കാറ്റ് പറഞ്ഞ കഥ/ അദ്ധ്യായം 6

409
0

കറുത്ത കാറ്റ് എന്റെ തലയ്ക്കു ചുറ്റും നീങ്ങി. കാറ്റു പറഞ്ഞുകൊണ്ടിരുന്നു. ഇലകള്‍ കേട്ടുകൊണ്ടിരുന്നു. സൂര്യന്‍ വെയില്‍ തൂകികൊണ്ടിരുന്നു. കിളികള്‍ ചിലച്ചുകൊണ്ടിരുന്നു. സമയം മടിച്ചു മടിച്ചു കടന്നു പൊയ്‌ക്കൊണ്ടിരുന്നു.
അന്ന് ജനാര്‍ദ്ദനന്റെ മനസ്സ് ഒരു മൂടിക്കെട്ടിയ ആകാശത്തിന്റെ ചുവട്ടിലായിരുന്നു. രാവിലെ മുതല്‍ ഒന്നിനും ഒരുണര്‍വ്വുമുണ്ടായിരുന്നില്ല. ഏതൊക്കെയോ ചിന്തകള്‍ പതിവില്ലാതെ അലട്ടിക്കൊണ്ടിരുന്നു. അറിവു വച്ചതിനു ശേഷം, അന്നാദ്യമായ്, അവസാനത്തേത് എന്ന തോന്നലില്‍ കഴിക്കാവുന്നതിലും അധികം മദ്യം ജനാര്‍ദ്ദനന്‍ കഴിച്ചു. എന്നിട്ടും മനസ്സിലൊരു തോന്നല്‍ ”ഞാനൊര് പാപ്യാണല്ലേ. പാപി”. പിന്നെ ബാറില്‍ ഇരിക്കാന്‍ തോന്നിയില്ല. പതിവിലും നേരത്തെ വീട്ടിലേക്ക് തിരിച്ചു. നടക്കുന്നതിനിടയില്‍ മനസ്സ് പലവട്ടം ആവര്‍ത്തിച്ചു, ”ഞാനൊര് പാപ്യാണല്ലേ”. അവസാനം അവന്‍ സമ്മതിച്ചു. അതെ.”ഞാനൊര് പാപ്യാണ്. പാപി”.
പക്ഷികളുക്കു മാളമൊണ്ട്/പാമ്പുകളുക്കാകശമൊണ്ട്/ മനുച്ച്യപുത്രന് തലചായിക്കാന്‍/ഓടപോലുൂല്ല, ഒരോട പോലൂല്ലല്ലോ. ജനാര്‍ദ്ദനന് അറിയാവുന്ന ഏക പാട്ട് അതാണ്. അതും പാടിക്കൊണ്ടാണ,് ജനാര്‍ദ്ദനന്‍ പതിവിനു വിപരീതമായി ലക്ഷ്മിയമ്മയുടെ വീടിനു മുന്നില്‍, ലക്ഷ്മിയമ്മയുടെ മുന്നില്‍ എത്തിയത്.
ജനാര്‍ദ്ദന്‍ മുന്നില്‍ വന്നു നില്‍ക്കുന്നതു കണ്ടിട്ടും, ലക്ഷ്മിയമ്മ ഒന്നും മിണ്ടിയില്ല. അവര്‍ മൗനത്തിന്റെ താഴ്‌വരയിലായിരുന്നു. അവിടെ ഏകാകികളുടെ കൊടുമുടിയില്‍, എല്ലുകള്‍ എല്ലുകളോട് സംസാരിക്കുന്നതു കേട്ടു കൊണ്ട് ജനാര്‍ദ്ദനന്‍ അവരെ നോക്കി. പാതി മെടഞ്ഞ തഴപ്പായില്‍ ഇരുന്ന് അവര്‍ ധൃതിയില്‍ പായ് മെടഞ്ഞു കൊണ്ടിരുന്നു. വലിയൊരു പാരമ്പര്യത്തിന്റെ തേഞ്ഞു തീരാന്‍ പോകുന്ന ചെറിയൊരു വിളക്കുകണ്ണി. മുടിയുന്ന താഴ്‌വരയില്‍ അന്തിത്തിരി വയ്ക്കാന്‍ അവശേഷിക്കുന്നത്. സുനിത….സുനിത മാത്രം. അയാള്‍ക്ക് ജീവിതത്തിലാദ്യമായി സുനിതയോടിത്തിരി സ്‌നേഹം തോന്നി. പാവം.
