നസീര്‍ വലിയവിള
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുമിത്രക്ക് വന്ന ആ ആലോചന ഉറച്ചത്. ജാതക പ്രശ്നം കാരണം അത്രയും നാള്‍ നടക്കാതിരുന്ന ഒരു മംഗളമുഹൂര്‍ത്തം ആഗതമാകുന്നതിന്റെസന്തോഷത്തിലാണ് അവളുടെ വീട്ടുകാര്‍. നാളത്തെ വിവാഹ നിശ്ചയചടങ്ങിനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് എല്ലാവരും.
കല്യാണം ഉടന്‍ തന്നെ നടത്തണമെന്ന് ഇരു വീട്ടുകാരും ആഗ്രഹിച്ചതിനാല്‍ ശ്രീധരന് നില്ക്കാന്‍ നേരമില്ല. ഏകമകളാണ്. വീടിന് ഒരല്‍പ്പം മോടി കൂട്ടേണ്ടതുണ്ട്. ബന്ധുവായി അടുത്തുള്ളത് മണിയന്‍ മച്ചമ്പിയാണ്. അയാള്‍ക്കും തിരക്കാണ്. അയാളുടെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങിനും അധിക ദിവസമില്ല. ഇപ്പോള്‍ തന്നെ അയാളുടെ ഭാര്യയുടെ ബന്ധുക്കളില്‍ ചിലര്‍ എത്തിയിട്ടുണ്ടവിടെ.
ഇടയ്ക്കിടെ സുമിത്രയുടെ വീട്ടിലും അവര്‍ വന്നു പോകുന്നുണ്ട്. അവരെയൊക്കെ കുറെ നാളിനുശേഷം കാണുകയാണ് സുമിത്ര. പട്ടണത്തില്‍ നിന്നും വന്നവരുമുണ്ട്.സംസാരിച്ച് സമയം പോയതറിഞ്ഞില്ല. സന്ധ്യയോടടുത്തപ്പോഴാണ് സുമിത്ര തുണി അലക്കാനും കുളിക്കാനും ഇറങ്ങിയത്.
കിണറിനോട് ചേര്‍ന്നുള്ള മതിലിനു പുറകില്‍ ഒരാള്‍ അതാ പതുങ്ങി നില്‍ക്കുന്നു.പകല്‍ സമയം മണിയന്‍ മാമന്റെ വീടിനടുത്ത് നിന്ന് ഒരു കുട്ടി തന്നെ നോക്കി നിന്നത് അവള്‍ ഓര്‍ത്തു.
‘നീ ആരാടാ ചെക്കാ’
ചോദിക്കേണ്ട താമസം ഒരു കുസൃതി ചിരിയോടെ അവന്‍ ഓടിപ്പോയി.മുഖത്ത് ഒരു കുട്ടിയുടെ കുസൃതിഭാവമുണ്ടെങ്കിലും എന്തോ ഒരു….
അങ്ങനെ സംശയിച്ച് നില്‍ക്കുമ്പോള്‍ അമ്മയുടെ ശബ്ദം കേട്ടു.
“നീ ആരോടാ സംസാരിക്കുന്നത് ? സന്ധ്യാനാമം ചൊല്ലാന്‍ നേരമായി.
പിറ്റേ ദിവസം തന്നെ ഇന്ദിരാന്റിയോട് അവനെപ്പറ്റി ചോദിക്കണമെന്ന് തീര്‍ച്ചപ്പെടുത്തി.
പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് അവള്‍ വീട്ടിലേക്ക് കയറി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ വീണ്ടും കയറി വന്നു, മനസ്സില്‍. ദൂരെ നിന്ന് കാണുന്നതുപോലെയല്ല. അവനെ കാണാന്‍ ഒരു അപ്പുക്കിളി പോലുണ്ട് എന്നവള്‍ക്ക് തോന്നുകയും ഇനി അവനെ കാണുമ്പോള്‍ അങ്ങനെ വിളിക്കണമെന്ന് വിചാരിക്കുകയും ചെയ്തു.
അയിലൂര്‍ ഗ്രാമത്തിലേക്ക് സൂര്യന്‍ വൈകിയാണ് എത്താറുള്ളത്.അവിടത്തുകാര്‍ നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നു.ഉദയസൂര്യന്റെ ഇളം ചെങ്കതിരുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെ മന്ദം മന്ദം ചൊരിയുന്നത് കാത്തുനില്‍ക്കാതെ ഗ്രാമവാസികള്‍ ജോലികള്‍ തുടങ്ങും.
സുമിത്ര പതിവിലും നേരത്തെ എണീറ്റു. അന്നത്തെ ഒരുക്കങ്ങള്‍ക്കിടയില്‍ അവള്‍ക്ക് വിഷ്ണുക്ഷേത്രത്തില്‍ കൂടി പോകേണ്ടതുണ്ട്. അമ്മയോട് പറഞ്ഞിട്ട് അവള്‍ മെല്ലെ നടന്നു.മണിയന്‍ മാമന്റെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റിനരികെ ഒരു ആളനക്കം. അതാ അവന്‍ തന്നെ.
