കാറ്റിന്റെ പത്തു കൈകള്‍ ഓടി നടന്നു ശരീരത്തിലാകെ ഓളങ്ങളുണ്ടാക്കുന്നതു അവള്‍ അനുഭവിച്ചറിഞ്ഞു.
കാറ്റവളോടു പറഞ്ഞു:
സമര്‍പ്പിക്ക് അവന്, നിന്റെ സ്വപ്നങ്ങളെ, നിന്റെ കണ്ണീരിനെ, നിന്റെ പുഞ്ചിരിയെ, നിന്റെ മൗനത്തെ,നിന്റെ ഉന്മാദത്തെ, നിന്റെ നീണ്ടുരുണ്ട കന്നല്‍ മിഴികളെ, നിന്റെ പളുപളുപ്പുള്ള ചെമന്ന ചുണ്ടുകളെ,നിന്റെ പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അഗ്നിപര്‍വ്വത മുഖത്തെ മുലഞെട്ടുകളെ, നിന്റെ പൊക്കിള്‍ച്ചുഴിയില്‍ നിന്നും താഴേക്കു വരവരച്ചിറങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണരോമങ്ങളെ, നിന്റെ വെണ്ണക്കല്‍ത്തുടകള്‍ താങ്ങുന്ന യോനിപ്പാത്രത്തെ, അതിന്റെ ഉള്ളിലിരിക്കുന്ന ചുവന്നപൂവിനെ,നിന്റെ സീല്‍ക്കാരങ്ങളെ, നിന്റെ മദനീരിനെ, നിന്റെ രതിമൂര്‍ച്ചകളെ, നിന്റെ നഗ്ന പാദങ്ങളെ, നിന്റെ വിശുദ്ധിയെ, നിന്നെ നിന്നെ നിന്നെ. നിന്നെത്തന്നെ പൂര്‍ണ്ണമായ്.
അവര്‍ ശിവന്‍കുന്നിന്റെ താഴ്‌വാരത്തിലൂടെ കൈകോര്‍ത്തുപിടിച്ചു നടന്നു. ഇതൊക്കെ എന്തിനാണെന്നറിയില്ല സുനി…എങ്ങോട്ടാണെന്നുമറിയില്ല.
എനിക്കു പേടിയാവുകയാണ്. എന്ന് ഒരു സാധാരണ പ്രണയകഥയിലെ നായികയെപ്പോലെ പറയാന്‍ അവള്‍ ആഗ്രഹിച്ചില്ല. മറിച്ച് അവള്‍ പറഞ്ഞു: എനിക്കറിയാം
എന്ത്…..? എങ്ങോട്ടാണെന്ന്
എങ്ങോട്ടാണ്
പറയാം. സമയമായിട്ടില്ല.
ജോണ്‍ സാമുവേലിന്റെ കയ്യില്‍ കോര്‍ത്തു പിടിച്ചിരുന്ന അവളുടെ കൈ ഉയര്‍ത്തി, അതിനൊപ്പം ഉയര്‍ന്നു വന്ന ജോണ്‍ സാമുവേലിന്റെ കയ്യില്‍ അവള്‍ ഉമ്മ വച്ചു. പിന്നെ മഴപോലെ ഉമ്മകള്‍ പെയ്തിറങ്ങി.
ആരാ വഴി പറഞ്ഞു തന്നത്
എന്റെ ഉള്ളിലുള്ളവള്‍
അതാരാണ്.
ഇവിടേക്കുള്ള വഴി പറഞ്ഞു തരുന്നവള്‍ ആരാണ്. അവള്‍
വഴി തെറ്റിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. വലത്തേക്ക്…….ഇടത്തേക്ക്…നേരെ…ഇടത്തേക്ക് തിരിയ്…ആരോടും വഴി ചോദിച്ചില്ല. ഉള്ളില്‍ ഒരാള്‍ ഉള്ളപ്പോള്‍ പിന്നെന്തിന് മറ്റൊരാളോട് വഴി ചോദിക്കണം.
ഞാന്‍ കണ്ടു: കുളിച്ച,് ഈറന്‍ മുടി കോതിയൊതുക്കി, ഉച്ചവെയിലിലുണക്കിയ വെള്ളയില്‍ ചുവന്ന പൂക്കളുള്ള ബ്‌ളൗസും, വാഴക്കൂമ്പിന്റെ നിറമുള്ള അരപ്പാവാടയും ധരിച്ച് ഒരാള്‍ ഒരു കൊച്ചു വീടിന്റെ മുന്നില്‍ നില്‍ക്കുന്നത്. അവളുടെ നെറ്റിയില്‍ അന്തിച്ചോപ്പിന്‍ നിന്നും തൊട്ടെടുത്ത കുറിയുണ്ടായിരുന്നു. ചുണ്ടുകളി ല്‍ മുല്ലപ്പൂവിടരുന്ന മന്ദഹാസമുണ്ടായിരുന്നു. അവള്‍ നീയായിരുന്നു. സുനിത. സുനിതാ ജനാര്‍ദ്ദനന്‍.
