ഏവരെയും ഹാപ്പിയാക്കുന്ന പിരിവ്

305
0


ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

പിരിവാണ് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സകലരാഷ്ട്രീയപാര്‍ട്ടികളുടെയും മുഖ്യ അജണ്ട. വോട്ടര്‍മാരെ കൂടെനിര്‍ത്താനും പ്രവര്‍ത്തകരെയും നേതാക്കളെയും കൂടെ നിര്‍ത്താനും ഇതില്ലാതെ പറ്റില്ലല്ലോ. ആര് എവിടെ മത്സരിക്കണം എന്നു തീരുമാനിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്, ഒരു പരിധിവരെ ഇതൊന്നുമില്ലെങ്കില്‍ ഉരുക്കുകോട്ടകളാണെന്നും നേതാവ് ഉരുക്കു മനുഷ്യനാണെ ന്നും ഒന്നും പറഞ്ഞിട്ടുകാര്യമില്ല. കുലംകുത്തികള്‍ കൂട്ടത്തോടെ കൂടിയാല്‍ എപ്പോ കുഴിയിലായെന്നു ചോദിച്ചാമതി. മത്സരത്തിന് കളത്തിലിറങ്ങുന്നതിനുമുന്നേ കരുതല്‍ ധനം കയ്യിലില്ലെങ്കില്‍ കാലിടറുമെന്നുറപ്പ്. ഇതൊക്കെ പറയാതെ പറഞ്ഞുവയ്ക്കുന്ന സത്യങ്ങള്‍. പണമുണ്ടാക്കാനറിയില്ലെങ്കില്‍ അറിയാവുന്നവനെ അയല്‍ജില്ലയില്‍ നിന്നുകൊണ്ടുവരുന്നതിന്റെയും കഥകള്‍ പരസ്യമായി പറഞ്ഞുതുടങ്ങുമ്പോഴാണ് ഇരിപ്പിടം വേകുന്നതിന്റെ വേവറിയുന്നത്. പിന്നെ ഓട്ടംതന്നെ ഓട്ടം. പ്രതിക്രിയാവാദികള്‍ക്കിടയിലെ അന്തര്‍ധാര സജീവമാക്കാനുള്ള നെട്ടോട്ടം.
ബൂത്തുതലത്തില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ കയ്യിലുള്ളതുകൊണ്ട് പിരിവ് കുറെയൊക്കെ എളുപ്പമാകും. എന്നാലും പുറത്തുനിന്നുള്ളവരില്‍ നിന്നും പിടിച്ചുപറിക്കുന്നതുകൊണ്ടല്ലാതെ ‘ടാര്‍ജറ്റ്’ എത്തിക്കാനാവില്ലല്ലോ. അവിടെയാണ് വീതംവയ്പ്പിന്റെ കണക്കുതുടങ്ങുന്നത്.
ഇടതുവലതു ഭേദമില്ലാതെ വിദേശത്തേക്കു പറക്കുന്നതും മറ്റൊന്നിനല്ല മാസത്തിലൊരിക്കലെങ്കിലും വിദേശത്ത് പോകാതെ ഉറക്കം വരാത്തവരുമുണ്ട്. നെറികെട്ടരാഷ്ട്രീയം തച്ചുടച്ച സാമ്പത്തിക മേഖലയെ അല്പമെങ്കിലും പിടിച്ചുനിര്‍ത്തുന്നത് പ്രവാസികളുടെ പണമാണ് ഗതികെട്ടിട്ടു നാടുവിട്ടവരെ അവിടെയും ജീവിക്കാനനുവദിക്കില്ലെന്നുവച്ചാല്‍ എന്തുചെയ്യും. പിരിവും ചോദിക്കുന്ന രാഷ്ട്രീയക്കാരനുമുണ്ട് ന്യായീകരണം പറയാന്‍. അഴിമതിയും തൊഴില്‍സമരവും ഭരണകെടുകാര്യസ്ഥതയുംമൂലം വ്യവസായമേഖലയെ തക ര്‍ത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതുകൊണ്ടല്ലെ ഇവര്‍ പുറത്തു ജോലിതേടിപ്പോകാനുള്ള അവസ്ഥ സംജാതമായത്. അതുകൊണ്ട് അതിനുള്ള നന്ദി സൂചകമായി ചെല്ലുന്നവര്‍ ക്കൊക്കെ വാരിക്കോരികൊടുക്കണം. റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കുവേണ്ടി ഏജന്റായി വിദേശത്തുപോകുന്നവരും കുറവല്ല. ഭരണപക്ഷത്തുള്ളവരാണെങ്കില്‍ ഭയപ്പെടുത്തിയും പൊള്ളവാഗ്ദാനങ്ങള്‍ നല്‍കിയും പിരിവ് ഉഷാറാക്കാം.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് പണമുണ്ടാക്കുന്നത് ഒരുപ്രശ്‌നമല്ല. ചോദിക്കാതെ തന്നെ ഭണ്ഡാരങ്ങള്‍ നിറഞ്ഞുകവിയും. കോടികള്‍ സമാഹരിക്കാം, കടമെടുക്കാം വീതംവയ്ക്കാം അണികളെ സന്തുഷ്ടരാക്കാം. ഇപ്പോ പുറത്തുനില്‍ക്കുന്നവര്‍ ഭരണത്തിലിരുന്നപ്പോഴും ബ്യൂറോക്രസിയെ കയറൂരി വിട്ടിരുന്നത് ഇതു കൊണ്ടുതന്നെയാണ്.
