അനീഷ് ചാക്കോ
ജെസ്സി കോഴിക്കോട് വിമാനമിറങ്ങി.. പുറത്ത് നല്ല വേനല്‍ മഴ!! ഉച്ച വെയിലിലേക്ക് പെയ്തിറങ്ങി മണ്ണിലേക്കും മനസ്സിലേക്കും തറച്ചിറങ്ങുകയാ ണ് മഴ… ഓര്‍മ്മകളുടെ മസ്തിഷ്‌കത്തില്‍ പുതുമണ്ണിന്റെ മണമുയരുകയാണ്. ഇന്നലെ ഡാലസ്സില്‍ നിന്നും പുറപ്പെടുമ്പോഴും മഴയായിരുന്നു. എയര്‍ പോര്‍ട്ടിലെ ചില്ല് ജാലകങ്ങളിലൂടെ മഴ നോക്കി നോക്കി താനും ഒരു മഴത്തുള്ളിയായി മാറുമോ എന്നു അവള്‍ക്ക് തോന്നിയിരുന്നു. മേഘങ്ങളില്‍ നിന്നും പൊട്ടി വീണ് തിരിച്ചൊഴുകാനാവാതെ മുന്‍പോട്ട് കടലിലേക്ക് ഒഴുകി ചേര്‍ന്ന് അപ്രത്യക്ഷമാവുന്ന ഒരു കുഞ്ഞു മഴത്തു ള്ളി… പുറത്ത് ചിറ്റപ്പന്‍ കാറുമായി നില്‍ക്കുന്നു. മറ്റുള്ളവര്‍ എല്ലാവരും ജിസ്‌നയു ടെ കല്യാണ തിരക്കിലാണ്. കടന്നുപോയ വര്‍ഷങ്ങള്‍ പുറത്തെവിടെയോ കാത്തിരിക്കുന്നു. മഴപെട്ടന്ന് ശമിച്ചു. വീണ്ടും കത്തുന്ന വെയില്‍ കാലങ്ങളെ ചുട്ടു പൊള്ളിക്കുന്ന വെയില്‍. മനസ്സില്‍ ഉരുകിയൊലിക്കുന്നത് കാലങ്ങള്‍ക്ക് അണക്കാനാവാത്ത ഒരു മെഴുതിരി. ”ഞാന്‍ വീട്ടിലേക്ക് വരുന്നില്ല” വളരെ പ്രയാസപ്പെട്ടാണ് അത് പറഞ്ഞത്. വയനാട്ടിലേക്കാണ്” അമ്പരപ്പിന്റെ ആഴം അളക്കാതെ ഉടന്‍ തന്നെ ക്യൂവിലെ അടുത്ത ടാക്‌സി എടുത്ത് വയനാട്ടിലേക്ക് യാത്രയായി. ചില മഴത്തുള്ളികള്‍ തിരിച്ചൊഴുകാറുണ്ടോ? പിരിഞ്ഞുപോയ പുഴയെ തേടി യാത്രയാവാറുണ്ടോ?
ഭൂതകാലത്തിലെന്നോ നിലച്ചു പോയ ഘടികാരം പോലെയായി മനസ്സ്… നിലച്ചുപോയ നിമിഷങ്ങളിലേക്കുള്ള തീര്‍ത്ഥയാത്ര. ഫ്‌ളൈറ്റില്‍ വച്ച് അപ്രതീക്ഷമായി കിട്ടിയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ടിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആകസ്മികമായി സമ്മാനിച്ചത്.. ടാക്‌സി ഡ്രൈവര്‍ ആകാംക്ഷഭരിതനാണ് ഇടക്കിടെ സംസാരിച്ചു കൊണ്ടിരിക്കുന്നു. ”എന്തിനാണ് മാഡം വയനാട്ടിലേക്ക്?” ”ഭര്‍ത്താവിനെ കാണാന്‍.” ”എല്ലാ വര്‍ഷവും ഇതുപോലെ വരുമായിരിക്കും ല്ലേ…” ”ഇല്ല ആദ്യമായി ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.” രണ്ടാളുകളുടെ ഇടയിലേക്ക് പൊടുന്നനെ അസുഖകരമായ ഒരു നിശബ്ദത കടന്നുവന്നു. ഇതുവരെ വായിച്ചിട്ടില്ലാത്ത ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകം ജെസി നെഞ്ചോട് ചേര്‍ത്ത് വെച്ചു. ഓര്‍മ്മകള്‍ കൊട്ടിയടച്ച വാതിലുകള്‍ പതിയെ തുറന്നു.