ലക്ഷ്മിയമ്മയും അറിഞ്ഞിരുന്നു. കാലം തീരുകയാണ്. ഇന്നോളം വിശുദ്ധമായി കൊണ്ടു നടന്നിരുന്ന കവടികള്‍ വിറയ്ക്കുന്ന വിരലുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല. ശ്ലോകങ്ങള്‍ക്കിടയില്‍ മറവി വന്നു നിറയുന്നു. കണക്കുകളില്‍ പിഴവ്. പകര്‍ന്നു കൊടുക്കാന്‍ ഒരു ഭിക്ഷാംദേഹിയുമില്ലല്ലോ. പൊടിപിടിച്ച കവടി സഞ്ചിയിലേക്ക്, ലക്ഷ്മിയമ്മ ആര്‍ദ്രമായ കണ്ണുകളോടെ നോക്കി. എല്ലുകളുടെ താഴ്‌വരയിലേക്ക് ഞാനും….കണ്ണുകള്‍ പിന്‍ വലിച്ച് അവര്‍ വിജനതയിലേക്ക് നോക്കിയിരുന്നു. പുറത്ത് വെയിലിന് മൗനത്തിന്റെ നിറമായിരുന്നു. വെയില്‍ നാളങ്ങള്‍ തമ്മില്‍ കെട്ടി മറിഞ്ഞ,് പെരുക്കങ്ങളായിപ്പടരാതെ, ഒന്നൊന്നിനെ തൊടാതെ, ആകാശത്തു നിന്നും ഭൂമിയോളമെത്തി കെട്ടടങ്ങി.
ജനാര്‍ദ്ദനനും ഒരു മാനസാന്തരത്തിന്റെ കൂമ്പസാരക്കൂട്ടിലായിരുന്നു. അമ്മേ, ജീവിതത്തില്‍ ആദ്യമായ,് അന്നവന്‍ ലക്ഷ്മിയമ്മയെ ”അമ്മേ” എന്നു വിളിച്ചു. തുമ്പിട്ടുടുത്തിരുന്ന കള്ളിമുണ്ടന്റെ കോന്തലമുയര്‍ത്തി, അവര്‍ കണ്ണു തുടച്ചു. അവിടെ ഒരു തുള്ളി വെള്ളം വന്നു നിന്നിരുന്നു.
എന്ക്കിനി നിങ്ങ്‌ടെ പയിനഞ്ച് സെന്റു സലോം വീടും വേണ്ട. എനിക്കിത്രം നാള് നിങ്ങ്‌ളോട് വെറുപ്പാരുന്നു. ഇപ്പോ എനിക്ക് നിങ്ങ്‌ളെ സ്‌നേകാണ്. ആരും സ്‌നേകിക്കാന്ല്ലാത്ത രണ്ടുപേര്. പച്ചേ ജനാര്‍ത്തനന് ആ സഗതാപം വേണ്ട. ഏറ്റോം വല്യ സ്‌നേകം അവ്‌നവ്‌നോടുള്ള സ്‌നേകാ. അതോണ്ടാ ഞാനിപ്പഴും ജീവിച്ച്‌രിക്ക്ണ്. ഇനീം ജീവ്ക്കും.
പക്ഷികളുക്കു മാളമൊണ്ട്/പാമ്പുകളുക്കാകശമൊണ്ട്/മനുച്ച്യപുത്രന് തലചായിക്കാന്‍/ഓടപോലുൂല്ല, ഒരോട പോലൂല്ലല്ലോ. അതോണ്ട് വീടും സലോമൊക്കെ നിങ്ങ്‌ളെടുത്തോ.
