയിലും കണ്ണുകള്‍ തുറക്കാന്‍ അവള്‍ തുനിഞ്ഞിട്ടും കണ്ണുകള്‍ അടഞ്ഞു തന്നെയിരുന്നു. പിന്നെ എപ്പഴോ കണ്ണുകള്‍ താനേ തുറന്നു. കൈയ്യിലിരുന്ന പൊതിയിലേക്കവള്‍ സാകൂതം നോക്കി. വാട്ടികെട്ടിയ വാഴയില.. നല്ല കൂമ്പു വാഴയില. അവള്‍ മെല്ലെ വാഴയില അഴിച്ചു നോക്കി.
പ്രസാദം. മഞ്ഞളും ചെറു നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കിയ പ്രസാദം.
പിന്നെ എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് ഓര്‍മ്മയില്ലായിരുന്നു. അവളുടെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തപ്പെട്ടിരുന്നു. സുനിത സുമംഗലിയായി. അപ്പോള്‍ സീമന്തരേഖയില്‍ നിന്നും താഴേക്കു താണു വന്ന തള്ളവിരലിലും ചൂണ്ടു വിരലിലും സിന്ദൂരം പറ്റിപ്പിടിച്ചിരുന്നു.
ഒരെഴുത്തവള്‍ മനസ്സില്‍ കുറിച്ചു. ജോണ്‍ സാമുവേല്‍, അറിഞ്ഞോ. സാമു, നീ അറിഞ്ഞോ. എന്നെ ഋതുക്കള്‍ വിട്ടകന്നു. വസന്തം, ഗ്രീഷ്മം വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം എല്ലാം
സാമു, പെണ്ണിന് ഒരു ഋതു കൂടിയുണ്ട്. 28 ദിവസത്തെ കാത്തിരിപ്പിന്റെ ഋതു. അവളില്‍ ചുവന്ന പൂക്കള്‍ പുഷ്പിക്കുന്ന ഋതു. പെണ്ണ് പൂക്കുന്ന ഋതു. എല്ലാ ഋതുക്കളും കടന്നു പോകുമ്പോള്‍ ഓര്‍മ്മയ്ക്കായ് എന്തങ്കിലും പിന്നിലുപേക്ഷിച്ചിട്ടുണ്ടാകും. എനിക്കുമുണ്ട് ഓര്‍മ്മയ്ക്കായ്… ഇത്തവണത്തെ എന്റെ ഋതുവില്‍ ചുവന്ന പൂക്കള്‍ വിരിഞ്ഞില്ല. ആരോ ഒരാള്‍ എല്ലാം തടഞ്ഞു വച്ചു. ആവാഹിച്ചെടുത്തു.
സൂസന്ന : റീത്ത, നാളിതു വരെയുള്ള സംഭവവികാസങ്ങള്‍ വച്ചു നോക്കുമ്പോള്‍, ഇതത്ര നിസ്സാരകാര്യമല്ല.
റീത്ത: അല്ലെന്നെനിക്കറിയാം സൂസന്ന. പക്ഷേ ഞാന്‍ നിസ്സഹായ ആകുകയാണ്. എനിക്കെന്തു ചെയ്യാന്‍ കഴിയും. ജോണിനെല്ലാം റീത്തയായിരുന്നു. റീത്തയ്ക്കപ്പുറം ഒന്നുമില്ലായിരുന്നു.
