വാസുവേട്ടന്‍ എവിടെയാ?

2012
0

സുരേഷ് കുമാര്‍

ട്രെയിന്‍ നമ്പര്‍ ഏക്….ദോ…ശൂന്‌യ്…സാത്….ഛേ….ജനശതാബ്ദി എക്‌സ്പ്രസ് തോടി സേദേര്‍ മേറവാനാ ഹോഗി.തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വരെ പോകുന്ന ഒന്ന്…. രണ്ട്…..പൂജ്യം….ഏഴ്….ആറ് ജനശതാബ്ദി എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം നമ്പര്‍ 3ല്‍ നിന്നും അഞ്ച്മണി അമ്പത്തഞ്ച് മിനിറ്റുകള്‍ക്ക് പുറപ്പെടും. പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദത്തില്‍ ആ പെണ്ണുമ്പിള്ള തനിക്കറിയാവുന്ന എല്ലാ ഭാഷകളിലും ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ജനശതാബ്ദിയില്‍ ചാടികയറിയത്. കോഴിക്കോട് അനന്തിരവളുടെ ഫ്‌ളാറ്റ് പാല്കാച്ച്. ദീപേടെ കുഞ്ഞിനെ കാണാനോ നൂലുകെട്ടിനോ പോലും പോ വാന്‍ കഴിഞ്ഞില്ല. ഇതിനെങ്കിലും പോയില്ലെങ്കില്‍ ഉള്ള ബന്ധവും ഉലഞ്ഞുപോകും. പാറുവരുന്നില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഒരു നാത്തൂന്‍ പോരിന്റെ അവസാനറൗണ്ടില്‍ അവളെ പരാജയപ്പെടുത്തിയ എന്റെ ചേച്ചിയുടെ മോളായത്‌കൊണ്ട് അവള്‍ ദീപയ്ക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ഒറ്റയ്ക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്.

തേര്‍ഡ് ഏസി ബിറ്റൂ… ഞാന്‍ തപ്പിപ്പിടിച്ചു. ജനാലയ്ക്കരുകിലെ 42-ാം നമ്പര്‍ സൈഡ് സീറ്റില്‍ എന്റെ കുടവയറുള്‍പ്പെടെ 82 കിലോ ഭാരം അനായാസം ഇറക്കി വച്ചപ്പോള്‍ മറ്റ് രണ്ട് എണ്‍പത് കേജികളും ഒന്ന് ഞെരുങ്ങി. ചന്തിയൊന്ന് ചെരിച്ച് ഒന്ന് ഞെളിഞ്ഞമര്‍ന്നതല്ലാതെ അവറ്റകള്‍ തലയൊന്ന്  പൊക്കുകപോലും ചെയ്തില്ല. രണ്ടെണ്ണവും മൊബൈലില്‍ തോണ്ടിയും തലോടിയും ഇരിപ്പാണ്. തലയ്ക്കു മുകളില്‍ ബാഗ്  നിക്ഷേപിച്ച ശേഷം മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു. എല്ലാവരും തിരക്കിലാണ്. ഒന്നുകില്‍ തലകുമ്പിട്ടിരുന്ന് മൊബൈലില്‍ ചുണ്ണാമ്പുതേയ്ക്കുന്നവര്‍. അല്ലെങ്കില്‍ തലതൂക്കിയിട്ട് ഉറങ്ങുന്നവര്‍. ഞാനും തീരുമാനിച്ചു.. നമ്മളെന്തിന് കുറയ്ക്കണം ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ ഇട്ടേക്കാം.

താടിരോമങ്ങള്‍ക്കിടയിലൂടെ ഒരു വളിച്ച ചിരിയും ചിരിച്ചുകൊണ്ട് രാവിലെതന്നെ എന്റെസ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു. ജനശതാബ്ദിയില്‍ കോഴിക്കോട്ടേയ്ക്ക്.. അനന്തരവളുടെ ഫ്‌ളാറ്റ് പാല്‍കാച്ച്. സ്വിച്ചിട്ടപോലെ അപ്പതന്നെ മറുപടിലഭിച്ചു. എന്റെ കസിനും ബാല്യകാലസുഹൃത്തുമായവേണു. എന്നെക്കാളും രണ്ട് വയസ്സിന് ഇളപ്പം ഉണ്ടെങ്കിലും പഹയന്‍ വലപ്പോഴുമൊക്കെയേ എന്നെ ചേട്ടാന്ന് വിളിക്കാറുള്ളു. മിക്കപ്പോഴും വാടാ…പോടാ…സൗഹൃദം. പണ്ട് എന്റെ കട്ട ഫാനായിരുന്നു. ഇപ്പോ കണ്ടിട്ട് വര്‍ഷങ്ങളായി.

