ജയന്‍ ഉദ്ദേശ്വരം/വര: ഗിരീഷ് മൂഴിപ്പാടം
ഞായറാഴ്ച രാവിലെയാണ് പഴനിച്ചാമി വരാമെന്ന് പറഞ്ഞിരിക്കുന്നത്” ഉറങ്ങാന്‍ കിടക്കവെ മുരുകനോടായി ഭാര്യ മുത്തുലക്ഷ്മി പറഞ്ഞു.
”അപ്പോള്‍ നീയതു വീണ്ടും ചെയ്യാന്‍ തീരുമാനിച്ചു…അല്ലേ?” മുരുകന്‍ ചോദിച്ചു.
”എല്ലാവര്‍ക്കും അതാണ് നല്ലത്. പ്രത്യേകിച്ച് അപ്പാവുക്ക്” മുത്തുലക്ഷ്മിയുടെ മറുപടി.
”ഒന്നുകൂടി ആലോചിച്ചിട്ടു പോരെ?” മുരുകന്‍ ഒരവസാനശ്രമം നടത്തിനോക്കി.
”ഇനിയൊന്നും ആലോചിക്കാനില്ല. പഴനിച്ചാമി ഞായറാഴ്ച വരണമെന്ന് പറഞ്ഞ് ഞാന്‍ ആളയച്ചു.” മുത്തുല ക്ഷ്മി ഉറച്ച തീരുമാനത്തില്‍ തന്നെ.
പഴനിച്ചാമി ശിവകാശിയിലെ തലൈക്കൂത്തല്‍ വിദഗ്ദ്ധനാണ്. ‘തലൈക്കൂത്തല്‍’ എന്നാല്‍ ‘തലയ്ക്ക് ഒഴിക്കല്‍’ എന്നാണര്‍ത്ഥം. ബലം പ്രയോഗിച്ചോ,നിര്‍ബന്ധപൂര്‍വ്വമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തല്‍. വൃദ്ധരായവരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊലചെയ്യുന്ന തമിഴ്‌നാട്ടിലെ പരമ്പരാഗതമായ ആചാരമാണിത്. വിരുദുനഗര്‍, മധുര ജില്ലകളിലെ ചില ഗ്രാമങ്ങളിലാണ് അതീവരഹസ്യമാ യും നിയമവിരുദ്ധമായും ഈ ചടങ്ങ് നടത്തപ്പെടുന്നത്.
വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കള്‍ തന്നെയാണ്. ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്തവരും മാറാരോഗബാധിതരുമായ മാതാപിതാക്കളെ ഇപ്രകാരം വധിക്കുന്നത് പുണ്യമായി ഇന്നാട്ടുകാര്‍ കരുതുന്നു. ‘മുത്തന്തയ്ക്ക് എന്‍ തന്ത ചെയ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെ യ്യും’ എന്നു തലമുറകളായ് പാടിപ്പതിഞ്ഞ ഇന്നാടിന്‍ മക്കള്‍ക്ക് നാളെ തനിക്കും ഇതേ ഗതിവരും എന്ന് അറിയാത്തവരല്ല. മുന്‍കാലങ്ങളില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് ചേര്‍ത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നതെങ്കില്‍ ഇന്നിതു വളരെ രഹസ്യമായി നടപ്പാക്കപ്പെടുന്നു. പല ഗ്രാമങ്ങളിലും പണം വാങ്ങി തലൈക്കൂത്തല്‍ നടത്തുന്ന ആളുകള്‍ ഉണ്ട്. മുത്തുലക്ഷ്മി തന്റെ അച്ഛന്‍ മുനിയാണ്ടിയുടെ തലൈക്കൂത്തലിനെപ്പറ്റിയാണ് നേരത്തെ സംസാരിച്ചത്.
