കാറ്റു പറഞ്ഞ കഥ!

362
0

മാത്യു കെ. മാത്യു

Mathew K Mathew

വാര്‍ത്ത അറിയിക്കുന്നതിനായി കാറ്റുകളെ അയയ്ക്കുന്നത് അവന്റെ ദൃഷ്ടാന്തത്തില്‍ പെട്ടതാകുന്നു!!..

അദ്ധ്യായം 1

മൂവാറ്റുപുഴയാറിന്റെ തെളിഞ്ഞ നീരോട്ടത്തില്‍ ഇറങ്ങിക്കുളിച്ച ഈറനായി, കാറ്റ് യാത്രയായി.
പുഴമണല്‍ പഴുപ്പിച്ച് ചൂടാക്കി, അടിച്ച് രൂപപ്പെടുത്തി, പത്തരമാറ്റ് പകിട്ടിന്റെ സ്വര്‍ണ്ണമാക്കുന്ന, വെയിലിന്റെ, ആകാശത്തിന് കീഴില്‍, മേലോട്ട് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചുനില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ, തളിരിലകളുടെ സ്വപ്നസുഷുപ്തിയെ തൊട്ടുണര്‍ത്താതെ, ശിഖാഗ്രങ്ങള്‍ക്കിടയിലൂടെ ചിറകുവിരിച്ച,് കാറ്റ് താഴ്ന്നു പറന്നു.
താഴെ മണ്ണ് വെയില്‍ കാഞ്ഞുകിടക്കുകയായിരുന്നു. ഭൂമിയിലപ്പോള്‍
പൂക്കാലമായിരുന്നു. മണ്ണടരുകളില്‍ പൂക്കള്‍ വിരിഞ്ഞ് നിന്നിരുന്നു.
കാറ്റിന്റെ ചിറകില്‍ നിന്നും ഒന്നു രണ്ടു ഈറന്‍ തുള്ളികള്‍ അടര്‍ന്നു വീണപ്പോള്‍ പൂവ് നാണിച്ചു കണ്ണടച്ചു. പിന്നെ ഒന്നു പാളിനോക്കി.
കാറ്റ് പൂവിനെ കണ്ടില്ല. പൂവിനെ അറിഞ്ഞില്ല. വെള്ള അലുക്കുകള്‍ ചലിപ്പിച്ച് കാറ്റ് പരീക്കപ്പീടിക തേടിപ്പറന്നു.
ആവോലിയില്‍ നിന്നും പരീക്കപീടികയ്ക്ക് തിരിയുന്ന വളവില്‍, മാനം മുട്ടേ വളര്‍ന്നു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ താഴത്തെ ചില്ലയില്‍ ചിറകൊതുക്കി, കാറ്റ് ആരെയോ കാത്തിരുന്നു.

വടവൃക്ഷത്തിലെ തളിരില ചോദിച്ചു;” നീ ആരെ അന്വേഷിക്കുന്നു…….? ”
കാറ്റു സ്വയം ചോദിച്ചു :” നീ ആരെ അന്വേഷിക്കുന്നു…….? ”
വടവൃക്ഷത്തിലെ നിറം മങ്ങിയ ഇല പറഞ്ഞു: ” ഇതു ചരിത്രത്തെ രണ്ടായി പകുത്ത ചോദ്യമാണ്. ഇതു ചതിയുടെ ചോദ്യമാണ്. വടവൃക്ഷം ഇതുപോലെ ചോദിക്കാന്‍ പാടില്ല. കുരുന്നിലകളേ, ധാര്‍ഷ്ഠ്യം ഉപേക്ഷിക്കുക. വടവൃക്ഷം കാത്തിരിപ്പിന്റെയും കണ്ടെത്തലിന്റെയും സാക്ഷ്യമാണ്. കാത്തിരിക്കുക, കണ്ടെത്തും. അല്ലെങ്കില്‍ കണ്ടെത്തുവോളം കാത്തിരിക്കുക”.
തളിരിലകള്‍ മുഖം കൂര്‍പ്പിച്ചൊന്ന് ചിരിച്ച്, സ്വസ്ഥരായി.
കാറ്റു പിന്നെയും ചോദിച്ചു:
”നീ ആരെ കാത്തിരിക്കുന്നു.
അപ്പോള്‍ വിജനതയില്‍ കാറ്റൊരു പൈതല്‍ മൊഴി കേട്ടു:
” മലമുകളില്‍ വിജനതയില്‍ ബലിക്കെന്തുണ്ടാകും”.
”യഹോവ തരും”.
ഒരു കെട്ടു വിറകിന്റെ ഭാരമേറിയ ചെറുപാദങ്ങള്‍ ചോദിച്ചു ” എപ്പോള്‍? ആരു – തരും?”.
”കാത്തിരിക്കുക”.
കത്തിയേന്തിയ വ്യദ്ധപാദങ്ങള്‍ ഉത്തരം പറഞ്ഞു.