”വാസുവേട്ടാ ഞാനും ജനശതാബ്ദിയില്‍ തന്നെയാ. മൈഗോഡ് എന്തൊരു കോയിന്‍സിഡെന്‍സ് ഞാനും കോഴിക്കോട്ട് ദീപെടേ പാല്കാച്ചിന് പോവ്വാണ്. വാസുവേട്ടന്‍ എവിടെയാ ?….ചേട്ടന്റെ കോച്ചേതാ?
ങ്ങേ ഇതെന്തൊരു അത്ഭുതം. ഞാന്‍ ബീറ്റൂവിലാ..”
”എന്ത് ബീട്രൂട്ടിലോ?”അവന്റെ ചളുവടിക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.
ബാല്യത്തിലെ സ്മരണകളുണര്‍ത്തി നിറംചാര്‍ത്തിവിടര്‍ന്ന ഓര്‍മ്മകളിലേയ്ക്ക് ഞാന്‍ വഴുതിവീണു. അന്തകാലത്ത് ഞാനും വേണുവുംകൂടി ഒരു സിനിമാകമ്പനി തുടങ്ങിയിരുന്നു. അന്നൊക്കെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് വീട്ടുകാരോ നാട്ടുകാരോ സര്‍ക്കാരോ ഒന്നും ഒരു പ്രോത്സാഹനവും നല്‍കിയിരുന്നില്ല. കഴിവതും അടിച്ച് ഓടിക്കുകയാണ് പതിവ്. ആയതിനാല്‍ ഞങ്ങളുടെ സിനിമാ കമ്പനിയുടെ നിലനില്‍പ്പുതന്നെ വളരെ പരുങ്ങലിലായിരുന്നു. ഒന്നാമതായ് സിനിമാ പ്രദര്‍ശനത്തിന് നല്ല കാശുള്ള കാണികള്‍ കണിശമായും വേണം.  കാണികള്‍ കുറഞ്ഞാല്‍ കമ്പിനിക്ക് നഷ്ടം. കമ്പനിയില്‍ മൂന്ന് ജോലിക്കാരാണ് അന്ന് ഉണ്ടായിരുന്നത്. ഞാനും വേണുവുമാണ് ഓപ്പറേറ്റര്‍മാര്‍. പിന്നൊരുത്തന്‍ വസൂല്‍രാജാ.

ഇരുന്നൂറ് പേജ് നോട്ട് ബുക്കിന്റെ കാലിക്കോ ബൈന്‍ഡ് കീറിയെടുത്ത് ഒരു ഫിലിംതുണ്ടിന്റെ സൈസില്‍ തുളയിടലാണ് ആദ്യത്തെ പണി. വീട്ടിലെ കോളേജ് കുമാരി പൗഡര്‍ പൂശാന്‍ ഉപയോഗിച്ചിരുന്ന കണ്ണാടി ഞാന്‍ പതുക്കെയങ്ങ് പൊക്കും. ആ കണ്ണാടി വെയിലത്ത് വെച്ച് അതിന്റെ റിഫ്‌ളെക്ഷന്‍ ജനലിന്റെ വിടവിലൂടെ കടത്തി അടച്ചിട്ട  മുറിയില്‍ പതിപ്പിക്കും. ഫിലിംതുണ്ട് തലതിരിച്ച് പിടിച്ചതിന് ശേഷം മറുവശം ഒരു ലെന്‍സും കൂടിവച്ചുകൊടുത്താല്‍ സിനിമാപ്പടം തയ്യാര്‍. അച്ഛന്റെ അലക്കിയമുണ്ടായിരിക്കും പലപ്പോഴും വെള്ളിത്തിരയാവുന്നത്. ലെന്‍സ് സൂമ്‌ചെയ്യുന്നതിനനുസരിച്ച് ക്ലാരിറ്റിയില്‍ വ്യത്യാസംവരുത്താം. ചെറുതായൊന്ന് അനക്കിക്കൊടുത്താല്‍ നസീര്‍ചാടും. ഷീലതുള്ളും…സത്യന്‍മാഷ് നിന്ന് വിറയ്ക്കും.വര്‍രേ…വാഹ്…