ശിവകാശി…ഭാരതത്തിന്റെ ദീപാവലി സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണവും,പ്രകാശവും,ശബ്ദവും പകരുന്ന പടക്കവിപണിക്ക് ചുക്കാന്‍പിടിക്കുന്ന നാട്….വെടിമരുന്നിലെ കൗശലമായ ചേരുവകളിലൂടെ ദീപാവലിനാളില്‍ വാനില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങളുടെ എണ്‍പതു ശതമാനവും നിര്‍മ്മിക്കുന്നത് ശിവകാശിയിലാണ്. ലോകത്ത് ചൈനയ്ക്കു ശേഷമുള്ള രണ്ടാമത്തെ വലിയ പടക്കവിപണിയില്‍ രണ്ടായിരം കോടിരൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഈ സമയത്തു നടക്കുന്നത്.
മുരുകന്റെ മാതാപിതാക്കള്‍ക്ക് ഒരു പടക്കനിര്‍മ്മാണ കമ്പനിയിലായിരുന്നു ജോലി. ലൈസന്‍സോ, മതിയായ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതിരുന്ന ആ കമ്പനിയിലുണ്ടായ ഒരു വലിയ അപകടത്തില്‍ മുരുകന്റെ അച്ഛനമ്മമാര്‍ മരിച്ചു. മൃതദേഹങ്ങള്‍ക്ക് അരുകിലിരുന്നു കരഞ്ഞുകൊണ്ടിരുന്ന മുരുകന്റെ സംരക്ഷണം അമ്മാവന്‍ മുനിയാണ്ടി ഏറ്റെടുത്തു. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മുനിയാണ്ടി ജോലിചെയ്യുന്ന കമ്പിനിയില്‍ മുരുകനും ജോലി വാങ്ങിച്ചു കൊടുത്തു. തന്റെ ഏകമകള്‍ മുത്തുലക്ഷ്മിയെ മുരുകന് വിവാഹം കഴിച്ചു കൊടുത്തു. അതുകൊണ്ടുതന്നെ സ്വന്തം അച്ഛന്റെ സ്ഥാനത്താണ് മുനിയാണ്ടിയെ മുരുകന്‍ കണ്ടിരുന്നത്. മുനിയാണ്ടിയും മുത്തുലക്ഷ്മിയും പറയുന്നതില്‍ നിന്നും ഒരെതിരഭിപ്രായവും മുരുകന് ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ശിവകാശിയുടെ പടക്കവിപണിയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ചൈനീസ് പടക്കങ്ങളുടെ വരവ്. ശിവകാശിയില്‍ നിര്‍മ്മിക്കുന്ന പടക്കങ്ങളില്‍ പൊട്ടാസിയം നൈട്രേറ്റും, അലൂമിനിയം പൗഡറുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ചൈ നീസ് പടക്കങ്ങളില്‍ പൊട്ടാസിയം ക്ലോറേറ്റാണ് ഉപയോഗിക്കുന്നത്. ഇത് കാരണം കാഴ്ചയിലും ശബ്ദത്തിലും അവ ഇന്ത്യന്‍ പടക്കങ്ങളെ വെല്ലുന്നു. മാത്രമല്ല വിലയും മൂന്നിലൊന്ന് മാത്രമേയുള്ളൂ. ഘര്‍ഷണം മൂലമുള്ള അപകടസാദ്ധ്യത കൂടുതലുള്ളതിനാല്‍ ഇന്ത്യയില്‍ പൊട്ടാസിയം ക്ലോ റേറ്റ് പടക്കങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ചൈനീസ് വെല്ലുവിളി നേരിടാന്‍ മുനിയാണ്ടിയോട് മുതലാളി പൊട്ടാസിയം ക്ലോറേറ്റ് ഉപയോഗിച്ചു പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം എതിര്‍ത്തെങ്കിലും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥവന്നപ്പോള്‍ ഗത്യന്തരമില്ലാതെ മുനിയാണ്ടി മുതലാളി പറഞ്ഞതനുസരിച്ചു. അധികനാള്‍ കഴിയുംമുമ്പെ സ് ഫോടകവസ്തു കൈകാര്യം ചെയ്യവെ മുനിയാണ്ടി അപകടത്തില്‍പ്പെടുകയും അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. ഈ സംഭവം മുരുകനെ ദു:ഖിതനാക്കിയെങ്കി ലും ഒരു മകന്റെ സ്ഥാനത്ത് നിന്നുംകൊണ്ട് മുരുകന്‍ മുനിയാണ്ടിയുടെ എല്ലാ കര്യങ്ങളും നോക്കുകയും ചികിത്സകള്‍ ക്ക് യാതൊരു കുറവും വരുത്താതിരിക്കുകയും ചെയ്തു. ആ അപകടം നടന്നിട്ടിപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞു.
