വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മെഡിക്കല്‍ കോളേജില്‍ സമരമാണ്. അടിയന്തര സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ടാകാം ഒ.പിയും ഓപ്പറേഷന്‍ തീയേറ്ററുമൊന്നും ഉപരോധിക്കാതെ വെറും സമരമാക്കുന്നത്. ലോകത്തൊരിടത്തും അന്‍പത്തിയാറാം വയസ്സില്‍ ഡോക്ടര്‍മാരെ പിരിച്ചുവിടാറില്ല. അവരുടെ പ്രായോഗിക പരിചയത്തിന് പകരം വയ്ക്കാനാവുമോ ഈ യുവകോമളന്മാരെ.
ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം അറുപതായും മെഡിക്കല്‍ വിദ്യഭ്യാസഡയറക്ടറുടേത് അറുപത്തിരണ്ടായും ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഏറ്റവും യുക്തവും യുക്തിപൂര്‍വ്വവുമാണ്. ഈ തീരുമാനത്തിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് അതിനെതിരെ പണിമുടക്കും പഠിപ്പുമുടക്കും നടത്തുന്നത്.. വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഡോക്ടര്‍മാരെ അന്‍പത്തിയാറാം വയസ്സില്‍ പെന്‍ഷന്‍ നല്‍കി പറഞ്ഞയയ്ക്കുമ്പോള്‍ സ്ഥിരമായി ഡോക്ടറുമാരുടെ കുറവനുഭവപ്പെടുന്ന ആരോഗ്യമേഖലയ്ക്കും രോഗികള്‍ക്കും ഉണ്ടാകുന്ന നഷ്ടം ഇവര്‍ മനസ്സിലാക്കുന്നില്ല. ചികിത്സാമേഖല കയ്യടക്കാന്‍ കാത്തിരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈ പിരിയുന്ന ഡോക്ടര്‍മാരെ സ്വീകരിക്കുവാന്‍ കാത്തിരിക്കുകയാണെന്നതും മറക്കരുത്.
പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണം ഭാവിയില്‍ സര്‍വ്വീസില്‍ കയറുന്ന ഈ സമരക്കാര്‍ക്കും ലഭ്യമാകുമെന്നതു മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇവര്‍ക്കില്ലാതെ പോകുന്നു.
തങ്ങളുടെ സാദ്ധ്യത ഇല്ലാതാകുമെന്ന് ഭയന്ന് ഇനി മെഡിസിന് ആരെയും അഡ്മിറ്റ് ചെയ്യരുതെന്നുകൂടി ഇവര്‍ പറയാതിരുന്നാല്‍ മതിയായിരുന്നു. എം.ബി.ബി.എസിന് ഇനി സീറ്റ് വര്‍ദ്ധിപ്പിക്കരുതെന്നും കൂടി ഇവര്‍ ശഠിക്കുമോ ആവോ.