മനോഹരമായ ഒരു മഴവില്‍ പോലെ ജീവിതത്തില്‍ നിന്നും മാഞ്ഞുപോയ മൂന്നു ദിവസങ്ങള്‍. ഇടനെഞ്ചില്‍ പിടഞ്ഞു തീര്‍ന്ന ഒരുപിടി കൗമാരസ്വപ്നങ്ങള്‍!
അല്‍പ്പം മാത്രം തുറന്നിട്ട ചില്ല് ജാലകങ്ങളിലൂടെ കാലൊച്ച കേള്‍പ്പിക്കാതെ ചുരമിറങ്ങി വരുന്നു വയനാടന്‍ കാറ്റ്…
കാലങ്ങള്‍ക്കപ്പുറത്ത് ഓര്‍മ്മകളുടെ ഇലയനക്കം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വയനാട്ടിലേക്ക്. ആകാശം ഇരുണ്ടതും മഴതുള്ളികള്‍ ആര്‍ത്തലച്ച് മണ്ണില്‍ പതിച്ചതും പെട്ടന്നായിരുന്നു. ”ചുരത്തില്‍ മഴ പെയുന്നത് എപ്പോഴാണെന്നറിയില്ല” ഒരു ആത്മഗതംപോലെ ഡ്രൈവര്‍ പറഞ്ഞു. തകര്‍ത്തു പെയ്യുന്ന മഴയുടെ സംഗീതത്തില്‍ മുഴുകിയിരുന്നു ജെസ്സി. സാന്റെഫെയില്‍ മഞ്ഞുമൂടി കിടക്കുന്ന ആറ്റലായ കുന്നുകളുടെ താഴെ അതിസുന്ദരമായ അപ്പാച്ചി റിസോര്‍ട്ട്… ലാറ്റിന്‍ അമേരിക്കന്‍ സംഗീതം എല്ലായിടത്തും അലയടിക്കുകയാണ്. ആസ്‌ടെക്ക് സംസ്‌കാരങ്ങളുടെ ഔന്നത്യങ്ങളില്‍ നിന്ന് ദൈവങ്ങളോട് സംവേദിച്ച മന്ത്രോച്ചാരണങ്ങള്‍ പോലെ. അശുദ്ധമാക്കപ്പെട്ട ഒരു സംസ്‌കാരത്തിന്റെ ഭൂതകാലങ്ങളുടെ പരിണാമം പോലെ മനുഷ്യര്‍ സ്വയം മറന്ന് നൃത്തം ചെയ്യുകയാണ്. ആള്‍ വാസമില്ലാത്ത ഒരു തുരുത്തില്‍ അകപ്പെട്ടുപോയ പോലെ തിരക്കേറിയ റിസോര്‍ട്ടിന്റെ ഒഴിഞ്ഞ കോണില്‍ ഒറ്റക്ക് ഇരിക്കയായിരുന്നു ജെസ്സി. ലഹരിയില്‍ ചുവന്നിരിക്കുന്ന കണ്ണുകള്‍. ലഹരിയുടെ ബാക്കിപത്രം ഓര്‍മ്മകളാണ്…ഭൂതകാലത്തിന്റെ തിരമാലകള്‍ മര്‍ദിച്ചവശയാക്കിയ തീരമാണ് ചിലപ്പോള്‍ മനസ്സ്… ”നോക്കൂ!! നമ്മുടെ ചര്‍മ്മങ്ങള്‍ക്ക് ഒരേ നിറമാണ്. ഭൂഖണ്ഡങ്ങള്‍ ഭിന്നിക്കുന്നതിനും മുന്‍പ്… നമ്മള്‍ മനുഷ്യരാകുന്നതിനും മുന്‍പ് നമ്മള്‍ അടുത്തിരുന്നു” ഇത് പറഞ്ഞ് ഉറക്കെ ചിരിച്ചുകൊണ്ട് എന്നെത്തെയുംപോലെ ഒരു തുരുത്തിലേക്ക് വീണ്ടും തോണി പിടിച്ചെത്താന്‍ ശ്രമിക്കയാണ് അലക്‌സ് റാമിറെസ്… ജെസ്സിയോടൊപ്പം നൃത്തകളത്തില്‍ ചുവടുവെയ്ക്കുമ്പോള്‍ എല്ലാം മറന്ന് മനസ്സ് തുറന്ന് അലക്‌സ് ചിരിച്ചുകൊണ്ടിരുന്നു… ”ജെസ്സി… മാസത്തില്‍ ഒരു പ്രാവശ്യം എങ്കിലും ഞാന്‍ എന്റെ വല്യമ്മയുടെ അടുത്ത് പോകും… എന്റെ അമ്മയെ മൈലുകളോളം ചുമലിലെടുത്താണ് അവള്‍ ടെക്‌സാസ് അതിര്‍ത്തി കടന്ന് ഈ രാജ്യത്ത് എത്തിയത്.