കര്‍ണ്ണന്റെ അമ്മ

122
0

ഉണ്ണി ബിന്ദു


എനിക്കീ പേരുമാത്രം മതി
ഞാന്‍ നിന്റെ അമ്മ
ഓമന കുഞ്ഞേ, ഞാന്‍ നിന്റെ അമ്മ
കത്തുമീ സൂര്യതാപത്തെ ഞാന്‍ ഉള്ളിലേറ്റാം
എന്റെ ഗര്‍ഭഗൃഹത്തിലാ അരുണരേണു മുളയ്ക്കട്ടെ,
എന്നില്‍ നിന്നോമലേ നീ ഉരുവാകിടൂ.
എന്റെ മുലക്കണ്ണു കറുക്കട്ടെ,
നിന്നിളം ചുണ്ടിലാ പുഞ്ചിരി പാലമൃത് വെളുക്കട്ടെ
അമ്മ മാറില്‍ നീ ചായുറങ്ങോമനേ.
കളിയോടമില്ല,കുഞ്ഞലയുടെ ഓളമില്ല, ഗംഗ പാടുമാ പാട്ടുമില്ല.
മാതൃവാത്സല്യ ചൂടിലായി, ഉറങ്ങു നീയെന്‍ പൊന്‍മണി പൈതലേ
അറിവു പകരുവാന്‍, അലിവില്ലാത്ത ദ്രോണ പാദങ്ങളില്‍ വീണു നീ ഉരുകേണ്ട…
അമ്മ തപം ചെയ്തു നിനക്കായി നേടീടും,
അറിവിന്‍ ദേവത ഗുരുവായി വന്നിടും.
വിജയനോട് അജയ്യനായിടുമാ രാജവേദിയില്‍,
ശൂരനു ജാതി തേടുമാ കൃപകെട്ട കൃപരോട് ഞാനെന്റെ സ്വരം ഉയര്‍ത്താം.
കുലംനോക്കി പ്രണയം പകുക്കുമാ പതിതതന്‍ പതിയാകേണ്ട നീ എന്‍ മകനേ.
കൗന്തേയനാകേണ്ട, രാധേയനാകേണ്ട നീയെന്റെ സൂര്യപുത്രാ.
ഉജ്ജ്വലം നിന്‍ കുലമഹിമയോതി അമ്മ മുന്നില്‍ നില്‍ക്കും.
എനിക്കിനി ഈ പേരുമാത്രം മതി,ഞാന്‍ നിന്റെ അമ്മ.
കവചകുണ്ഡലങ്ങള്‍ കടംകൊള്ളും കപടസ്‌നേഹമല്ല,
നിനക്ക് നവ കവചമാകുന്ന മാതൃസ്‌നേഹം.
വൈകര്‍ത്തനാ നീ വേദന വരിച്ചു ദാനമേകിടുമ്പോള്‍ ഞാന്‍
കരയാതിരിക്കാം.
മമ മാനസാ, നിനക്കൊത്തവന്‍ നീ മാത്രമേയുള്ളൂ.
സൗഹൃദത്തിന്‍ ഔന്നത്യമേ,
ധര്‍മ്മ ബോധത്തിന്‍ പാരമ്യമേ,
കൃഷ്ണസൂക്തത്തില്‍ നീ ഭ്രമിക്കാതിരിക്കേ,
നമിക്കാതിരിക്കുവാനാവില്ല നിന്‍ മഹത്വത്തില്‍.
വിജയചാപം എയ്യുമെന്‍ വീരനേ,
കുടിലത തൊടുത്തൊരു ആഞ്ജലികമേറ്റു രുധിരം ചിതറി നീ വീണിടുമ്പോള്‍,
മൃതിയിലും നിന്‍ വീരം ഉയര്‍ന്നു നില്‍പ്പൂ.
അടയാത്ത മിഴിയിലെ അണയാത്ത ധീരദീപത്തെ അമ്മ കരുതിവെയ്ക്കും.
എനിക്കിനിയീ പേരുമാത്രം മതി.
ഞാന്‍ കര്‍ണ്ണന്റെ അമ്മ…
ഞാന്‍, വീരനാം കര്‍ണ്ണന്റെ അമ്മ.