ആരാണ് ദളിതരെ അവര്‍ണ്ണരാക്കിയത്?!

1511
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

പിഎസ് ജയയുടെ മാതൃഭൂമി വാരാന്തപ്പതിപ്പിലെ അനുഭവസാക്ഷ്യങ്ങള്‍ വായിച്ചപ്പോള്‍ ഇവര്‍ ഇതൊക്കെയാണോ സമൂഹത്തിന്റെ കറുത്തവരോടുള്ള അവഗണനയായി കണക്കാക്കുന്നതെന്ന് അത്ഭുതപ്പെട്ടുപോയി. ‘കേരളത്തില്‍ ദളിതരോട് അവഗണനയും വേര്‍തിരിവും ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട്. കറുത്തവരോട് ഈ സമൂഹം ഒരു അകലംപാലിക്കുന്നുമുണ്ട്, കേരളവും സേഫല്ല, കള്ളത്തരം കാണിക്കുന്ന മലയാളികള്‍ അതു സമ്മതിക്കുന്നില്ല.’ പി.എസ് ജയ ഈ പറഞ്ഞതൊക്കെ സത്യമാണ്.

ഇതിനെതിരെ പ്രതികരിക്കാന്‍ ജനമനസ്സില്‍ അവബോധമുണര്‍ത്താന്‍ പി.എസ് ജയയുടെ 125 ദിവസത്തെ മുഖത്തു കണ്‍മഷിതേച്ചുകൊണ്ടുള്ള സമൂഹജീവിതത്തിന്റെ ആത്മാര്‍ത്ഥത നമുക്കുമനസ്സിലാക്കാം. എന്നാല്‍ ഇതുകൊണ്ട് ഏതെങ്കിലും കറുത്തവര്‍ക്ക് ഗുണമുണ്ടായോ? വെളുത്തവര്‍ അവരെ അടുപ്പിക്കുവാന്‍ തയ്യാറായോ? എന്നതൊക്കെ പീന്നിടു ചിന്തിക്കാം. ദളിതരെമുഴുവന്‍ അവര്‍ണ്ണ കറുമ്പന്മാരായി മനസ്സില്‍ കരുതിയതുകൊണ്ടാകാം ഈ ഒരു പ്രതിഷേധരീതി തെരഞ്ഞെടുത്തത് എന്നുതോന്നുന്നു. എന്നാല്‍ നിറം കറുത്തതായിപ്പോയതല്ല ഇവിടുത്തെ ദളിതന്റെ പ്രശ്‌നം, മറ്റുപലതുമാണ്. നിറംമാറി സവര്‍ണ്ണനായാല്‍ തീരുന്നതാണോ ഇവിടുത്തെ ദളിതന്റെ പ്രശ്‌നം. അതൊന്നും ഇവിടെ വിസ്തരിക്കുവാന്‍ മുതിരുന്നില്ല.

നാലുസാക്ഷ്യങ്ങളാണ് പി.എസ് ജയപറഞ്ഞിരിക്കുന്നത്.
ഒന്ന് : പതിവായി സാധനങ്ങള്‍ വാങ്ങാറുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരന്‍ചേട്ടന്‍ ഇവരെക്കണ്ടു നിര്‍ത്താതെ ചിരിച്ചത്രെ. അതു കറുപ്പിനോടുള്ള എതിര്‍പ്പല്ലന്നുറപ്പ്. കാരണം പതിവായിക്കാണുന്നയാളാണെന്ന് തുടക്കത്തിലെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇന്നലെവരെ കുഴപ്പമില്ലാതിരുന്ന ഒരാളെ കരിവാരിതേച്ചരീതിയില്‍ കാണുമ്പോള്‍ ചിരിക്കുന്നത് ദളിതരോടോ കറുപ്പിനോടോ ഉള്ള എതിര്‍പ്പാണോ? മറ്റ് ഏത്‌ നിറം മുഖത്ത് തേച്ചിരുന്നെങ്കിലും ഈ ചേട്ടന്‍ ഇതുപോലെ തന്നെ ചിരിക്കുമായിരുന്നില്ലെ?

രണ്ട് : വനിതാ ദിനത്തില്‍ കൊച്ചിയില്‍ വച്ച് രാത്രി കണ്ടയാള്‍ ‘ഹോ മനുഷ്യനെ പേടിപ്പിച്ചുകൊല്ലുമല്ലോ’ എന്നു പറഞ്ഞത്രേ! അവസാനം അയാള്‍ പേടി അഭിനയിച്ചതാണെന്ന് ജയ തന്നെ പറയുന്നു. ഇതില്‍ തമാശയല്ലാതെ എന്താണ് വിവേചനമുള്ളത്.