മുത്തുലക്ഷ്മിയും മുരുകന്റെ അതേ കമ്പിനിയിലാ ണ് ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും തുച്ഛമായ ശബളം മാത്രമെ ലഭിച്ചിരുന്നുള്ളൂ. അ ച്ഛന്റെ ചികിത്സാചെലവ് കൂടിയായപ്പോള്‍ ആ കുടുംബത്തിന്റെ സാമ്പത്തികനില താളംതെറ്റി. തന്റെ പരിേവദനങ്ങള്‍ മുത്തുലക്ഷ്മി സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കവെയാണ് ആരോ ‘ത ലൈക്കൂത്തല്‍’ ചെയ്യാന്‍ അ വളെ ഉപദേശിച്ചത്. ആദ്യം മുത്തുലക്ഷ്മിക്കതിനോട് യോജിക്കാനായില്ലെങ്കിലും ക്രമേണ അവളിലും ആ ചി ന്ത ഉടലെടുത്തു. ഒരുനാള്‍ അവളതു മുരുകനോട് പറഞ്ഞു. മുരുകന്‍ ആദ്യമൊ ക്കെ ശക്തമായി എതിര്‍ത്തെങ്കിലും കാലക്രമേണ അയാളുടെ മനസ്സ് മാറ്റിയെടുക്കാന്‍ മുത്തുലക്ഷ്മിക്കു കഴിഞ്ഞു.
മുരുകന്‍ തന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ത ലൈക്കൂത്തലിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്. ഈ വൃദ്ധഹത്യക്ക് 26 വ്യത്യസ്തമായ രീ തികളാണ് അവലംബിക്കുന്നത്.ഏറ്റവും പ്രചാരത്തിലുള്ള ത് എണ്ണതേച്ചു കുളിപ്പിക്കുന്ന രീതിയാണ്. ഒറ്റദിവസം കൊ ണ്ട് ആളെ ഇല്ലാതാക്കുന്നതല്ല ഈ രീതിയിലുള്ള ത ലൈക്കൂത്തല്‍. ദയാവധത്തി ന് ഇരയാക്കേണ്ടയാളെ അതിരാവിലെ തലയിലും ശരീരത്തിലും ധാരാളം നല്ലെണ്ണ ഒ ഴിച്ച് കുളിപ്പിക്കും. മണിക്കൂറുകളോളം തലയിലൂടെ എ ണ്ണ ഒഴിച്ചു കഴിയുമ്പോഴേ ക്കും ഇര മൃതപ്രായനാകു ന്നു. ഈ സമയം തലയില്‍ ധാരാളമായി വെള്ളം ഒഴിക്കും. തല നല്ലപോലെ ത ണുത്ത് ശരീരത്തിലെ താപനില കുറയുന്നതിനും പനി യും ജ്വരവും പെട്ടെന്ന് പിടിപെടുന്നതിനും വേണ്ടിയാണിത്. കുളിച്ചുകഴിഞ്ഞാല്‍ മൂന്നോ നാലോ ഗ്ലാസ് ഇളനീര്‍ കുടിപ്പിക്കും. കൂടെ കട്ടത്തൈരും ന ല്‍കും. ഇതോടെ അവരുടെ വൃക്കകളുടെ പ്ര വര്‍ത്തനം താറുമാറാകുന്നു. അതോടെ ന്യൂമോണിയ,കടുത്തപനി, അപസ്മാരം എന്നിവ ബാധിക്കും. ഒന്നോ ര ണ്ടോ ദിവസംകൊണ്ട് ആള്‍ നിതാന്തനിദ്ര പ്രാപിക്കും. ശരീരതാപനില പെട്ടെന്ന് താഴ്ന്ന് ചിലപ്പോള്‍ ഹൃദയാഘാതം മൂലവും മരണം സംഭവിക്കുന്നു. തുടര്‍ന്നുള്ള 41 ദിവസം വീടിനടുത്തുള്ള ചായ്പില്‍ ഒരു മണ്‍വിളക്ക് കെടാതെ കത്തിച്ചു വെയ്ക്കുന്നു.
