സുനില്‍.സി.ഇ
ആനിമേഷന്‍ കാര്‍ട്ടൂണുകളുടെ കാലമാണിത്. അതുകൊണ്ടുതന്നെ ഏതൊരു കലയ്ക്കുമെന്നപോലെ കാര്‍ട്ടൂണ്‍ കലയുടെയും നിയമങ്ങള്‍ അസ്ഥിരമാണ്. മനസ്സും വിരലും ചേര്‍ന്നൊരുക്കുന്ന വിചിത്രമായ വൈകാരിക കാലാവസ്ഥയല്ല കാര്‍ട്ടൂണ്‍നിര്‍മ്മാണം. സമൂഹത്തിന്റെ രോഗംപിടിച്ച സിരകളെ പെട്ടെന്ന് മനുഷ്യരിലെത്തിക്കാന്‍ കാര്‍ട്ടൂണ്‍ കലയ്ക്കാവുന്നുണ്ട്. വിഭ്രാന്തിയുടെ മേഖലയിലൂടെ വഴുതിനീങ്ങുന്നതിനു പകരം, ഒരു ജനതയെ അവരുടെ ചിന്താക്കുഴപ്പത്തില്‍ നിന്നും വലിച്ചുകയറ്റാനാണ് ഇക്കാലമത്രെയും കാര്‍ട്ടൂണ്‍കല ശ്രമിച്ചിട്ടുള്ളത്. കാലം ഒരാപത്തിന്റെ വക്കിലൂടെ കടന്നുപോകുമ്പോള്‍ അഗാധവും അന്തിമവുമായ ഏതെങ്കിലും ഒരു പ്രതിരോധ അര്‍ത്ഥത്തെ സൃഷ്ടിക്കുക എന്നതുതന്നെയാണ് ഈ കലയുടെ ലക്ഷ്യവും. സമൂഹത്തിന്റെ ആരോഗ്യം തകര്‍ക്കുന്ന എല്ലാറ്റിനെയും കാര്‍ട്ടൂണ്‍ വിമര്‍ശിക്കുന്നുണ്ട്. ശില്‍പപരമായ പൂര്‍ണ്ണത എന്നാണ് കാര്‍ട്ടൂണ്‍കലയെ സ്ലേവോജ് സിസേക്ക് വിശേഷിപ്പിക്കുന്നത്. നാം ജീവിക്കുന്ന കാലത്തെ വന്നുമൂടുന്ന ഇരുട്ടാണ് ആ കറുത്ത വരകളില്‍ പരന്നുകിടക്കുന്നത്. ഇവിടുത്തെ കന്നത്തരങ്ങളെ ഹാസ്യാത്മകമായി കൂട്ടിയിണക്കാനുള്ള കാര്‍ട്ടൂണിസ്റ്റിന്റെ കഴിവിനെ അക്രമവാസന എന്നാണ് വാള്‍ട്ട് ഡിസ്‌നി വിളിച്ചത്. ഒരുപക്ഷെ ആംബുലന്‍സ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച ഡിസ്‌നി കാര്‍ട്ടൂണ്‍വരകള്‍കൊണ്ട് ആംബുലന്‍സിനെ അലങ്കരിച്ചാണ് കാര്‍ട്ടൂണ്‍കലയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയത്. പിന്നീട് കാര്‍ട്ടൂണ്‍കലയിലെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന് കലാനിരൂപകര്‍ വിശേഷിപ്പിച്ച വാള്‍ട്ട് ഡിസ്‌നിയും ഉബ് ഐവര്‍ക്‌സു ചേര്‍ന്നൊരുക്കിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആനിമേഷന്‍ സിനിമകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലോകത്തെവിടെയുമുള്ള ആനിമേഷന്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത ഒരു സംഭാവനയായിരുന്നു ഡിസ്‌നി-ഉബ് കൂട്ടുകെട്ടില്‍ പിറന്ന ”സ്‌നോവൈറ്റും ഏഴുകള്ളന്‍മാരുരും. ഗ്രാഫിക് ആര്‍ട്ടിന്റെ ഏറ്റവും നല്ല തച്ചനായിട്ടാണ് ഡിസ്‌നി ഇന്നറിയപ്പെടുന്നത്. ഡിസ്‌നിയെക്കുറിച്ചു പറയുമ്പോള്‍ നമുക്കിപ്പോഴും അറിയാവുന്നത് ഒരു ‘മിക്കി മൗസിനെ’ മാത്രമാണ്. ലയണ്‍ കിംഗ്, ബാംബി(മാന്‍കുട്ടി) സംബൊ(ആനക്കുട്ടി) ഡൊണാള്‍സ് ഡക്ക് അങ്ങനെയെത്രയെത്ര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയാണ് ഡിസ്‌നി സൃഷ്ടിച്ചത്. ഇതൊക്കെയും വിനോദോപാധികള്‍ മാത്രമായിരുന്നില്ല. ഇതിനെ രണ്ട് ”ചി” കള്‍ എന്നാണ് ഒ.വി.വിജയന്‍ വിശേഷിപ്പിച്ചത്.