എല്ലാം നഷ്ടപ്പെ്ട്ട എന്‌ക്കെന്തനാ കുഞ്ഞേ, ഈ ഒര് പിടി മണ്ണ്. ചുനിതക്കൊരു ജീവ്‌തോണ്ടാകാന്‍…….. ല്ലാം ന്റെ വിധി. കറമഫലം അന്ഭവ്‌ച്ചേതീരു. മുജ്ജെമ്മത്തി ഞാ ഇത്രേറെ ദോഷ്ങ്ങള് ചെയ്താരുന്നോ. ഇത്രേറെ ശിസിക്കപ്പെടാന്‍.
നമ്മ്‌ളെന്നും ജീവ്തത്തി ഒരേ പാതേലോടെ, സ്മാന്തരായ്, ഒന്നു മറ്യാതെ കട്ന്നു പോയോര്ാണല്ലോന്നോറുക്കുമ്പോ എന്ക്ക് നിങ്ങ്‌ളോട് വല്ല്ാത്ത സ്‌നേകം തോന്നണ്. ജീവിതത്തില് പരസ്‌രം സ്‌നേകിക്കേണ്ടവര് നമ്മ്‌ളാരുന്നു. അറ്യാന്‍ ഞായെത്ര വൈകി. ജനാര്‍ദ്ദനന്‍ പറഞ്ഞതത്രയും മദ്യലഹരിയിലാണോ എന്നു സംശയിച്ച ലക്ഷ്മിയമ്മ പറഞ്ഞു ”മോ ഉറ്ങ്ങ്. നമ്ക്ക് രാവ്‌ലെ സമസാരിക്കാം…….” എന്നു പറഞ്ഞ് അവനെ വീടിന്റെ പടിഞ്ഞാറെ തിണ്ണയിലേക്ക് കൊണ്ടുപോയി.
ലക്ഷ്മിയമ്മ ഒരിക്കലും ജനാര്‍ദ്ദനനെത്തേടി പിന്‍വശത്തെ തിണ്ണയിലേക്ക് ചെന്നിരുന്നില്ല. ഒന്നും കണ്ടിരുന്നില്ല. ഒന്നും കേട്ടിരുന്നില്ല. ഒന്നും അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല. തലേഴ്ത്താര്‍ക്ക് മാറ്റ്ാനാകും.പക്ഷേ, ആ രാത്രി ഉറങ്ങാതെ കിടന്നപ്പോള്‍….. ശകുനങ്ങളും ദുശ്ശകുനങ്ങളും പേടിപ്പടുത്തിയപ്പോള്‍……കവടികള്‍ രാശികള്‍ തരാതിരുന്നപ്പോള്‍….അതൊന്നറിയിക്കണമെന്നു തന്നെ നിശ്ചയിച്ചു.
പുലര്‍ച്ചെ, ഒരു ബോധോദയം പോലെ ലക്ഷ്മിയമ്മ ഞെട്ടിയുണര്‍ന്ന്, ആരോ നിയന്ത്രിച്ചതുപോലെ രാശിപ്പലകയും കവടിക്കിഴിയുമെടുത്ത,് ഒരു മണ്‍ചെരാതു കൊളുത്തി പലകയ്ക്കു മുന്നില്‍ വച്ചു. കവടിക്കിഴിയില്‍ നിന്നും കവടി പലകയിലേക്കു ചൊരിഞ്ഞു. ഇടതു കൈ കൊണ്ട് മറപിടിച്ച,് വലതു കൈകൊണ്ട് കവടി വട്ടംചുഴറ്റി ഒരു പിടി വാരി നെഞ്ചോടു ചേര്‍ത്തിട്ടു പറഞ്ഞു:
ചുന്ത. ചുന്താ യെനാര്‍ത്തനന്‍. നക്ഷത്രം: പിന്നെ പതിവിനു വിപരീതമായി കുറേ നേരം പ്രാര്‍ത്ഥിച്ചു. പിന്നെ മെല്ലെ കവടി ഭാഗിച്ചു. ആടിയുലഞ്ഞ ചിരാതിന്റെ വെളിച്ചത്തില്‍ രാശിഫലം നിര്‍ണ്ണയിക്കാന്‍ വേപഥു പൂണ്ട ലക്ഷ്മിയമ്മ ഒരു കൈകൊണ്ട് മണ്‍ചെരാതിലെ ദീപനാളം സ്ഥിരമാക്കി, രാശിപ്പലകയിലേക്ക് നോക്കി ഞെട്ടി വിളിച്ചു: ന്റീശ്വരന്മാരേ. കൈ തെന്നി മണ്‍ ചെരാതിലെ വെളിച്ചം ആരോ ഊതിക്കെടുത്തിയതു പോലെ പെട്ടെന്നണഞ്ഞ് കരിന്തിരി കത്തി. എന്തു പ്രത്‌വ്ധി. ലക്ഷ്മിയമ്മ മനസ്സില്‍ കണക്കുകൂട്ടി. പഠിച്ച ജോത്സ്യം മുഴുവന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍ത്തു നോക്കി. എന്തു പ്രത്‌വ്ധി. ഓരാണ്‍ തുണ്യെന്നു പറ്‌യാന്‍ യെനാര്‍തന്‌ല്ലേള്ളു. അവ്‌നോട് പറ്യാം. അതുകൊണ്ടാണ് ലക്ഷ്മിയമ്മ ജനാര്‍ദ്ദനനെ തേടിച്ചെന്നത്.