വെള്ളത്തില്‍ മണ്ണുകലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാല്‍ കുടിപ്പിക്കുക, മൂക്കിലേക്ക് പശുവിന്‍പാല്‍ നിര്‍ബന്ധപൂര്‍വം ഒഴിച്ച് ശ്വാസതടസം സൃഷ്ടിക്കുക എന്ന രീതിയും ചിലപ്പോള്‍ പിന്തുടരുന്നു. ഗ്രാ മങ്ങളിലെ മുറിവൈദ്യന്മാര്‍ പണം കൈപ്പറ്റി വിഷം കുത്തിവയ്ക്കുന്ന രീതിയും വ്യാപകമാണ്.
മുത്തുലക്ഷ്മിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മുനിയാണ്ടിയുടെ തലൈക്കൂത്തല്‍ നടത്താന്‍ മുരുകന്‍ സമ്മതം മൂളി. ഏര്‍പ്പാടുകളെല്ലാം അവള്‍തന്നെയാ ണ് ചെയ്തത്. അകന്ന ബന്ധുവായ മുത്തുരാജയെയാണ് അവള്‍ തലൈക്കൂത്തലിന്റെ ചുമതല ഏ ല്‍പ്പിച്ചത്. അച്ഛനോട് അവള്‍തന്നെ തലൈക്കൂത്തലിനെപ്പറ്റി സൂചിപ്പിച്ചു. കട്ടിലില്‍നിന്നു എണീക്കാന്‍ പോലുമാവാതെ കിടക്കുന്ന ആ പാവം എന്തുചെയ്യാന്‍? ഒരു ഞായറാഴ്ച രാവിലെ മുത്തുരാജ എ ത്തി പരമ്പരാഗത രീതിയില്‍ മുനിയാണ്ടിയെ കുളിപ്പിച്ചു. ധാരാളം കരിക്കിന്‍വെള്ളവും കുടിപ്പിച്ചു. ആയുസ്സിന്റെ ബലം കൊണ്ടോ എന്തോ, കടുത്തപനി വന്നുവെങ്കിലും മരിക്കാതെ മുനിയാണ്ടി രക്ഷപ്പെട്ടു.
ഇനിയെന്ത്? എന്ന ചോദ്യചിഹ്നവുമായി മുത്തുലക്ഷ്മി ഇരിക്കവെയാണ് ആരോ പഴനിച്ചാമിയുടെ കാര്യം അവളോട് പറയുന്നത്. പഴനിച്ചാമിക്ക് ശി വകാശിയില്‍ ചെങ്കീരിയുടെ സ്ഥാനമാണ്. ചെങ്കീരി എന്നു പറയാന്‍ കാരണമുണ്ട്. കീരിയുടെ തലത്തൊട്ടപ്പനാണത്രെ ചെങ്കീരി. കീരിയും പാമ്പും തമ്മിലുള്ള പോരാട്ടത്തില്‍ പാമ്പിനെ തോ ല്‍പ്പിക്കാനായില്ലെങ്കില്‍ കീരി പോയി ചെങ്കീരിയെ വിളിച്ചു കൊണ്ടുവരും.. ചെങ്കീരി വ ന്നാല്‍ പാമ്പിന്റെ മരണം ഉറപ്പ്. അതുപോലെ തലൈക്കൂത്തലിന്റെ ആദ്യശ്രമം പരജയപ്പെടുമ്പോഴാണ് ശിവകാശിക്കാര്‍ പഴനിച്ചാമിയെ സമീപിക്കുന്നത്. ”ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍ താന്‍ തുടങ്ങി വച്ചതൊന്നും പൂ ര്‍ത്തിയാക്കാതെ പിന്‍വാങ്ങുകയില്ല” എന്ന പവനായിയുടെ ആപ്തവാക്യം ജീവിതത്തി ല്‍ അതുപോലെ നടപ്പാക്കുന്നയാളാ ണ് പഴനിച്ചാമി. മൂക്കിലേക്ക് പശുവിന്‍പാല്‍ ഒഴിച്ചു ള്ള തലൈക്കൂത്തലിലാണ് പഴനിച്ചാമി സ് പെഷ്യലൈസ് ചെയ്തിരിക്കുന്നത്. സ്വന്തമാ യി തയ്യാറാക്കിയ വിഷക്കൂട്ടും കൈവശമുണ്ട്. അറ്റകൈ പ്രയോഗമായിട്ട് ഇരയുടെ കാ ല്‍വെള്ളയിലൂടെ അത് കുത്തിവയ്ക്കും. പഴനിച്ചാമിയുടെ കയ്യില്‍ നിന്നും ഇന്നേവരെ ശിവകാശിയിലെ ഒരാത്മാവും രക്ഷപെട്ടിട്ടില്ല.