1.ചിരി
2.ചിന്ത
വരയ്ക്കുള്ളിലെ ശബ്ദങ്ങളെ ഡീകോഡ് ചെയ്യുമ്പോഴാണ് ആ സ്വാദകനില്‍ ഈ ചിരിയും ചിന്തയും സംഭവിക്കുന്നത്. കാര്‍ട്ടൂണിന്റെ ജീവസെല്ലില്‍ ഒരു ബോഡിമാസ്സില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രയധികം വിപണന ഉദ്പാദനശേഷിയുണ്ടാകുന്നത് എന്ന അന്വേഷണം തീര്‍ച്ചയായും നമ്മെ ഒ.വി.വിജയനിലേക്ക് കൊണ്ടെത്തിക്കും. നമ്മുടെ കാലത്തിന്റെ ശ്വാസകോശം താറുമാറായപ്പോള്‍ എഴുത്തിനേക്കാള്‍ വേ ഗത്തില്‍ ചിതലരിക്കാത്ത വരയ്ക്ക് കാലത്തെ വീണ്ടെടുക്കാനാകുമെന്ന് വിശ്വസിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ഒ.വി.വിജയന്‍. ഇവിടുത്തെ രാഷ്ട്രീയ നീക്കങ്ങള്‍ സമ്മാനിച്ച പീഢകളുടെയും പെട്ടെന്നു മൂര്‍ച്ഛിച്ച അതിന്റെ ആഘാതത്താല്‍ തന്റെ ശരീരവും മനസ്സും നുറുങ്ങി നശിച്ചിരുന്ന കാലത്താണ് ഒ.വി.വിജയന്‍ വരയുടെയും കുറിയുടെയും സമുദ്രത്തിലേക്ക് എടുത്തുചാടുന്നത്. പദതാളങ്ങളില്‍ നിന്ന് വരതാളങ്ങളിലേക്ക് മനസ്സ് പിടിച്ചെത്തിയപ്പോള്‍ വിജയനിലെ കാര്‍ട്ടൂണിസ്റ്റ് അപൂര്‍വസിദ്ധികളുള്ള നിഷേധിയായി മാറുകയായിരുന്നു. കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് പൊതുവില്‍ പങ്കിട്ട ഒരു വിശ്വാസമായിരുന്നില്ല വിജയനുണ്ടായിരുന്നത്. ഇവിടുത്തെ കാര്‍ട്ടൂണ്‍കലയ്ക്ക് ഒരുതരം വിശിഷ്ടമായ പൂര്‍ണ്ണത സമ്മാനിച്ചിട്ടുള്ളത് രാഷ്ട്രീയ-സാംസ്‌കാരിക കന്നത്തരങ്ങളുടെ ഭാഗമായുണ്ടാകുന്ന പ്രതിരോധ നിര്‍ മ്മാണകലയില്‍ നിന്നാണ്. അതുകൊണ്ടാണ് തന്റെ രാഷ്ട്രീയനിലപാടുകള്‍ വെളിവാകുന്ന കാര്‍ട്ടൂണുകളെകുറിച്ച് ഒരു അഭിമുഖക്കാരന്‍ ചോദിച്ചപ്പോള്‍ വിജയന്‍ ഇങ്ങ നെ മറുപടി പറഞ്ഞത്- ”ഞാന്‍ സൃഷ്ടിക്കുന്നത് ക്രൂരതയുടെ സൗന്തര്യശാസ്ത്രമാണ്” ഒരുപ ക്ഷെ ഈ സൗന്ദര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ എം.കെ.മുനീര്‍ ഒ.വി.