ഡോ.മാത്യൂ ജോയിസ്, ഒഹായോ
ആഗോളതലത്തില്‍ ഇന്നത്തെ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഓരോ ദിവസവും സാങ്കേതിക വിദ്യകള്‍ സാധാരണക്കാരുടെ ചിന്താശക്തിക്കതീതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി ആയിരിക്കില്ല. നാളെ എന്ത് ശാസ്ത്ര സാ ങ്കേതികവിദ്യ ആയിരിക്കും ലോകഗതിവിഗതികളില്‍ മാ റ്റം വരുത്താന്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതെന്ന് പ്രവചിക്കാനേ സാധ്യമല്ല.
ഇന്‍ഡ്യ പോലെയുള്ള ഒരു രാജ്യത്ത് ഡീമോണിറ്റയിസേഷന്‍ അപ്രതീക്ഷിതമായി നടത്തിയത് ഈ നാട്ടില്‍ സാമ്പത്തിക മാന്ദ്യം മുതല്‍ നിരവിധി പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചെങ്കിലും, അതോടൊപ്പം നെറ്റ് ബാങ്കിംഗ് വിപുലമായി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതും വികസിതരാഷ്ട്രങ്ങള്‍ ആശ്ചര്യപൂര്‍വ്വം നോക്കി കാണുകയും പുരോഗമനാത്മകമായ മാറ്റമായി വിലയിരുത്തുകയും ചെയ്യുന്നത് നമ്മളും അത്ഭുതത്തോടെ കണ്ടിരിക്കുകയാണല്ലോ.
ഇതുവരെ അന്താരാഷ്ട്രതലത്തില്‍ കരുതല്‍ ധനമായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന അമേരിക്കന്‍ ഡോളറിനു പോലും വെല്ലുവിളിയായി കേട്ടുവരുന്ന ഒറ്റലോക കറന്‍സി സിദ്ധാന്തം നാളെ ഒരുപക്ഷെ നിലവില്‍ വന്നാലും ഞെട്ടരുതെന്നു മാത്രം.
ബാങ്കുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അന്യോന്യം സുരക്ഷിതമായി ഹൈസ്പീഡില്‍ ഡിജിറ്റല്‍ ആയി, പേപ്പര്‍ രഹിതമായി പണം കൈമാറ്റം ചെയ്യാനും വ്യാപാര വാണിജ്യ ഇടപാടുകള്‍ ത്വരിതപ്പെടുത്താനും നൂതന സാമ്പത്തിക സാങ്കേതിക ഉപായങ്ങളുടെ ( Financial technologies- Fintech) ഉപക്രമണം അന്താരാഷ്ട്രതലത്തില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍ കൊണ്ടുവന്നേക്കും. ബിറ്റ് കോയിന്‍ (Bit Coin) എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാങ്കേതികവിദ്യയുടെ നിലവില്‍ പ്രചരിച്ചുതുടങ്ങിയിരിക്കുന്ന ഒരു ഉദാഹരണം മാത്രമാണ്. ഇന്റര്‍നെറ്റ് മുഖേന ഈ ഇലക്‌ട്രോണിക് കറന്‍സി കോപ്പി ചെയ്യുകയും പേസ്റ്റു ചെയ്യുകയും തുടരെ കൈമാറ്റം ചെയ്യാനും സാധ്യമാണ്. അതോടൊപ്പം ഇതിന്റെ ഉടമസ്ഥന്‍ ആരെന്നും പില്‍ക്കാലത്ത് ആരൊക്കെ ഉപയോഗിച്ചുവെന്നുമുള്ള ചരിത്രവും ബ്ലോക്‌ചെയിന്‍ (Block chain) എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഇതിനുള്ളില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടും. ഈ ബ്ലോക്‌ചെയിന്‍ സംവിധാനം ഇപ്പോഴുള്ള പല തട്ടിപ്പുകളും കള്ളപ്പണവും ഇല്ലാതാക്കുമെന്നതിനാല്‍ സര്‍ക്കാരിന് ഇതുവരെയില്ലാതിരുന്ന നിയന്ത്രണസംവിധാനവും വന്നുചേരും. സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും അതിവേഗവും ലളിതവും ആയി മാറുന്നത് എത്ര മനോഹരമായ ഒരു മാറ്റമായിരിക്കും. വിദേശ വ്യാപാരനയങ്ങളും ഒത്തുതീര്‍പ്പുകളും അനായാസ്സമാകുന്ന ദിവസങ്ങള്‍ അതി ദൂരയല്ല. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ വരാനിരിക്കുന്ന വ്യവസ്ഥിതിയെ പുല്‍കാനുള്ള സാങ്കേതിക വിദ്യകള്‍ ആര്‍ജിച്ച് പരീക്ഷണത്തിലാണ്.