പക്ഷേ, ജനാര്‍ദ്ദനന്‍ അവിടെ ഉണ്ടായിരുന്നില്ല. രാത്രിയില്‍ ആരോ വിളിച്ചു. അതാരാണെന്ന് ജനാര്‍ദ്ദനന്‍ അറിഞ്ഞില്ല.
ഇരുള്‍ നിറഞ്ഞൊഴുകിയ ആ രാത്രിയില്‍, പകലിലെന്നപോലെ ജനാര്‍ദ്ദനന്‍ നടന്ന് അള്ളാപ്പാറയും കടന്ന്, രക്ഷകന്റെ പള്ളിയും കടന്ന്….. നടന്നു. ജീവിതത്തിലാദ്യമായി ജനാര്‍ദ്ദനന്‍ രക്ഷകന്റെ പള്ളിയുടെ മുന്നില്‍ നിന്നില്ല. അവര്‍ തമ്മില്‍ ഒന്നും പറഞ്ഞില്ല. തെളിഞ്ഞ നീരോട്ടമുള്ള തോടിന്റെ മുകളിലെ ഒറ്റത്തടിപ്പാലത്തിലൂടെ നടന്നു. നടന്നു നടന്ന് അരയാലിന്റെ ചുവട്ടിലെത്തി. ഇവിടെയിരി. ആരോ പറഞ്ഞത് കേട്ട് ജനാര്‍ദ്ദനന്‍ അവിടെയിരുന്നു. അരയാലില്‍ നിന്ന് ഒരിളം വേരിറങ്ങിവന്ന,് ജനാര്‍ദ്ദനന്റെ തലയില്‍ കൈ വച്ചു. അത് ജനാര്‍ദ്ദനനുള്ള ഒരുള്‍ വിളിയായിരുന്നു.സമയമായി. യാത്രയ്ക്ക് സമയമായി. ഉറങ്ങാതിരുന്ന തളിരിലകളും സാക്ഷികളായി. ഓര്‍മകളുടെ വാലുകള്‍ മുറിച്ചു കളയുക. ഞാന്‍ നിന്നെ ശുദ്ധനാക്കിയിരിക്കുന്നു. ഇനി പുറപ്പെടാം. ജനാര്‍ദ്ദനന്‍ എഴുന്നേറ്റ് വന്നവഴികളിലേക്ക് നോക്കി.