മലമുകളിലെ മുള്‍പ്പടര്‍പ്പില്‍ ബലി വസ്തു ഉണ്ടായിരുന്നതല്ലേ!
കാത്തിരിപ്പിന്റെ ആദ്യത്തെ കഥ അതായിരുന്നു.
ആകയാല്‍ കാറ്റ് അന്വേഷിച്ചു പോയില്ല. കാത്തിരുന്നു.

കാത്തിരിപ്പിന്റെ മുഷിച്ചിലില്‍ അരയാലിലെ തളിരിലകളോട് കാറ്റ് സ്യഷ്ടിയുടെ കഥ പറഞ്ഞു.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്യഷ്ടിച്ചു. ഭൂമിരൂപരഹിതവും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിനു മീതെ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചു കൊണ്ടിരുന്നു.
ദൈവം അരുള്‍ ചെയ്തു : വെളിച്ചം ഉണ്ടാകട്ടെ.
വെളിച്ചം ഉണ്ടായി
വെളിച്ചം നല്ലത് എന്ന് ദൈവം കണ്ടു
ദൈവം വെളിച്ചത്തെ ഇരുളില്‍ നിന്നും വേര്‍തിരിച്ചു.
വെളിച്ചത്തിന് പകല്‍ എന്നും ഇരുളിന് രാത്രിയെന്നും ദൈവം പേരു വിളിച്ചു.
……സന്ധ്യയായി ഉഷസായി ഒന്നാം ദിവസം.
…….സന്ധ്യയായി ഉഷസായി രണ്ടാം ദിവസം.
…….സന്ധ്യയായി ഉഷസായി മൂന്നാം ദിവസം.
ദൈവം അരുള്‍ ചെയ്തു പകലും രാത്രിയും തമ്മില്‍ വേര്‍തിരിക്കാന്‍ ആകാശകമാനത്തില്‍ ജ്യോതിസ്സുകള്‍ ഉണ്ടാകട്ടെ. രണ്ടു വലിയ ജ്യോതിസ്സുകളെ ദൈവം സ്യഷ്ടിച്ചു. അതില്‍ വലിപ്പമേറിയതിനെ പകല്‍ ഭരിക്കാനും വലിപ്പം കുറഞ്ഞതിനെ രാത്രി ഭരിക്കാനുമാക്കി.  
……സന്ധ്യയായി ഉഷസായി നാലാം ദിവസം
……സന്ധ്യയായി ഉഷസായി അഞ്ചാം ദിവസം
……സന്ധ്യയായി ഉഷസായി ആറാം ദിവസം.
ഏഴാം ദിവസം ദൈവം വിശ്രമിച്ചു.
അപ്പോള്‍ സൂര്യന്‍ ആകാശത്തിനു താഴെ ആഗ്നേയങ്ങള്‍ കൊണ്ട് അഗ്നിവല നെയ്യുകയായിരുന്നു. സൂര്യനെ ചുറ്റിക്കറങ്ങുന്ന ഭൂമിയെ സൂര്യന്‍ ഉലയൂതി ചുട്ടുപഴുപ്പിക്കുകയായിരുന്നു. തന്റെ സ്യഷ്ടിയുടെ അപാകതയിലും ദീര്‍ഘവീക്ഷണമില്ലായ്മയിലും ദൈവം പരിതപിച്ചു. ദൈവത്തിന്റെ പരിതാപം, തന്റെ ഛായയിലും സാദ്യശ്യത്തിലുമുള്ള മനുഷ്യനെപ്പോലെ, തുറന്നിരിക്കുന്ന നാസികയിലൂടെ പുറത്തു വന്നു. ദൈവത്തിന്റെ പരിതാപത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഭൂമിയാകെ പടര്‍ന്നു. ദൈവം അതിനെ പേരു ചൊല്ലി വിളിച്ചു : ”കാറ്റ്”
ഉല്‍പ്പത്തി രഹസ്യം പറഞ്ഞ് കാറ്റ് സ്വസ്ഥമായി.
പരീക്കപീടികയുടെ ഭൂമികയില്‍, മരങ്ങള്‍ക്ക് മുകളിലേക്ക് ഉയര്‍ന്നുനിന്ന്, മാനത്തിന്റെ ജ്വരഗന്ധമേറ്റ് മദം കൊളളുന്ന അള്ളാപ്പാറയുണ്ട്. അളളാപാറയ്ക്കടുത്തളള രക്ഷകന്റെ
പളളിക്കു ചാരെ സര്‍പ്പിളമായിപ്പോകുന്ന നടപ്പുവഴി ചെന്നു ചേരുന്നത് ടാറിട്ട റോഡിലാണ്. അതിന്റെ മറ്റേ അറ്റത്ത്, നാട്ടുവിശേഷങ്ങള്‍ പെറ്റു പെരുകുന്ന ലക്ഷം വീട് കോളനിയുണ്ട്. കോളനിയിലെ മൂന്നാമത്തെ വീട്ടിലേക്കൊരു ഋജുവായ കൈവഴിയുണ്ട്.
തെരുവപ്പുല്ല് മുറിച്ച്, ഉണക്കി, മേഞ്ഞ വീടിന്റെ ഉമ്മറത്ത് ലച്ചുമിയമ്മ കാല്‍ നീട്ടിയിരുന്നു. അവരുടെ കയ്യിലെ കവടി സഞ്ചിയുടെ അതിരുകളിലൂടെ, വക്കുപൊട്ടിയ കവടികള്‍ വെളിപ്പെട്ടു.

