വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതും അവരെ ചൂഷണം ചെയ്യുന്നതും തടയുന്നതിനായി രൂപികരിച്ചിട്ടുള്ള ബാലാവകാശ കമ്മീഷന്‍ ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയ ഏജന്‍സികളെ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഗുരുനാഥന് കുഴിമാടംതീര്‍ക്കുക, ഗുരുവിന്റെ കസേര കത്തിയ്ക്കുക തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ നടപടികള്‍. ഇത് സമൂഹം ഒന്നടങ്കം അഭിപ്രായപ്പെടുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. കുട്ടികളുടെ അച്ചടക്കം മോശമായി വരുന്നതും അവരുടെ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നതും ഒപ്പം അക്രമവാസനയും അനുസരണക്കേടും പെരുകുന്നതുകാണിച്ചും രക്ഷിതാക്കള്‍ അധികൃതര്‍ക്ക് പതിവായി പരാതി നല്‍കിവരുന്നു.
എന്നാല്‍ അടുത്തദിവസം കാസര്‍ഗോഡ് സ്‌കൂളിലെ ഒരദ്ധ്യാപകനെ പരീക്ഷാ ജോലിക്കിടെ പ്ലസ്ടു വിദ്യാര്‍ത്ഥി മാരകമായി മര്‍ദ്ദിച്ച് തോളെല്ല് തല്ലിപ്പൊട്ടിച്ചതായി വാര്‍ത്തകണ്ടു. പരുക്കേറ്റ് ആശുപത്രിയിലായ അദ്ധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാവ് വധഭീഷണി മുഴക്കിയെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. കൊല്ലത്ത് തലയില്‍ കെട്ടിയ സ്‌കാര്‍ഫ് മാറ്റി പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ട അദ്ധ്യാപകനെ ഡെസ്‌കിന് മുകളില്‍ കയറിനിന്ന് വിദ്യാര്‍ത്ഥി തലയില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. അവശനിലയിലായ അദ്ധ്യാപകനെ മെഡിക്കല്‍കോളേജിലാക്കി, വിദ്യാര്‍ത്ഥിയെ കൗണ്‍സിലിങ്ങിനും വിധേയനാക്കി. ഗുരുത്വദോഷത്തിന് ഗുണദോഷംകൊണ്ട് എന്താണ് പ്രയോജനം. മാതാവിനും പിതാവിനും മേലെയാണ് ഗുരുവിന്റെ സ്ഥാനമെന്ന് വിശ്വസിക്കുന്ന നമ്മുടെ നാട്ടിലെ പൊതുസമൂഹം ഇതിനെതിരെ എന്തുകൊണ്ടോ മൗനം പാലിക്കുന്നു.
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കളെക്കാള്‍ ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കുണ്ടെന്ന സത്യം നിലനില്‍ക്കെ ഈ സ്ഥിതി തുടര്‍ന്നാല്‍ അദ്ധ്യാപകര്‍ നിസ്സഹായരായി കുട്ടികളെ കയ്യൊഴിയും. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന അമിത സ്വാതന്ത്ര്യമാണോ അദ്ധ്യാപകരെ കോമാളിവേഷം കെട്ടിക്കുന്നതിന് ഇവര്‍ക്കു പ്രേരണയാകുന്നതെന്ന് പരിശോധിക്കണം. അഭിമാനം അടിയറവച്ചു ജോലി ചെയ്യേണ്ടിവരുന്ന അദ്ധ്യാപകരെ ചൈല്‍ഡ് ലൈന്‍ ഏജന്‍സികളും രക്ഷകര്‍ത്താക്കളും വേട്ടയാടുന്നത് അവസാനിപ്പിക്കണം.
അപകടകരമായ ഈ സാഹചര്യം സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും തിരിച്ചറിയണമെന്ന് ഡോ.എന്‍.സക്കീര്‍ പറഞ്ഞത് ബധിരകര്‍ണ്ണങ്ങളില്‍ പതിയാതിരിക്കട്ടെ.