വിജയനെ വരച്ചത്. കാര്‍ട്ടൂണ്‍ ഒരിക്കലും ഒരു കൗതുകനിര്‍മ്മാണമല്ല. അതൊരു രാഷ്ട്രീയവ്യഥയാണ്(Political agony). ആത്മകഥാപരമായ കുമ്പസാരത്തിന്റെ ഭാവങ്ങള്‍ അടങ്ങിയ ചില കാര്‍ട്ടൂണുകളെ നിരീക്ഷിച്ചാലേ വിജയന്‍ എന്തിന് ഇത്തരം ഒരു കലയില്‍ ഇടപെട്ടു അല്ലെങ്കില്‍ ഇത്തരം ഒരു കലയെ എ ന്തിനു ഉപയോഗിച്ചുവെന്ന് നമുക്ക് ബോദ്ധ്യമാകൂ. നാം ജീവിക്കുന്ന കാലത്തിന്റെ തകര്‍ച്ചയ്ക്ക് വേഗം പകര്‍ന്ന(പകരുന്ന) ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്രീയം. അതിന്റെ അയഞ്ഞ വഴികളെ ബ ലപ്പെടുത്താനാണ് ഒ.വി.വിജയനി ലെ എഴുത്തുകാരന്‍ കാര്‍ട്ടൂണ്‍ കലയെ ആശ്രയിച്ചത്.
കാര്‍ട്ടൂണ്‍ കലയുടെ ഫിസിക്കല്‍ അനാട്ടമി
നിയതമായ അനാട്ടമിയോ ല ക്ഷ്മണരേഖകളോ ഇല്ലാത്ത ഒരു കലാരൂപമാണ് കാര്‍ട്ടൂണ്‍. ഇന്ന ത്തെ ന്യൂസ് ഇലസ്‌ട്രേഷന്‍ കാര്‍ ട്ടൂണുകള്‍ക്ക് ആശയപരമായ ല ക്ഷ്മണരേഖകള്‍ ഉണ്ടായിരിക്കാം. കാരണം പൊളിറ്റിക്കല്‍ കാര്‍ട്ടൂണിനുള്ളിലെ ഉപഘടകങ്ങളായ എഡിറ്റോറിയല്‍ കാര്‍ട്ടൂണും സ്ട്രി പ്പ് കാര്‍ട്ടൂണുകളുമൊക്കെ ചില അതിര്‍വരമ്പുകളെ ആശ്രയിച്ചാ ണ് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒ.വി.വിജയന്റെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്കുപോ ലും ഒരു പ്രത്യേകതരം ശരീരമാണുള്ളതെന്നു കാണാന്‍ കഴിയും. അവ ദിനപത്രങ്ങളെ ആശ്രയിക്കാത്ത പൊളിറ്റിക്കല്‍ ന്യൂസ് ഇ ലസ്‌ട്രേഷനുകളായിരുന്നു. വിജയന് ഒരു രാഷ്ട്രീയ ജ്ഞാനമുണ്ടായിരുന്നു. അതുകൊണ്ടു ആ കാര്‍ട്ടൂണുകളുടെ ഫിസിക്കല്‍ അനാട്ടമിക്ക് ഒരു രാഷ്ട്രീയ ശരീരമുണ്ടായിരുന്നു. സാധാരണ ഗ തിയില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍ക്ക് വളരെ ചെറിയ ആയു സ്സേ ഉണ്ടാവാറുള്ളൂ. പക്ഷെ ചില കാര്‍ട്ടൂണുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാലാതിവര്‍ത്തിയായി നില്‍ക്കാറുണ്ട്. നര്‍മ്മത്തിലും പരിഹാസത്തിലും പൊ തിഞ്ഞ് അവതരിപ്പിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കാര്‍ട്ടൂണുകളില്‍പോലും രാഷ്ട്രീയ ശരീരങ്ങള്‍ കടന്നുവരുന്നതാണ് നാം കാണുന്നത്. ഇവിടെ പുതിയതരം സാമൂഹികസംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം പ്രതിഷേധിച്ചിരുന്നത് കാര്‍ട്ടൂണിസ്റ്റുകളായിരുന്നു.
ഹക്കുവിന്റെ ”മനസ്സാ വാചാ” എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ സമാഹാരത്തില്‍ രാഷ്ട്രീയനിലപാടുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിനേക്കാള്‍ ചോദ്യം ചെയ്യലിന്റെ കോടതിയായി കാര്‍ട്ടൂണ്‍ മാറുന്നതാണ് നാം കാ ണുന്നത്. ഇവിടെ ഇലക്ഷന്‍ അ ടുക്കുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ വടക്കുനിന്ന് തെക്കോട്ടും തെക്ക്‌നിന്ന് വടക്കോട്ടും നടത്തു ന്ന യാത്രകളെ പരിഹസിക്കുന്നുണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഇതൊരു പകര്‍ച്ചവ്യാധിയായി തുടരുന്നതിനെയാണ് ഹ ക്കു പരിഹാസപൂര്‍വ്വം ഒരു കാര്‍ ട്ടൂണില്‍ അവതരിപ്പിച്ചിരിക്കുന്നത്.
”ഒരു റാലി നടത്താതെ ഇനി ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ ക്കാനാവില്ല. കോണ്‍ഗ്രസ്സ് റാലി ക്കു പിന്നാലെ ബി.ജെ.പിയുടെ അഴിമതി വിരുദ്ധറാലി.
പത്രവാര്‍ത്ത
ഗസ്‌ക്കരിയുടെ നേതൃത്വത്തില്‍/ അഴിമതി വിരുദ്ധ റാലി./ അടു ത്ത ഇലക്ഷനില്‍ നമുക്ക്/ തന്നെ വിജയം ഉറപ്പ്. നമ്മുടെ മുഖ്യ എതിരാളിക്ക്/ 80000 കോടിയുടെ അഴിമതി ആരോപണങ്ങളാ. / നമുക്ക് 79,999 കോടിമാത്രം! – ഹക്കു.
ഇവിടുത്തെ രാഷ്ട്രീയത്തെ ഉപജീവിച്ച് സൃഷ്ടി നടത്തുന്ന ഓരോ കാര്‍ട്ടൂണിസ്റ്റുകളും വെറും ഭാവനാത്മകമായ ഭ്രമകല്പനകളെയല്ല രൂപസംവിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് അല്‍പം അസാധാരണത്വമുള്ള മൃഗമാണ് രാഷ്ട്രീയ മനുഷ്യന്‍ എന്ന് വിജയന്‍ വിശ്വസിച്ചതും അതുതന്റെ വരകളില്‍ രേഖപ്പെടുത്തിയതും. രാഷ്ട്രീയം നൂറുനൂറായിരം ഇരുളിന്റെ കഷണങ്ങളാണെന്ന് കാര്‍ട്ടൂണിസ്റ്റുകളുടെ ഓ രോ വരയിലും പതിഞ്ഞുകിടപ്പുണ്ട്.