തന്തക്കാലുകണ്ട ശൈശവമേ വിട/നാടു തെണ്ടിയ ബാല്യമേ വിട/സ്വപ്നങ്ങള്‍ കണ്ട യൗവനമേ വിട/പരീക്കപ്പീടികയിലെത്തും വരെയുള്ള ജീവിതമേ വിട/ലക്ഷമിയമ്മയുടെ പുല്ലുമേഞ്ഞ കുടിലേ വിട/ആ കുടിലിലെ എഴുതപ്പെടാത്ത ജീവിതമേ വിട/അള്ളാപ്പാറയേ വിട/രക്ഷകന്റെ പള്ളിയേ വിട/പരീക്കപ്പീടികയിലെ സ്ഥലരാശികളേ വിട/ഓര്‍മയുടെ മാറാപ്പുകളേ വിട.പിന്നെ അരയാലിലേക്ക് നോക്കി കണ്ണടച്ച് കൈ കൂപ്പി. ഓര്‍മകളുടെ മഹാസമുദ്രത്തെ തിരിച്ചെടുക്കുക. ആലിലയില്‍ നിന്നും ഒരു തുള്ളി വെള്ളം തലയില്‍ വീണപ്പോള്‍ ജനാര്‍ദ്ദനന്‍ യാത്രയായി.
പ്രഭാതമായപ്പോള്‍ ആവോലിയും കടന്ന് മൂവാറ്റുപുഴയിലൂടെ, ജനാര്‍ദ്ദനന്‍ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. കാലിലൊരു ചെരിപ്പില്ലാതെ, ഒരു കാവി മുണ്ടുടുത്ത്, ഒരു കാവി മുണ്ട് പുതച്ച്, ….മനസ്സിലപ്പോള്‍ അറിവുള്ള എല്ലാ നാമങ്ങളും ഉരുകി ഒന്നായ്, ഒരൊറ്റ നാമമായി.
ഓം…..
ജനാര്‍ദ്ദനന്‍ നടക്കുകയായിരുന്നു. മനുഷ്യന്‍ ഇരുകാലി. മൃഗങ്ങള്‍ നാല്‍ക്കാലി. പക്ഷേ ജനാര്‍ദ്ദനന് നടക്കാന്‍ രണ്ട് കാലുകളും രണ്ട് കൈകളും തികയില്ലായിരുന്നു. നടന്നും, ഉരുണ്ടും ജനാര്‍ദ്ദനന്‍ നടപ്പിന്റെ എത്താക്കൊടുമുടി താണ്ടുകയായിരുന്നു. ദൂരെ ആരോ മാടിവിളിക്കുന്നെന്നു തോന്നിയപ്പോഴാണ് രണ്ടു കാലില്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ തുനിഞ്ഞത്.
ഓ…. നീയാണല്ലേ…. ആല്… അരയാല്. നീ ഇവിടെയുമുണ്ടോ…? അവന്‍ സൂക്ഷിച്ചുനോക്കി. പരീക്കപ്പീടികയിലെ ആലിനെക്കാള്‍ വളര്‍ന്ന് ആകാശവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്ന കൂറ്റനാല്. പക്ഷേ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവുമില്ലാത്തത്. അത്രയും മാത്രമേ ജനാര്‍ദ്ദനന് ഓര്‍മയുള്ളൂ. പിന്നെ നോക്കുമ്പോള്‍ അരയാലിന്റെ രണ്ടു വേരുകള്‍ക്കിടയില്‍ ഒരു തൊട്ടിലിലെന്നപോലെ ജനാര്‍ദ്ദനന്‍ കിടക്കുകയായിരുന്നു.
അരയാലിലകളില്‍ കാറ്റൂതിയപ്പോള്‍ ഉണ്ടായ വിടവിലൂടെ, ജനാര്‍ദ്ദനന്‍ മുകളിലേക്കു നോക്കി. അപ്പോള്‍ കാഹളമൂതുന്നതു പോലുള്ള ഒരു വലിയ സ്വരം അരയാലിനും ജനാര്‍ദ്ദനനുമിടയില്‍ നിന്നു കേട്ടു. അതില്‍ ശ്രദ്ധിക്കാതെ ജനാര്‍ദ്ദനന്‍ ആകാശത്തേക്കു നോക്കി. അപ്പോള്‍ ആകാശത്ത് സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപങ്ങള്‍ കണ്ടു. ദീപങ്ങളുടെ നടുവില്‍ ആടിന്റെ തലയും, കാളയുടെ ശരീരവും, ആനയുടെ വാലുമുള്ള ഒരു വിചിത്ര ജീവിയെ കണ്ടു. അതിന്റെ കൊമ്പും, ചെവികളും, തലയും, വെണ്‍മഞ്ഞുപോലെ ധവളം. കണ്ണുകള്‍ ചിരട്ടക്കനലിലെരിയുന്ന ചൂളപോലെയും. അതിന് ഏഴു കൊമ്പും, ഏഴു കണ്ണുകളുമുണ്ട്. പാദങ്ങള്‍ മാംസങ്ങള്‍ ഉരുകിയൊലിച്ച് തൂമഞ്ഞുപോലെയും, വെളുത്ത അസ്ഥികല്‍ പോലെയുമായിരുന്നു. അതിന്റെ വായില്‍ നിന്നും നാക്ക് കോര്‍മ്പലില്‍ തൂക്കിയിട്ട ഇറച്ചിക്കഷണം പോലെ ഞാന്നു കിടന്നു. അതിന്റെ നാവിന് ഏഴു കതിരുകളുണ്ടായിരുന്നു.