പണ്ട്,
ബുധനും ശുക്രനും പാഴൂര്‍ക്ക് പോയത്, മുതു മുത്തച്ഛന്മാരുടെ ആരുടെയോ അടുക്കല്‍ വന്ന് അനുഗ്രഹം വാങ്ങിയിട്ടായിരുന്നു.
പക്ഷേ,
ബുദ്ധിയില്ലാത്തോരായിപ്പോയില്ലേ നിങ്ങളുടെ കാര്‍ന്നോമ്മാര്. ബുധനേയും ശുക്രനേയും ആ പടിപ്പുരയില്‍ നിര്‍ത്തിയിട്ട്, ഇപ്പോള്‍ വരാം. വന്നിട്ടെ പോകാവു എന്നു പറഞ്ഞ് ആരെങ്കിലും പോയി തൂങ്ങിച്ചത്തിരുന്നെങ്കില്‍…….
ശ്‌ര്യാ, ങ്ങ്‌ടെ കാര്‍ന്നോമ്മാര് വെറും മണ്‍ടന്‍മാര്. പുത്തിയില്യാത്തോര്. പുത്ത്യോള്ളൊരുപോയ് തുങ്ങിച്ചത്തപ്പോ…..ന്താ, വ് രുടൊരു പേര്, പെര്മ. എന്തൈശ്‌ര്യം.
കവടിയുടെ വെളിപ്പെടലുകളില്‍ ഒന്ന് നെടുവീര്‍പ്പിട്ടിട്ട് അവള്‍ പറഞ്ഞു.
ഞങ്ങളും ആ ഗോത്‌റക്കാരാ….
പച്ചേ
ഇവ്ടാരും വരാറേല്ല.
ഇവ്ടീ വക്ക് പൊട്ട്യ, കറക്കം മറ്ന്ന കവട്യോളള്.
ഈശ് രാ ആരേലും വന്നേല്……
ലച്ച്മിക്ക് ആയ്‌രോം പത്‌നായ്‌രോം വേണ്ട. ന്റെ ചുന്‌തേനെ ടാക്കിട്ടറെ കാണ്ക്ക്യാനൊള്ള കായ് മതി.
ലക്ഷ്മിയമ്മ ദൂരേക്ക് നോക്കി. റോഡിലൂടെ ആരെങ്കിലും വരുന്നുണ്ടോ. ആരും
വരുന്നില്ല എന്ന അറിവില്‍ അവര്‍ കുണ്ഠിതപ്പെട്ടു.
കായ് തേട്‌പ്പോയ യെനാര്‍ത്തനെം ക്ാണാന്ല്ല. നേരം പൊലന്നിട്ട് ഒരു തൊള്ളി വെള്ളം പോലും ചുന്ത കുട്ച്ച്ട്ട്ല്ല.
യെന്നാ ശെയ്‌യാന
അവര്‍ കവടി സഞ്ചിയിലേക്ക് കയ്യിട്ട,് കവടിയൊന്നു ചുഴറ്റി, ഒരു പിടി രാശിക്കരുക്കള്‍ വാരി, കവടി സഞ്ചിയുടെ മുകളില്‍ കൊണ്ടുവന്നിട്ട്, കണ്ണടച്ച് കൈകള്‍ വിടര്‍ത്തി ഓരോന്നായി സഞ്ചിയിലേക്കിട്ട്, ഒരെണ്ണം മാത്രം പുറത്തെടുത്തു. പിന്നെ കണ്ണു തുറന്ന് കവടിയിലേക്ക് നോക്കി അത്ഭുതപ്പെട്ടിരുന്നു.
ഇത്ന്ത്.