അഞ്ച്‌പൈസ എന്നൊരു നാണയം അന്ന് നിലനിന്നിരുന്നു. അതാണ് ടിക്കറ്റിന്റെ നിരക്ക്. പച്ച നൈലക്‌സ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ഒരുഡക്കാണ്‍ മിഠായിയുടെ വിലയും അതുതന്നെ.പൈസ തരാന്‍ പാങ്ങില്ലാത്ത ദുര്‍ബലവിഭാഗങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും ഞങ്ങള്‍ നല്‍കിയിരുന്നു. ബാര്‍ട്ടര്‍ സിസ്റ്റവും കൊടികുത്തിവാഴുന്ന കാലമായിരുന്നു അന്ന്. ചോക്ക്‌ലേറ്റിന്റെ മണമുള്ള റബ്ബര്‍, മഷിപ്പേന, കാരയ്ക്ക മിഠായികള്‍, പെന്‍സില്‍, ചാമ്പയ്ക്ക, സ്റ്റിക്കര്‍ കോമിക്‌സുകള്‍ എന്നീയിനങ്ങളുടെയും വസൂല്‍ നടത്താം എന്ന് ഞങ്ങള്‍ ബൈലോ ഭേദഗതി ചെയ്തിരുന്നു. മുറിയിലെ ജനാലകളെല്ലാം അടച്ചിട്ട് ഇരുട്ടാക്കി ഞക്കിണിഞറുങ്ങിണികളെയെല്ലാം പെറുക്കിയിരുത്തി സിനിമാ പ്രദര്‍ശിപ്പിക്കും. സൗണ്ട് ഇഫക്റ്റിന് വേണ്ടി ഓരിയിടുകയും ഒച്ചവയ്ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ വീട്ടുകാര്‍ അടിച്ചോടിക്കും.വീണ്ടും തെരുവ് തെണ്ടാനാവും നിയോഗം. അങ്ങനെ ആ സിനിമാ കമ്പനി പൊളിഞ്ഞു.