കോട്ടണ്‍ ഫാമുകളില്‍ പണിയെടുത്തത് കൊണ്ടാവാം ഇപ്പോഴും നല്ല ആരോഗ്യവതിയാണ്… ചുക്കി ചുളിഞ്ഞ അവരുടെ മുഖങ്ങളില്‍ നോക്കുമ്പോഴൊക്കെയും എന്റെ ശരീരത്തിലേക്ക് എപ്പോഴും ഒരു പുതിയഊര്‍ജ്ജം പ്രവഹിക്കുന്നപോലെ തോന്നാറുണ്ട്. ഭൂതകാലങ്ങളുടെയും പ്രാചീനമായ സംസ്ക്കാരങ്ങളുടെയും എതോ പൂര്‍വ്വിക ഗോത്രങ്ങളുടെയും തുടര്‍ച്ചയാണ് ഞാന്‍… ജെസ്സി, ഈ തുടര്‍ച്ചയിലേക്ക് നീയും കടന്നുവരുമോ.. എന്റെ ജീവിതത്തിന്റെ കരം പിടിക്കാമോ” അപ്പോഴേക്കും അലക്‌സിന്റെ കരവലയത്തില്‍നിന്നും കുതറിമാറിയിരുന്നു ജെസ്സി. ആകസ്മികതകളുടെ കരവലയങ്ങള്‍ ചേര്‍ത്തു പിടിക്കുന്ന ജീവിതം! ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തെവിടെയോ അപ്രത്യക്ഷമായ പുരുഷ സ്പര്‍ശം. ഓര്‍മ്മകളില്‍ കൊള്ളിയാന്‍ മിന്നുന്ന ഒരു രാത്രി. തകര പാട്ടകളില്‍ ആഞ്ഞടിക്കുന്ന മഴ മഴയോടൊപ്പം മിന്നലും ഒളിപ്പിച്ചിരിക്കുന്നു മഴ മേഘങ്ങള്‍… മനസ്സില്‍ വീണ്ടും തറച്ചുവീഴുന്നത് പോയ കാലങ്ങളുടെ നിലക്കാത്ത മഴതുള്ളികള്‍…”അലക്‌സ് ഞാന്‍ നാളെ ഇന്‍ഡ്യയിലേ ക്ക് യാത്രയാവുകയാണ്… വര്‍ഷങ്ങള്‍ക്ക്‌ശേഷം ഏറ്റവും ഇളയ സഹോദരിയുടെ കല്യാണത്തിന് പോവുകയാണ്. അവളുടെ കുഞ്ഞികണ്ണുക ള്‍ ഓര്‍ത്തോര്‍ത്തെടുത്താണ് ഞാന്‍ എന്റെ ദിവസങ്ങളോടും ജീവിതത്തോടും ഒരിക്കല്‍പോലും തളരാതെ പടപൊരുതി കൊണ്ടിരുന്നത്…” ”മഴ തോരുന്നില്ല മാഡം.” ഒരു ചെറിയ കടയുടെ അരികിലേക്ക് വണ്ടി ചേര്‍ത്ത് നിര്‍ത്തിയിക്കുന്നു ഡ്രൈവര്‍… ”ചായ കുടിച്ചു വരുമ്പോഴേക്കും തോര്‍ന്നാല്‍ ഇരുട്ടുന്നതിന് മുമ്പ് ബത്തേരിയെത്താം” കാറില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് അറിയാതെ കൈകള്‍ ബാഗിലെ മേക്കപ്പ് ബോക്‌സിലേക്ക് പോയ ജാള്യത മറച്ചുവച്ച് ഡ്രൈവര്‍ നീട്ടി കൊടുത്ത കുടപിടി ച്ച് ആ ചെറിയ ഹോട്ടലിലേക്ക് രുചിയുടെ ആവി പറക്കുന്ന ഓര്‍മ്മകളിലേക്ക് ജെസ്സി നടന്നടുത്തു.