അത്ഭുതത്തോടെ അവള്‍ തന്നെത്തന്നെ നോക്കി. വെള്ളയി ല്‍ ചുവന്നപ്പൂക്കളുള്ള ബ്‌ളൗസ്. വാഴക്കൂമ്പിന്റെ നിറമുള്ള അരപ്പാവാട
നുണ………നുണ……. ഇതെന്നെ കണ്ടപ്പോള്‍.
അല്ല. സത്യം സത്യമായി ഞാന്‍ പറയുന്നതു. എന്റെ ഉള്ളിലിരുന്ന ആള്‍ ഇതുതന്നെയാണ്. എന്നെ വഴി നടത്തിയ ആള്‍.
നമുക്കിവിടെ ഇരിയ്ക്കാം. ക്ഷീണം തോന്നുന്നു. അവളുടെ മടിയില്‍ തല വച്ച് ജോണ്‍ സാമുവേല്‍ കിടന്നു. മുഖത്ത് വെട്ടിയൊതുക്കി നിര്‍ത്തിയിരുന്ന രോമങ്ങള്‍ക്കിടയയിലൂടെ വിരലോടിച്ചിട്ട് അവള്‍ പറഞ്ഞു ”രണ്ടുമൂന്നെണ്ണം വെളുത്തിട്ടുണ്ട്. പറിച്ചു കളയട്ടെ.
വേണ്ട അതു കണ്ടിട്ട് നിനക്കെന്നെ വേണ്ട എന്നു തോന്നുന്നുണ്ടോ…..? ഉണ്ടെങ്കില്‍….
ഞാനീ മുടിയുടെ കറുപ്പിനെയല്ലല്ലോ സ്‌നേഹിച്ചത്
നീ എന്നെ വിട്ടുപൊയ്‌ക്കോ. ഒരു സാധാരണ പ്രണയ കഥയിലെ പ്രേമം പോലും പകര്‍ന്നു നല്‍കാന്‍ എനിക്കാവില്ല.
ഞാന്‍ സ്‌നേഹിച്ചത് പ്രായത്തെയല്ലല്ലോ.
എങ്കിലും….
ഒരെങ്കിലുമില്ല. അവള്‍ ജോണ്‍ സാമുവേലിന്റെ മുഖത്തോടു മുഖം ചേര്‍ത്തു ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞു. എന്നിട്ട് ചെവിയില്‍ പറഞ്ഞു. ”ഞങ്ങള്‍ക്കൊരു ദൈവമുണ്ട്. ശിവനും പാര്‍വ്വതിയും. കണ്ടിട്ടുണ്ടോ, അര്‍ദ്ധനാരീശ്വരനെ. നീ യെന്റെ ശിവനാണ്. ഞാന്‍ നിന്റെ പാര്‍വ്വതിയും.
ജോണ്‍ സാമുവേല്‍ കൈകളുയര്‍ത്തി അവളുടെ മുഖം കോരിയെടുത്ത് ചുണ്ടുകളില്‍ ഒരു വിശുദ്ധചുംബനം നല്‍കി. ഇന്നു മുതല്‍ മരണം വരേക്കും. അയാളുടെ കൈകള്‍ക്കുള്ളിലൂടെ അവള്‍ ആകാശത്തേക്കു നോക്കി. ആകാശത്തിന്റെ നാണം ഒരു കൊച്ചു മേഘം വന്നു മറച്ചു. കൃത്യമായും നാണിക്കേണ്ട ഇടം മാത്രം. ഒട്ടും കൂടുതലും ഒട്ടും കുറവുമില്ലാതെ.