“എത്ര നാളായി ഞാന്‍ പിറകെ നടക്കുന്നു.”
അവന്റെ സംസാരം കേട്ട് ആദ്യം അവള്‍ക്ക് അമ്പരപ്പാണ് തോന്നിയതെങ്കിലും ആ മുഖം കണ്ടപ്പോള്‍ ചിരിയാണുണ്ടായത്.
“എടാ, അപ്പുക്കിളി നീ മണിയന്‍ മാമന്റെ ആരാ ? അതോ ഇന്ദിരാന്റിയുടെ ആരെങ്കിലും…?
“എന്റെ പേര് അപ്പുക്കിളി എന്നല്ല”- ശബ്ദം കുട്ടികളുടേത് പോലെ തന്നെ.
“പിന്നെ?”
“എനിക്ക് പേരില്ല”.
“വയസോ ?”
“വയസുമില്ല”- അവന്‍ മന്ദഹസിച്ചു.
“അല്ലെങ്കിലും നിന്നെപ്പോലുള്ളവര്‍വയസ്സാകില്ല.”
“എങ്ങോട്ടായീരാവിലെ?” അപ്പോള്‍ അവന്റെ പുരികം കുറച്ചുകൂടി മുകളിലേക്ക് പോയത് പോലെ തോന്നി.
“എടാ പൊട്ടാ,അമ്പലത്തിലേക്കാ. നീ വരുന്നോ ? എന്നാ വീട്ടില്‍ പറഞ്ഞിട്ട് വാ.”
‘ഓ പറഞ്ഞിട്ടാ ഇറങ്ങിയത്. കുറെ നാളായി ചോദിച്ചുകിട്ടിയ അവസരമാണ്, ഇങ്ങോട്ട് വരാന്‍ വേണ്ടി’.
ഇരുവശത്തുമായി മരങ്ങള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വഴിയിലൂടെ അവര്‍ നടന്നു.ഇടവഴിയില്‍ നിന്ന് കുറച്ചുകൂടി വിസ്തൃതമായ മണ്‍റോഡിലേക്ക് കടക്കുമ്പോള്‍ ഒരു കൂറ്റന്‍ അരയാല്‍ ഒരു കോട്ട പോലെ നില്പ്പുണ്ട്. തൊട്ടടുത്ത് ഒരു കാവാണ്.കാവിനു ചുറ്റും ഒരു കാവലാള്‍ പോലെ ചുറ്റി വളഞ്ഞു പന്തലിച്ച് നില്‍ക്കുന്ന അരയാല്‍ ഒരു വിസ്മയ കാഴ്ചയാണ്.
അപ്പുക്കിളി ഭയന്നതുപോലെ ഒന്ന് നിന്നു. നേരം വെളുത്തതറിയാതെ ഒരു കൂമന്‍ അവനെ തുറിച്ചുനോക്കി. മനുഷ്യരുടെ പാദ സ്പര്‍ശനം അറിഞ്ഞിട്ടാവണം ഒരു സര്‍പ്പം കാവിന് പിന്നിലേക്ക് മാറിക്കൊടുത്തു.
അപ്പുക്കിളി കാവിനകത്തു കയറാന്‍ കൂട്ടാക്കിയില്ല. സുമിത്ര തിരികെ വരുന്നത് വരെ പ്രകൃതി ഭംഗി ആസ്വദിച്ച് അന്തം വിട്ടു നിന്നു.
മണ്‍റോഡില്‍ നിന്നും അവര്‍ ടാറിട്ട റോഡിലേക്ക് നടന്നുകയറി.
‘ഇനിയെങ്ങോട്ടാ?’
‘അതാ കാണുന്നതാണ് വിഷ്ണുക്ഷേത്രം’
അപ്പുക്കിളി മെല്ലെയാണ് നടപ്പ്. അവന്‍ പിന്നാലെ വരുന്നുണ്ടോയെന്നറിയാന്‍ അവള്‍ ഇടയ്ക്ക് നോക്കുന്നുണ്ട്.
എന്തോ പറയാനായി അവള്‍ ഒന്ന് തിരിഞ്ഞു.
വേഗത്തില്‍ വന്ന ഒരു ലോറി അവളെ ഇടിച്ചു തെറിപ്പിച്ച് കടന്നുപോയി. എപ്പോഴോ ഉറങ്ങിപ്പോയ അതിന്റെ ഡ്രൈവര്‍ ആ സമയം ഉണര്‍ന്നെങ്കിലും അയാള്‍ വാഹനം നിര്‍ത്തിയില്ല.
റോഡില്‍ വീണു പിടയുന്നതിനിടെ അവള്‍ അപ്പുക്കിളിയെ നോക്കി. ഇരുവശത്തുമായി നീണ്ടുകിടക്കുന്ന റോഡില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല.
************************************