മൂന്നാം ദിവസം..!
രാത്രിയില്‍ ഓട്ട് വിളക്കിന്റെ വെളിച്ചത്തില്‍ അടുക്കളിയില്‍ കപ്പയും മുളക് ചമ്മന്തിയും ഉണക്കമീനും കഴിക്കുമ്പോള്‍ ഒരു കുഞ്ഞ് മീന്‍ കഷ്ണം പാത്രത്തിലേക്ക് ഇട്ട് തരുന്നു ജിസ്‌ന. പിന്നെയും കപ്പ കോരിയിട്ടു തരുന്നു അമ്മച്ചി. വരാന്തയില്‍ എവിടെയോ സിഗരറ്റിന്റെ പുകച്ചുരുളുകളായി ഉയരുന്ന നെടുവീര്‍പ്പുക ള്‍… മെഴുതിരി വെളിച്ചത്തില്‍ മുട്ടുകുത്തിനിന്ന് നേര്‍ച്ച നൊവേനകള്‍ ഉച്ചത്തില്‍ ചൊല്ലുന്ന അനുജത്തിമാര്‍. കുഞ്ഞേച്ചി തിരിച്ചു വന്നതിന്റെ സന്തോഷം പ്രാര്‍ത്ഥനകളായി ഉയരുകയാണ്. അന്ന് രാത്രി ആ തഴമ്പിച്ച കൈകള്‍ നെറ്റി തടത്തില്‍ തലോടിയപ്പോള്‍ സഹിക്കാനാവാത്തവിധം വിങ്ങിയിരുന്നു മനസ്സ്, ”മോന്‍ പഠിക്കാന്‍ മിടുക്കിയാണ് പഠിച്ച് പഠിച്ച് മോന്‍ ഡോക്ടറാകണം അവനോട് കുറച്ചുകാലം കാത്തിരിക്കുവാന്‍ പറയൂ…
നെറ്റിത്തടത്തില്‍ ഇറ്റു വീണത് അപ്പന്റെ ചുടുകണ്ണീര്‍…എന്നോളം വിങ്ങുന്ന അപ്പന്റെ മനസ്സ് … ഇല്ല!! ഇനി ജെസ്സി ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ല…തിരിഞ്ഞു നോക്കില്ല… ഈ മുറിവുകള്‍ ഇനിയും ഇനിയും കണ്ണീരുകൊണ്ട് നനയ്ക്കില്ല… സ്വപ്നങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇരുട്ട് വീണു തുടങ്ങിയ ഒരു വൈകുന്നേരത്താണ് വൃക്ഷത്തലപ്പുകളെ വകഞ്ഞുമാറ്റി സുനിലിന്റെ അമ്മാവന്റെ ജീപ്പ് വീടിനു മുന്‍പിലെ പാടങ്ങള്‍ക്കപ്പുറമുള്ള കല്ലിട്ട റോഡരികില്‍ എത്തിയത്. അവസാനിക്കരുത് എന്ന് എത്ര ആഗ്രഹിച്ചാ ലും പെട്ടന്നവസാനിച്ചുപോകും ചില യാത്രകള്‍. യാത്രയുടെ അവസാനം യാഥാര്‍ത്ഥ്യങ്ങള്‍. കാണാതായതിന്റെ മൂന്നാം ദിവസം ജെസ്സി തിരിച്ചെത്തി. കരഞ്ഞു തീര്‍ത്ത കവിളിണകള്‍…തലകുനിച്ച് സുനിലിന്റെ അമ്മാവന്റെ കൂടെ വീട്ടിലേക്ക് നടന്നടുക്കുകയാണ് ജെസ്സി. കവുങ്ങുകള്‍ക്കിടയില്‍ അഴയില്‍ മുഷിഞ്ഞു കീറിയ അപ്പന്റെ തോര്‍ത്ത്, കിണറ്റിന്‍ കരയില്‍ കവുങ്ങിന്‍ പാളയില്‍ വെള്ളം കോരുന്ന അനിയത്തി. വിശുദ്ധമായ എന്തോപോലെ രഹസ്യമായി അപ്പനോട് സംസാരിക്കുന്ന സുനിലിന്റെ അമ്മാവന്‍. ഇടക്കിടെ നന്ദിയോടെ നോക്കുന്ന അപ്പന്റെ കണ്ണുകള്‍. താഴെക്ക് താഴ്ന്നു പോവുന്ന മുഖം. അധികമാരും കാണാത്ത അപ്പന്റെ വിളറിയ മുഖം. അകത്ത് കുട്ടികളുടെ കൂട്ടകരച്ചില്‍. ഏങ്ങലടിച്ചു കരയുന്ന ജിസ്‌ന. അവളുടെ കുഞ്ഞി കണ്ണുകള്‍. പറഞ്ഞപോലെ ആറു മണിയായപ്പോഴേക്കും ബത്തേരി ഖസാക്ക് ബുക്ക്സ്റ്റാളിന്റെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു ഡ്രൈവര്‍. വെള്ളം കെട്ടി കെടക്കുന്ന ചവിട്ടുപടികള്‍. വഴിയോര വിളക്കുകള്‍ക്കിടയില്‍ തൂക്കിയിട്ടിരിക്കുന്ന ജമന്തി പൂച്ചട്ടികള്‍. ഇരുളിനെ കാത്തിരിക്കുന്ന വിജനതകള്‍ ചേക്കേറുന്ന പക്ഷികളുടെ വിഹ്വലതകള്‍. ഒരു സ്ത്രീയാണ് ബു ക്ക്‌സാറ്റാളിലിരിക്കുന്നത്. കറുത്ത കണ്ണട കാര്‍ക്ക ശ്യം നിറഞ്ഞ കണ്ണുകള്‍ കണക്ക് പുസ്തകങ്ങള്‍.. മേശക്കിരുവശങ്ങളിലും മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്ന രണ്ട് കുട്ടികള്‍. കടയില്‍ ഉടനീളം പുസ്തകങ്ങള്‍… ആയിരക്കണക്കിന് പുസ്തകങ്ങള്‍.. ഉറപ്പാണ് ഇതില്‍ എല്ലാം സുനിലിന്റെ വിരലുകള്‍ പതിഞ്ഞിട്ടുണ്ടാവും… അവന്റെ ലോകം !! പുസ്തകങ്ങളുടെ ലോകം.. നിറം മങ്ങിയ ചുമരുകളില്‍ നിശ്ചലമായ ഘടികാരം..അതിനടുത്തായി കറുത്ത ഫ്രെയിമില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തുമ്പിയുടെ പെന്‍സില്‍ സ്‌ക്കെച്ച്… നിറം കൊടുക്കാനിടം നല്‍കാതെ കാലം ബാക്കിയാക്കി വച്ച ഒരു ചിത്രം.
”സുനില്‍ എവിടെയാണ്.”