മിനുക്കിയെടുക്കപ്പെടാത്ത കലാരൂപം എന്നാണ് വിമര്‍ശകന്‍ ഗബ്രിയേല്‍ ജോസി പൊഹച്ചി കാര്‍ട്ടൂണ്‍ കലയെ വിശേഷിപ്പിക്കുന്നത്. ഇങ്ങ നെ പറയാനുള്ള പ്രധാന കാരണമെന്തെന്ന് നമുക്ക് എളുപ്പത്തില്‍ ബോദ്ധ്യപ്പെടുത്തിത്തരുന്ന ഒരുപിടി കാര്‍ട്ടൂണുകള്‍ വിജയന്‍ രചിച്ചിട്ടുണ്ട്. സാമൂഹികശോഷണത്തെ പരിഹരിക്കാനുള്ള വൈദ്യമാണ് കാര്‍ട്ടൂണെന്ന് ഉബ് ഐവര്‍ക്‌സ് വാദിക്കുന്നുണ്ട്. ഒരു കാര്‍ട്ടൂണിസ്റ്റിന് വേണ്ട ത് വ്യാജ നിഷ്‌കളങ്കതയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് ജയിംസ് ഗില്‍റെ എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു. സാംസ്‌കാരികമുറ്റത്ത് പഴുത്തുനില്‍ക്കുന്ന തുടുത്ത ഫലങ്ങളാണ് സാംസ്‌കാരിക നായകന്‍മാര്‍. അവരുടെ പൊലിഞ്ഞുതുടങ്ങിയ മനോരാജ്യങ്ങള്‍ക്ക് അടിവരചേര്‍ക്കുന്ന കാര്‍ട്ടൂണുകളും പിറക്കുന്ന നാടാണ് കേരളം. അപ്പോഴൊക്കെയും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ രഹസ്യാഭിലാഷങ്ങളെ അയാള്‍ ബലികൊടുത്തിട്ടാണ് സാംസ്‌കാരിക-രാഷ്ട്രീയ രോഗങ്ങളെ അയാള്‍ കാര്‍ ട്ടൂണ്‍കലകൊണ്ട് പ്രതിരോധിക്കുന്നത്. പിരിമുറുക്കം നിറഞ്ഞ ഒരു സാ മൂഹികാന്തരീക്ഷത്തെ പുതപ്പുമാറ്റി കാണിക്കുന്ന കാര്‍ട്ടൂണുകളുടെ പുസ്തകമാണ് ഒ.വി.വിജയന്റെ തായി വന്നിട്ടുള്ളത്. ലാഘവംനിറഞ്ഞ കുസൃതിയോടെ പരമാധികാരമുള്ള ആ കാര്‍ട്ടൂണ്‍ലോകത്തെ നമുക്ക് പരിചയപ്പെടാം. കാരണം ആ കാര്‍ട്ടൂണുകള്‍ വിശദീകരണം ആവശ്യപ്പെടുന്ന ഒരു ഫിസിക്കല്‍ അനാട്ടമി സൂക്ഷിക്കുന്നു.
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം
തന്റെ മനസ്സിനെ(ഉടലിനെയും) കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കൊടുംനോവില്‍ നിന്നും ഇമ്പമാര്‍ന്ന വരവടിവുകള്‍കൊണ്ട് കാലഘട്ടത്തി ന്റെ സംഘര്‍ഷങ്ങളെ തെളിച്ചുകാണിക്കാനാണ് ഈ പുസ്തകത്തിലെ ഓരോ കാര്‍ട്ടൂണുകളും പരിശ്രമിക്കുന്നത്. ജീവിക്കുന്ന കാലത്തെക്കുറിച്ചുള്ള പീഡാഭയവും കുറ്റബോധവും ആത്മനിന്ദയും തുടിച്ചുനില്‍ക്കുന്ന എ ത്രയധികം അലയൊലികളാണ് ആ വരകളില്‍ ചെതുമ്പല്‍ കണക്കെ പറ്റിപിടിച്ചിരിക്കുന്നത്. നോവലിനും കഥ യ്ക്കും ലേഖനത്തിനുമായി ഏറെ പേജുകള്‍ നീക്കിവെച്ച ഒരെഴുത്തുകാരന്‍ എന്തിനായിരിക്കും വളരെ കുറച്ചു പേജുകള്‍ കാര്‍ട്ടൂണിനായി നീക്കിവെച്ചത് എന്നാലോചിച്ച് നാം കുഴങ്ങേണ്ടതില്ല.