ബന്ധങ്ങള്‍

269
0

സ്വപ്‌ന കെ ദാസ്‌

ഏബ്രഹാം ലിങ്കണെ കാണാൻ ബാല്യകാല സുഹൃത്തെത്തി. സംസാരിക്കുന്നതിനിടെ അയാൾ പറഞ്ഞു: എനിക്കെന്റെ അയൽക്കാരനെതിരെ കേസു കൊടുക്കണം .

ലിങ്കൺ ചോദിച്ചു : നിങ്ങൾ അയൽക്കാരായിട്ട് എത്ര വർഷമായി ?

‘ 15 വർഷം ’.

‘ ഇതിനു മുൻപു പലതവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തിട്ടില്ലേ?’

‘ ഉണ്ട്. എങ്കിലും ഇത്തവണ ക്ഷമിക്കാൻ പറ്റില്ല.’

ലിങ്കൺ തന്റെ കുതിരയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു: ‘ഇവനോടും ഞാൻ പലതവണ പിണങ്ങിയിട്ടുണ്ട്. ഞാൻ പ്രതീക്ഷിക്കുന്നതുപോലെ ഇവൻ പലപ്പോഴും പെരുമാറാറില്ല. എങ്കിലും എത്തേണ്ടിടത്തൊക്കെ ഇവനെന്നെ എത്തിക്കാറുണ്ട്. ഇവനെ വിറ്റ് പുതിയൊരു കുതിരയെ വാങ്ങിയാലും ഇവനെക്കാൾ മികച്ചതാകണമെന്നു നിർബന്ധമില്ലല്ലോ.’

ഈ പാഠം ഉൾക്കൊണ്ടു സുഹൃത്ത് കേസിൽനിന്നു പിന്മാറി .

എല്ലാ ബന്ധങ്ങളും ഒരുപോലെയല്ല. ഒരു ബന്ധവും എക്കാലവും ഒരുപോലെ ആവുകയുമില്ല. സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങളും സ്വയം തിരഞ്ഞെടുക്കുന്ന ബന്ധങ്ങളുമുണ്ട് . സാഹചര്യങ്ങളിലൂടെ വന്നുചേരുന്നവരുടെ പെരുമാറ്റത്തിന് അളവുകോലുകൾ നിർണ്ണയിയ്ക്കാനോ നിബന്ധനകൾ വയ്ക്കാനോ കഴിയില്ല. അവരുമായി ദീർഘകാലം സമ്പർക്കം പുലർത്തേണ്ടിവരും. എത്ര ഗുണനിലവാര പരീക്ഷണം നടത്തി തിരഞ്ഞെടുത്ത ബന്ധങ്ങളാണെങ്കിലും എപ്പോഴും പരസ്പരധാരണയിൽ മാത്രം നിലനിൽക്കില്ല. അനശ്വരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബന്ധങ്ങളിലും പൊരുത്തക്കേടിന്റെ വേലിയേറ്റങ്ങൾ സ്വാഭാവികം .

സ്വന്തം ഇഷ്ടങ്ങൾക്കും അഭിരുചികൾക്കും നേട്ടങ്ങൾക്കുമനുസരിച്ചാണ് ഓരോരുത്തരും തങ്ങളുടെ സൗഹൃദങ്ങളെ നിലനിർത്തുന്നത്. സ്വന്തം ഇഷ്ടങ്ങളിലേക്ക് അപരനെ വലിച്ചടുപ്പിക്കുക എന്നതല്ല, അവരുടെ ഇഷ്ടങ്ങളിലേക്കു കൂടി യാത്രചെയ്യാൻ കഴിയുക എന്നതാണ് ബന്ധങ്ങളുടെ സൗകുമാര്യം നിശ്ചയിക്കുന്നത്.
എത്ര ബന്ധങ്ങൾ സൃഷ്ടിക്കുന്നു എന്നതിലല്ല എത്ര നന്നായി പരിപാലിക്കുന്നു
എന്നതിലാണ് ഓരോ ബന്ധത്തിന്റെയും നിലനിൽപ്. കണ്ടുമുട്ടുന്ന കുറച്ചുനാളത്തെ ജീവിതം പരസ്പരം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചാൽ എല്ലാ ബന്ധങ്ങളിലും സ്വാഭാവിക വളർച്ചയുണ്ടാകും .🥰🌹🙏

 നന്ദി... സ്നേഹം