കര്‍ഷകത്തൊഴിലാളികളും ചെത്തുകാരും കയര്‍തൊഴിലാളികളും നെയ്ത്തുകാരും പാവങ്ങ ളും തിങ്ങി നിറഞ്ഞിരുന്ന പാര്‍ട്ടിയില്‍ ഇന്നവരില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ നല്കിയ സ്വത്തുവിവര രേഖ അനുസരിച്ച് അവരെല്ലാം ലക്ഷാധിപതികളോ കോടീശ്വരന്മാരോ ആണ്. പാര്‍ട്ടി ഇന്ന് ദരിദ്രരുടെ പാര്‍ട്ടിയല്ല അതിനെക്കുറിച്ചുള്ള ധാരണകളും മാറുകയാണ്.
അതുകൊണ്ടുതന്നെ ഫണ്ടു സമാഹരണം അവര്‍ക്കൊരുപ്രശ്‌നമല്ലായിരിക്കാം. എന്നാല്‍ അതല്ലല്ലോ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട കോണ്‍ ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥ. നേതാക്കന്മാര്‍ പണ്ടെ കോടീശ്വരന്മാരാണെങ്കിലും അണികള്‍ ദരിദ്രവാസികളായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ലാവണങ്ങളിലേക്ക് അവര്‍ ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ്. പിടിച്ചുനിര്‍ത്തുവാന്‍ ഫണ്ടുവേണം വെറുതെ ആ രെങ്കിലും മലം ചുമക്കുമോ.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഓട്ടക്കാലണപോലും കയ്യിലില്ല. അപ്പോള്‍ പിന്നെ പിരിവിനെക്കുറിച്ചല്ലാതെ നേതാക്കള്‍ക്ക് അണികളോട് ഒന്നും പറയാനില്ലാതായിരിക്കുന്നു. ഭരണപിന്‍തുണയുള്ള സാമ്പത്തിക ശക്തികളായ പാര്‍ട്ടികളെ തൊട്ടുകാണിച്ചാണ് ഇവര്‍ ഇത് ആവശ്യപ്പെടുന്നത്, എത്ര രൂപ വീതം ബൂത്തുതലത്തില്‍ പിരിച്ചെടുക്കണമെന്ന് നേതാക്കന്മാര്‍ നിര്‍ദേശം നല്‍കിയെന്നാണ് പത്രവാര്‍ത്ത, 30000 രൂപവീതം ബൂത്തുതലത്തില്‍ പിരിയ്ക്കണമെന്നു പറഞ്ഞപ്പോഴത്തെ കീഴ്ഘടകങ്ങളുടെ മുറുമുറുക്കല്‍ അടക്കുവാന്‍ പുതിയ വിതരണസംവിധാനത്തിനു കഴിഞ്ഞുവത്രെ. 12000 രുപയെ കെപിസിസിയ്ക്കും ഡിസിസിയ്ക്കുംകൂടി കൊടുക്കേണ്ടതുള്ളു. ബാക്കി മൂവായിരം, അയ്യായിരം വീതം മണ്ഡലം കമ്മറ്റിക്കും ബ്ലോക്കുകമ്മറ്റിയ്ക്കും. മിച്ചമുള്ള പത്ത് പ്രസിഡന്റിന് കയ്യില്‍ വയ്ക്കാം. എങ്ങനെയുണ്ട് പിരിവു വികേന്ദ്രീകരണം.
ഇടതുംവലതും സമ്പത്തു സ്വരുക്കൂട്ടുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നതിനാലാകാം ഇവിടുത്തെ രാഷ്ട്രീയക്കളികള്‍ക്കിടയിലൂടെ തീവ്രവാദികളും വര്‍ഗീയവാദികളും പരസ്പരം ശക്തിപ്പെടുത്തി വളര്‍ന്നു പന്തലിക്കുവാനുള്ള വളക്കൂറുള്ള മണ്ണായി നമ്മുടെ നാടിനെ മാറ്റിക്കൊണ്ടിരിക്കുന്നത്. എല്ലാ പാര്‍ട്ടികളും ഈ പ്രവണതകളെ വിലയിരുത്തിയിട്ടുണ്ട് എന്നാണ് സ്ഥിരമായി പറയുന്നത് . എന്നാല്‍ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വര്‍ഗ്ഗീയതയെ തരംതിരിച്ചുനിര്‍ത്തി ഒന്നിന്റെ വളര്‍ച്ചയ്ക്കുകാരണമായതു മറ്റതാണെ ന്യായീകരണങ്ങള്‍ നിരത്തുവാനല്ലാതെ ഒന്നിനും തടയിടാന്‍ ഇവര്‍ക്കാവുന്നില്ല ആവുകയുമില്ല കാരണം ഇവരെല്ലാം തന്നെ ആഗോളഭീകരതയുടെ ഘടകങ്ങളാണല്ലോ. നേതാക്കന്മാരുടെ സംശുദ്ധതയല്ല പാര്‍ട്ടിയുടെ നിലപാടാണ് പരിഗണിയ്‌ക്കേണ്ടതെന്ന് തലമുതിര്‍ന്ന നേതാക്കന്മാര്‍ തന്നെ പറഞ്ഞൊഴിയുകയാണ്. സത്യത്തില്‍ നേതാക്കളുടെ സംശുദ്ധതയല്ലെ പരിഗണിക്കേണ്ടത്. അവരുടെ ആശയങ്ങളും താല്പര്യങ്ങളുമല്ലെ അവര്‍ അണികളിലേക്കു പകരുന്നത്. ഇവരുടെ ഒ ക്കെ പൂര്‍വ്വാശ്രമം ചികഞ്ഞെടുത്താല്‍ ഞെട്ടിക്കുന്ന കാര്യങ്ങളായിരിക്കും പുറത്തുവരിക എന്നിരിക്കെ എന്തോ എല്ലാവരും പരസ്പരം ന്യായീകരിക്കുന്നു.