ചോദ്യത്തിനുത്തരം മറു ചോദ്യമായിരുന്നു
”നിങ്ങള്‍ ആരാണ്.” ”ഞാന്‍ ഡോ.ജെസ്സി സുനിലിന്റെ ഭാര്യയാണ്.” കാര്‍ക്കശ്യം ആശങ്കക്ക് വഴിമാറി. ”നിങ്ങള്‍ക്ക് തെറ്റിയതാവാം…. ഞാന്‍ സുജിത. ഞാനാണ് സുനിലിന്റെ ഭാര്യ.” കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ തളരുകയാണ്. കാല്‍പ്പാടുകള്‍ അവശേഷിക്കാതെ കടന്നുപോയ കാലം. നിരായുധയായി പടക്കളത്തില്‍ വീണ്ടും ഒറ്റക്കാവുകയാണ് ജെസ്സി. ”അതിരാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങുക. പ്രത്യേകിച്ച് ഒന്നും എടുക്കരുത്. ആര്‍ക്കും സംശയം തോന്നരുത്. രാവിലെതന്നെ വയനാട്ടിലേ ക്ക് യാത്രയാവാം അവിടെ അമ്മാവനുണ്ട്. അമ്മാവന്റെ മകന്‍ രമേഷുണ്ട്. അവന്‍ ജോലി ചെയ്യുന്ന ലോഡ്ജില്‍ രണ്ടുദിവസം. പിന്നെ ബാഗ്ലൂരിലേക്ക്. അവന്‍ വഴി ബാഗ്ലൂരില്‍ ജോലി. പിന്നെ സ്വപ്നങ്ങളുടെ പടി ചവിട്ടി യാഥാര്‍ത്ഥ്യങ്ങളിലേക്ക്.. ജീവിതത്തിലേക്ക്” അലസമായ കാറ്റിലുലയുന്ന സുനിലിന്റെ മുടിയിഴകള്‍ ഇതു പറയുമ്പോഴും അവന്റെ കൈയ്യില്‍ രണ്ടു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. സുനില്‍ എഴുതുന്ന കവിതകള്‍ക്കപ്പുറം ഒന്നും വായിച്ചിട്ടില്ല. അതുതന്നെ ഒന്നും മനസ്സിലാവില്ല. പക്ഷെ അവന്റെ കണ്ണുകള്‍ കവിത കലക്കിയൊഴിച്ച കണ്ണുകള്‍! ”മൈമുനയുടെ കൈകളിലേതു പോലെയുള്ള നീല ഞരമ്പുകളാണ് ജെസ്സീ നിനക്കും…” അവന്റെ ചില കത്തുകളില്‍ ജെസ്സി മൈമൂനയായി. അക്ഷരങ്ങള്‍ കരിമ്പനകളുടെ ശീല്‍ക്കാരങ്ങളായി! സുനിലിന്റെ കഥകള്‍ വാരികകളില്‍ അടിച്ചു വരുവാന്‍ തുടങ്ങിയിരുന്നു. ബസ്സിറങ്ങിയത് മാരിയമ്മന്‍ കോവിലിന്റെ മുന്‍പില്‍. തൊഴുതിറങ്ങിയപ്പോള്‍ ചന്ദനകുറിക്കു മുകളില്‍ സിന്ദൂരം ചാര്‍ത്തി സുനില്‍!
വയനാട്ടില്‍ ഒരു പഴകിയ ലോഡ്ജ് മുറിയില്‍ അവനോടൊപ്പം രണ്ടു രാത്രികള്‍. നീല ഞരമ്പുകള്‍ തഴുകി തണുത്ത കരങ്ങള്‍ …തിരമാലകള്‍ ആര്‍ത്തലക്കുന്ന കടല്‍പോലെ മനസ്സ്. ഓര്‍മ്മകളില്‍ മുഴുവന്‍ അമ്മച്ചിയും അപ്പനും അനുജത്തിമാരും… പരസ്പരം ആഞ്ഞു ചുംബിക്കുമ്പോള്‍ ആര്‍ത്തലച്ചു പെയ്യുന്ന രാത്രിമഴ മഴയോടൊപ്പം മിന്നലും ഒളിപ്പിച്ചിരിക്കുന്ന മഴ മേഘങ്ങള്‍… ആര്‍ത്തലച്ച് പെയ്യുന്നു. ആത്മാവിനെ ആലിംഗനം ചെയ്യുന്നു. പൊടുന്നനെ കൊള്ളിയാനായി കൊന്നൊടുക്കുന്നു. മേല്‍ക്കൂരയിലെ തകര പാട്ടയിലേക്ക് തെറിച്ചു വീണ് പേടിപ്പെടുത്തുന്ന മഴത്തുള്ളികള്‍. പിന്നെ നിശ്ബദത. വീണ്ടും മഴയുടെ ആരവം. ജനാല വിടവുകളിലൂടെ ഇരുട്ടിനോടൊപ്പം മുറിയിലേക്ക് അരിച്ചിറങ്ങുന്ന തണുത്ത കാറ്റ്. മേശപുറത്ത് ബൈബിള്‍പോലെ സുനില്‍ വച്ചിരിക്കുന്നു ഖസാക്കിന്റെ ഇതിഹാസം. ജന്മാന്തരങ്ങളുടെ തുമ്പികള്‍ ആത്മാക്കളായി അലയുന്ന ഖസാക്കിനെ കുറിച്ച് സുനില്‍ സംസാരിച്ചു കൊണ്ടിരുന്ന രണ്ടു രാത്രികള്‍. ഒരു തുമ്പിയെ പെന്‍സില്‍ സ്‌കെച്ചാക്കിയ ജെസ്സിയുടെ രണ്ടു പകലുകള്‍. അടുത്തദിവസം അമ്മാവന്റെ വീട്ടില്‍പോയി മടങ്ങി വന്നപ്പോഴേക്കും സുനിലിന്റെ മുഖം മാറിയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ അമ്മാവനെത്തി. ”പക്വത ഇല്ലാത്ത പ്രായത്തിന്റെ എടുത്ത് ചാട്ടമാണ് മക്കളെ…നിങ്ങള്‍ തിരികെ പോവൂ… കാത്തിരിക്കൂ. സമയമാവുമ്പോള്‍ എല്ലാ കാര്യങ്ങളും ഞാന്‍ ഭംഗിയാക്കി തരാം.” ചിലരുടെ ഉപദേശങ്ങള്‍ ആജ്ഞകള്‍പോലെയാണ്. അവ ജീവിതത്തെ നിശ്ചലമാക്കും. നിസ്സഹായത നിറയുന്ന സുനിലിന്റെ മുഖം. ആണിന്റെ നിസ്സഹായത അവന്റെ സൗന്ദര്യം ഇല്ലാതെയാക്കുന്നു.