എനിക്കൊരു ദൈവത്തെ അറിയാം. ദൈവമല്ല രാജാവ്. ഗ്രീസില്‍ പൗരാണിക കാല ത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവ് മനോഹരമായ ഒരുദ്യാനം പണികഴിപ്പിച്ചു. അതിനുചുറ്റും വലിയകോട്ട മതില്‍ കെട്ടിയുണ്ടാക്കി, പടി വാതി ലും വച്ചു. ചെടികള്‍ വെയിലിലും മഴയിലും തഴച്ചു വളര്‍ ന്നു. പക്ഷേ ഒന്നും പൂത്തില്ല. പൂവിട്ടില്ല. രാജാവിനു സങ്കടമായി . ഒരു ദിവസം ഉദ്യാനത്തില്‍ വിഷാദിച്ചിരുന്ന രാജാവിനോടു ഒരു ദേശാടനക്കിളി പറഞ്ഞു. ”ആ വാതില്‍ തുറന്നിടുക. കുട്ടികളാണ് പൂക്കളെ കൊണ്ടു വരുന്നത്. അവര്‍ വരട്ടെ.” വാതില്‍ തുറന്നിട്ട ആദ്യ പ്രഭാതത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ഉദ്യാനത്തിന്റെ വാതില്‍ക്കലെത്തി. അപ്പോള്‍ ആദ്യ ത്തെ പൂവ് വിരിഞ്ഞു. അവള്‍ നടക്കല്ലുകള്‍ എണ്ണിക്കയറി. നടക്കല്ലുകള്‍ക്ക് മുകളില്‍ രാജാവു നിന്നിരുന്നു. ഉദ്യാനം പൂത്തു കൊഴുത്തു. പറവകളും പക്ഷികളും വണ്ടുകളും വന്ന് പൂക്കളെ അനുഗ്രഹിച്ചു. അവള്‍ പടവുകള്‍ക്കു മേലെയെത്തിയപ്പോള്‍ അവള്‍ക്ക് പതിനെട്ടു വയസ്സായിരുന്നു. അവളുടെ മുഖപടം മാറ്റി, കണ്ണുകളില്‍ നോക്കി രാജാവ് അവളെ കൈകളില്‍ കോരിയെടുത്ത് മണിയറയിലേക്കു പോയി.
അപ്പോള്‍ പൂക്കളില്‍ കായ്കള്‍ വിരിഞ്ഞു….കഥപറഞ്ഞിട്ട് ജോണ്‍ സാമുവേല്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ കണ്ണുകള്‍ പറഞ്ഞു ”ഒരു കഥ കൂടി”
ഞാനൊരു കഥ കൂടി പറയാം എന്നു പറഞ്ഞിട്ടവന്‍ അവളെ കോരിയെടുത്ത് അവളുടെ ചുണ്ടുകളില്‍ ആര്‍ത്തിയോടെ ചുംബിച്ചു. എന്നിട്ട് ചോദിച്ചു ”ഉത്തരം പറയാമോ……?”
അവന്റെ കൈകളില്‍ നിന്നും ഝടുതിയില്‍ താഴെയിറങ്ങി അവള്‍ പറഞ്ഞു, ”ഉത്തരം എനിക്കറിയാം. പക്ഷേ ഇപ്പോള്‍ പറയിയേല.”
വേണ്ട എനിക്കറിയാം. എത്രയോ ജന്മങ്ങളായി ഞാനതു കേട്ടു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേഹിച്ചു തീരാത്ത ഭാര്യ. അതിന്റെ മുന്‍ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേഹിച്ചു തീരാത്ത ഭാര്യ. അതിന്റെയും മുന്‍ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേഹിച്ചു തീരാത്ത ഭാര്യ. അതിന്റെയും മുന്‍ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേ തീരാത്ത ഭാര്യ. അതിന്റെയും മുന്‍ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേഹിച്ചു തീരാത്ത ഭാര്യ. അതിന്റെയും മുന്‍ ജന്മത്തില്‍ നീയെന്റെ ഭാര്യയായിരുന്നു. സ്‌നേഹിച്ചു തീരാത്ത ഭാര്യ
അപ്പോള്‍ അടുത്ത ജന്മത്തില്‍ നമ്മളുണ്ടാകില്ല. പുനര്‍ജ്ജനിയുടെ ചക്രങ്ങള്‍ പൂര്‍ത്തിയാക്കി നീ എന്നിലും ഞാന്‍ നിന്നിലും ലയിക്കും. അപ്പോള്‍ നമ്മള്‍ നമ്മള്‍ ബ്രഹ്മത്തില്‍ ലയിക്കും.
അത് ഓര്‍മകളുടെ കൈപ്പുസ്തകത്തില്‍ ഒന്നാം ദിനമായിരുന്നു.