ഒന്നാമത്തെ കതിര്‍ പറഞ്ഞു: നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്ന് ചിന്തിക്കുക. രണ്ടാമത്തെ കതിര്‍ പറഞ്ഞു: നീ ചെകുത്താന്റെ സിനഗോഗായി തരംതാണിരിക്കുകയാണ്. അല്ലേയെന്ന് ചിന്തിക്കുക. മൂന്നാമത്തെ കതിര്‍ പറഞ്ഞു: നിന്റെ വാസം സാത്താന്റെ സിംഹാസനം ഉള്ളിടത്താണ്. നാലാമത്തെ കതിര്‍ പറഞ്ഞു: നിന്റെ നാവില്‍ സാത്താന്റെ രഹസ്യങ്ങളാണ്. ലുത്തിനിയാ പോലെ നീ ഉരുവിടുന്ന രഹസ്യങ്ങള്‍. അഞ്ചാമത്തെ കതിര്‍ പറഞ്ഞു: നീ തണുപ്പോ ചൂടോ ഇല്ലാത്ത മാന്ദ്യമാണ്. ആറാമത്തെ കതിര്‍ പറഞ്ഞു: നീ നികൃഷ്ടനും ദയനീയനും ദരിദ്രനുമാകുന്നു. ഏഴാമത്തെ കതിര്‍ പറഞ്ഞു: നീ മൃതനാണ്. ഉണരുക. അല്ലെങ്കില്‍ ജീവന്റെ പുസ്തകത്തില്‍ നിന്ന് നിന്റെ പേര് വെട്ടി മാറ്റപ്പെടും.
അപ്പോള്‍ ഭൂമിയുടെ നാലുകോണില്‍ നിന്നും കാറ്റ് കടലായി വന്ന് കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതെ ആല്‍മരത്തില്‍ നിറഞ്ഞു. ആല്‍മരം ഇലകള്‍ മുടിപോലെ അഴിച്ചിട്ട് കാറ്റിലാട്ടി. ആല്‍മരത്തില്‍ കൊടുങ്കാറ്റ് ആടിയുലഞ്ഞു. കൊമ്പുകളും ചില്ലകളും ഇലകളും ഒടിഞ്ഞു തകര്‍ന്ന് ഭൂമിയില്‍ പതിച്ചു. പച്ചിലകള്‍ ആകാശത്തേക്കു പറന്നു പോയി. കാറ്റു നിലച്ചപ്പോള്‍ ജനാര്‍ദ്ദനന്‍ മുകളിലേക്കു നോക്കി. അവിടെ ആല്‍മരമുണ്ടായിരുന്നില്ല. ആല്‍മരത്തിന്റെ മുകളിലെ മദ്ധ്യാകാശം രണ്ടായി പിളര്‍ന്ന്, ആ പിളര്‍പ്പനുള്ളില്‍ വെണ്‍മേഘത്തില്‍ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. അവന്റെ ശിരസില്‍ സ്വര്‍ണ്ണക്കിരീടവും, പത്തു വിരലുകളിലും രത്‌നമോതിരങ്ങളുമുണ്ടായിരുന്നു. അവന്റെ കഴുത്തില്‍ വജ്രമാലകള്‍ തിളങ്ങിയിരുന്നു. ഓരോ മാലയിലും മുദ്രവയ്ക്കപ്പെട്ട ഓരോ കത്തുമുണ്ടായിരുന്നു.