രാഷ്ട്രീയ-സാമൂഹിക സ്പര്‍ ദ്ധയും പകയും തിറയാട്ടം നടത്തുന്ന ഒരിടത്ത് ഈ ഇത്തിരി നേരത്തെ ഇ ത്തിരി ദര്‍ശനങ്ങള്‍ തന്നെ അധികമാണ്. നര്‍മ്മത്തില്‍ കുതിര്‍ന്ന വിവരണത്തിനിടയില്‍ വിജയന്‍ അഴിച്ചുവിടുന്ന പ്രതിഷേധങ്ങളില്‍ കാലത്തെക്കുറിച്ചുള്ള ഉത്കണ്ഠ തങ്ങിയിരിപ്പുണ്ട്. പിടിച്ചുപറിക്കാരെപോലെ പെരുമാറുന്ന മനുഷ്യര്‍ പ്രകൃതിയോട് കാണിക്കുന്ന അരുതായ്മകളെ വിജയന്‍ എതിര്‍ക്കുന്നതു ശ്രദ്ധിച്ചാല്‍ മനുഷ്യന്റെ കൗശലപ്പണികള്‍ എത്രത്തോളമാണെന്ന് നമുക്ക് ബോദ്ധ്യമാകും. ഇതേ വിജയന്‍ മറ്റൊരു കാര്‍ട്ടൂണില്‍ മനുഷ്യനാണ് വലുതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാലത്തിന്റെ ഗതിവേഗങ്ങളെ ശാസ്ത്രീയമായി കാര്‍ട്ടൂണില്‍ അതിവേഗം പകര്‍ത്താനുള്ള ശേഷി വിജയനുണ്ടായിരുന്നു.
പ്രകൃതിയല്ല വലുത്-/ മനുഷ്യനാണ്./ ഒരു കണ്ണു ചിമ്മിയപ്പോള്‍ പ്രപഞ്ചത്തിന്റെ/ ഒരു പാതി ഇല്ലാതായി/ മറ്റേ കണ്ണു ചിമ്മിയപ്പോള്‍ പ്രപഞ്ചത്തി ന്റെ/ മറ്റേ പാതി ഇല്ലാതായി/ രണ്ടു കണ്ണും ചിമ്മിയപ്പോള്‍/ മനുഷ്യന്റെ അജയ്യത! – ഒ.വി.വിജയന്‍
കാര്‍ട്ടൂണിനെ വെറും ചിരി ഉല്‍പന്നമാക്കി മാറ്റാന്‍ വിജയന്‍ ഒരുക്കമായിരുന്നില്ല. അതില്‍ അളവില്‍ കവിഞ്ഞ ദര്‍ശനങ്ങളെ നിറച്ചുവെയ്ക്കാന്‍ വിജയനിലെ കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധവെച്ചു. ഈ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതിനാലാവാം ഇവിടുത്തെ കലാനിരൂപകര്‍ ഒ.വി.വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ ഗവേഷണവഴികളില്‍ നിന്ന് ഒളിച്ചുകടത്തിയത്. ഇടുങ്ങിയ ലോകത്തില്‍ ഞെങ്ങിഞെരുങ്ങിക്കഴിയാന്‍ വിസമ്മതിച്ച വിജയന്റെ നോവലുകളും കഥകളും പോലെതന്നെ പ്ര ധാനമാണ് കാര്‍ട്ടൂണുകളുമെന്ന് തി രിച്ചറിഞ്ഞത് സുധീര്‍നാഥിനെപോലെയുള്ള കാര്‍ട്ടൂണിസ്റ്റുകളും ഹരിദാസ് ബാലകൃഷ്ണനെപോലെയുള്ള ലേഖകരുമാണ്. കാര്‍ട്ടൂണ്‍കലയുടെ അതിര്‍ത്തിയെക്കുറിച്ചുള്ള ധാരണകളാണിതൊക്കെ.
