കാണാതായ ഇൻഡോനേഷ്യൻ അന്തർവാഹിനിയ്ക്കായുള്ള അത്യാധുനിക തിരച്ചിൽ സംവിധാനം (DSRV) യാത്ര തിരിച്ചു

352
0

കാണാതായ ഇൻഡോനേഷ്യൻ അന്തർവാഹിനിയ്ക്കായുള്ള തിരച്ചിലിനു പിന്തുണയുമായി ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക തിരച്ചിൽ സംവിധാനം (DSRV) യാത്ര തിരിച്ചു

2021 ഏപ്രിൽ 21 ബുധനാഴ്ച കാണാതായ KRI നങ്ല അന്തർവാഹിനിക്കായി ഇൻഡോനേഷ്യൻ നാവികസേന Tentara Nasional Indonesia-Angkatan Laut TNI AL) നടത്തുന്ന തിരച്ചിലിന് പിന്തുണയുമായി ഇന്ത്യൻ നാവികസേന അത്യാധുനിക തിരച്ചിൽ സംവിധാനത്തെ (ഡീപ് സബ്മെർജെൻസ് റെസ്ക്യൂ വെസ്സൽ-DSRV) അയച്ചു.

കാണാതായ ഇൻഡോനേഷ്യൻ അന്തർവാഹിനി സംബന്ധിച്ച അറിയിപ്പ് ഏപ്രിൽ 21ന് ഇന്റർനാഷണൽ സബ്മറെയൻ എസ്‌കേപ്പ് ആൻഡ് റെസ്ക്യൂ ലൈയ്സൺ ഓഫീസ് (ISMERLO) വഴിയായി ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചിരുന്നു. 53 അംഗങ്ങളുമായി ബാലിയ്ക്ക് 25 മൈൽ വടക്കുഭാഗത്തു കൂടി നീങ്ങുകയായിരുന്നു കാണാതായ അന്തർവാഹിനി.

സമുദ്രാന്തർ ഭാഗത്ത് വെച്ച് പ്രവർത്തനരഹിതമാകുന്ന അന്തർവാഹിനികൾക്കായി തിരച്ചിൽ നടത്തുവാനും, അവയെ കണ്ടെത്തുവാനും ഉപയോഗപ്പെടുത്തുന്ന DSRV സംവിധാനം സ്വന്തമായുള്ള ലോകത്തെ ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇത്തരത്തിൽ ആയിരം മീറ്റർ ആഴത്തിൽ വരെയുള്ള അന്തർവാഹിനികളെ കണ്ടെത്താൻ ഇന്ത്യൻ നാവികസേനയുടെ ഡി എസ് ആർ വി സംവിധാനത്തിലൂടെ സാധിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സൈഡ് സ്കാൻ സോണാർ, റിമോട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വാഹനം എന്നിവ വഴിയാണ് ഇത് സാധ്യമാകുന്നത്.

കാണാതായ അന്തർവാഹിനിയെ വിജയകരമായി കണ്ടെത്തി കഴിഞ്ഞാൽ, DSRV-യുടെ തന്നെ ഭാഗമായ സബ്മറൈൻ റെസ്ക്യൂ വെഹിക്കിൾ (SRV), അന്തർവാഹിനിയുടെ അടുത്തെത്തുകയും അതിൽ കുടുങ്ങിയ അംഗങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇതിന് പുറമേ അന്തർവാഹിനിയ്ക്ക് ആവശ്യമായ അടിയന്തര സാധനങ്ങളുടെ വിതരണവും SRV-ലൂടെ നടത്താവുന്നതാണ്.

ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലുള്ള സമഗ്ര തന്ത്രപ്രധാന സഹകരണ ചട്ടക്കൂടിന് കീഴിൽ, പ്രവർത്തന സഹകരണ മേഖലയിൽ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ ശക്തമായ പങ്കാളിത്തമാണ് പുലർത്തുന്നത്.