സൂസന്ന : എനിക്ക് ജോണ്‍ സാര്‍ നല്ലൊരു സുഹൃത്തും, വഴികാട്ടിയുമായിരുന്നു. ഇന്നും അന്നും. വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ഞങ്ങളെ രക്ഷിച്ച് സന്തുഷ്ടമായ ഒരു ജീവിതം ഉണ്ടാക്കി തന്നത് അദ്ദേഹമാണ്. ആ അദ്ദേഹം…! എനിക്കൊന്നും മനസ്സിലാകുന്നില്ല. പലപ്രാവശ്യം ഓര്‍ത്തതാണ് ജെയിംസിനോട് പറയണമെന്ന്. പക്ഷേ എങ്ങനെ പറയും. ജെയിംസിനതുള്‍ക്കള്ളാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
റീത്ത: നിന്റെ ഭര്‍ത്താവ് ജെയിംസിനോടു പോലും നിനക്കിത് പറയാന്‍ പറ്റുന്നില്ലെങ്കില്‍ ഞാനിതാരോടു പറയും. എങ്ങനെ പറയും. മക്കളു ചോദിക്കുന്നുണ്ട് ”അപ്പയ്‌ക്കെന്തുപറ്റിയെന്ന്”. ഞാനെങ്ങനെ അവരോടിതു പറയും. എനിക്കു പേടി യാണ് സൂസന്‍. ഭര്‍ത്താവില്ലാത്ത ഭാര്യയായി, അപ്പയില്ലാത്ത മക്കളായി, എന്റെ കുടുംബം.
സൂസന്ന : റീത്ത, ലോകത്തിതറിയുന്നവര്‍ നമ്മള്‍ രണ്ടുപേരെയുളളു. ഒരാള്‍ കൂടി അറിയണം. ഞാന്‍ ജെയിംസിനോടു പറയാന്‍പോവുകയാണ്.
റീത്ത: എന്തു പ്രയോജനം. എനിക്കറിയില്ല. അന്നും ഇന്നും എന്നോട് ജോണ്‍ ഒരേപോലെയാണ്. എനിക്ക് മറുത്തൊന്നും പറയാന്‍ പോലുമാകുന്നില്ല സൂസന്‍.
സൂസന്ന : നീയെന്തെങ്കിലും എതിര്‍ത്തു പറഞ്ഞോ.
റീത്ത:ആ മുഖത്തു നോക്കുമ്പോള്‍, ഒരംശം പോലും കുറയാതെയുള്ള ആ സ്‌നേഹം കാണുമ്പോള്‍ എനിക്കൊന്നു മാകുന്നില്ല സൂസന്‍
സൂസന്ന : ജോണ്‍ സാറിനെ നീ ഇനിയും ഇഷ്ടപ്പെട്ടോളു. വേണ്ടുവോളം സ്‌നേഹിച്ചോളൂ. പക്ഷേ പൂര്‍ണ്ണമായി വിശ്വസി ക്കേണ്ട. അതിന്റെ സമയം പണ്ടേ കടന്നു പോയി. ഒരു കണ്ണു തുറന്നിരിക്കുമ്പോള്‍ ഒരു കണ്ണടച്ചിരിക്കുക. ഇതിങ്ങനെ തുടരാന്‍ അനുവദിച്ചുകൂടാ. അനുവദിച്ചാല്‍ ഇതിന്റെ അന്ത്യം.
റീത്ത: എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്നറിയില്ല. ഞാന്‍ പല ആവര്‍ത്തി ജോണിനോടു ചോദിച്ചു. അപ്പോള്‍ എന്നെ കെട്ടിപിടിച്ചു കരയും. നീയെന്നോടു ക്ഷമിക്കൂ എന്നു പറയും.
സൂസന്ന : നമുക്കിതു തടയണം.
റീത്ത: സൂസന്ന, എങ്ങനെ… ഏതുവിധം.
സൂസന്ന :ഒരു വഴിയുണ്ട്. നിനക്കിഷ്ടപ്പെടുമോന്നറിയില്ല.
റീത്ത: ജോണിനുവേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഇല്ലാതാകാന്‍ കൂടി.
സൂസന്ന : ഏയ്, അങ്ങനെ ചിന്തിക്കല്ലേ. നിന്റെ കൂടെ ഞാനുണ്ട്. ജെയിംസുണ്ട്.
റീത്ത: പക്ഷേ, ഏതു വഴി.
സൂസന്ന : പാഴൂര്‍… പാഴൂര്‍ പടിപ്പുര.
