ബാലചന്ദ്രന്‍ അമ്പലപ്പാട്ട്
കേരളം ഇതുവരെ കാണാത്ത പ്രതിഭാസമാണ് വേനലിന്റെ തുടക്കത്തില്‍ തന്നെ 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടും സൂര്യാഘാതമേറ്റുള്ള മരണങ്ങളും. മീനച്ചൂടിനെക്കുറിച്ച് കുംഭത്തില്‍ തന്നെ അതീവ ജാഗ്രതാനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കേണ്ടിവന്നത് വരാന്‍ പോകുന്ന ചൂടിന്റെ ഭീകരത മുന്നില്‍ കണ്ടുതന്നെയാണ്. ഇതുവരെയുണ്ടാകാത്ത ഉഷ്ണ തംരഗത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന വിധമായിരുന്നു കുംഭമാസത്തിന്റെ അവസാന കാലത്തെചൂട്. ജലക്ഷാമം നേരിടുമെന്നും അതുമൂലം അശുദ്ധജലം കുടിയ്ക്കാന്‍ ഇടവരരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതൊക്കെ എല്ലാ വര്‍ഷങ്ങളിലും കാണാറുള്ള നിയമപരമായ ചടങ്ങുകളാണ്. ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നു ചോദിച്ചാല്‍ അശുദ്ധജലം കുടിയ്ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി എന്നതുമാത്രമാണ്.
പുഴകളും തോടുകളും പൂര്‍ണ്ണമായി വറ്റിവരണ്ടുതുടങ്ങി. ഭൂഗര്‍ഭജലത്തിന്റെ അളവില്‍ അപകടകരമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ഭൂഗര്‍ഭജലവകുപ്പിന്റെ പ്രസ്താവന. കൊടും വരള്‍ച്ചയിലേക്കാണ് കേരളം പൊയ്‌ക്കൊണ്ടിരിക്കുന്നത്. മണ്ണെടുപ്പും ക്വോറികളുടെ പ്രവര്‍ത്തനവും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നത് ആശങ്ക ഉളവാക്കുന്നു. നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജലക്ഷാമത്തിനു മുഖ്യകാരണമാണെന്നറിയാമായിരുന്നിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നതിനാലാണ് ക്വോറികളെ നിയന്ത്രിക്കാത്തതെന്നു പറയുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുന്നത്. കിണറുകള്‍ വറ്റിവരണ്ടുതുടങ്ങി. കുടിവെള്ളത്തിന് ആശ്രയിച്ചുക്കൊണ്ടിരുന്ന ജലസ്രോതസ്സുകള്‍ അപ്രത്യക്ഷമായി എന്നിട്ടും ഭൂഗര്‍ഭജലവിതാനം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വകുപ്പുമേലാളന്മാരുടെ അറിയിപ്പ്. എല്ലാ വര്‍ഷവും പതിവായി വരള്‍ച്ച ഉണ്ടാകുന്നതാണല്ലോ. വെള്ളപ്പൊക്കം വരുത്തിവച്ച മണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ ഇത്തവണ വരള്‍ച്ചയ്ക്ക് ആക്കം കൂടിയെന്നാണ് പറയുന്നത്. ശാസ്ത്രീയനിഗമനങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ജനുവരി മുതല്‍ തന്നെ ജലനിരപ്പ് താഴ്ന്നത് പുതിയ പ്രതിഭാസത്തിന് തെളിവാണെന്ന് പറയപ്പെടുന്നു.
