കാറ്റു പറഞ്ഞ കഥ/അദ്ധ്യായം 7

373
0


കാറ്റ് അതിന് ഇഷ്ടമുള്ള വഴിയെ അടിക്കുന്നു. അപ്പോള്‍ ജലപ്പരപ്പില്‍ ഞൊറികള്‍ വിരിഞ്ഞതുപോലെ ആയിരം അലകള്‍ ഇളകി. അകലെ എവിടെയോനിന്ന് ഓടിയെത്തിയ ഒരിളം കാറ്റ്, എന്റെ മുടിയിഴകളെ പറപ്പിച്ചു. നേര്‍ത്ത ജലകണങ്ങളുടെ നനവുള്ള അദൃശ്യകരങ്ങള്‍, എന്നെ ആശ്ലേഷിക്കുന്നു. എന്റെ ചെവിയില്‍ ആരോ മന്ത്രിക്കുന്നു. ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ കേള്‍ക്കുന്നു.

സീതപ്പെണ്ണ് അള്ളാപ്പാറയുടെ മുകളിലേക്ക് കയറി. പരീക്കപ്പീടികയുടെ സീനായ്മലയാണ് അള്ളാപ്പാറ. അവിടെ ദൈവം ഇറങ്ങിവരുമെന്ന് അവിടെപ്പോയപ്പോഴൊക്കെ അവള്‍ ഓര്‍ത്തു. അള്ളാപ്പാറയില്‍ നിന്നും ഒരു ഗോവണി മുകളിലേക്കു വച്ചാല്‍ ആദ്യത്തെ ആകാശത്തെത്താം. അവിടെ നിന്നും നടന്ന.്
ഒന്നാം ആകാശം കടന്ന്/രണ്ടാം ആകാശം കടന്ന്/ മൂന്നാം ആകാശം കടന്ന്/ നാലാം ആകാശം കടന്ന്/അഞ്ചാം ആകാശം കടന്ന്/ആറാം ആകാശം കടന്ന്/ഏഴാം ആകാശം കടന്ന്/അമ്മയുടെ അടുത്തെത്താം.
അവള്‍ അള്ളാപ്പാറയില്‍ ഇരുന്നു. ചുട്ടു പഴുത്ത അള്ളാപ്പാറ തണുക്കാന്‍ തുടങ്ങിയിരുന്നു. പാറയുടെ ചൂട് അവളുടെ ചന്തിയിലൂടെ മുകളിലേക്കു അരിച്ചു കയറി. സുഖമുള്ള ഒരിളം ചൂട്. മരങ്ങള്‍ക്കപ്പുറത്തെ ചക്രവാളം അവളുടെ അരികിലാണെന്നു തോന്നി. തെളിഞ്ഞ ആകാശത്ത് തൊണ്ടിപ്പഴം പോ കടും ചുവപ്പിലൊരു ചെമ്പഴം. അവള്‍ ചോദിച്ചു: ”നിന്നെ ഞാന്‍ തിന്നോട്ടെ. തോണ്ടിത്തോണ്ടി മതിയാകുവോളം”
അള്ളാപ്പാറയില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ചൂടുകാറ്റ,് അവളുടെ കാതില്‍ പറഞ്ഞു: നിന്നെപ്പോലെ തന്നെ പണ്ടീ മണ്ടത്തരം പറഞ്ഞ ഒരാളുണ്ട്. ഞങ്ങളുടെ ജ്യേഷ്ഠന്‍, വായു പുത്രന്‍, ഹനുമാന്‍. അച്ഛന്റെ വേഗത വരദാനമായി കിട്ടിയ ജ്യേഷ്ഠന്‍. വയറന്‍. ജനിച്ചയുടനെ ഭക്ഷിക്കാനുള്ള ഫലമെന്നു കരുതി, സൂര്യന്റെ അടുത്തേക്കു നീങ്ങി. സൂര്യനടുത്തെത്തുന്നതിനു മുമ്പ്, അതിലെ വന്ന ദേവേന്ദ്രന്റെ ആന, ഐരാവതത്തി ന്റെ രത്‌നങ്ങള്‍, ഭോഷന്‍, പഴമെന്നു കരുതി തിന്നാനായി അങ്ങോട്ടു പോയി. ദേവേന്ദ്രന്‍ വജ്രായുധമെടുത്ത് ഒരേറ്. താടിക്കു പരിക്കു പറ്റി തീറ്റ ഒഴിവാക്കി. പക്ഷേ മകന്റെ താടിയുടെ പരിക്കു കണ്ട, വായു ഭഗവാന്‍ മകനേയും കൊ ണ്ട് പാതാളത്തില്‍ പോയി ഒളിച്ചിരുന്നു. ഭൂമിയില്‍ വായു, പ്രാണവായു പോലും ഇല്ലാതായി.
