കെഎസ്ആർടിസിയിൽ മാസ്ക് നിർബന്ധം

369
0

കൊവിഡ് നിയന്ത്രണം; സർവ്വീസ് പുനക്രമീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ബസ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ 7 മണി മുതൽ രാത്രി 7 മണിവരെ കൂടുതൽ സർവ്വീസുകൾ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതിന് വേണ്ടി ഷെഡ്യൂളുകൾ പുനക്രമീകരിക്കുകയും ചെയ്തു.

രാവിലെ 7 മണി മുതൽ രാത്രി 7 മണിവരെ പരമാവധി ഓർഡിനറി/ ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവ്വീസ് നടത്തും. 12 മണിയ്ക്കൂർ സ്പ്രെഡ് ഓവറിൽ തിരക്കുള്ള സമയമായ രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 7 മണിവരെയും രണ്ട് സ്പെല്ലുകളിലായി 7 മണിക്കൂർ സ്റ്റീറിം​ഗ് മണിയ്ക്കൂർ വരുന്ന രീതിയിൽ സിം​ഗിൽ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. രാവിലെ 11 മണി മുതൽ 3 മണിവരെയുള്ള സമയവും, രാവിലെ 7 മണിക്ക് മുൻപും, വൈകിട്ട് 7 മണിക്ക് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ഷെഡ്യൂളുകൾ സർവ്വീസ് നടത്തി ജീവനക്കാരുടെ സിം​ഗിൽ ഡ്യൂട്ടി ക്രമീകരിക്കും. ഡബിൽ ഡ്യൂട്ടി സമ്പ്രദായം 20% ത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ല.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സർക്കാർ പൊതു​ഗതാ​ഗതം അനുവദിച്ച സാഹചര്യത്തിൽ 60% ദീർഘദൂര സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓർഡിനറി സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും.

പകൽ സമയം മുഴുവൻ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽ നിന്നും ഒരേ സമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവ്വീസ് നടത്തില്ല. ഒരേ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
സ്റ്റാൻഡ് ബൈയിൽ വരുന്ന ജീവനക്കാർ അവരുടെ ഷെഡ്യൂൽ ഡ്യൂട്ടിയ്ക്ക് ഹാജരാകണം. ഒരു സ്പെല്ലിൽ 7 മണിക്കൂർ ഡിപ്പോയിൽ അവർ ഉണ്ടാകുകയും ചെയ്യും. സ്റ്റാൻഡ് ബൈ ഹാജറിന് അർഹതയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ ദിനത്തിൽ ഒരു ഡ്യൂട്ടി എന്ന ക്രമത്തിൽ അനുവദിക്കും. ആഴ്ചയിൽ രണ്ട് ഫിസിക്കൽ ഡ്യൂട്ടിയെങ്കിലും ഉള്ള ജീവനക്കാർക്ക് മാത്രമേ സ്റ്റാൻഡ് ബൈ ഹാജരിന് അർഹതയുള്ളൂ.

കൊവിഡുമായി ബന്ധപ്പെട്ടുള്ള നിർ​ദ്ദേശങ്ങൾ

മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രാക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തർക്കമുണ്ടായാൽ പൊലീസിന്റെ സഹായവും ഉറപ്പാക്കും. ശരിയായ രീതിയിൽ മാസ്ക് ധരിച്ച യാത്രാക്കാരെ മാത്രമേ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന ബോർഡ് എല്ലാ ബസുകളിലും, ബസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും, ഇതോടൊപ്പം ഈ വിവരം സ്റ്റേഷനുകളിൽ അനൗൺസ്മെന്റും ചെയ്യും.
കണ്ടക്ടർമാർ നിർബന്ധമായും മാസ്ക് ധരിക്കണം. എല്ലാ ഡിപ്പോയിലും ജീവനക്കാർക്ക് കൈ വൃത്തിയാക്കാൻ സോപ്പും, വെള്ളവും ലഭ്യമാക്കും, സർവ്വീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയതിന് ശേഷമേ അടുത്ത സർവ്വീസ് നടത്തുകയുള്ളൂ. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സ്ലീപ്പർ ബസ് ദിവസേന അണു വിമുക്തമാക്കുകയും ചെയ്യും.