”സുനില്‍ എനിക്ക് തിരിച്ച് പോകാന്‍ കഴിയില്ല. അപ്പന്റെ മുഖത്ത് നോക്കാനാവില്ല” പക്ഷെ അപ്പോഴേക്കും അവന്‍ പൂര്‍ണ്ണമായും നിസ്സഹായനായിരുന്നു. കണ്ണുകളില്‍ നിന്നും പ്രകാശം ചോര്‍ന്നു പോയിരുന്നു. അടുത്ത കടയില്‍ നിന്നും കുട്ടികള്‍ കൊണ്ടുവന്ന ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു ജെസ്സി. കടകളെല്ലാം അടച്ചു തുടങ്ങിയിരുന്നു. വിജനമായി കൊണ്ടിരിക്കുന്നു തെരുവ്. ശക്തമായ കാറ്റില്‍ ആ കൊച്ചു പട്ടണം പൊടുന്നനെ ഇരുട്ടിലലിഞ്ഞു. കുന്നുകളിലും മലകളിലും ചൂളമടിച്ചു വന്ന് കാറ്റ് കൊണ്ടുവരുന്നു കാപ്പി പൂക്കളുടെ സുഗന്ധം.
റാന്തല്‍ വിളക്കിന്റെ മങ്ങിയ വെളിച്ചത്തി ല്‍ കുട്ടികളെ ജീവനെപോലെ ചേര്‍ത്ത് വച്ചിരിക്കുന്ന സുജിത.
അതിനിടയിലേക്കാണ് സുനില്‍ കടന്ന് വന്നത്. നരവീണ നീണ്ട താടി രോമങ്ങള്‍. …കണ്ണുകള്‍!! ഇരുട്ടിലും തിളങ്ങുന്ന കണ്ണുകള്‍… അലസമായ മുടി. ജെസ്സിയെ കണ്ടമാത്രയില്‍ വീണ്ടും നിസ്സഹായമായി സുനിലിന്റെ കണ്ണുകള്‍. വര്‍ഷങ്ങള്‍ക്ക് മായ്ക്കാനാവാത്ത നിസ്സഹായത. അവന്റെ അമ്പരക്കുന്ന മുഖം. ജെസ്സിയുടെ കണ്ണുകളിലാണ് ഇപ്പോള്‍ കൗതുകം. ”സുജിത പേടിച്ചിരിക്കയാണ് ഞാന്‍ സുനിലിന്റെ ഭാര്യയാണ് എന്ന് പറഞ്ഞിരുന്നു.” ജെസ്സിയുടെ ചിരിയില്‍ ഒളിച്ചിരിക്കുന്നത് പരിഹാസം.
