സിനിമയുടെ ഭാവുകത്വ പരിണാമങ്ങള്‍

299
0


ഹരിദാസ് ബാലകൃഷ്ണന്‍

സുനില്‍ സി.ഇ എന്ന നിരൂപകന്റെ മലയാള സിനിമയുടെ ഭാവുകത്വം എന്ന പുസ്തകം തനതു സിനിമാ നിരൂപണ പുസ്തകങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലൂ ടെയല്ല സഞ്ചരിക്കുന്നത്. അത് തികച്ചും ഭിന്നമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നു. നാലു ഭാഗങ്ങളിലായി മലയാള സിനിമയുടെ ഭാവുകത്വങ്ങള്‍ സുനില്‍ ചര്‍ച്ച ചെയ്യുന്നു. ആദ്യഭാഗത്തില്‍ തന്നെ ഫ്‌ളെക്‌സിബിളിസം എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം അവതരിപ്പിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്. ഫ്‌ളെക്‌സിബിളിസം അഥവാ അയഞ്ഞ കാലത്തെ സിനിമയെ നോക്കി കാണാനാണ് സുനില്‍ ഇവിടെ ശ്രമിക്കുന്നത്. ഒന്നാമത്തെ ഭാഗത്തെ ഫ്‌ളക്‌സിബിളിസ കാലത്തിലെ ഭാവുകത്വപരിണാമങ്ങള്‍ സിനിമയില്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. രണ്ടാം ഭാഗത്ത് മലയാളത്തില്‍ ഇറങ്ങിയ ബയോപിക് മൂവിയെക്കുറിച്ച് പറയുന്നു. മൂന്നാമത്തെ ഭാഗത്ത് ഒറ്റ സിനിമാ പഠനവും നാലാമത്തേതും ഒടുവിലത്തേതുമായ ഭാഗത്തില്‍ സിനിമാ ഗാനസാഹിത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ സിനിമയുടെ പലപല ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ ചര്‍ച്ച ചെയ്യുന്നു.
ഭാവുകത്വപരിണാമകാലത്തെ സിനിമ എന്ന ആദ്യ ലേഖനത്തില്‍ തന്നെ സു നില്‍ താരാധിപത്യത്തിനെതിരെ തന്റെ നിലപാട് വ്യക്തമാക്കുന്നു. ഇന്ദ്രന്‍സും, ചെമ്പന്‍ വിനോദും, വിനായകനും എല്ലാം താരാധിപത്യത്തിനെതിരെ മലയാ ള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തികളാണെന്ന് സുനില്‍ നിരീക്ഷിക്കുന്നു. 2018 ല്‍ 139 ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു എങ്കിലും ഒരു ഷോ പോലും നടക്കാതെ പെട്ടിയില്‍ ആയിപ്പോയ ഒരുപാടു സിനിമകളുണ്ടെന്ന് സുനില്‍ പറയുന്നു. ഹാസ്യത്തിന്റെ രൂപത്തില്‍ എത്തിയ ലവകുശയും’അയാള്‍ ശശിയും’ഒന്നും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. പാതി, പശു തുടങ്ങിയ പാ സിനിമകള്‍ പ്രേക്ഷകന്റെ ഓര്‍മ്മയില്‍പ്പോലും തങ്ങി നില്‍ക്കുന്നില്ല എന്ന് സുനില്‍ തുറന്നടിക്കുന്നു.
സിനിമയുടെ ഭാഷ
സിനിമയുടെ ഭാഷ’ എന്ന തലക്കെട്ടില്‍ സുനില്‍ ഡയലോഗുകളെക്കുറിച്ച് പറയുന്നു. ഉദയനാണ് താരം എന്ന സിനിമയില്‍ ഉദയഭാനുവുമായി സരോജ് നടത്തുന്ന കഥാചര്‍ച്ചയില്‍ സരോജ് ചോദിക്കുന്ന ചോദ്യം ഈ സിനിമയില്‍ എനിക്കെത്ര സീനുണ്ട്? അതിന് ഉദയഭാനു പറയുന്നത് ഒരു അമ്പത്തിയൊന്നോളം വരും. ഉടനെ സരോജിന്റെ മറുപടി അമ്പത്തിയൊന്ന് ഗ്ലാസ് വാങ്ങിക്കോളൂ ഓരോ സീനിലും മാറ്റി മാറ്റി വയ്ക്കാന്‍. ഏറ്റവും നല്ല ചലച്ചിത്രകാരന്‍ ഭാഷയുടെ കൂടി നിര്‍മ്മാതാവാകണമെന്ന് സുനില്‍ ഇവിടെ പറഞ്ഞ് വയ്ക്കുന്നു.