വെണ്‍ മേഘത്തില്‍ ഇരിക്കുന്നവന്‍ പറഞ്ഞു:കയറി വരിക. മുദ്ര വയ്ക്കപ്പെട്ട ഓരോ കത്തും തുറന്നു വായിക്കുക.
ഒന്നാമത്തെ കത്തു തുറന്നപ്പോള്‍ അതില്‍ ഒരു തലയും നാല് നാക്കുകളുമുള്ള ഒരു ജീവിയുമുണ്ടായിരുന്നു. ആ ജീവി പറഞ്ഞു: വരിക. രണ്ടാമത്തെ കത്തു തുറന്നപ്പോള്‍ അതില്‍ പറക്കുന്ന കഴുകനെപ്പോലുള്ള ഒരു ജീവി ഉണ്ടായിരുന്നു. അതിന് നാലു ചിറകുകളും ചിറകുകള്‍ നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവി പറഞ്ഞു: വരിക. മൂന്നാമത്തെ കത്തു തുറന്നപ്പോള്‍ അതില്‍ കടലില്‍ നിന്നും കയറി വരുന്ന ഒരു ജീവി ഉണ്ടായിരുന്നു. അതിന് പത്തു കൊമ്പും ഏഴു തലയും, കൊമ്പുകളില്‍ രത്‌നങ്ങളുമുണ്ടായിരുന്നു. ആ ജീവി പറഞ്ഞു: വരിക. സമയമായി. കണ്ണുകള്‍ കഴച്ചപ്പോള്‍ ജനാര്‍ദ്ദനന്‍ താഴേക്കു നോക്കി. അവിടെ അരയാലും അരയാലിന്റെ ചുവട്ടില്‍ ഒരു കുതിരയും ഉണ്ടായിരുന്നു. കുതിര പറഞ്ഞു: വരിക. വേണ്ട. എനിക്കു സവാരി അറിയില്ല. എങ്കില്‍ നടന്നു വരിക. കുതിര മുന്നിലും ജനാര്‍ദ്ദനന്‍ പിന്നിലുമായി നടന്നു. നടന്നു നടന്നവര്‍ മൂവാറ്റുപുഴയാറിന്റെ തീരത്തെത്തി.
ജനാര്‍ദ്ദനന്‍ മുന്നോട്ടു നോക്കി. മുന്നില്‍ മൂവാറ്റുപുഴയാര്‍. ജനാര്‍ദ്ദനന്‍ പിന്നോട്ടു നോക്കി. അവിടെ ആരുമില്ല. ജനാര്‍ദ്ദനന്‍ വലത്തോട്ടു നോക്കി. അവിടെ ആരുമില്ല. ജനാര്‍ദ്ദനന്‍ ഇടത്തോട്ടു നോക്കി. അവിടെ ആരുമില്ല. അപ്പോള്‍ ആ കുതിര..!ജനാര്‍ദ്ദനന്‍ അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഇടിമിന്നലില്‍ ഒരു ഒച്ച കേട്ടു. വരിക. ഒന്ന്, രണ്ട്, മുന്ന്, നാല്, പടവുകളിറങ്ങി ജനാര്‍ദ്ദനന്‍ ആറ്റിലേക്കിറങ്ങി. ആറിന്റെ ആഴങ്ങളും കടന്ന് താഴേക്ക്, താഴേക്ക് പോയിക്കൊണ്ടിരുന്നു.
മുവാറ്റുപുഴ എന്റെ ഗംഗയാണ്. പാപനാശിനി. പുഴ ഒഴുകുകയായിരുന്നു. പാപനാശിനിയായി. പുഴയില്‍ കുളിച്ച് പാപങ്ങള്‍ കഴുകിക്കഴുകി അവന്‍ പിന്നെയും ആഴങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. അപ്പോള്‍ അവന്‍ വിശുദ്ധനായിരുന്നു.

തുടരും…