എന്നാല്‍ ബിറ്റ് കോയിന്‍വിലകള്‍ കുത്തനെ ഉയര്‍ന്നു ആശ്ചര്യം ഉളവാക്കിയിരിക്കുന്ന കുമിളകള്‍ നിനച്ചിരിക്കാത്ത നിമിഷത്തില്‍ അപ്രത്യക്ഷമായേക്കുമോ? ഈ ചോദ്യം ലോകത്തെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദര്‍ അപഗ്രഥനം ചെയ്തുകൊണ്ടിരിക്കുമ്പോഴും, മിടുക്കന്മാര്‍ കോടികള്‍ കൊയ്തുകൊണ്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ലോകത്താകമാനം 222 ബില്ല്യന്‍ ഡോളറിനു തുല്യമായ അഗോചരമായ മൂലധനനിക്ഷേപവ്യാപാരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. വെറും സാങ്കല്‍പികമായ ഒരു നാണയമായ ബിറ്റ് കോയിന്‍ പോലെയുള്ള ക്രിപ്‌ടോകറന്‍സികള്‍ ആഗോളവിപ്ലവം സൃഷ്ടിച്ചിരിക്കുന്ന അത്ഭുതാവഹമായ ലാഭക്കൊയ്ത്തും അതോടൊപ്പം ഭയാനകതയും നിയന്ത്രണാതീതമാണ്.
ഇത്രയും കാലം നാം കണ്ടും ഉപയോഗിച്ചുമിരുന്ന നാണയ വ്യവസ്ഥിതിയില്‍ അതാതു രാജ്യത്തെ ഗവണ്‍മെന്റും സെന്‍ട്രല്‍ ബാങ്കും ഓരോ പൈസക്കും പേപ്പര്‍ കറന്‍സിക്കും വിലയും മൂല്യവും ഗ്യാരന്റി ചെയ്തിരിക്കുന്നതിനാല്‍ തികച്ചും വിശ്വസനീയമാണ്. ആ പണത്തെ ചുരുക്കത്തില്‍ നിര്‍വ്വചിച്ചാല്‍ ‘ആരുടെ കൈയ്യില്‍ എത്രയുണ്ട്, ആര് ആര്‍ക്ക് എത്ര കൊടുക്കാനുണ്ട്, ആര്‍ക്ക് എത്ര കിട്ടാനുണ്ട് എന്നതിന്റെ കണക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ളതാണ്’. അതിന്റെ വന്‍കിട മാറ്റങ്ങള്‍ക്ക് ബാങ്കുകളും ക്രെഡിറ്റ്കാര്‍ഡ് കമ്പനികളും ഇടനിലക്കാരായി വര്‍ത്തിക്കുകയും അതിനായി അവര്‍ക്ക് തോന്നുന്ന ഫീസ് ചുമത്തുകയും ചെയ്യുന്നതാണ്.