സിനിമാസമാഹാരങ്ങള്‍’ എന്ന ലേഖനത്തില്‍ എല്ലാ സിനിമകള്‍ക്കും ഒരു ചരിത്ര ശരീരം ഉണ്ടായിരിക്കുമെന്നും പക്ഷേ അത് ഒന്നിലധികം ചരിത്രശരീരങ്ങള്‍ ആകുമ്പോള്‍ അതിന്റെ വ്യാഖ്യാനങ്ങള്‍ മാറുന്നു എന്നും സിനിമയിലെ നായികാനായികത്വം ഇനി ഏകശിലാമാതൃകകളാകുകയില്ലാ എന്നും സുനില്‍ കണ്ടെത്തുന്നു. പെണ്‍സമാഹാരസിനിമകളില്‍ അഭിനയിച്ച മഞ്ജുവാര്യര്‍ക്കും റീമാകല്ലിങ്കലിനും റാണി പത്മിനിയില്‍ ഒന്നും ചെയ്യാനില്ല എന്ന തോന്നലാണ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്. തുടര്‍ന്ന് ലേഖനത്തിന്റെ അവസാനത്തില്‍ അ ദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇങ്ങനെയാണ്. മലയാള സിനിമ പഴയതുപോലെ ഒരു വളപ്പില്‍ കെട്ടി നിര്‍ത്തി ‘ഇങ്ങനെയൊക്കെയേ ആകാവൂ എന്നു പറയാന്‍ ഇനി നമുക്കാകില്ല. തുടര്‍ന്ന് സിനിമയിലെ നാട്ടുമണങ്ങളേയും നാട്ടുരുചികളേയും കുറിച്ച് പറയുന്നു. ഇന്നു ഭൂരിപക്ഷ സിനിമകള്‍ക്കും പത്രറിപ്പോര്‍ട്ടിന്റെ കാലികതയേയുള്ളൂവെന്ന് സുനില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ എല്ലാ ഗ്രാമങ്ങള്‍ക്കുള്ളിലും ഒരു നഗരമുണ്ട് ആ നഗരം പ്രതിരോധിക്കപ്പെടേണ്ടതുണ്ട് എന്ന് സുനില്‍ നിരീക്ഷിക്കുന്നു.
അടുത്ത ലേഖനത്തില്‍ പെണ്‍സിനിമയുടെ ഗ്രാമര്‍’എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ച ചെയ്യുന്നത് അഞ്ജ ലി മേനോന്റെബാംഗ്ലൂര്‍ ഡെയ്‌സും, ശ്രീബാലാ മേനോ ന്റെ ലൗ 24 x 7 ഉം, വിധു വിന്‍സന്റിന്റെ മാന്‍ഹോളും, അച്ചുവിന്റെ അമ്മയും സൈറാബാനുവും നടപ്പു സദാചാരത്തേയും പുരുഷാധിപത്യത്തേയും ചെറുത്തു തോ ല്‍പ്പിക്കുന്നതിന്റെ ധീരസാക്ഷ്യങ്ങളാണെന്ന് സുനില്‍ കണ്ടെത്തുന്നു.
