തിരുവനന്തപുരം :- ജല അതോറിറ്റി സ്പോട്ട് ബില്ലിംഗ് നിർത്തലാക്കിയതു കാരണം ആധുനിക സാങ്കേതിക വിദ്യയുമായി പരിചയമില്ലാത്ത ലക്ഷക്കണക്കിനാളുകൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
മീറ്റർ റീഡർമാർ വീടുകളിലെത്തി മീറ്റർ റീഡിംഗ് രേഖപ്പെടുത്തിയ ശേഷം ബിൽ മൊബൈൽ ഫോണിൽ വരുമെന്ന് പറഞ്ഞ് മടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. മുമ്പ് റീഡിംഗ് പരിശോധിച്ച ശേഷം റീഡർമാർ തന്നെ ബിൽ നൽകുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പ്രയമായവർക്ക് മൊബൈൽ ഫോണില്ല. ഇപ്പോഴത്തെ സംവിധാനം കാരണം എത്ര ലിറ്റർ വെള്ളം ഉപയോഗിച്ചെന്ന് മനസ്സിലാക്കാൻ കഴിയില്ല. പരാതിയുമായി ജല അതോറിറ്റി ഓഫീസിൽ ചെന്നാൽ വെബ്സൈറ്റിൽ പരിശോധിക്കാൻ പറയും. വെബ്സൈറ്റ് പരിശോധിക്കാൻ വയോധികർക്ക് അറിയില്ല. ബിൽ അമിതമായി വരുമ്പോൾ അടയ്കുക മാത്രമാണ് പരിഹാരം. സ്പോട്ട് ബില്ലിംഗ് സംവിധാനം മടക്കി കൊണ്ടു വരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗംറഹിം സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.