അപ്പോള്‍ വൈകുന്നേരമായിരുന്നു. പിന്നെ സന്ധ്യയായി. സന്ധ്യ പിന്നെ ഇരുളായി. മഴയുടെ വരവ് മരങ്ങള്‍ അറിഞ്ഞിരുന്നു. കാറ്റാണ് മരങ്ങള്‍ക്ക് അറിവുപകര്‍ന്നു കൊടുത്തത്. ഇലകളില്‍ നിന്നും ഇലകളിലേക്ക്…. ഇത്തിരി നേരം കണ്ണടച്ച് മരങ്ങള്‍ കാതോര്‍ത്തു നിന്നു. മഴ വരുമോ
വരുമോ വരുമായിരിക്കും.
പിന്നെ തിരുത്തി. പറഞ്ഞതു കാറ്റല്ലേ. വരും. വരാതിരിക്കില്ല.
കൈകള്‍ വിടര്‍ത്തി മരങ്ങള്‍ കാത്തു നിന്നു. മരത്തിലിരുന്ന കിളികളും അതു കേട്ടിരുന്നു. എന്തൊക്കെയോ മാറ്റങ്ങളുണ്ട്. മഴയുടെ വരവറിയാന്‍ ഒന്നു പറന്ന് നോ ക്കാം. ചിറകിനടിയില്‍ തടയുന്ന ചൂടില്‍ മഴയുടെ വരവറിയാം. അവ തലങ്ങും വിലങ്ങും പറന്നു നോക്കി. മഴ വരും വരാതിരിക്കില്ല. കാത്തിരിക്കാം. കാത്തിരിക്കുക. കാത്തിരിപ്പിന്റെ മേളങ്ങള്‍ക്കിടയില്‍ ഒരില, ചില്ല മറന്ന് താഴേക്ക് പാഞ്ഞു. മണ്ണിനെ അറിയിക്കണം.
മണ്ണു ചോദിച്ചു. ”എന്താണ്……….?” ചൂടളക്കാന്‍ വന്നതാണ്. തൊട്ടു നോക്കി, മഴ വരുമോ എന്നറിയാന്‍. വരും. വരാതിരിക്കില്ല. ഞാന്‍ വിളിച്ചാല്‍ തീര്‍ച്ചയായും വരും.
എന്നാല്‍ വിളിക്ക്
വിളിക്കാം. സമയമായില്ല.
മണ്ണൊളിപ്പിച്ചു വച്ച വിത്തെല്ലാം കരഞ്ഞു ”മുളയ്ക്കണം” മുളപൊട്ടി, ഈരിലയായി, നാലിലയായി, വെ ള്ളിനാരുകള്‍ പടര്‍ത്തി, വളര്‍ന്ന് വളര്‍ന്ന്…..മഴവേണം. കൂപമണ്ഡൂപങ്ങള്‍ കരഞ്ഞു. മഴവേണം. വെള്ളം തേടിപ്പോയ വേഴാമ്പലും കരഞ്ഞു. മഴവേണം. എല്ലാവരും കാത്തിരുന്നു.
മണ്ണ് വിളിച്ചു: വാ
മണ്ണ് വിളിച്ച് കാത്തിരുന്നു. കാത്തിരപ്പിന്റെ അഗ്നിയില്‍ ഉലയൂതി വെന്തുരുകിയപ്പോള്‍ മണ്ണ് വിളിച്ചു. വാ… എന്താ വൈകുന്നത്. ഞാന്‍ കാത്തിരിക്കുന്നു.
അപ്പോള്‍ മണ്ണിന്റെ ഉഷ്ണത്തിനുമേല്‍ ഒരു തണുത്ത കാറ്റു വീശി. പിന്നെ ഒരെണ്ണം കൂടി. പിന്നെയും ഒരെണ്ണം കൂടി. മഴ വരുമോ……….? തൊട്ടു വിളിച്ച് ചോദിച്ച നാലുകാലുള്ള മക്കളോടും, ചിറകുള്ള മക്കളോടും മണ്ണുപറഞ്ഞു: മഴ വരും. വരാതിരിക്കില്ല. ഞാനല്ലേ വിളിച്ചത്
അവര്‍ മല മുഴക്കിയും, വട്ടം ചുറ്റിയും മഴയെ വരവേല്‍ക്കാന്‍ ഒരുക്കം കൂട്ടി. ചെമ്പു കുടത്തിലെ വെള്ളിപ്പാമ്പുകളെ നീട്ടിയെറിഞ്ഞ്, വഴിതെളിച്ച്, ആകാശ സഞ്ചാരി മണ്ണിന്റെ പുതുമണമറിയാന്‍ ആ കാശച്ചെരുവിലൂടെ താഴേക്കു നടന്നു. കണ്ണുവെട്ടിച്ച്, അനുസരണകെട്ട് ഒരെണ്ണം കുടത്തില്‍ നിന്നും പുറത്തു ചാടി. അതിനെപ്പിടിക്കാന്‍ കൈനീട്ടവേ, ചെമ്പുകുടം കൈവിട്ടു പോയി. വെള്ളിപ്പാമ്പുകള്‍ ഒന്നിനു പിറകെ ഒന്നായി മണ്ണിലേക്ക്…കൈവിട്ട ചെമ്പുകുടം ഉരുണ്ടുരുണ്ട്, തട്ടിയും മുട്ടിയും പെരുമ്പറയായി. ആകാശത്തിനും മണ്ണിനുമിടയിലെ ഇത്തിരിയിടത്തില്‍ വെള്ളിപ്പാമ്പുകളും പെരുമ്പറയും കൊട്ടിക്കേറി.