എന്നാല്‍ ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌ടോകറന്‍സികള്‍ ഡിജിറ്റല്‍ ആയി നിലനില്‍ക്കുന്ന ഒരു കണക്കുസമ്പ്രദായം മാത്രമാണ്. കാരണം ഇതിനുപിന്നില്‍ ഒരു ഗവണ്‍മെന്റോ സെന്‍ട്രല്‍ ബാങ്കോ ഇല്ലെന്നുള്ളതാണ്. എന്നാല്‍ ക്രിപ്‌ടോകറന്‍സികള്‍ ഉപയോഗിക്കുമ്പോള്‍ ഇടയില്‍ വലിയൊരു കമ്പ്യൂട്ടര്‍ ശ്ര്യംഖല കൊടുക്കല്‍ വാങ്ങലുകള്‍ ഒരു ഓണ്‍ലൈന്‍ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തി ഓരോരുത്തരുടെയും കണക്കില്‍ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് തത്സമയം ലോകത്തെവിടെയും ഒരേ നാണയത്തില്‍ വിനിമയ നിരക്കോ ഫീസോ കൂടാതെ കൈകാര്യം ചെയ്യുന്നതിനും തമ്മില്‍തമ്മില്‍ കൈമാറുന്നതില്‍ കൃത്യതയും സുതാര്യതയും സൂക്ഷിക്കുകയും ചെയ്യുന്നു. അതിന് പുറമെ ഈ കറന്‍സി ഓരോന്നും ഉപയോഗിച്ചതിന്റെ ചരിത്രം ഇവയ്ക്കു പിന്നില്‍ നിലനിര്‍ത്തുകയും ഉടമസ്ഥന്റെ പേരുവിവരങ്ങള്‍ പൊതുജനത്തിന് അപ്രാപ്യമാക്കാന്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ന രഹസ്യസ്വഭാവവും പരിരക്ഷിക്കുന്നു. അതുകൊണ്ടാണ് ഇവയെ ക്രിപ്‌ടോ കറന്‍സികള്‍ എന്നറിയപ്പെടുന്നത്. രാജ്യങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ ഇവയുടെ മൂല്യശോഷണം വരുത്തുന്നതിനോ മോഡിജി ചെയ്തപോലെ ഒരു പാതിരാത്രിക്ക് നിരോധിക്കാനുള്ള അധികാരമോ നിയന്ത്രണമോ നിലവിലില്ല. അങ്ങനെ ലോകത്തില്‍ ഇദംപ്രഥമമായി വികേന്ദ്രീകൃതമായ വിനിമയമൂല്യം സ്ഥാപിക്കാന്‍ ഇവയ്ക്കു കഴിഞ്ഞു എന്നതും ഒരു നേട്ടമാണ്.
ബിറ്റ്‌കോയിന്‍ എന്നതാണ് പ്രശസ്തമായ ഡിജിറ്റല്‍ കറന്‍സിയെങ്കിലും ഇതേ സ്വഭാവഗുണദോഷങ്ങള്‍ വാരിവിതറുന്ന എണ്ണൂറ്റി നാല്‍പ്പത്തിയൊന്‍പതിലധികം ക്രിപ്‌ടോ കറന്‍സികള്‍ ഇന്നുവരെ നിലവിലുണ്ട്. പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 2010 മേയ്മാസത്തില്‍ പതിനായിരം ബിറ്റ് കോയിന്‍ കൊടുത്താല്‍ ഏകദേശം 30 രൂപാ വിലയുള്ള രണ്ട് പിസ്സാ കിട്ടുമായിരുന്നു. ഇന്ന് അതേ ബിറ്റ്‌കോയിന്റെ മൂല്യം ഇരുപത് മില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണല്ലേ? ഇതെറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, ഹാഷ് കാഷ്, ബിറ്റ് ഗോള്‍ഡ്, ബി മണി, ഫാക്ടം, വെരികോഇന്‍, മാക്‌സ് കോയിന്‍, ദുബായ് കോയിന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.
1990 കളില്‍ ഇതുപോലെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ പലരും രൂപകല്‍പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2009 ജനുവരി 3നു വെറും ട.00076 വിലയുമായി കടന്നുവന്ന ബിറ്റ്‌കോയിന്‍ പുതിയ ഒരു സാമ്പത്തികവിപ്ലവത്തിനു നാന്ദി കുറിക്കുകയായിരുന്നെന്നു ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിച്ചില്ല. ഇത് വെറും തട്ടിപ്പാണ്,മണിചെയിന്‍ ആണ്, വെറും ഗാര്‍ബേജ് ആണ് എന്ന് പറഞ്ഞ പലരും വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ വകാതാക്കളായി പരിലസിക്കുന്നത് കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നതില്‍ തെറ്റില്ല. കാരണം .001 ഡോളറില്‍ നിന്നും 2010ല്‍ 0.1, 2011ല്‍ 1, 2012ല്‍ 10, 2013ല്‍ 100, 2015ല്‍ 1000, 2017ല്‍ 10000 എന്ന തോതില്‍ വര്‍ഷംതോറും പത്തിരട്ടി മൂല്യവര്‍ദ്ധനയുള്ള ബിറ്റ്‌കോയിന്‍ ”ഇവനൊരു നത്തോലിയല്ല, ഒരു തിമംഗലമാണ്’ എന്ന് തെളിയിച്ചു കഴിഞ്ഞു. ഈ പോക്ക് ശരിയായ ദിശയില്‍ ആണെങ്കില്‍ 2020 നോടുകൂടി ഇതിന്റെ വില 1 മില്ല്യന്‍ ആയേക്കാം എന്ന് സാമ്പത്തിക പ്രവാചകന്മാര്‍ കൊട്ടി ഘോഷിച്ചുകൊണ്ടിരിക്കുന്നു.
ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് എന്ന പറയപ്പെടുന്ന സതോഷി നകമോടോ ആരെന്നോ എവിടെയെന്നോ ഇപ്പോള്‍ രഹസ്യമായിരിക്കുന്നു. ഈ സംരഭത്തിന്റെ സീ ഇ ഓ ആയിരുന്ന ചാര്‍ളി ഷ്രേം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഇരുപത് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്നു. ഇതിന്റെ മറവില്‍ സില്‍ക്ക്‌റോഡ് എന്ന പേരില്‍ അനിയന്ത്രിതമായ വെബ്‌സൈറ്റ് വ്യാപാരങ്ങള്‍വഴി ലഹരി വസ്തുക്കളും മണി ലോണ്ട്രിങ്ങും നടത്തിയതിനു റോസ് ഉല്‍ബ്രിച് ജയിലിലാണ്. പൊളിഞ്ഞുപോയ മൗണ്ട് ഗോക്‌സ് എന്ന ക്രിപ്‌ടോ കറന്‍സിയുടെ തലവന്‍ മാര്‍ക്ക് കാര്‍പെലെസ് പറയുന്നത് ഹാക്കര്‍മാര്‍ കാരണം തന്റെ ഏഴു ലക്ഷത്തി അന്‍പതിനായിരം ബിറ്റ് കോയിന്‍സ് അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ്. സാധാരണക്കാരന് ഇതിന്റെ നിഗൂഢമായ വളര്‍ച്ചയുടെ കുതിപ്പുനോക്കി നില്‍ക്കാനേ കഴിയൂ. ഇവയ്‌ക്കെതിരായി പല ന്യൂനതകളുംകേട്ട് മറ്റൊരു വിഭാഗം നിക്ഷേപകര്‍ ഭയന്ന് പകച്ചു നില്‍ക്കുന്നു. ഇതിന്റെ എല്ലാ നീക്കങ്ങളും നിയമാനുസൃതമല്ല, മണിചെയിന്‍ പോലെ തട്ടിപ്പാണ്, നിയന്ത്രണ പരിധികള്‍ ഇല്ല, പൊതുവേ മയക്കുമരുന്ന് മാഫിയകള്‍ ഇതുകൊണ്ട് കോടികളുടെ വിനിമയം നടത്തുന്നു, ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ഉപകരിക്കുന്നു തുടങ്ങിയ കുറെ സത്യങ്ങള്‍ ആക്ഷേപങ്ങളായി നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സംശയത്തോടെ ഇന്നും വീക്ഷിക്കുന്നു. ഇവയുടെ സുരക്ഷിതത്വം ഒരു പ്രധാനഘടകമാണ്. നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമായതിനാല്‍ വളരെ രഹസ്യമായി ഇവയുടെ കോഡും നമ്പറുകളും ലോക്കറില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
അമേരിക്കയാണ് ഡിജിറ്റല്‍ കറന്‍സിയുടെ കേളീരംഗം. ലോകസാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു തെട്ടടുത്ത് നിക്ക് സ്പാനോസ് ആദ്യത്തെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് തുറന്നതും ചരിത്രസംഭവങ്ങളാണ്. ചെയ്‌സ്,ഹോം ഡിപ്പോ, ടാര്‍ഗറ്റ് പോലെയുള്ള വമ്പന്‍ കമ്പിനികള്‍ ഈ ക്രിപ്‌ടോകറന്‍സികള്‍ വിന്യസ്സിച്ചിരിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സംവിധാനം ആലിംഗനം ചെയ്തു കഴിഞ്ഞു. ജപ്പാനില്‍ ഡിജിറ്റല്‍ കറന്‍സികള്‍ നിയമാനുസൃതമാണ്. വളരെയധികം വ്യാപാരസ്ഥാപനങ്ങള്‍ ക്രിപ്‌ടോകറന്‍സികള്‍ ക്രെഡിറ്റ്കാര്‍ഡ് പോലെ സ്വീകരിക്കുന്നു. ജെ.പി മോര്‍ഗന്‍, മൈക്രോസോഫ്റ്റ്, ഇന്റെല്‍ പോലെ വമ്പന്മാര്‍ ഏതെറിയം കോയിന് പിന്നില്‍ നിന്ന് സഹകരിക്കുന്നു. എന്നാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയില്‍ വളരുന്നതിനാല്‍ ആവണം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ബിറ്റ് ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുമായി അറ്റോര്‍ണി ബെഞ്ചമിന്‍ ല്യൂവസ്‌കിയെ ഏര്‍പ്പാട് ചെയ്തത്. എന്നാല്‍ ഇന്നാവട്ടെ അദ്ദേഹം ഗവണ്‍മെന്റിന്റെ ആ ജോലി രാജി വച്ചിട്ട് ബിറ്റ് കോയിന്‍ പോലെയുള്ള ശ്രംഖലയുടെ മുഖ്യഉപദേശക സ്ഥാപനം വന്‍തോതില്‍ നടത്തുന്നതിനാല്‍ ഈ സമാന്തര സമ്പത്ത് വ്യവസ്ഥയുടെ പരപ്പും ആഗാധതയും ഒരു പക്ഷെ ഊഹിക്കാന്‍ കഴിഞ്ഞേക്കും.