പാഴൂര്‍ പടിപ്പുരയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ റീത്ത തനിച്ചായിരുന്നു. വല്ലാത്തൊരു ഭാരം റീത്തയില്‍ കനത്തു കിടന്നിരുന്നു.
ഞാന്‍ റീത്ത സാമുവേല്‍, ക്രിസ്തുമത വിശ്വാസി, മറ്റൊരു വിശ്വാസം തേടി. എന്റെ പ്രവൃത്തി ഒന്നാം പ്രമാണലംഘനമാകില്ലേ. അതു പാപമാകില്ലേ….? അവള്‍ ഓര്‍ത്തു നോക്കി. ഒന്നാം പ്രമാണം. നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. അപ്പോള്‍ അവള്‍ ജോണിന്റെ വാക്കുകള്‍ ഓര്‍ത്തു.
”പ്രമാണങ്ങള്‍ ലംഘിക്കപ്പെടേണ്ടവയാണ്. കാലോചിതമായി ലംഘിക്കപ്പെടേണ്ടവയാണ്. എങ്കില്‍ മാത്രമേ പത്തു പ്രമാണങ്ങള്‍, രണ്ടു പ്രമാണങ്ങളായി സംഗ്രഹിക്കപ്പെടുകയുള്ളു. ദൈവം, മനുഷ്യന്‍. ഈ രണ്ടു പ്രമാണങ്ങളും ഒന്നില്‍ സംഗ്രഹിക്കപ്പെടും സ്‌നേഹം.
എനിക്കെന്റെ ദൈവം ജോണാണ്. എനിക്കെന്റെ മനുഷ്യനും ജോണാണ്. എനിക്കുകൊടുക്കാനുള്ളത് സ്‌നേഹമാണ്. അദൈവികമല്ലാത്ത സ്‌നേഹം. സ്‌നേഹത്തിനു മുന്നില്‍ തോല്‍ക്കുന്നവയാണ് എല്ലാ പാപങ്ങളും. അല്ലെങ്കില്‍ തന്നെ എന്താണ് പാപം?
സഹോദരന്റെ വേദന…. സഹോദരനെ വേദനിപ്പിക്കലാണ് പാപം. അറിഞ്ഞു കൊണ്ടു ചെയ്യുന്ന വേദനിപ്പിക്കല്‍. ബാക്കി യൊക്കെ എഞ്ചുവടി പട്ടികകളാണ്. അവള്‍ക്കത്ഭുതം തോന്നി, ഞാനും ജോണിനെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയ ല്ലോ.
റീത്ത പാഴൂര്‍ പടിപ്പുരയിലെത്തുമ്പോള്‍ സൂര്യനസ്തമച്ചിരുന്നു. മൂവന്തിയുടെ മിന്നാമിന്നികള്‍ ഇത്തിരി പൊടി വെളിച്ചം അവിടെയും ഇവിടെയും വിതറിയിരുന്നു. ഇന്നിനി രാശിയില്ല. ആ മറുപടി അവളെ തളര്‍ത്തി. പടിപ്പുരയിലെ ബഞ്ചില്‍ അവള്‍ തളര്‍ന്നു ചാരിയിരിക്കുമ്പോള്‍, ജോത്സ്യന്‍ ചിന്തിച്ചത് ”ഇത്രയും ദൂരം ഒരു സ്ത്രീ, തനിയെ വണ്ടിയോടിച്ച്… എന്താണ് ഒരു പോംവഴി.
അവളുടെ പരിക്ഷീണിതമായ മുഖത്തേക്കു നോക്കി കരുണാദ്രനായി അയാള്‍ പറഞ്ഞു: അച്ഛനൊണ്ട്…. അച്ഛനൊരു പോംവഴി കാണാതിരിക്കില്ല. കാത്തിരിക്കുക.