വിജയന്റെ കാര്‍ട്ടൂണുകള്‍ വിമര്‍ ശന പീരങ്കികളാണ്. അല്ലാതെ വിനോദത്തിനുള്ള തീറ്റവസ്തുവല്ല. അതില്‍ കൊച്ചുകൊച്ചു സത്യങ്ങ ളും വലിയ വലിയ ദര്‍ശനങ്ങളുമുണ്ട്. നാം സദാചാരമെന്നും അശ്ലീലമെന്നും മുദ്ര കുത്തി പുറത്തിരുത്തി യ ”എട്ടുകാലി” അടക്കമുള്ള വിജയന്റെ കഥകളെപോലെയാണ് കാര്‍ ട്ടൂണുകളെയും സമീപിച്ചത്. ഈ സമീപനത്തിനുള്ള തകര്‍പ്പന്‍ മറുപടികളാണ് ”ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം” എന്ന കാര്‍ട്ടൂണ്‍ പുസ്തകത്തിലുള്ളത്. കാര്‍ട്ടൂണ്‍ കലയില്‍ സ്വന്തമായൊരു എപ്പിസോഡിക് സ്ട്രക്ച്ചര്‍ നിലനിര്‍ത്താന്‍ ശ്രമിച്ച കലാകാരനായിരുന്നു ഒ.വി.വിജയനെന്ന് ഇപ്പോഴും പലര്‍ക്കും നിശ്ചയമില്ല. അല്ലാതെ എഴുത്തിന്റെ സര്‍ഗ്ഗപ്രചോദനം വറ്റിത്തുടങ്ങിയപ്പോള്‍ എന്നാല്‍ പിന്നെ കുറച്ച് വരയാകാം എന്നു വിചാരിച്ച് ഇറങ്ങി പുറപ്പെടുകയായിരുന്നില്ല വിജയനിലെ കലാകാരന്‍. പരിഹാസം മുറ്റിയ ആ ശകാരങ്ങള്‍ക്ക് മലയാളി ചെവി കൊടുത്തേ മതിയാകൂ.
നീ പേടിക്കരുത്/ നീ ഓടുകയുമരുത്/ നിന്നെ രക്ഷിക്കാനാണ്/ ഞ ങ്ങള്‍ വരുന്നത്./ ഞങ്ങള്‍ നിന്റെ കൈവിരലുകള്‍/ മാത്രമാണ്.
– ഒ.വി.വിജയന്‍
ഓരോരുത്തനും/ അവന്റേതായ/ ഇരുട്ട്./ ഞങ്ങള്‍ ശരാശരി മനുഷ്യരാണ്./ ഞങ്ങളുടെ ഇരുട്ടുകളുടെ ആകെത്തുകയല്ലാതെ/ മറ്റെന്താണ് വെളിച്ചം.
– ഒ.വി.വിജയന്‍
മനുഷ്യനിലെ ധവളവിപ്ലവത്തിന്റെ മറ്റേ അറ്റമാണ് ഇരുട്ടെന്ന് സ്ഥാപിക്കുന്ന കാര്‍ട്ടൂണും,ഒരു മനുഷ്യശരീരത്തിന്റെ സംഘബലം ലഭിക്കണമെങ്കില്‍ ഒരുപാടുപേരുടെ കൈവിരലുകളുടെ പിന്‍താങ്ങല്‍ ആവശ്യമാണെ ന്ന് പറയുന്ന കാര്‍ട്ടൂണും പുതിയ കാലത്തിലെ ഒരു രാഷ്ട്രീയജീവിയെ (മനുഷ്യനെയല്ല) യാണ് പ്രതിനിധീകരിക്കുന്നത്. വി.രാജകൃഷ്ണന്‍ തന്റെ ”മറുതിര കാത്തുനിന്നപ്പോള്‍” പ്രതിരോധകനായ ഈ കാര്‍ട്ടൂണിസ്റ്റിനെ കുറേക്കൂടി വ്യക്തമായി ചൂണ്ടികാണിച്ചു തരുന്നുണ്ട്.” ഒ.വി.