മണ്ണുപറഞ്ഞു: നിര്‍ത്ത് കൊട്ടിക്കേറ്റം. മഴ വരട്ടെ
മഴ പറഞ്ഞു: ഞാന്‍ വരുന്നു.
പതം വന്ന ചെമ്പുനിറമുള്ള മണ്ണ് കാതോര്‍ത്തു. മഴ വരുന്നു. മഴ പുറപ്പെട്ടിട്ടുണ്ട്. നിറം മങ്ങിയ വെയിലിനപ്പോള്‍ കൊന്നപ്പൂക്കളുടെ നിറമായിരുന്നു. ഇനിയും മങ്ങി മങ്ങി, മുഷിഞ്ഞ്, ചുരുണ്ട്, ഇരുണ്ട് കഴിയുമ്പോള്‍ മഴ വരും.
പിന്നെ മാനത്തു നോക്കി മണ്ണു വിളിച്ചു. വരൂ, എന്നിലേക്ക്
മണ്ണ് ആര്‍ദ്രയായി വിളിച്ചു. അതു കേട്ട കാറ്റ് മാനത്തുനിന്നും ഒരു തുള്ളിയടര്‍ത്തിക്കൊണ്ടു വന്നു. മണ്ണിനു മീതെ ഒരു തുള്ളി വെള്ളം വീണു നിറഞ്ഞു. മണ്ണ് തിരസ്‌കരിച്ചു. അത് മണ്ണിന്റെ പരിഭവമായിരുന്നു. വരാമെന്ന് പറഞ്ഞിട്ട്……. വൈകിയത്. പിന്നെ ഒന്ന്, രണ്ട്, മൂന്ന്… ആകാശം തണുത്തു തണുത്ത്, പൊടിഞ്ഞു പൊടിഞ്ഞ് മണ്ണില്‍ പതിച്ചു. ആകാശത്തിന്റെ സ്‌നേഹം പെയ്തിറങ്ങിയപ്പോള്‍ മണ്ണ് വശംവദയായി. പെണ്ണിന്റെ സമര്‍പ്പണം. എല്ലാം മറന്നുള്ള അര്‍പ്പണം.
അള്ളാപ്പാറയുടെ ഇരുണ്ട ആകാശത്തു നിന്നും പുതു മഴ പെയ്തു. പിന്നെ അത് പരീക്കപ്പീടികയുടെ ഭൂമികയിലേക്ക് പടര്‍ന്നു പിടിച്ചു. കാറ്റാണത് ചെയ്തത്. ഒരിടത്തു നിന്നും മഴയെ എടുത്തു ചുറ്റും വിതറി. കൃഷിക്കാരന്‍ വിത്തു വിതറുന്നതു പോലെ. വെള്ളത്തുള്ളികള്‍ തെറിച്ചു വീണപ്പോള്‍ മണ്ണ് നാണിച്ചു പോയി. പിന്നെ മണ്ണു പുളച്ചു മറിഞ്ഞു. മണ്ണിനു കുളിര്‍ന്നു. മണ്ണ് നനഞ്ഞു കുതിര്‍ന്നു
”ഞാന്‍ മഴയാണ്” ജോണ്‍ സാമുവേല്‍
ഞാന്‍ മണ്ണാണ്…. സുനിതാ സാമുവേല്‍
മഴ നനഞ്ഞ് ശിവന്‍കുന്നിന്റെ വിജനതയില്‍ നഗ്നരാകുമ്പോള്‍ ജോണ്‍ സാമുവേല്‍ പറഞ്ഞു: ഞാന്‍ മഴയാണ്.
അവനെ അവളിലേക്ക് ആവാഹിച്ചുകൊണ്ട് സുനിതാ സാമുവേല്‍ പറഞ്ഞു: ഞാന്‍ മണ്ണാണ്.
തുടരും…