കൗമാര കൊലയാളികള്‍

398
0

കുട്ടികളെ ഉപയോഗിച്ച് മോഷണവും കൊലപാതകങ്ങളും നടത്തുന്ന പുതിയ ഒരു രീതി നടപ്പിലായി തുടങ്ങിയിരിക്കുന്നു. ആര്‍ഭാടജീവിതത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി എന്തു ഹീനമാര്‍ഗ്ഗവും ഉപയോഗിക്കുന്നതിന് ഇന്ന് കൗമാരക്കാര്‍ തയ്യാറാണ്. എങ്ങിനെയും പണമുണ്ടാക്കുക എന്നതുമാത്രമാണ് ഇവരുടെ ചിന്തയില്‍ ഉണരുന്നത്. കഷ്ടപ്പെടാതെ ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യവും ലഹരിപദാര്‍ത്ഥങ്ങളും ആസ്വദിച്ച് അവയ്ക്ക് അടിമയാ യി മാറുന്ന ഇവര്‍ ആരുടെയൊക്കെയെങ്കിലും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി മാറുകയാണ്.
കോട്ടയം കുറിച്ചിയില്‍ ബൈക്കുകള്‍ മോഷ്ടിച്ചു വില്ക്കുന്ന സംഘത്തെ ഈയിടെ അറസ്റ്റു ചെയ്തതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് മറ്റുള്ളവര്‍ ഇരുപതുവയസ്സിനു താഴെയുള്ളവര്‍ തന്നെ. ഇതുപോലെയുള്ള കേസുകളില്‍ പ്രതികളാവുന്നവര്‍ക്ക് ലഭിക്കുന്ന പ്രലോഭനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മദ്യം ലഹരിമരുന്ന് പെണ്ണ് പോരാത്തതിന് വിദേശത്തു ജോലിക്കുള്ള വിസ അങ്ങനെ.. പണിയില്ലാതെ പണിയെടുക്കാന്‍ മനസ്സില്ലാതെ ആഘോഷജീവിതം നയിക്കുവാന്‍ പണംതേടി നടക്കുന്നവരാണ് ഇതുപോലെയുള്ളവരുടെ വലയില്‍ ചെന്നുപെടുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള ബന്ധങ്ങളും ഇവരെ കുടുക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നറിയുന്നു
മദ്യശാലകളുമായി ബന്ധപ്പെട്ടാണ് നമ്മുടെ നാട്ടില്‍ ഈ തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. സ്ഥിരം മദ്യപിക്കുന്ന കുട്ടികളെ തേടിപ്പിടിച്ച് അവര്‍ക്ക് ആവര്‍ത്തിച്ചു മദ്യം നല്‍കുക മൊബൈല്‍ ഫോണും പണവും നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അവരെ കൂടെ നിര്‍ത്തുക ഇതൊക്കെയാണ് പുതിയ തട്ടിപ്പുരീതികള്‍ എപ്പോള്‍ പണം ചോദിച്ചാലും ഇക്കൂട്ടര്‍ അതു നല്കും, യാതൊരു ഈടുമില്ലാതെ തന്നെ ഇങ്ങനെ പണം വാങ്ങുന്നവര്‍ അതു കൊടുക്കുന്നവര്‍ക്ക് സ്വയം വിധേയരാവുകയാണ്. കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാത്രമല്ല ഇവരെ ഇതിന് പ്രലോഭിപ്പിക്കുന്നത്. പലകേസുകളിലെയും പ്രതികള്‍ നല്ല വിദ്യാഭ്യാസനിലവാരമുള്ളവരും സാമ്പത്തികനിലവാരമുള്ളവരുമാണ്. അവര്‍ ഇവരുടെ ചിത്രങ്ങളും മെസ്സേജുകളും തെളിവായി കാണിച്ച് ഇവരെ ബ്ലാക്‌മെയില്‍ ചെയ്യുന്ന രീതി നിലവിലുണ്ട്. ഒരു തവണ ഈ സംഘവുമായി ബന്ധപ്പെട്ടാല്‍ പിന്നെ അവരുടെ കൂടെ നിന്നും മാറുവാനാവില്ലന്നാണ് മയക്കുമരുന്നിനുള്ള ചികിത്സ കഴിഞ്ഞ് വന്ന പലകുട്ടികളും പറഞ്ഞുകേള്‍ക്കുന്നത്.