നാലു പാടും വൈദ്യുതി വിതറി നില്‍ക്കുന്ന പടിപ്പുരയിലേക്ക്, ഏറെ വൈകി അച്ഛന്‍ ജോത്സ്യര്‍ എത്തിയപ്പോള്‍ പറഞ്ഞത് ഒന്നു മാത്രം.
അഭയാര്‍ത്ഥിയാണല്ലേ. അതെയെന്നോ അല്ലെന്നോ, അവള്‍ മറുപടി പറഞ്ഞില്ല.
ഞാന്‍ കണ്ടിരുന്നു. ഇന്നു വരുമെന്ന്. എന്താ കാര്യം.
കാര്യം.
വേണ്ട. പറയണ്ട. പടിപ്പുരയിലെ ഈശ്വരചൈതന്യം എല്ലാം അറിയുന്നുണ്ട്. കവടി പറയും.
അച്ഛന്‍ ജോത്സ്യന്‍ നടുത്തളത്തിലിരുന്ന് ദീപം തെളിച്ചു. പെട്ടെന്ന് എവിടെ നിന്നോ വന്ന കാറ്റ് ഒരു ദയാദാക്ഷി ണ്യവുമില്ലാതെ ദീപം ആട്ടിക്കെടുത്തി.
അച്ഛന്‍ ജോത്സ്യന്‍ ഒന്നും പറയാതെ വീണ്ടു ദീപം തെളിച്ചു. പൂര്‍വ്വാധികം ശക്തിയോടെ കാറ്റൂതിക്കെടുത്തി.
തിരിഞ്ഞു നിന്ന് അച്ഛന്‍ ജോത്സ്യന്‍ പറഞ്ഞു, ”മനസ്സിലെ ഇഷ്ടദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്ക്”
”എന്റെ ദൈവമേ” അവളറിയാതെ വിളിച്ചത് അതായിരുന്നു. ഒരു പേരുമില്ലാത്ത ദൈവം. ജോണിന്റെ ദൈവം. പിന്നെ അവള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…അവള്‍ പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ത്തപ്പോള്‍ അച്ഛന്‍ ജോത്സ്യന്‍ ദീപം തെളിച്ചു.
അച്ഛന്‍ ജോത്സ്യന്‍: പേര്
റീത്ത: റീത്ത സാമുവേല്‍
അച്ഛന്‍ ജോത്സ്യന്‍: അതല്ല.
റീത്ത: ജോണ്‍ സാമുവേല്‍
അച്ഛന്‍ ജോത്സ്യന്‍: നക്ഷത്രം
റീത്ത: തിരുവോണം
അച്ഛന്‍ ജോത്സ്യന്‍: ഒരു നേര്‍ച്ച നേര്
റീത്ത: ആള്‍ക്ക് നേര്‍ച്ചകള്‍ ഇഷ്ടമല്ല.
അച്ഛന്‍ ജോത്സ്യന്‍: അതല്ല ഞാനുദ്ദേശിച്ചത്. ഒരു ദാനം.
റീത്ത(മനസ്സില്‍ ഓര്‍ത്തു) : ജോണിന്റെ അഞ്ചുമാസത്തെ ശമ്പളം, കടബാധ്യതയില്‍ വലയുന്ന ഒരു കുടുംബത്തിന്.

അച്ഛന്‍ ജോത്സ്യന്‍ കവടി കവടിപ്പലകയില്‍ നിരത്തി, വലതു കൈ കൊണ്ട് വട്ടം ചുഴറ്റി ഒരു പിടി വാരി നെഞ്ചോടു ചേര്‍ത്തു വച്ച് കണ്ണടച്ച് ഏറെ നേരം പ്രാര്‍ത്ഥനയിലിരുന്നു. പിന്നെ കണ്ണുതുറന്ന് റീത്തയോടു പറഞ്ഞു:
കരഞ്ഞു പ്രാര്‍ത്ഥിക്ക്. പിന്നെ പതിയെ കവ’ടികള്‍ അംശിച്ചു.
