കോവിഡ് രോഗമുക്തി നേടിയതിനു പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളിൽ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. കോവിഡ് മുക്തനായതിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറായ രവി ദോസി വ്യക്തമാക്കുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പാണ് രോഗിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. കൂടാതെ, ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍ രവി ദോസി കൂട്ടിച്ചേര്‍ത്തു. ഗ്രീൻ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.