കൊല്ലുംകൊലയുമൊന്നും ഒരു പുതുമയല്ലാതായിരിക്കുന്നു. പലപ്പോഴും കൊലപാതകമോ കൊള്ളയോ പോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന മുതിര്‍ന്നവര്‍ പണത്തിന്റെയോ രാഷ്ട്രീയ സ്വാധീനത്തിന്റെയോ പേരില്‍ ശിക്ഷിക്കപ്പെടാതെ പുറത്തു വരുന്നതും രാജകീയ ജീവിതം നയിക്കുന്നതും കുട്ടി കുറ്റവാളികള്‍ തെറ്റുചെയ്യുന്നതിനു പ്രചോദനമാകുന്നു. സഹോദരങ്ങള്‍ തമ്മിലുണ്ടാകുന്ന സ്വത്തുതര്‍ക്കങ്ങളില്‍ ഇടപെടുന്ന സഹോദരന്റെ കുട്ടികളെ വകവരുത്തിയാണ് ചിലര്‍ തര്‍ക്കത്തിന് തീരുമാനമുണ്ടാക്കുന്നത്. ഡോക്ടര്‍മാരുടെ ചികിത്സയില്‍ പിഴവാരോപിച്ചാല്‍ അവരുടെ കുടുംബത്തെ കൂട്ടക്കൊലചെയ്യുക എന്നതാണ് ചിലരുടെ ശിക്ഷാരീതി. പ്രണയം നിരസിച്ചാല്‍ ആസിഡൊഴിക്കുകയോ കൊലച്ചെയ്യുകയോ എന്തിനേറെ പരസ്യമായി പീഡിപ്പിക്കുകയോ ചെയ്യും എന്നതാണ് മറ്റുചിലരുടെ രീതി. എന്തു കൊണ്ടാണ് ഈ രീതിയിലേക്ക് തലമുറ മാറിപ്പോകുന്നത്. ഭരണാധികാരികളെയോ,ജുഡീഷ്യറിയെയോ ഇവര്‍ക്കു ഭയമില്ല. ജുഡീഷ്യറിയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഊനം തട്ടുന്നവിധത്തിലാണ് പലകേസുകളിലെയും വിധിയുണ്ടാകാറുള്ളത്. ഇതുപോലെയുള്ള കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയോ വിചാരണക്കാലത്തുതന്നെ ശിക്ഷയിളവുനേടി പുറത്തുവരികയോ ചെയ്യാറുണ്ട.് ജനാധിപത്യത്തിന്റെ നെടുംതൂണായ ജുഡീഷറിയില്‍ സംശയത്തിന്റെ നിഴല്‍പോലും വീഴാന്‍ പാടില്ല എന്നിരിക്കെ എങ്ങിനെയാണ് കുറ്റവാളികള്‍ പുറത്തുവരുന്നത്. വീണ്ടും തെറ്റുചെയ്യുന്നതിനുള്ള ഉത്തേജനം കൈപ്പറ്റിക്കൊണ്ടു പുറത്തുവരുന്നവര്‍ സ്വയം നിയന്ത്രണജീവിതരീതികളാണ് നടപ്പിലാക്കുന്നത്.
ആര്‍ക്കുവേണ്ടിയും ആരെയും കൊല്ലുന്ന ഗുണ്ടകളാകുക എന്നത് സമൂഹത്തില്‍ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന ചിന്തയും ഇവര്‍ക്കില്ലാതില്ല. ഹീറോയിസം കാണിക്കുന്നതിനായി വയ്ക്കുന്ന ചുവടുകള്‍ കാലക്രമത്തില്‍ ചെന്നെത്തുന്നത് ക്വട്ടേഷന്‍ സംഘങ്ങളിലാണ്.ഉറങ്ങിക്കിടക്കുന്നവരെ കൊന്നോ ഭീഷണിപ്പെടുത്തിയോ സ്വര്‍ണ്ണവും പണവും കവര്‍ന്നെടുക്കുന്നവര്‍ ആധുനിക മോഷണരീതികള്‍ പരീക്ഷിച്ച് വിജയിപ്പിക്കുന്നതിന്റെ കഥകള്‍ കണ്ടും കേട്ടും കുട്ടികള്‍ പഠിച്ചു പ്രയോഗത്തില്‍ വരുത്തുവാന്‍ ശ്രമിക്കുന്നു .ഒരുതവണ പിടിക്കപ്പെടാതിരിക്കുമ്പോള്‍ പിന്നീട് അതു ശീലമാക്കുകയും ചെയ്യുന്നു. പലപ്പോഴും മോഷണവും അതുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും അബദ്ധത്തിലുണ്ടാകുന്ന കൈപ്പിഴകളല്ലെന്നത് വ്യക്തമാണ്. രാഷ്ട്രീയത്തിലും മറ്റും സ്വാധീനമുള്ളവരുടെ പണിയാളുകളും ഒറ്റുകാരുമായി മാറുന്നത് പണം സമ്പാദിക്കുന്നതിനുള്ള എളുപ്പവഴിയായി കാണുന്നവരും കുറവല്ല. യുവാക്കളെ കയറൂരി വിടുന്നതുമൂലം സമൂഹത്തിനുണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കെടുത്താല്‍ അപരിഹാര്യമായ ചേതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകും. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെപ്പോലെതന്നെ പൊതു വ്യവസ്ഥകളിലും ഇവരുടെ പ്രവര്‍ത്തികള്‍ കരിപുരട്ടുന്നു.
ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടു ജുവനൈല്‍ ഹോമുകളില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികള്‍ ഭീകര കുറ്റവാളികളായിട്ടാണ് പുറത്തുവരുന്നത്. ജുവനൈല്‍ഹോമുകളിലെ പീഢനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശാരീരികവും ലൈംഗികവുമായ പീഢനങ്ങള്‍ ഇവരില്‍ മാനസികമായുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇവരെ പുറത്തുവന്നാലും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നു. സമപ്രായക്കാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നതിനും ഇവര്‍ അനുഭവിച്ച പീഢനങ്ങള്‍ മറ്റുള്ളവരിലേക്കു പകരുന്നതിനും ഇവര്‍ തയ്യാറാകുന്നു.കുടുംബത്തിലും സമൂഹത്തിലും ഇവര്‍ അധികപ്പറ്റാണെന്ന തോന്നല്‍ ഇവരെ പിന്നെയും കുറ്റവാളികളാക്കുകയോ ഭീകരപ്രവര്‍ത്തകരുടെയോ സാമൂഹ്യവിരുദ്ധരുടെയോ സംഘങ്ങളില്‍ ചെന്നെത്തിക്കുകയോ ചെയ്യുന്നു.
ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങുന്ന കുട്ടികളെ തേടിപ്പിടിച്ച് അവര്‍ക്ക് അംഗീകാരവും സാമ്പത്തികസഹായവും നല്‍കുന്നതിന് പ്രത്യകസംഘങ്ങള്‍ തന്നെ നിലവിലുണ്ടെന്നാണ് പറയുന്നത്. കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമെന്ന തോന്നലുള്ളതുമൂലം ഇവരെ പെട്ടെന്നുതന്നെ വലയിലാക്കാന്‍ ഇതുപോലെയുള്ള സംഘങ്ങള്‍ക്ക് കഴിയുന്നു. വിദ്യാലയങ്ങളിലേക്കു മടങ്ങുന്നതിന് ഇവരില്‍ പലരും തയ്യാറാകാതെ പോകുന്നതിന്റെ കാരണവും പുറത്തുനിന്നുള്ള പിന്‍തുണയാണ്. ചില സംഘങ്ങള്‍ ഇവരെ ദത്തെടുക്കുകയും കുടുംബത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ടെന്നു കേള്‍ക്കുന്നു. ഇതോടെ കുടുംബവുമായുള്ള ഇവരുടെ ബന്ധങ്ങളും അറ്റുപോകുന്നു. പിന്നീട് ഇവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നത് പുറംലേകം അറിയുന്നില്ല.
പല കേസുകളിലും ശിക്ഷിക്കപ്പെടുന്നവരുടെയോ അല്ലാതെ സമൂഹത്തിലേക്ക് നിരപരാധിയെന്ന പേരില്‍ വീണ്ടും എത്തിപ്പെടുകയോ ചെയ്യുന്നവരുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. നല്ല നടപ്പും ശിക്ഷായിളവുമൊന്നും അവരുടെ തുടര്‍പ്രവര്‍ത്തനങ്ങളിലെ അനുകൂലഘടകങ്ങളല്ല. കുറ്റങ്ങളോടും കുറ്റവാളികളോടുമുള്ള സമൂഹത്തിന്റെ സമീപനത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. ശിക്ഷിക്കുക രക്ഷിക്കുക എന്നതിനപ്പുറം കുറ്റവാസനയുള്ളവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുവാനും, അതുതിരുത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള സാഹചര്യവും ഒരുക്കേണ്ടിയിരിക്കുന്നു.
പ്രായക്കുറവിന്റെ ആനുകൂല്യം നേടി ദുര്‍ഗുണപരിഹാരസ്ഥാപനങ്ങളില്‍ അടയ്ക്കപ്പെടുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത്? ഒന്നുകില്‍ വലിയ കുറ്റവാളികളാവുക അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവനാവുക. ഇതിനപ്പുറം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ കൊണ്ടുവരുന്നതിനുള്ള ശാസ്ത്രീയസമീപനം ഉണ്ടാകണം. ഒരു ശിക്ഷ ഒഴിവാക്കി അതിനെക്കാള്‍ ഭീകരമായ മറ്റൊരു ശിക്ഷയ്ക്ക് ഇവരെ വിധിക്കരുത്. കുറ്റവാളികളെയല്ല മറിച്ച് കുറ്റം ചെയ്യുവാനുണ്ടാകന്ന സാഹചര്യത്തെയാണ് തള്ളിപ്പറയേണ്ടത്.