4 കവടികള്‍ വീതം പകുത്തു. കര്‍ക്കിടകം, വൃശ്ചികം. മീനം, മൂന്ന് കവടികള്‍ മിച്ചം. മിഥുനം ലഗ്നം അഷ്ടമത്തില്‍ ഗുളികന്‍. പിന്നെ ശനിയും. ആ രാശിക്കരു രാശിപ്പലകയില്‍ വച്ചു.
ഭര്‍ത്താവ്, പരസ്ത്രീ…ബാല്യം കഴിഞ്ഞ് യൗവനാരംഭം. ശിവപാര്‍വ്വതീ പ്രണയം…
ഇന്ന് ഏപ്രില്‍ 1. ഇന്നേക്ക് 15-ാം നാള്‍ ഏപ്രില്‍ 15. മേടം 1. ഏറ്റവും അപകടമുള്ള ദിവസം അന്ന് വിഷു. ദക്ഷിണായനം ആരംഭിക്കുന്ന അന്ന് രാത്രി ഭര്‍ത്താവിനെ നഷ്ടപ്പെടും.
ജോത്സ്യരേ… അതൊരു തകര്‍ച്ചയുടെ സ്വരമായിരുന്നു. എന്തെങ്കിലും പ്രതിവിധി
നിങ്ങളുടെ ആചാരപ്രകാരമുള്ള പ്രാര്‍ത്ഥന, ബലി നോമ്പ്, ദാനധര്‍മ്മങ്ങള്‍ ഒക്കെ ചെയ്യണം. ആ രാത്രി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഒരു കാരണവശാലും പുറത്തുപോകാന്‍ ഇടവരരുത്. പ്രാര്‍ത്ഥിക്കുക. നെഞ്ചുരുകി, കരഞ്ഞു വിളിച്ച് പ്രാര്‍ത്ഥിക്കുക. ഒരു പക്ഷേ…
ഇവിടെയും പ്രാര്‍ത്ഥനകളും, ഹോമവും, പൂജയും നടത്താം. എല്ലാ പ്രാര്‍ത്ഥനയും ഒരു ദൈവത്തിലല്ലേ ചെന്നു ചേരൂ.
സമാധാനമായിപ്പോ…ഈശ്വരേച്ഛേപോലെ എല്ലാം നടക്കട്ടെ. ഈശ്വരന്‍ നല്ലതു വരുത്തട്ടെ.
മടക്കയാത്രയില്‍ റീത്തയ്ക്കാകെ ഭയമായിരുന്നു. ജോണ്‍ സാമുവേലിനോട് ആലോചന ചോദിക്കാതെ ആദ്യമായ് ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. ”എവിടെപ്പോയിരുന്നു” എന്ന് ജോണ്‍ ചോദിച്ചാല്‍ എന്തു മറുപടി പറയും. കാണാതാകുമ്പോള്‍ ജോണും മക്കളും കൂടി അന്വേഷിച്ചിറങ്ങിയാലോ. ആരെങ്കിലുമൊക്കെ അറിഞ്ഞാല്‍ അവരോടെന്തു സമാധാനം പറയും. 2015 ഏപ്രില്‍ 15 രാത്രി ജോണ്‍ സാമുവേലിനെ വീട്ടില്‍ നിന്ന് പുറത്തുവിടാതെ എങ്ങനെ തടഞ്ഞു വയ്ക്കും. രാത്രിയില്‍ കാറിന്റെ വേഗതയ്‌ക്കൊപ്പം ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ അവള്‍ പലവിധ ചിന്തകളിലാണ്ടു.
അപ്പോള്‍ അവള്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ സുന്ദരിയായ ഒരു സ്ത്രീയെ പിന്തുടരുകയായിരുന്നു. വെളുത്ത ആകാശത്ത് വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ അവര്‍ യാത്ര തുടര്‍ന്നു. അപ്പോള്‍ അവള്‍ ആഗ്രഹിച്ചു, അവര്‍ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍…. എന്ന്. പിന്നെ അവള്‍ പ്രാര്‍ത്ഥിച്ചു. ഈശ്വരാ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍.