രണ്ടറ്റവും തുറന്ന കവടിയുടെ ചുണ്ടത്ത് ഒരദ്യശ്യ സാന്നിധ്യം അവര്‍ തിരിച്ചറിഞ്ഞു.
ഇത്ന്താ…..
ഇത്‌പ്പെ മുത്‌ലാ……
അവര്‍ വീണ്ടും കവടിയിലേക്ക് നോക്കി.
പരീക്ക്പ്പീട്യേലെ സാന്നിത്യങ്ങ്‌ളുറങ്ങണ ഈ കവടീല് ഒരു പുത്യ സാന്ന്ത്യം.
ലക്ഷ്മിയമ്മ ആ കവടി പുറത്തെടുത്ത് വെള്ളെഴുത്തിന്റെ ദൂരപരിധിക്കപ്പുറം പിടിച്ച് കവടി ശാസ്ത്രത്തിന്റെ അപാരതകളിലൂടെ അറിവു തേടി. പിന്നെ ഉറപ്പിച്ചു.
ശ്‌ര്യാണ്. ഒരദ്‌റുശ്യ സ്ാന്ന്ത്യം.
പെട്ടെന്നവര്‍ രാശിപ്പലകയെടുത്ത് മുന്നില്‍ വച്ച്, കവടിക്കിഴിയില്‍ നിന്നും കവടികള്‍ രാശിപ്പലകയിലേക്കിട്ട്, തെറിച്ചു പോയവയെ തൂത്തുകൂട്ടി ഒരു കൂനപോലെയാക്കി, ഇടം കൈ കൊണ്ട് മറപിടിച്ച് വലം കൈ കൊണ്ട് കവടി ചുഴറ്റി ഒരു പിടി രാശിക്കരുക്കള്‍ വാരിയെടുത്തു. പിന്നെ നന്നാലുകവടികള്‍ വീതം ഭാഗിച്ചു.
കര്‍ക്കടം
വുറുച്ചികം
മീനം
വ്‌യായം ലക്‌നാത്പന്‍
പന്ത്‌രണ്ടാം ഭ്ാവം ശനി
പിന്നെ പുറത്തെ തെളിഞ്ഞ പകലിലേക്ക് നോക്കി ആലോചിച്ചിരുന്നിട്ടു പറഞ്ഞു
ആര്ൂപ്യാണ്. അദ്‌റുശ്യ സാന്ന്ത്യം
ആര്ൂപ്യാണ്.
ദേവ്‌നോ…… അസ്‌രനോ.
ദേവ്‌വഗണാ. സംരച്ച്ക്‌നാ.
പക്ഷേ
ആര്…..?
ആരെ…..?
എന്ത്‌ന്……?
വിദൂരതയിലേക്ക് നോക്കി, ലക്ഷ്മിയമ്മ പൊറു പൊറുത്തു.
ഒന്ന്ഉം മന്‌സ്‌ലാക്ണില്യല്ലോ; ഈശ്ശരന്മാരേ,
കവ്ടി ഒന്നും തീര്‍ത്ത് പറ്യേണ്ല്ലല്ലോ
ഇന്നൊരു ചീത്ത ദെവ്‌സാ
എങ്ങ്‌നെലും ഇന്ന്‌ന്നൊന്നു തീര്‍ന്നാ മതി.
എന്ക്കിന്ന്യൊന്നും വയ്യ. ഇന്ന്ാരും വന്നൂലാ, ഒന്ന്ും തന്നൂല്ല. ലച്ചുമീടെ വട്ട്ട്ടീലൊരു തൊട്ട്ൂല്യ. മുക്ക്റ്റം മോന്തി വര്ണ യെനാര്‍ത്ത്‌നന്റെ കയ്യീ ഒന്നും കാണ്‌യേല. ന്റെ ചുന്‌തെന്റെ കാര്യം.