മേക്കിങ്ങാണ് സിനിമയുടെ കലയെന്ന് അറിയാവുന്ന സുനില്‍ സിനിമാ നിര്‍മ്മിതിയുടെ ഭാവുകത്വ നിര്‍മ്മിതികള്‍ മാറി വരികയാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ പറവയും, കാറ്റും ദൃശ്യങ്ങളുടെ ജാതകപൊരുത്തങ്ങള്‍ അടയാളപ്പെടുത്തുന്ന സിനിമകളാണെന്ന് സുനില്‍ നിരീക്ഷിക്കുന്നു. പറവയെന്ന ചിത്രം മേക്കിങ്ങാണ് സിനിമയുടെ കലയെന്ന് നമുക്ക് കാണിച്ചു തരുന്നു. സാങ്കേതിക ധാരാളിത്തത്തില്‍ എത്തിയ മലയാള സിനിമ സര്‍ഗ്ഗാത്മക ധാരാളിത്തത്തിന് പുറത്താണെന്ന് സുനില്‍ എടുത്തു പറയുന്നു. ഒട്ടും അതിശയോക്തി നിറഞ്ഞ ഒരു നിരീക്ഷണമല്ല ഇത് എന്ന് മലയാളസിനിമ ശരിവയ്ക്കുന്നു. തുടര്‍ന്ന് നടനകലയിലെ സ്‌ത്രൈണപുരുഷാരങ്ങള്‍ ഫ്‌ളെകിസിബിളിസകാലത്തെ സിനിമ, ഫ്‌ളെക്‌സിബിളിസ കാലത്തെ ചലച്ചിത്രോത്സവം, ഭാവുകത്വപരിണാമകാലത്തെ പുസ്തകങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ സുനില്‍ ഫ്‌ളെ ക്‌സിബിളിസ കാലത്തെ അഥവാ അയഞ്ഞ കാലത്തെ സിനിമയേയും ചലച്ചിത്രോത്സവങ്ങളേയും പഠനവിധേയമാക്കുന്നു. ഭാവുകത്വപരിണാമകാലത്തെ സിനിമാപുസ്തകം എന്ന ലേഖനത്തില്‍ Will Darbyshire ന്റെ ഒരു വാക്യം കൊണ്ടാണ് ആരംഭിക്കുന്നത്. ആ വാക്യം ഇങ്ങനെയാണ്
Brilliantly conceived
artfully written
evocatively illustrated
film books are both
widly original and
endlessly diverting
A collectors classic
ടിനിടോമിന്റെ ‘എന്നെയും സിനിമയില്‍ എടുത്തു’ പൂജപ്പുര രാധാകൃഷ്ണന്റെ പാലപ്പൂ മണമൊഴുകുന്ന ഇടവഴികള്‍’ ലക്ഷ്മി ബിനീഷിന്റെ കണ്ണീരുപ്പുള്ള ചിരി എന്നിവ സുനില്‍ സി.ഇ ഇവിടെ പരിശോധിക്കുന്നു. കൂടാതെ ബിപിന്‍ ചന്ദ്രന്റെ മലയാളി മറക്കാത്ത സിനിമാ ഡയലോഗുകള്‍ പി. സക്കീര്‍ ഹുസൈന്റെ തിരയും കാലവും കാരൂര്‍ സോമന്റെ സിനിമ ഇന്നലെ ഇന്ന് നാളെ എന്നിവയേക്കുറിച്ചും സുനില്‍ പരാമര്‍ശിക്കുന്നു. അവസാനമായി മലയാളത്തിലിറങ്ങിയ ബയോപിക് സിനിമകളെക്കുറിച്ചും ആമിയുടെ രാഷ്ട്രീയത്തെക്കുറിച്ചും സിനിമാഗാന സാഹിത്യത്തെക്കുറിച്ച് പാട്ടുസാഹിത്യത്തിലെ ഇമോഷണല്‍ റിയലിസ്സത്തെക്കുറിച്ചും പറയുന്നു. തുടര്‍ന്ന് ബോബ് ഡിലന്‍ ഫോക് സംഗീതത്തിന് ഒരു ആമുഖം എന്ന കുറിപ്പും ആന്തരിക വേദിയുടെ ചുരന്നാട്ടങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ചില പുസ്തകങ്ങളും മനുഷ്യരും ക്ലാസിക്കുകളായി മാറാറുണ്ട് എന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഒരു സിനിമാ പുസ്തകം കൈകാര്യം ചെയ്യേണ്ട വ്യത്യസ്ത ധാരകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ട് തന്റെ പുസ്തകം സുനില്‍ അവസാനിപ്പിക്കുന്നു.