ഒന്നാം നിലയിൽനിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലിൽ ജോലി

660
0

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസറ്റി തൊഴിലാളിയെ മിന്നൽ വേഗത്തിൽ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയിൽ ജോലി നല്കും. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാസ്ഥാനത്തു നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നല്കി.

ഈ മാസം 18-നാണ് സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നില്ക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു.

ഒരു കാലിലാണു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലിൽക്കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗൺ മാൻ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിച്ച് അടിയന്തരവൈദ്യശുശ്രൂഷയും ലഭ്യമാക്കി. സി.സി.റ്റി.വി.യിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ അതിവേഗം വൈറൽ ആകുകയായിരുന്നു.

യു.എൽ.സി.സി.എസ്. വൈസ് ചെയർമാൻ വി.കെ. അനന്തൻ, ഡയറക്റ്റർമാരായ സി. വൽസൻ, എം.എം. സുരേന്ദ്രൻ, പി. പ്രകാശൻ, എം. പത്മനാഭൻ, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, മാനേജിങ് ഡയറക്റ്റർ എസ്. ഷാജു, ജനറൽ മാനേജർ കെ. പ്രവീൺ കുമാർ, കെ.പി. ഷാബു എന്നിവർ സംബന്ധിച്ചു