മൈക്രോ കഥകള്‍

215
0

സതീഷ് കിടാരക്കുഴി

പൂക്കള്‍
കിനാവില്‍ പൂത്ത ചെടികളിലെ പൂക്കള്‍ക്ക് വിവിധ നിറങ്ങളായിരുന്നു. പ്രഭാതത്തില്‍ മുറ്റത്തുകണ്ട ചെടികളില്‍ വിരിഞ്ഞ പൂക്കള്‍ക്കും വിവിധ വര്‍ണ്ണങ്ങളായിരുന്നു. എന്നിട്ടും ജീവിതത്തിലെ മോഹപ്പൂക്കള്‍ ബ്ലാക്ക് & വൈറ്റായി മാത്രം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും അവള്‍ക്ക് മനസ്സിലായില്ല.


ആഗ്രഹം
ശ്മശാനത്തിലൊന്നു പോകണം. കള്ളുഷാപ്പിലിരുന്ന് രാത്രി നന്നായി മദ്യപിച്ചപ്പോഴാണ് അങ്ങനെയൊരു ആഗ്രഹം ഉണ്ടായത്. പിന്നെ വൈകിയില്ല തപ്പിത്തടഞ്ഞ്,ഏന്തിവലിഞ്ഞ് ശ്മശാനത്തിലെത്തി. പ്രതീക്ഷ നഷ്ടപ്പെട്ടില്ല ചിത എരിയുന്നുണ്ട്.
മദ്യത്തിന്റെ കെട്ടുവിട്ടപ്പോള്‍ അയാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു; ചിതയിലെ ശവത്തിന്റെ ഇറച്ചി തിന്നാന്‍ ശ്രമിച്ച കുറ്റത്തിന്.


ഇരിപ്പ്
സന്ധ്യയിലെ വെളിച്ചത്തില്‍ അയാള്‍ ബീച്ചില്‍ ഇരിക്കാന്‍ തുടങ്ങിയതാണ്. വിളക്കണഞ്ഞ് ഇരുട്ട് മൂടിയപ്പോഴും അയാള്‍ ഇരിക്കുകയായിരുന്നു. എപ്പോഴാണ് അയാളുടെ ഇരിപ്പ് സ്ഥിരപ്പെട്ടതെന്ന് ആര്‍ക്കാണ് അറിയാനാവുക?
ബോളുകള്‍
കളിച്ചു തുടങ്ങിയത് ഓലപ്പന്തിലാണ്. പിന്നെ പേപ്പര്‍ പന്തായി. റബ്ബര്‍ പന്തായി. പിന്നെ വലിയ ഫുട്‌ബോളായി. ഇപ്പോഴിതാ മൈതാനിയില്‍ കുഴിച്ച മനുഷ്യരുടെ തലകള്‍ ബോളുകളായി മുളച്ചുനില്‍ക്കുന്നപോലെ……


സംസാരം
ആദ്യരാത്രിയാണ് അവള്‍ ചറപറാന്ന് സംസാരിച്ചുകൊണ്ടിരുന്നു. ആദ്യം അവന്‍ താല്‍പര്യപൂര്‍വ്വം കേള്‍ക്കുകയും തലകുലുക്കുകയും മൂളുകയും ചെയ്തു. പിന്നെപ്പിന്നെ അവന് ബോറായി. ഉറങ്ങിയാല്‍ മതിയെന്ന അവസ്ഥയായി. പക്ഷേ അവള്‍ അവസാനിപ്പിക്കുന്ന മട്ടില്ല. എപ്പോഴോ അവന്‍ ഉറങ്ങിപ്പോയി. അപ്പോഴും അവള്‍ സംസാരം തുടരുകയായിരുന്നു.


സ്വാതന്ത്ര്യം
ടൈയും കെട്ടി ഐഡിയും തൂക്കി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവള്‍ സ്വാതന്ത്ര്യം കൊതിച്ചു. വളര്‍ന്ന് ഒരു ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും സ്വാതന്ത്ര്യം കൊതിച്ചു.
വിവാഹിതയായി ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള്‍ സ്വാതന്ത്ര്യം കൊതിച്ചു.
കിട്ടാത്ത സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍ത്തോര്‍ത്ത് മനസ്സ് കഠിനമായി നീറിയപ്പോള്‍ ദേശീയസ്വാതന്ത്ര്യസമരം പോലും അര്‍ത്ഥമില്ലാത്തതായി അവള്‍ക്ക് തോന്നി.


നഗ്നത
അവള്‍ വസ്ത്രമെല്ലാം അഴിച്ചുമാറ്റിയത് വ്യഭിചരിക്കാനല്ല. വസ്ത്രം ധരിക്കാനാവാത്ത വിധം ചൂട് കൂടയതുകൊണ്ടല്ല. സ്വന്തം ഉടലിന്റെ നഗ്നത കണ്ണാടിയില്‍ കണ്ട് ആസ്വദിക്കാനല്ല. കിടക്കമുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്ന് കുളിക്കാനുമല്ല. നഗ്നയായി മരിക്കാനുള്ള അവളുടെ തീവ്രമായ അഭിവാഞ്ഛകൊണ്ടാണ്.


ലഹരി
ഒരു ദിവസം അയാള്‍ മദ്യപിക്കുന്നിടത്ത് പൂച്ച വന്നിരുന്നു. വെറുതെ ഒരു രസത്തിന് അയാള്‍ കുറച്ചുമദ്യം ചെറിയൊരു കിണ്ണത്തില്‍ ഒഴിച്ചുകൊടുത്തു. ഇത് പലദിവസം ആവര്‍ത്തിച്ചു. ഒടുവില്‍ വീട്ടില്‍ ഭാര്യയില്ലാത്ത ഒരു ദിവസം അയാള്‍ പൂച്ചയെ കൊന്ന് കറിവച്ച് മദ്യത്തിന് തൊട്ടുകൂട്ടാക്കി. അന്ന് മദ്യത്തിനും പൂച്ചയിറച്ചിയ്ക്കും ഒരേ ലഹരിയായിരുന്നു.