കേന്ദ്ര അംഗീകാരമായി; പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തോടെ പ്രവർത്തനസജ്ജമാകും

56
0

അന്താരാഷ്ട്ര നിലവാരത്തിൽ തൃശ്ശൂർ പുത്തൂരിൽ ഒരുങ്ങുന്ന സുവോളജിക്കൽ പാർക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതോടെ തൃശ്ശൂർ മൃഗശാലയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും മൃഗങ്ങളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കാനാകും. ഓണത്തോടെ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയലുമായി വനം മന്ത്രി നടത്തിയ പ്രത്യേക ചർച്ചകളെ തുടർന്നാണ് നടപടി. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കർ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കൽ പാർക്ക് ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസ്സായി പ്രദർശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് മൃഗശാലയുടെ പ്രധാന ആകർഷണീയത. ഇത്തരത്തിൽ 23 ഇടങ്ങളാണ് സുവോളജിക്കൽ പാർക്കിലുള്ളത്. ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കുള്ളവയാണ്. വിശാലമായ പാർക്കിംഗ് സ്ഥലം , റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവ്വീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ടോയിലറ്റ് ബ്‌ളോക്കുകൾ, ട്രാം സ്റ്റേഷനുകൾ, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്‌സുകൾ, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങൾക്കുള്ള ഭക്ഷണശാലകൾ എന്നിവയും പാർക്കിന്റെ ഭാഗമാണ്.
പാർക്കിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ സ്ഥലപരിമിതി കൊണ്ട് പൊറുതി മുട്ടുന്ന തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങൾക്ക് ഉടൻ മോചനമാകും. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളാണ് ഇവിടെയുള്ളത്്. സ്റ്റേറ്റ് മ്യൂസിയവും, മൃഗശാലയും ചേർന്ന് 13 ഏക്കർ സ്ഥലത്താണ് ഇപ്പോൾ മ്യൂസിയം പ്രവർത്തിക്കുന്നത്. മറ്റിടങ്ങളിൽ നിന്നുള്ള അപൂർവ്വയിനം പക്ഷിമൃഗാദികളെയും പാർക്കിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.