മലകളിടിച്ച് ജലസ്രോതസ്സുകള്‍ നികത്തുന്നതിന് എല്ലാക്കാലത്തും എതിര്‍പ്പുകളുണ്ടാകാറുണ്ട്. അതുമൂലം മണ്ണിനു സംഭവിക്കാവുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അവിടംവരെയെ ശാസ്ത്രജ്ഞന്മാരുടെ ഇടപെടലുകള്‍ക്ക് അനുവാദമുള്ളു. അതുകഴിഞ്ഞാല്‍ മണ്ണ് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ളവര്‍ വയല്‍നികത്തുവാനും മലകള്‍ ഇടിച്ചു നിരത്തുന്നതിനും അനുവാദം നല്‍കിക്കൊണ്ട് നിലവിലുള്ള നിയമക്കുരുക്കുകളെ മറികടക്കുന്നു. അഞ്ചുസെന്റില്‍ വീടുവയ്ക്കുവാന്‍ വയല്‍ നികത്താമെന്നുള്ള ഒരു ചെറിയ നിയമത്തിന്റെ പഴുതിലൂടെ ഏക്കറു കണക്കിനു വയലുകള്‍ നികത്തുകയാണ് ചെയ്യുന്നത്. അതിനാവശ്യമായ മണ്ണ് മലകളെ അറുത്തെടുത്ത് ലോറികളില്‍ കൊണ്ടുവരുന്നതിനും ഇവര്‍ അനുവാദം വാങ്ങിക്കുന്നു. റെയില്‍വേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണ്ണെടുക്കുവാനുള്ള ലൈസന്‍സിന്റെ മറവില്‍ നികന്നുപോയ മലകളുടെ എണ്ണം ആരാണ് കണക്കെടുത്തിട്ടുള്ളത്. കണ്ടല്‍കാടുകളുടെ സംരക്ഷണത്തിന് കോടികള്‍ കണക്കെഴുതുകയും കണ്ടല്‍പാര്‍ക്കുകളെ വെട്ടിമാറ്റി സൈബര്‍പാര്‍ക്കുകള്‍ പണിയുന്നതിന് കോടികള്‍ കൊടുക്കുന്നതും ഒരേ ചിന്താഗതിയുടെ വക്താക്കള്‍ തന്നെയാണ്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവുകൂടുന്നു ഓ സ്സോണ്‍ പാളികളില്‍ അതുമൂലം വിള്ളലുകള്‍ വീഴുന്നു സൂര്യരശ്മിയിലെ അപകടകാരിയായ അള്‍ട്രാവൈലറ്റ് രശ്മികള്‍ നേരിട്ടുഭൂമിയില്‍ പതിക്കുന്നു എന്നൊക്കെയാണ് ശാസ്ത്രീയപഠനം. ഇതിനൊക്കെ കാരണമാകുന്നതോ പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണവും. ഇതൊക്കെ അറിയാമായിരുന്നിട്ടും യാതൊരുവിധ നിയന്ത്രണവും ഇക്കാര്യത്തില്‍ നമ്മള്‍ പാലിക്കുന്നില്ല. മലിനീകരണനിയമങ്ങള്‍ ലംഘിച്ച് ഫാക്ടറികള്‍ നടത്തുന്നതിന് അഴിമതിയിലൂടെ അനുവാദം വാങ്ങുന്നു. ആവശ്യമായ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന നിയമത്തെ ബോധ്യപ്പെടുത്തുവാന്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് എണ്ണം കൊടുക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സാമൂഹ്യവനവല്ക്കരണച്ചെടിനടീലുപോലെ അവ ഇല്ലാതെയാകുന്നു. ആരാണ് ഇത് നിലനിര്‍ത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഇല്ലെങ്കില്‍ നടപടിയെടുക്കേണ്ടത്. നിയമത്തിന്റെ സംരക്ഷണമുണ്ടെന്നു പറഞ്ഞുതന്നെ നിയമനിഷേധം നടത്തുന്നവര്‍ നിയന്ത്രണത്തിലൂടെ വരുംതലമുറയ്ക്കുവേണ്ടി ഇവിടെ എന്തെങ്കിലും നീക്കിവയ്ക്കാന്‍ ശ്രമിക്കുക.
നഗരജീവിതത്തിന്റെ മായികപ്രഭയില്‍ മയങ്ങി ഗ്രാമവാസികള്‍ നഗരത്തിലേക്കു ചേക്കേറുന്നതും ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുന്നതും ജലദൗര്‍ലഭ്യത്തിനും താപനിലയുടെ വര്‍ദ്ധനവിനും കാരണമാകുന്നു. വരുംതലമുറയ്ക്കുവേണ്ടി ഒന്നും അവശേഷിപ്പിക്കില്ല എന്നു തീരുമാനിച്ചുറച്ച ഒരുപറ്റം അത്യാഗ്രഹികളുടെ ആര്‍ത്തിശമിപ്പിക്കാന്‍ നഗരവല്‍ക്കരണമാണ് വികസനമെന്ന തെറ്റായധാരണ അവരില്‍ അടിച്ചേല്പിക്കുന്നതും ഭരണാധികാരികള്‍ തന്നെയാണ്. മാലിന്യകൂമ്പാരങ്ങള്‍കൊണ്ട് വികസനത്തിന്റെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ ദാഹജലത്തിന്റെ ഉറവകള്‍ വറ്റുന്നു. ശേഷിക്കുന്ന ജലം മലിനമാക്കുകയും ചെയ്യുന്നു. ശ്വാസമെടുക്കാനുള്ള ആരോഗ്യംപോലും നഷ്ടപ്പെട്ട വികസ്വരരാഷ്ട്രങ്ങളിലെ മനുഷ്യര്‍ വികസിതരാഷ്ട്രങ്ങളിലെ പട്ടിണിമരണങ്ങളുടെ കണക്കെടുക്കാതെയാണ് അവയെ സമ്പന്നരാഷ്ട്രങ്ങള്‍ എന്നു പുകഴ്ത്തുന്നത്.
