ഉത്തമ ഗര്‍ഭങ്ങള്‍

385
0

സനു മാവടി

ചില രാത്രികളുടെ
ഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍
പ്രഭാതങ്ങളെ
പേക്കിനാവിന്റെ
നഖക്ഷതങ്ങള്‍ പോലെ
ആഴം കൂടിയതും കുറഞ്ഞതുമായ
മുറി മുഖങ്ങളായി
അപൂര്‍ണ്ണതയുടെ
അനന്ത നീലിമയിലേയ്ക്ക്
നിഷ്‌കരുണം തള്ളിയെറിയാറുണ്ട്.

ചിലത്
പകലിനെ അതിവേഗം
മൊത്തിക്കുടിച്ച്
രാത്രിയുടെ കറുപ്പിലേയ്ക്ക്
കണ്ണുകളെ പറിച്ചുനട്ട്
നൂറുമേനി വിളവിനായി
അത്രമേല്‍ കാത്തിരിക്കാറുണ്ട്.

മറ്റ് ചിലത്
പാല്‍പ്പല്ലുകളുടെ വെണ്മ
എത്രത്തോളമെന്ന്
ഉഷസ്സിലുണര്‍വ്വായി
ഓര്‍മ്മയെ ബോധ്യപ്പെടുത്തി
അസ്തമിക്കാത്ത
ഒരു ഉദയത്തിലേയ്ക്ക്
യാത്രയാകും…

ഒറ്റപ്പെട്ട് പോകുന്നത്
ഇങ്ങനെ പകലിരവുകളുടെ
മതിലുയരങ്ങളില്‍
ആകുലതകളില്ലാതെ
വിചാരങ്ങളുടെ
ഘോഷയാത്രകളില്‍
വ്യാപൃതരാണ്…..