വെള്ളം ഒഴുകിയില്ല./ഇലകള്‍ അനങ്ങിയില്ല. /പഴങ്ങള്‍ പൊഴിഞ്ഞില്ല. /നിലച്ച ഒച്ചകള്‍./അറ്റുപോയ വാക്കുകള്‍. പിന്നെ അതെങ്ങനെ പരിഹരിക്കപ്പെട്ടു എന്ന് കാറ്റ് പറഞ്ഞില്ല. അവള്‍ ചോദിച്ചുമില്ല. ഞങ്ങളും ഇടയ്ക്കിടെ പാതാളത്തില്‍പ്പോകും. അപ്പോഴാണ് ഭൂമിയില്‍ ഉഷ്ണമുണ്ടാകുന്നത്. എന്ന് പറഞ്ഞ് കാറ്റ് അള്ളാപ്പാറയുടെ പാര്‍ശ്വത്തിലുടെ താഴേക്കിറങ്ങിപ്പോയി.
ഛേ.! ഇലകള്‍ക്കിടയിലൂടെ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കു നോക്കിയിട്ടവള്‍ പറഞ്ഞു: ”കഥ കേള്‍ക്കാന്‍ പോയതുകൊണ്ട്, ആകാശത്തെ തൊണ്ടിപ്പഴം കാക്കകൊത്തി കടലിലിട്ടല്ലോ. തിന്നാനും പറ്റിയില്ല, കാണാനും പറ്റിയില്ല. കാറ്റുപോയ വഴിയിലൂടെ അവളും അള്ളാപ്പാറയുടെ പാര്‍ശ്വത്തിലൂടെ താഴേക്കിറങ്ങി.
കണ്ണാടി ഒരു മാന്ത്രികനാണ്.കണ്ണാടി കണ്ടുപിടിച്ച ആള്‍, അതിലും വലിയ മാന്ത്രികനാണ്. കണ്ണാടി കണ്ടുപിടിച്ച ആളെ കണ്ടുപിടിച്ച ആള്‍, അതിലും, അതിലും വലിയ മാന്ത്രികനാണ്.കണ്ണാടി കണ്ടുപിടിച്ച ആളെ, കണ്ടുപിടിച്ച ആളെ, കണ്ടുപിടിച്ച ആള്‍ അതിലും അതിലും അതിലും വലിയ മാന്ത്രികനാണ്. കണ്ണാടി കണ്ടുപിടിച്ച ആളെ, കണ്ടുപിടിച്ച ആളെ, കണ്ടുപിടിച്ച ആളെ, കണ്ടുപിടിച്ച ആള്‍ അതിലും അതിലും അതിലും അതിലും വലിയ മാന്ത്രികനാണ്. സീത ഒരു മുറിക്കണ്ണാടിയിലേക്കു നോക്കി അത്ഭുതപ്പെട്ടു നിന്നു. കണ്ണാടി കണ്ടുപിടിച്ച, കണ്ടുപിടിച്ച, കണ്ടുപിടിച്ച, കണ്ടുപിടിച്ച, കണ്ടുപിടിച്ച….കാക്കത്തൊള്ളായിരം പ്രാവശ്യങ്ങള്‍ക്കപ്പുറത്തുള്ള, കണ്ടുപിടിച്ച ആള്‍, അതിലും അതിലും അതിലും അതിലും അതിലും …. മണ്ണിത്തൊള്ളായിരം പ്രാവശ്യങ്ങള്‍ക്കപ്പുറത്തുള്ള, അതിലും വലിയ മാന്ത്രികനെ, ഒന്നു കണ്ടിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു. സീതയെ ഇത്തിരികൂടി സുന്ദരിയാക്കാന്‍ മേലാഞ്ഞോന്നു.പിന്നെ അവള്‍ മുറിക്കണ്ണാടി മാറ്റിവച്ചിട്ടു പറഞ്ഞു:ഏയ്, സീത സുന്ദരിയാ….