ക്രിപ്‌ടോ കറന്‍സികള്‍ പലതും വേരുപിടിച്ചു കഴിഞ്ഞു. ആദ്യകാലങ്ങളില്‍ ബിറ്റ്‌കോയിന്‍ സൃഷ്ടിക്കുകയും വാങ്ങിക്കുകയും ചെയ്തവര്‍ ആനന്ദത്തിമര്‍പ്പിലാണ്. ആദ്യകാലത്തിറങ്ങി നിക്ഷേപിച്ചവര്‍ക്ക് 70000% മുതല്‍ 823000% കുതിച്ചുയര്‍ന്നപ്പോള്‍ വെറും പത്ത് മുടക്കിയവര്‍ കോടീശ്വരന്മാര്‍ ആയിക്കഴിഞ്ഞു. മാര്‍ച്ച് 2016 ന് രംഗത്തുവന്ന ദുബായ്‌കോയിന്‍ ഒരു വര്‍ഷത്തിന് ശേഷം 8750% വിലവര്‍ദ്ധനവ് രേഖപ്പെടുത്തി. ഓഹരികളിലും മ്യൂച്ചല്‍ഫണ്ടിലും മുടക്കുമുതല്‍ ഒരു വര്‍ഷത്തില്‍ ഇരട്ടിയാകുന്നതു തന്നെ അ പൂര്‍വ്വമാണ്. എല്ലാ ഊഹക്കച്ചവടങ്ങള്‍ക്കും അതിന്റേതായ ആപല്‍ശങ്കയും നഷ്ടസാധ്യതകളും ഉള്ളതിനാല്‍ വാസ്തവമല്ലാത്ത ക്രിപ്‌ടോകറന്‍സികളുടെ കുമിളകള്‍ വികസിക്കുന്തോറും ഭയം കൂടിവരുന്നു. ഇതിനോട് അനുബന്ധമായി നിരവധി പുസ്തകങ്ങളും ഓണ്‍ലൈന്‍ സെമിനാറുകളും നടത്തി മുകളിലേക്ക് കുതിക്കുന്ന ഗ്രാഫ് മാത്രം കാട്ടി മറ്റുപലരും പണം സമ്പാദിക്കുന്നു. അറിവില്ലാത്ത പുതു നിക്ഷേപകരെ കുടുക്കാന്‍ വ്യാജ വെബ്‌സൈറ്റ് തുറന്നുവെച്ച് മറ്റൊരു കൂട്ടര്‍ കാത്തിരിക്കുന്നു. ഇവരാരും ലാഭം എവിടെനിന്നും ലഭിക്കുമെന്നോ, എങ്ങനെ ഇതിന്റെ ചങ്ങലയില്‍ നിന്നും സുരക്ഷിതമായി പുറത്തിറങ്ങാമെന്നോ യാതൊരുവിധ തെളി വോ ഗ്യാരന്റിയോ വാഗ്ദാനം ചെയ്യുന്നുമില്ല. ഇവയുടെ വിജയസാധ്യതകളെപ്പറ്റി ശാസ്ത്രീയമായി ഒരു അപഗ്രഥനവും വെളിപ്പെടുത്തിയിട്ടുമില്ല.
