രാജ്യത്ത് ആശങ്കയായി ഗ്രീന്‍ ഫംഗസും

233
0

കോവിഡ്​ രോഗമുക്തി നേടിയതിനു​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. കോവിഡ് മുക്തനായതിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി വ്യക്തമാക്കുന്നു. രണ്ടു​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കോവിഡ്​ മുക്തനായെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്​തം വരികയും ചെയ്തിരുന്നു. കൂടാതെ, ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർമാർ അറിയിച്ചു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍ രവി ദോസി കൂട്ടിച്ചേര്‍ത്തു. ഗ്രീൻ ഫംഗസി​ന്‍റെ സ്വഭാവത്തെ കുറിച്ച്​ കൂടുതൽ പഠനം നടത്തണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.