സ്‌ക്രാപ് കളക്ഷന്‍ ആന്റ് ടെക്‌നോളജിക്കല്‍ ഇന്നോവേഷന്‍സ് ആയിരുന്നു ഞങ്ങളുടെ അടുത്ത സ്റ്റാര്‍ട്ട്അപ്പ്. വീടുകളില്‍നിന്നും പുറംതള്ളുന്ന പാഴ് വസ്തുക്കള് ശേഖരിക്കലാണ് പ്രധാനദൗത്യം. തകരപാട്ടയൊക്കെ പെറുക്കുന്ന ഒട്ടത്തികള്‍ അന്ന് ഇത്രയ്ക്കങ്ങ് സജീവമായിരുന്നില്ല. അതുകൊണ്ട് ഈ ശേഖരന്മാര്‍ക്ക് അന്ന് ചാകരയായിരുന്നു. കാലി ടൂത്‌പേസ്റ്റ്കൂടുകള്‍, പൗഡര്‍ടിന്നുകള്‍, ബാറ്ററികള്‍, റേഡിയോയിലെസ്‌പെയര്‍ പാര്‍ട്‌സുകള്‍, നെറ്റ് പോലത്തെ ട്രാന്‍സിസ്റ്റര്‍ ഏരിയലുകള്‍, പ്ലാസ്റ്റിക് ടിന്നുകള്‍, കുപ്പി, തകരം, പാട്ട, സോഡാകുപ്പിയിലെ ഗോലികള്‍ മറ്റ് നട്ട് ബോള്‍ട്ട് ആക്രികള്‍ എന്നിങ്ങനെ വലിയൊരു അമൂല്യ നിധിശേഖരം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഈ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നമുക്ക്തന്നെ റേഡിയോ ഉണ്ടാക്കാമെന്ന അറിവിന്റെ ആദ്യനാളം പകര്‍ന്ന് തന്നത് ബഷീറാണ്. അവന്റെ ചേട്ടന്‍ സ്‌ക്കൂളില്‍ ശാസ്ത്രമേളയ്ക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ട് റേഡിയോ ഉണ്ടാക്കി സമ്മാനം വാങ്ങിയിട്ടുണ്ടത്രേ. സ്‌ക്കൂള്‍ ശാസ്ത്രമേളയില്‍ സ്വന്തമായി എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ നടത്തണം എന്ന് ഞങ്ങള്‍ സ്വപ്നംകണ്ട് നടന്നിരുന്ന കാലം. എന്നാല്‍ പിന്നെ നമ്മളും പരീക്ഷിച്ചു നോക്കിയാലോ? ഞങ്ങളിലെ ശാസ്ത്രകൗതുകത്തിന് ഞാനാണ് ആദ്യതിരികൊളുത്തിയത്. അങ്ങനെ തകരവും പാട്ടയും ഒക്കെ നിരത്തി ഏതാണ്ട് റേഡിയോ പോലൊരു സാധനം ഞാന്‍ ഉണ്ടാക്കി. ഒരു തികഞ്ഞ ശാസ്ത്രജ്ഞന്റെ മികവോടെ പല നിറത്തിലുള്ള വയറുകളും ഞാന്‍ അതില്‍ ഘടിപ്പിച്ചു. സോള്‍ഡറിംഗ് റോഡ് ഒന്നും അന്ന് നിലവില്ലില്ലാത്തതുകൊണ്ട് സാമ്പ്രാണിത്തിരി കത്തിച്ച് സോള്‍ഡറിംഗ് നടത്തി. ഗോപുവും ജയനുമൊക്കെ എന്റെ പ്രവര്‍ത്തികള്‍ കണ്ട് അന്ധാളിച്ചുപോയി. അവന്മാരുടെ ഉണ്ടക്കണ്ണുകള്‍ വികസിച്ച് വലുതാകുന്നത് ഞാന്‍ കണ്ട ഭാവം നടിച്ചില്ല. മനസ്സിലാക്കട്ടെ തെണ്ടികള്‍ എന്റെ ബുദ്ധി വൈഭവത്തെക്കുറിച്ച്…. ശാസ്ത്ര അവബോധത്തെക്കുറിച്ച്….  അവന്മാര്‍ അന്തംവിടുന്നത് കണ്ടപ്പോള്‍ എനിക്ക് ഹരമായി. ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ചാരുതയോടെ ചില വയറുകളില്‍കൂടി ഞാന്‍ മെഴുകുതിരി ഉരുക്കി ഒഴിച്ചു. ചിലേടത്ത് തീപ്പെട്ടി തിരികത്തിച്ച് വച്ചു. അങ്ങനെ ഏതോ ഒരു പഴയ ബാറ്ററിയുടെ ഭാഗങ്ങളില്‍ കിളിമാര്‍ക്ക് തീപ്പെട്ടി ഉരച്ച് വച്ചപ്പോള്‍ പഠേ…ഠബീര്‍…. എന്നൊരു പൊട്ടിത്തെറി. കൊറേവെടിയും പുകയും ഭാഗ്യത്തിന് എനിക്ക് പരിക്കുകള്‍ ഒന്നും പറ്റിയില്ല. പക്ഷേ എന്റെ അസിസ്റ്റന്റ് സയന്റിസ്റ്റ് വേണുവിന്റെ വിരലുകളില്‍ പൊള്ളലേറ്റു. ഒരു കണ്ടുപിടിത്തമാവുമ്പോള്‍ ഇത്തരത്തിലുള്ള ചില അത്യാഹിതങ്ങളൊക്കെ സംഭവിച്ചെന്നിരിക്കും. ഇതൊക്കെ സഹിച്ചാലല്ലേ വിജയിക്കാന്‍ കഴിയുകയുള്ളു. പക്ഷേ അത് മനസ്സിലാക്കാന്‍ കഴിയാത്ത മരത്തലയനായ അവന്റെ ചേട്ടന്‍ അവനെ ചെവിക്ക് പിടിച്ച് കിഴുക്കുകയും അടിയുംകൊടുത്ത് പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. പോകുന്ന പോക്കില്‍ എന്റെ തലയ്ക്കിട്ട് ഒരുതട്ടും. തീര്‍ന്നില്ല ആ കാട്ടാളന്‍ തിരികെ വന്ന് ആ റേഡിയോ എടുത്ത് ദൂരെ എറിയുകയും ബാക്കിയുള്ള സയന്റിസ്റ്റുകളെയെല്ലാം ഓടിച്ചുവിടുകയും ചെയ്തു. അങ്ങനെ ഒരു ശാസ്ത്രജ്ഞന്‍ ആവാനുള്ള വെള്ളം ഞാനങ്ങ് വാങ്ങിവച്ചു.