ദിവസങ്ങള്‍ക്ക് മുന്‍പ് ആരോ വച്ച ദക്ഷിണയില്‍ നിന്നും വാടിപ്പഴുത്ത ഒരു വെറ്റിലയെടുത്ത,് ഞെട്ടും വാലും മുറിച്ച് കളഞ്ഞ്, എഴുന്നു നിന്ന ഞരമ്പ് നഖം കൊണ്ട് നുള്ളിക്കളഞ്ഞ്, ചുണ്ണാമ്പുപാത്രത്തില്‍ നിന്നും നടുവിരലില്‍ ഇത്തിരി ചുണ്ണാമ്പു തോണ്ടി ”ഇനിയെന്തു ചെയ്യും” എന്നാലോചിച്ച് അവര്‍ ദൂരേക്ക് നോക്കിയിരുന്നു.
ലക്ഷ്മിയമ്മ ഓര്‍ത്തുകൊണ്ടിരുന്നു.
സുനിത ഉണ്ടാകുന്നതിന് മുമ്പ്, ആകാശം നോക്കിയിരുന്ന ഒരു സന്ധ്യയില്‍,
ആകാശത്ത് ഒരു പുതിയ നക്ഷത്രം.
ലക്ഷ്മിയമ്മ അതുതന്നെ ഓര്‍ത്തുകൊണ്ടിരുന്നു. ഓര്‍മയുടെ തെളിവിലെവിടെയോ
അങ്ങനെയൊന്ന് ഉണ്ടായിരുന്നു. ഒരു പുതിയ നക്ഷത്രം. അത് എന്നായിരുന്നു. ഏതു നാളിലായിരുന്നു. എത്ര നാളുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ആ ഓര്‍മ തെളിഞ്ഞു കിട്ടിയില്ല. ഏതോ ഒരുള്‍പ്രേരണയാല്‍ മറ്റൊരു ദിവസവും ആകാശത്ത് നോക്കിയിരുന്നു. അന്നതവിടെ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും നക്ഷത്രങ്ങള്‍ അങ്ങനെയല്ലേ. ഒരു സ്ഥിരതയുമില്ലാത്തവര്‍. ലക്ഷ്മിയമ്മ ഓര്‍ത്തുനോക്കി …… ആ നക്ഷത്രം ആകാശത്തുനിന്നും അപ്രത്യക്ഷമായ അന്നാണ് ചെല്ല പെറ്റത്. ആകാശത്തു കൂടെ നടന്നു നടന്ന് നക്ഷത്രം ആകാശത്തിന്റെ ചരിവിലൂടെ ഭൂമിയിലിറങ്ങി ഒരു പെണ്ണിന്റെ യുള്ളില്‍.
ചുനിതയുടെ നാള്,..
സമയം തെറ്റി ആകാശത്തുനിന്നും ഇറങ്ങി വന്ന ഒരു നക്ഷത്രം,
അതാണ് സുനിത.
ചിന്തയുടെ ഇടവേളകളിലെപ്പഴോ ചുണ്ണാമ്പു തേച്ചുപിടിപ്പിച്ച് വീണ്ടും വീണ്ടും തേച്ചു പിടിപ്പിച്ച് ലക്ഷ്മിയമ്മ പുറത്തേക്ക് നോക്കിയിരുന്നു.