”ഒരു ദിവസം ജെസ്സി വരുമെന്ന് ഞാന്‍ സുജിതയോട് പറഞ്ഞിരുന്നു”
അന്തരീക്ഷം അലിയുകയാണ്… പക്ഷെ വര്‍ഷങ്ങള്‍ അലിഞ്ഞില്ലാതാവുന്നില്ല. അവ മനുഷ്യരിലേക്ക് പക്ഷികളെപോലെ പറന്നിറങ്ങുകയാണ്. മനസ്സിലിരുന്ന് ചിലപ്പോഴെങ്കിലും ഓര്‍മ്മകളായി ചിലക്കുകയാണ്. ജിസ്‌നയുടെ പിഞ്ഞി കീറിയ കുഞ്ഞ് പാവാടയുടെ നിറമായിരിക്കാം ജെസ്സി ഓര്‍ത്തത്. ആദ്യമായി വാരികയില്‍ തന്റെ കഥ അ ച്ചടിച്ചു വന്ന ദിവസമാണ് സുനില്‍ ഓര്‍ത്തത്. വളര്‍ന്നുവരുന്ന അനുജത്തിമാര്‍ക്ക് ഭാരമാവാതെ സുനിലിന്റെ സ്വപ്നങ്ങളുടെ ചിറകിലേറി പറക്കാന്‍ തീരുമാനിച്ച ജെസ്സി.
എല്ലാവരിലും നിന്നും ഓടി അകന്ന് കഥകളുടെയും കവിതകളുടെയും ലോകം പഠത്തുയര്‍ ത്താന്‍ പുറപ്പെട്ട സുനില്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓരോരോ തുരുത്തുകളില്‍ എത്തിപ്പെട്ടവര്‍. ഒരു കാലത്ത് ഒന്നിച്ചൊഴുകിയ മഴത്തുള്ളികള്‍! പുറത്ത് മിന്നലാട്ടങ്ങള്‍ മഴ പെയ്യുകയാണ് വീണ്ടും. കടയുടെ പുറത്തെ ചായ്പ്പിലെ തകര പാട്ടയിലേക്ക് ആഞ്ഞ് ആഞ്ഞ് പതിക്കുകയാണ് മഴ. ഇരുപത് വര്‍ഷങ്ങള്‍ എരിഞ്ഞടങ്ങുന്നതിന്റെ ആര്‍ത്തനാദംപോലെ.
”സുജിത പേടിക്കണ്ട കേട്ടോ” ജെസ്സി മനസ്സ് തുറന്ന് ചിരിക്കയാണ്.
”സുനില്‍ വായിച്ച ഏതോ കഥയിലെ നീല ഞരമ്പുകള്‍ മാത്രമാണ് ഞാന്‍, ഈ വലിയ മഴ ശമിച്ചാല്‍ ഞാനിറങ്ങുകയായി.
പുറത്ത് കാര്‍ കാത്തിരിക്കയാണ്. വീണ്ടും നിസ്സഹായത പരക്കുന്ന സുനിലിന്റെ മുഖം… ഇല്ല തകര പാട്ടകളില്‍ ആഞ്ഞടിക്കുന്ന മഴുത്തുള്ളികളും നിസ്സഹായതയുടെ മുഖങ്ങളും ഒരു വേട്ടനായയെപോലെ എന്നെ വേട്ടയാടുകയില്ല. ഇനിയും കരയരുത്. കാലം ഉണക്കാനിട്ട മുറിപാടുകള്‍ കണ്ണീരുകൊണ്ട് നനക്കരുത്. നിശ്ശബ്ദമായിരിക്കുന്നു ആ തെരുവ്. ഇനിയും അടയ്ക്കാന്‍ ആ ഒരു കടമാത്രം. ചാറ്റല്‍ മഴ നനഞ്ഞ് കാറിലേക്ക് നടന്നിറങ്ങി ജെസ്സി. മനസ്സ് കഴുകിയപോലെ മഴത്തുള്ളികള്‍ ശരീരത്തില്‍ നിന്നും ഇറ്റിറ്റു വീണു. ഫോണിലൂടെ ഉച്ചത്തിലുയരുന്ന ലാറ്റിനമേരിക്കന്‍ താളങ്ങള്‍ക്കൊപ്പമാണ് ജെസ്സി ചുരമിറങ്ങിയത്… ചുരമിറങ്ങുന്നത് ഒരു കാലഘട്ടമാണ്! ഭൂഖണ്ഡങ്ങള്‍ ഭിന്നിക്കും മുമ്പുള്ള സംസ്‌കാരങ്ങളുടെ തുടര്‍ച്ചയിലേക്ക് ഒരു മഴത്തുള്ളിപോലെ അവളൊഴുകി.