സ്മൃതികളിലെ മഴവില്‍ ബാല്യം. എരിവും പുളിയും മധുരവും നുണഞ്ഞ ആ ബാല്യത്തില്‍ എത്രയെത്ര കുരുത്തക്കേടുകള്‍…. ചെയ്തു കൂട്ടിയ കോപ്രായങ്ങള്‍…. മൊട്ടഗോപന്‍, പൊട്ടന്‍ ശശി, മണ്ടന്‍ മുസ്തഫ, പഠിപ്പിസ്റ്റ് ഗോപു, വട്ടന്‍ ഷാജി എത്രയെത്ര അധോലോകനായകന്മാര്‍ എല്ലാ വികടത്തരങ്ങളും ഒപ്പിച്ചിട്ട് ഒരു കൂസലുമില്ലാതെ ശിക്ഷഏറ്റുവാങ്ങിയ നാളുകള്‍ എല്ലാറ്റിനും എന്റെ കൂടെ തോളോട് തോള്‍ചേര്‍ന്ന് വേണുവും ഉണ്ടായിരുന്നു. ഇന്ന് ഓരോരുത്തരും ജീവിതത്തിന്റെ ചുഴിയില്‍പെട്ട് ഉലഞ്ഞാടി ഓരോ കോണുകളില്‍. പലരെയും ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റാതെയായി. വര്‍ഷങ്ങള്‍ എത്രയാ കടന്നു പോയത്….

ക്ണിംഗ്…
മെസേജ് കണ്ടപ്പോള്‍ നഷ്ടപ്പെട്ട ബാല്യത്തെ ഞാന്‍ നാ ട്ടുവഴിയില്‍ നിര്‍ത്തിയിട്ട് വേണുവിന്റെ മെസേജ് വായിച്ചു.
”എന്റെ കോച്ചും ബീറ്റൂതന്നെയാ… താന്‍ സീറ്റ് നമ്പര്‍ പറ ഞാന്‍ അ ങ്ങോട്ട് വരാം.കണ്ടിട്ട് എത്ര നാളായി. അവസാ നം കണ്ടത് ഷാജിയുടെ മോള്‍ടെ കല്യാണത്തത്തിന്. ഒരു നാലുവര്‍ഷം ആവും…ല്ലേ…”
”രണ്ടായിരത്തിമൂന്നില്‍. ആറുവര്‍ഷം ആയി വേണു. വര്‍ഷങ്ങള്‍ പറക്കുകയല്ലേ സമയം കളയാതെ നീ ഇ ങ്ങോട്ട് പോര്… അതോ ഞാന്‍ അങ്ങോട്ട് വരണോ…”
”എടാകോപ്പേ സീറ്റ് നമ്പര്‍ പറ. അല്ലാതെ ഞാന്‍ എങ്ങോട്ടാവരേണ്ടേ. ഒ സോറി സീറ്റ് നമ്പര്‍ 42”
”വൃത്തികെട്ടവനേ കാല ത്ത് എന്റെ വായീന്ന് ഒന്നും കേക്കരുത്.”
”42 എന്നത് അത്രയ്ക്ക് വൃ ത്തികെട്ട സംഖ്യയാണോ.”
”എടാ എന്തു പറ്റി നിനക്ക് പഴയപോലെവട്ടായോ”
”ദാ വീണ്ടും അവന്റെയൊരു….. എടാ ശരിക്കും നോക്ക് നാല്‍പത്തിരണ്ടോ അതോ ഇരുപത്തിനാലോ”
”നാല്‍പത്തിരണ്ട് തന്നെയാടാ ക്ണാപ്പേ എന്താ എന്തു പറ്റി.”
”ഡാ…എന്റെ സീറ്റ് ബീ റ്റൂവില്‍ നാല്‍പത്തി ഒന്ന്”
പിന്നെ രണ്ട് പേരുടെയും ഫോണിലെ മെസേജുകള്‍ പെട്ടെന്ന് നിലച്ചു. മൊബൈലില്‍ നിന്നും തലപൊക്കി രണ്ടുപേരും പരസ്പരം നോക്കി എന്നിട്ട് തലയറത്ത് ചിരിച്ചു. ട്രെയിന്‍ അപ്പോഴും തലതെറിച്ച് ഓടിക്കൊണ്ടിരുന്നു.