പുറത്ത് വേനലില്‍ പൊട്ടിയ പഞ്ഞിക്കായ് പറത്തിയ പഞ്ഞിക്കഷണങ്ങള്‍ അള്ളാപ്പാറയില്‍ വെയില്‍ കാഞ്ഞ് പരുവപ്പെടുന്നുണ്ടായിരുന്നു. ഇത്രയും മതിയെന്നു തോന്നിയവ ദൂരെ
മരങ്ങളിലേക്ക് തണല്‍ തേടി പറന്നു പോയി.
വെയില്‍ ആറിത്തണുക്കാന്‍ തുടങ്ങിരുന്നു. ഒരു കറുത്ത കാറ്റ് മുറ്റത്തുകൂടെ വന്നു മരച്ചില്ലകളെ ചലിപ്പിച്ച് ചാരിവച്ചിരുന്ന ഓല വാതിലില്‍ നോക്കി കൊഞ്ഞനം കാട്ടി അകത്തേക്ക് കടന്നുപോയി. അകത്തൊന്നും ഇല്ലെന്ന് കണ്ട് കാറ്റ് അവിടെയും ഇവിടെയും പമ്മിപ്പതുങ്ങി നിന്നിട്ട് വന്നതു പോലെ തന്നെ പുറത്തേക്കു പോയി.
ലക്ഷ്മിയമ്മ ചെറുതായി മുറിച്ച അടയ്ക്കയും, ചുണ്ണാമ്പു തേച്ചുപിടിപ്പിച്ച വെറ്റിലയും, ഇടികല്ലില്‍ വച്ച് ഇടിച്ചുകൂട്ടി, അത് വായില്‍ വച്ചു. പിന്നെ ആരോടിച്ചിരി കാശു ചോദിക്കും എന്ന ചിന്തയില്‍ മുറുക്കാന്‍ പാത്രത്തിന്റെ അടിയില്‍ പരതി കയ്യില്‍ കിട്ടിയ പുകയില ഞെട്ടുകളും, പൊടിക്കഷണങ്ങളും തൂത്തുകൂട്ടി ചെറുതായി അരിഞ്ഞ് കൈവെള്ളയില്‍ ഇട്ട് തിരുമ്മിക്കൂട്ടി വായിലിട്ടു. വായില്‍ നിന്നും പുകയില ഉഷ്ണവും, പെരുപ്പുമായി തലയിലെത്തിയപ്പോള്‍ ലക്ഷ്മിയമ്മ ഉറക്കെ പറഞ്ഞു ”ഓ! ജാസ് ഡാക്കിട്ട്‌റ്ണ്ടല്ലോ. ഇന്ന് ആശുപത്രീ പോണ്ട, ജാസ് ഡാക്കിട്ട്‌റെ കാണാം”. ഒന്നുകൂടി ചവച്ചു കൂട്ടി, നാക്ക് വായ്ക്കുചുറ്റും, പല്ലുകള്‍ക്കിടയിലും ഓടിച്ച് മുറുക്കാന്‍ ഒരുമിച്ചു കൂട്ടി ചവച്ച്, വാ നിറച്ചിട്ട്, ലക്ഷ്മിയമ്മ തല പുറത്തേക്കിട്ട് നീട്ടിത്തുപ്പിയിട്ട് അകത്തേക്ക് നോക്കി.
മുറ്റത്തെ വെയില്‍നാമ്പുകള്‍ ആര്‍ത്തിയോടെ ചുവന്ന മുറുക്കാന്‍ കൂട്ടിന് ചുറ്റും വര വരച്ച് അതിനു മുകളില്‍ അടയിരുന്നു. മെല്ലെ ചുവപ്പിനു മേലെ ഒരു കറുത്ത പാട പടര്‍ന്നു. ഇത്തിരിനേരം അകത്തേക്ക് തന്നെ നോക്കിയിരുന്നിട്ട്, ഒന്നു തീരുമാനിച്ച് ലക്ഷ്മിയമ്മ വിളിച്ചു, ”മോളേ, ചുന്‌തേ, നീ യാത്തിര്‌യായ്, മ്മടെ ജാസ് ടാക്കിട്ട്‌റ്‌ടെ അട്ത്ത് പോയ് മരുന്ന് വാങ്ങ്. നീയാ ചീത പ്പെണ്ണിനേം കൂടെ കൂട്ടിക്കോ. മൂത്തമ്മ വര്ണ്ല്ല. മൂത്തമ്മ പൊറത്ത് പോയ് നാഴ്യരിക്കൊള്ള  വഴിയൊണ്ടോന്ന് നോക്ക്‌ട്ടെ. ജാസ് ടാക്കിട്ട്‌റ് മൂത്തമ്മ്ട മോളോട് കായ് വാങ്ങ്ല്ല. ഇനി ചോയ്ച്ചാ പറ, ലച്ചുമിയമ്മ കായ് തരുന്ന്”.  