ലോകത്തിലെ വന്‍ സാമ്പത്തിക പണ്ഡിറ്റായ വാറന്‍ ബഫെറ്റ് പറയുന്നു. ”ടമ്യേ വേല വലഹഹ മംമ്യ ളൃീാ ശ’േ’ ചൈനയില്‍ ഇന്റര്‍നെറ്റ് പൊതുവേ ഇല്ല, ഗൂഗിള്‍ ഇല്ല, ക്രിപ്‌ടോകറന്‍സിയുമില്ല. അതുകൊണ്ട് അവയൊന്നും മോശമെന്നു പറയാന്‍ പറ്റില്ല. ആദ്യം ഇന്റര്‍നെറ്റ് ഇറങ്ങിയപ്പോള്‍ ഇത് ഒരു നിറം മങ്ങിപ്പോകുന്ന കൗതുകം എന്ന് മാധ്യമങ്ങള്‍ പോലും കളിയാക്കിയെങ്കിലും ഇപ്പോള്‍ നാം വിവരസാേങ്കതികവിദ്യയില്‍ എവിടെ നില്‍ക്കുന്നു. നേരെ മറിച്ച് ബിറ്റ് കോയിനെപ്പറ്റി ”സാധാരണ ക റന്‍സിയെക്കാള്‍ മികച്ചത്” എ ന്നാണ് ബില്‍ഗയ്റ്റ്‌സ് പറഞ്ഞത്.
ഇന്ത്യയിലെ റിസേര്‍വ് ബാങ്ക് 2014 ല്‍ തന്നെ ഡിജിറ്റല്‍ കറന്‍സിയെ എതിര്‍ക്കുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് നിയമാനുസൃതമല്ലെന്ന് തുടങ്ങി പല എതിര്‍പ്രസ്താവനകളും വന്നതിനാലാവണമല്ലോ ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളെ അംഗീകരിക്കണം എന്ന ആവശ്യവുമായി ആയിരത്തിഒരുനൂറിലധികം പേര്‍ ഒപ്പിട്ട ഒരു മെമ്മോറാണ്ടം കേന്ദ്ര ധനമന്ത്രാലയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എങ്കില്‍ പിന്നെ ഗാന്ധിത്തലയെന്നും കള്ളനോട്ടെന്നും പറഞ്ഞ് സമയം കളയാതിരിക്കുക. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളും അത്യാവശ്യം ചില്ലറക്കാശുകളും ഉപയുക്തമാക്കാനുള്ള വ്യവസ്ഥിതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കികൊണ്ട് പൊതുജനങ്ങളെ ഇനിയും പെരുവഴിയില്‍ ക്യൂ നിര്‍ത്താതെ സുരക്ഷിതമായ ഡിജിറ്റല്‍ കറന്‍സി സമ്പ്രദായം അതിവേഗം അംഗീകരിച്ചുകൊണ്ട് ബഹുദൂരം മുന്നേറാന്‍ ഇന്‍ഡ്യയും സന്നദ്ധമാവുക. അങ്ങനെ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ വികസ്വരമാകട്ടെ.
ഒരുപക്ഷെ സമയോചിതമായി മുന്നേറിയാല്‍ ഈ ഫിന്‍ടെക്,ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യകള്‍ നിയന്ത്രിക്കുന്ന ടെക്‌നിക്കല്‍ ഹബ് ആയിത്തീരാനുള്ള എല്ലാ മികവും സ്രോതസ്സും സാധ്യതകളും ഇന്ത്യയ്ക്കുണ്ടെന്നുള്ള വസ്തുതകള്‍ തലപ്പത്തിരിക്കുന്നവര്‍ മറക്കാതിരിക്കട്ടെ.
അങ്ങനെയെങ്കില്‍ നഷ്ടസാധ്യത മനസ്സിലാക്കിക്കൊണ്ടുതന്നെ വിലയുള്ള ബിറ്റ്‌കോയിന്‍ ഇന്നത്തെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമെങ്കില്‍ പോലും ലാഭം പതിന്മടങ്ങ് കിട്ടിയേക്കാം. അതല്ല, ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ലാഘവത്തോടെ ഏറ്റവും വിലകുറഞ്ഞ പെനിക്രിപ്‌ടോ കറന്‍സികള്‍ കുറെ വാങ്ങി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കാത്തിരിക്കുക. ”കിട്ടിയാല്‍ ഊട്ടി…” എന്ന് അഭിമാനിക്കാന്‍ സാധിച്ചാല്‍ അതും ഒരു ജന്മസുകൃതം!