സര്‍വ്വംസഹിയായ ഭൂമിയുടെ രക്തമൂറ്റിക്കുടിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇവിടെയുള്ളിടത്തോളം കുഴി കുന്നാക്കിയും കുന്നു കുഴിയാക്കിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ ത്തുകൊണ്ടിരിക്കും. കുടിവെള്ളമില്ലായ്മയും സൂര്യാഘാതവും ദാരിദ്ര്യവും വികസനാവശിഷ്ടമായി അവശേഷിക്കുമ്പോഴും മനുഷ്യന്‍ ഓസോണ്‍പാളികളിലെ വിള്ളലുകളെ എങ്ങനെ കൂട്ടിയോജിപ്പിക്കാം എന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്.
വര്‍ഷം മുഴുവന്‍ നിറഞ്ഞുകിടന്നിരുന്ന കുളങ്ങളും കിണറുകളും വേനല്‍ ആരംഭത്തോടെ തന്നെ ഇന്ന് വരണ്ടുണങ്ങുന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന താപീകരണമാണ് ഇതിനു കാരണമാകുന്നതെന്ന് ശാസ്ത്രം. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വര്‍ധനമൂലമാണ് ഇതെന്നും അതു സംഭവിക്കുന്നത് വനനശീകരണം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 100 വര്‍ഷം മുന്‍പ് 70 ശതമാനമായിരുന്ന കേരളത്തിലെ വനങ്ങള്‍ ഇന്ന് 30 ശതമാനമായി കുറയുകയും ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുകയും ചെയ് തതും മറ്റൊരു കാരണമാണ്. സ്വാര്‍ത്ഥ താല്‍പര്യത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ ഭാവിതലമുറയോടു ചെയ്യുന്ന അനീതി ഇനിയും തിരിച്ചറിയാത്തത് കഷ്ടംതന്നെ. വരും തലമുറയ്ക്കു പ്രാണവായു നിഷേധിക്കുന്ന ക്രൂരതയ്ക്കു കൂട്ടുനില്ക്കുന്ന ഭരണാധികാരികളും വിചാരണചെയ്യപ്പെടേണ്ടതാണ്.
താപവൈദ്യുതനിലയങ്ങളും വ്യവസായശാലകളും പാചകവാതകവുമെല്ലാം തന്നെ അന്തരീക്ഷതാപീകരണത്തിന് കാരണമാകുന്നു. ആധുനിക കാലത്ത് ഇതൊന്നും ഒഴിവാക്കാനാവില്ലെങ്കിലും ഉപഭോഗത്തില്‍ മിതത്വം പാലിക്കുകയും കഴിയുന്നിടത്തോളം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം. താപവൈദ്യുത നിലയങ്ങള്‍ക്കുപകരം വനം നശിപ്പിച്ച് ആതിരപ്പള്ളിപോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അതിലേറെ അപകടമാണ് നൂറോ ഇരുനൂറോ വര്‍ഷങ്ങള്‍ മരം നട്ടുപിടിപ്പിച്ചാലും ആതിരപ്പള്ളിക്കു പകരമായി ഒരു അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുവാനാവില്ല.
വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തെ ഇല്ലാതാക്കാന്‍ നിയമം നിര്‍മ്മിക്കുന്ന ഭരണാധികാരികള്‍ വിവിധ മാഫിയകള്‍ക്കു വേണ്ടി ഒത്താശകള്‍ ചെയ്യുന്നു. ക്വോറികള്‍ക്ക് ലൈസന്‍സ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന കോളകമ്പനികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ആലപ്പാട്ടെപോലെ മണല്‍ ഖനനത്തിനുള്ള ഒത്താശചെയ്യല്‍ ഇതൊക്കെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണെന്ന വ്യാജപ്രചരണങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്. താനുള്‍പ്പെടുന്ന സമൂഹത്തെയും വരും തലമുറകളെയുമാണ് ഒറ്റുകൊടുക്കുന്നതെന്ന് ഈ വിഭാഗം എന്തേ അറിയാതെ പോകുന്നത.് മാഫിയകള്‍ക്കായി ഭരണതലവന്മാര്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത്.