ലക്ഷ്മിയമ്മ ഇരിപ്പിടത്തില്‍ നിന്നഴുന്നേറ്റ്, കവടി നിറച്ച കിഴിക്കെട്ടും രാശിപ്പലകയുമെടുത്ത്, പുല്ലമേഞ്ഞ വീടിന്റെ കഴുക്കോലിനിടയില്‍ തിരുകി, ധൃതിയില്‍ പുറത്തേക്കിറങ്ങി.
ലക്ഷ്മിയമ്മയുടെ മനസിലപ്പോള്‍ ഒരതൃപ്തിയായിരുന്നു. കവടിയില്‍ തെളിഞ്ഞ ആ അദ്യശ്യ സാന്നിധ്യം. അതാരാണ് ദേവനോ…..അസുരനോ…. ഗന്ധര്‍വനോ……
ലക്ഷ്മിയമ്മയുടെ വക്കുപൊട്ടിയ കവടിയില്‍ തെളിയാത്ത ഒന്നുമില്ലായിരുന്നു.
പക്ഷേ,
ഇതിപ്പോള്‍.
അപ്പോള്‍ ഒരു നിശ്വാസം പോലെ പടിഞ്ഞാറെ മാനം നിറം മങ്ങാന്‍ തുടങ്ങിയിരുന്നു.

തുടരും…….