വിജയന്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ പ്രതിഷേധസൂചകമായി കാര്‍ട്ടൂണ്‍ വരയ്ക്കുന്നതു നിര്‍ത്തി. ചുറ്റും കണ്ട സ്വാതന്ത്ര്യധ്വംസനത്തിന്റെ നേര്‍ക്ക് ഒരു കലാകാരന്‍ എന്ന നിലയില്‍ തനിക്കുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അദ്ദേഹം കണ്ട മാര്‍ഗ്ഗമിതായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുമുമ്പുള്ള അരദശകകാലത്ത് വിജയന്‍ തന്റെ കാര്‍ട്ടൂണുകളിലൂടെയും ലേഖനങ്ങളിലൂടെയും ഇന്ത്യന്‍ ദേശീയ ജീവിതത്തിലെ ഇന്ദിരായുഗത്തിന്റെ നേര്‍ക്ക് സജീവമായും തീക്ഷ്ണമായും പ്രതികരിച്ചു പോന്നു”. ഈ വിധം കാര്‍ട്ടൂണ്‍കലയെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും അസ്തിത്വസംബന്ധിയും ആയ തലങ്ങളില്‍ കൈ വരിക്കുന്ന വിഭിന്നങ്ങളായ അര്‍ത്ഥധ്വനികള്‍കൊണ്ട് നിര്‍വ്വചിക്കാനുള്ള ശ്രമമായിരുന്നുന്നു”ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം” എന്ന കാര്‍ട്ടൂണ്‍പുസ്തകം. മനുഷ്യന് ഒരു രാത്രിഭാഗം അവന്റെ സത്തയില്‍ ഉള്‍ ച്ചേര്‍ന്നിട്ടുണ്ടെന്ന് കാര്‍ട്ടൂണിലൂടെ വിളിച്ചുപറയാനാണ് വിജയന്‍ ശ്രമിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ മാറ്റുരച്ചുനോക്കാനുള്ള സഹായഗ്രന്ഥമായി അതു മാറുന്നതങ്ങനെയാണ്.
അനുബന്ധം
ഒ.വി.വിജയന്റെ ‘ധര്‍മ്മ പുരാണം’ എന്ന ആക്ഷേപഹാസ്യകൃതിയുടെ തുടര്‍ച്ചയായി വേണം കാര്‍ട്ടൂണുകളെയും പഠിക്കാന്‍. ഈ കൃതിയില്‍ വിസര്‍ജ്ജന കല്പനകളുടെ സഹായത്തിലൂടെ ഇന്ത്യന്‍ ജനതയില്‍ വേരുറച്ചുപോയ അശ്ലീലമായ ദാസ്യവൃത്തികളെ എതിര്‍ക്കുന്നതാണ് നാം കാണുന്നത്. രതിവൈകൃതങ്ങളുടെയും മലവിസര്‍ജ്ജ്യവസ്തുക്കളുടെയും ആഖ്യാനദൃശ്യങ്ങള്‍ വഴി ഇവിടെ കൊഴുത്തുവരുന്ന രാഷ്ട്രീയ അഴുക്കിനെയും ജനാധിപത്യമൂല്യവ്യവസ്ഥിതിയില്‍ കണ്ടുവരുന്ന നീതിനിഷേധത്തെയുമാണ് വിജയന്‍ ധര്‍മ്മപുരാണത്തില്‍ കോറിയിട്ടത്. വിജയന്റെ കാര്‍ട്ടൂണ്‍ ലോകവും തതുല്ല്യമായ വഴിയിലൂടെയാണ് നമ്മെ സഞ്ചരിപ്പിക്കുന്നത്. നല്ല ഒന്നാന്തരം താക്കീതുകളായി ഈ കാര്‍ട്ടൂണുകളെ മലയാളി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാര്‍ട്ടൂണുകളില്‍ മറഞ്ഞുകിടക്കുന്ന രാഷ്ട്രീയാക്ഷേപഹാസ്യങ്ങള്‍ക്ക് ഉദ്വേഗം പകരാന്‍ ‘ധര്‍മ്മപുരാണത്തിനും ‘തലമുറകള്‍ക്കും”അരിമ്പാറയ്ക്കുമൊക്കെ കഴിഞ്ഞിട്ടുണ്ട്. കാരണം ഓരോ കാര്‍ട്ടൂണുകളും രാഷ്ട്രീയമായ വിഷാദങ്ങളായിരുന്നു (political melancholy)