ഞായറാഴ്ച കിഴക്ക് വെള്ളിവെളിച്ചം വീശിയപ്പോള്‍ പതിവുപോലെ മുരുകനെണീറ്റു. പുറത്തേയ്ക്കു നോക്കിയപ്പോള്‍ വീട്ടിലെ പശു തന്റെ കിടാവിനെ സ്‌നേഹിച്ചു നക്കി തുടയ്ക്കുന്ന കാഴ്ചയാണയാള്‍ കാണുന്നത്. അതു മുരുകനില്‍ ബാല്യകാലസ്മരണകള്‍ ഉണര്‍ത്തി. മുനിയാണ്ടി തന്നെ തോളിലേറ്റി നടക്കുന്നതും കടയില്‍പ്പോയി കപ്പലണ്ടിമിഠായി വാങ്ങിച്ചു നല്‍കുന്നതും അയാളോര്‍ത്തു. ഈ പാതകത്തിന് തനിക്ക് കൂട്ടുനില്‍ക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ മുരുകന് വിഷമം തോന്നി. കുറച്ചുകഴിഞ്ഞപ്പോള്‍ പഴനിച്ചാമി എത്തി. കാവിവസ്ത്രമുടുത്ത് മുഖത്തും കൈകളിലും ചന്ദനവും ഭ സ്മവും പൂശിയ ഒരു മെലിഞ്ഞ രൂപം. കൈ യില്‍ പാല്‍ക്കുപ്പികള്‍ നിറച്ച സഞ്ചിയുണ്ട്. ഇയാള്‍ക്ക് ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ കഴിയുമെന്ന് രൂപം കണ്ടാല്‍ പറയുകയില്ല. ഈ ആരാച്ചാര്‍ പണിയെക്കാള്‍ ഏതെങ്കിലും അമ്പലത്തിലെ ശാന്തിക്കാരന്റെ ജോലിയാണിയാള്‍ക്ക് ചേരുന്നതെന്ന് മുരുകന് തോന്നി.
അപ്പോഴേക്കും മുത്തുലക്ഷ്മി എത്തി. ”അപ്പാ എങ്കെയിരുക്ക്?” പഴനിച്ചാമി ചോദിച്ചു. മുത്തുലക്ഷ്മി അകത്തെ മുറിയിലേക്ക് വിരല്‍ ചൂണ്ടി. ഒന്നും പറയാതെ പഴനിച്ചാമി അകത്തേക്ക് കയറിപ്പോയി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കര്‍മ്മോന്മുഖനായതിന്റെ സൂചനയായി അകത്തെ മുറിയില്‍ നിന്നും ഞരക്കങ്ങള്‍ കേട്ടുതുടങ്ങി. കാല ത്തു കത്തിച്ചു വയ്ക്കുവാനുള്ള മണ്‍വിളക്കു തേയ്ക്കുവാനായി മുത്തുലക്ഷ്മി അകത്തേക്കു കയറിപ്പോയി. മുരുകന്റെ കണ്ണില്‍ രണ്ടുതുള്ളി കണ്ണുനീര്‍ പൊടിഞ്ഞു….അയാള്‍ പുറത്തേക്കു ലക്ഷ്യമില്ലാതെ നടന്നു.