പെട്ടെന്നു തന്നെ അവള്‍ തിരുത്തി. ആര്‍ക്കും വേണ്ടാത്തപ്പോള്‍ ഉത്തരം നല്‍കുന്നവയാണ് പ്രാര്‍ത്ഥനകള്‍. പല പ്രാര്‍ത്ഥനകളും മുകളിലേക്കു പോയാല്‍ മേഘങ്ങളില്‍ തട്ടി, താഴേക്കു പോയാല്‍ ഭൂമിയില്‍ തട്ടി, വടക്കോട്ടു പോയാല്‍ ഹിമാലയത്തില്‍ തട്ടി, തെക്കോട്ടു പോയാല്‍ അറബിക്കടലില്‍ മുങ്ങി……തട്ടിത്തെറിച്ച്, ഛിന്നഭിന്നമായി…….
ആകാശത്തിനപ്പുറം കടന്നു കിട്ടിയാലല്ലേ പ്രാര്‍ത്ഥന പ്രാര്‍ത്ഥനയാകൂ…… അവള്‍ അങ്ങനെ ആലോചിച്ച് പിന്നാലെ നടക്കുമ്പോള്‍ പെട്ടന്നവര്‍ തിരിഞ്ഞു നോക്കി.
എവിടെയാണ് വീട്
ഇതിനപ്പുറത്ത്. അവര്‍ അകലേക്കു വിരല്‍ ചൂണ്ടി
അവിടെ അപ്പോള്‍ നിലാവുദിച്ചതു പോലെയായിരുന്നു. നിലാവിനു നീല നിറമായിരുന്നു. അതെങ്ങനെ വന്നു എന്നവള്‍ ചിന്തിച്ചു നില്‍ക്കേ വെളുത്ത ആകാശപ്പക്ഷികളുടെ പാട്ടുകേട്ടു. മണമുള്ള പാട്ട്. ആ പാട്ടുകള്‍ക്ക് മുല്ലപ്പൂവിന്റെ മണമായിരുന്നു. തിരികെ പോരുമ്പോള്‍ കൂടെക്കരുതാനായി അവള്‍ അത് ആവോളം നാസികയിലൂടെ വലിച്ചെടുത്തു. അവിടുത്തെ കാറ്റിന് കുന്തിരിക്കത്തിന്റെ മണമുണ്ടായിരുന്നു.
അവള്‍ ഇത്തിരി നേരം പിറകോട്ടു തിരിഞ്ഞു നോക്കി. അവിടെ കൈതപ്പൂക്കളുടെയും, മാമ്പൂക്കളുടെയും, വരിക്കച്ചക്കപ്പഴത്തിന്റെയും, കാശാവ് പൂക്കളുടെയും മണമുണ്ടായിരുന്നു. പെട്ടന്നാണ് എല്ലാം മാറിയത്. വെളുപ്പ് നീലയിലേക്ക വിവര്‍ത്തനം ചെയ്യപ്പെട്ടു. എങ്ങും ഇളം നീല നിറം.
പകച്ചു നിന്ന അവളെ നോക്കി അവര്‍ പറഞ്ഞു ” വരിക”
അപ്പോള്‍ അവരുടെ വാക്കുകളും മുഖവും മൃദുലമായിരുന്നു.
ഒരു നീല നിറം, ഒരു നേര്‍രേഖയില്‍ കുത്തനെ വരച്ചിട്ട് അവര്‍ പറഞ്ഞു. ഇതു തുടക്കമാണ്. നടന്നു കൊള്ളുക. നേര്‍രേഖ തീരുമ്പോള്‍…..അതു പൂരിപ്പിക്കാതെ അവര്‍ അപ്രത്യക്ഷ്യയായി. പോകുമ്പോള്‍ അവര്‍ പറഞ്ഞിരുന്നു .ഞാന്‍, നിന്റെ അമ്മ.കാത്തിരിക്കുന്നു.