മൂന്ന് : ബസ്സില്‍ വച്ചുകണ്ട ചേച്ചി എന്തിനാണിങ്ങനെ ആള്‍ക്കാരെക്കൊണ്ടു പറയിപ്പിക്കാന്‍ പൂതനയെപ്പോലെ വേഷം കെട്ടിനടക്കുന്നതെന്നു ചോദിച്ചുവത്രേ. വേഷം കെട്ടലാണെന്ന് അവര്‍ക്കു മനസ്സിലായതുകൊണ്ടല്ലെ അങ്ങനെ ചേദിച്ചത്! അല്ലാതെ കറുത്തനിറമുള്ള സ്ത്രീയോടുള്ള വിവേചനമല്ലല്ലോ.

നാല് : ഇതുമാത്രമാണ് വിവേചനത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യം. കറുത്ത നിറമായിപ്പോയതുകൊണ്ട് നര്‍ത്തകിയാകാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ കളിപ്പിക്കാനനുവദിക്കാത്ത വേര്‍തിരിവിന്റെ സാക്ഷ്യം. ജാതിപ്പേരുപറഞ്ഞ് മാറ്റിനിര്‍ത്തുന്ന വിവേചനം. നിറംകൊണ്ട് മനുഷ്യനെ കള്ളിതിരിച്ച് മനുഷ്യരല്ലാതാക്കുന്നതിന്റെ സാക്ഷ്യം.

ആരാണ് ദളിതന് കറുപ്പുനിറം നല്‍കിയത. കറുപ്പെന്നു പറഞ്ഞാല്‍ ദളിതനാണോ? കറുപ്പ് ദളിതന്റെ അപരനാമമാണോ! അധകൃതനെയും അവര്‍ണ്ണനെയും രേഖപ്പെടുത്തേണ്ടി വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും കറുപ്പിനെയാണ് കൂട്ടുപിടിക്കുന്നത്. സിനിമ/നാടകം/കഥ/കവിത/നോവല്‍ തുടങ്ങിയ രചനകള്‍ ഒക്കെതന്നെ ദളിതനെ കറുമ്പനായി രേഖപ്പെടുത്തുന്നു. അസന്തുഷ്ടിയുടെയും അപകടത്തിന്റെയും പ്രതിരൂപമായി രേഖപ്പെടുത്തുന്ന കറുപ്പിനെ അവര്‍ണ്ണന്റെ ചിഹ്നമായി ചിത്രീകരിക്കപ്പെടുന്നതു മനപ്പൂര്‍വമാണ്. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിര്‍ണ്ണയിച്ചു മാറ്റി നിര്‍ത്തിയിരുന്നവര്‍ തന്നെ നിറമൊന്നും സാരമില്ല നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ സമവായം ഉണ്ടാക്കാം ആവശ്യമുള്ളതു ചെയ്തു തരാം എന്നു പറയുന്നതു തന്നെ കപടതയാണ്, തരം താഴ്ത്തലാണ്, കഴിവില്ലാത്തവരെന്ന മുദ്രകുത്തലാണ്, അധഃകൃതനെന്ന ലേബല്‍ അടിച്ചേല്‍പ്പിക്കലാണ്.കറുപ്പിനെ അംഗീകരിച്ചതുകൊണ്ടോ കൂടെക്കൂട്ടിയതു കൊണ്ടോ തീരുന്നതല്ല ദളിതന്‍ അനുഭവിക്കുന്ന വിവേചനം എന്നു തിരിച്ചറിയണം. അവര്‍ണ്ണനായിപ്പോയതല്ല അവന്റെ പ്രശ്‌നം. തുല്യ നീതി ലഭിക്കാത്തതാണ്. അംഗീകാരമാണ് വേണ്ടത്. കഴിവില്ലാത്തവനു വേണ്ടി കഴിവുള്ളവര്‍ ചെയ്തു കൊടുക്കാമെന്നു പറയുന്ന ഔദാര്യമല്ല. വര്‍ണ്ണമില്ലായ്മ മാത്രമായി ദളിതരുടെ പ്രശ്‌നങ്ങളെ ഇവിടെ ഒതുക്കുകയാണ്. വര്‍ണ്ണമല്ല സാമൂഹ്യനീതിയുടെ നിഷേധമാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. ദളിതരില്‍ സവര്‍ണ്ണനുണ്ടായാല്‍ വെളുത്തനിറമുള്ളവന്‍ അതു സവര്‍ണ്ണന്റെ വിത്താണെന്ന് വീമ്പു പറയുമ്പോള്‍ എന്തേ കറുത്ത ബ്രാഹ്മണനെ ദളിതന്റെ സൃഷ്ടിയാണെന്നു പറയുന്നില്ല?..