ഈ പൊട്ടകണ്ണാടി…കണ്ണാടി മാറ്റിവച്ചിട്ടവള്‍ ഒന്നു ചിരിച്ചു. സീത സുന്ദരിയാ….സുനിതേടെ കയ്യീ വല്ല്യ കണ്ണാടി കാണുമായിരിക്കും. അതൊന്നു മേടിച്ചോണ്ടു വന്നിട്ട്, ഇതൊക്കെയൊന്നഴിച്ചിട്ട്, എന്നെ ഒന്നു കാണണം. ഈ നോവലുകളിലൊക്കെ പറയുന്ന സുന്ദരിമാരെ പോലാണോന്നറിയണം. ഇല്ലേലാ വലിയ മാന്ത്രികനോടു നാലു നല്ലതു പറയണം. അത്രത്തോളമെത്തിയപ്പോഴാണ് അവള്‍ ഓര്‍ത്തത് ഓ…! സുനിതേടെ കണ്ണാടി ….സുനിതേടെ കണ്ണാടി സുനിതയെപ്പോലുള്ളോര്‍ക്കല്ലേ. അതില് എന്നെപ്പോലുള്ളോര്….സുനിത സുന്ദരിയല്ലേ… നല്ല സുന്ദരിപ്പെണ്ണ്. സീതയും സുന്ദരിയാ… എന്നാലും.!ആ ”എന്നാലും” അവള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല. ഒത്തിരിയൊത്തിരി നിര്‍ബന്ധിച്ചിട്ടും മനസ്സൊരു പൊരുത്തപ്പെടലിനു തയ്യാറായില്ല.
അവള്‍ ഉമ്മറത്തെ അരമതിലില്‍ കാലാട്ടി ദൂരേക്ക് നോക്കിയിരുന്നു. മനസ്സപ്പോള്‍ ഒരു താരതമ്യപഠനത്തിലായിരുന്നു.
മാര്‍ക്കിടീല്‍ കഴിഞ്ഞപ്പോള്‍ സീത ഓര്‍ത്തു ഇതു വേണ്ടായിരുന്നു. ഇതിപ്പോള്‍ ആമ മുയല്‍ ഓട്ടം പോലെ ആയല്ലോ. മാര്‍ക്കിടുന്നതു വരെ സുനിത ആമയും ഞാന്‍ മുയലുമായിരുന്നു. ഇപ്പോള്‍ സുനിത ജയിച്ചു. അപ്പോഴാണവള്‍ ഓര്‍ത്തത്:
പേരെന്താ
എന്റെ പേര് സീത.
അതല്ല.
ഓ…. അതുശരി. അവളുടെ പേരാണല്ലേ
സുനിതാ ജനാര്‍ദ്ദനന്‍
അപ്പോള്‍ അവള്‍ക്കൊരു കാര്യം മനസ്സിലായി സുനിതയുടെ മുന്നില്‍ സീത ആരുമല്ല.
ആ സാറ്….? പെട്ടെന്നവള്‍ തന്നെത്തന്നെ കുറ്റപ്പെടുത്തി: ഓ.! ബുദ്ധിമതിയാണ്. നോക്കീം കണ്ടും ചെയ്യാനറിയാം. പക്ഷേ, ആ സാറിന്റെ പേരുപോലും ഒന്നു ചോദിക്കാന്‍…അല്ല… ആരായാലെനിക്കെന്താ. പക്ഷേ,അങ്ങേരുടെ ആ നോട്ടം….പഴുത്തുകിടക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിനു ചുറ്റും ഒന്നു കൊത്തിനോക്കാനാകാതെ കിളികള്‍ പറക്കുന്നതു പോലെ. അതു വേണ്ടാത്ത നോട്ടമായിരുന്നോ? അല്ല. വേറേ വല്ലോത്തിനും വേണ്ടിയുള്ള നോട്ടമായിരുന്നോ. ഏയ്… അതല്ല. ആ നോട്ടത്തിനൊരു…. എന്താ പറയുക. ങാ…. ഈ എഴുത്തുകാരൊക്കെ പറയുന്ന പോലെ ഒരു വിശുദ്ധിയുണ്ടായിരുന്നു.
ഒരു നല്ല പ്രയോഗം മനസ്സില്‍ തെളിഞ്ഞു വന്ന സന്തോഷത്തില്‍ അവള്‍ പറഞ്ഞു: മുള്‍പ്പടര്‍പ്പിനെ എരിയിക്കാതെ നിന്നു ക ത്തുന്ന അഗ്നിപോലെ. പൂവിനെ നോവിക്കാതെ തേന്‍ കുടിക്കുന്ന ശലഭം പോലെ. തളിരിലയെ തല്ലിത്താഴെയിടാതെ തൊട്ടു തലോടിപ്പോകുന്ന കുളിര്‍ തെന്നല്‍ പോലെ.
പക്ഷേ, എങ്ങനെയായാലും, എങ്ങനെയൊക്കെയായാലും, എന്തായാലും, എ ന്തൊക്കെയായാലും, എന്നാത്തിനായാലും, എന്നാത്തിനൊക്കെയായാലും അയാളെന്തിനാ നോക്ക്യേ? അയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെയില്ലേ? സുനിതയോളം, സുനിതയെക്കാളും പ്രായമുള്ള മക്കളു കാണ്യേലേ? എന്തിനാണയാള്‍ സുനിതയെ അങ്ങനെ നോക്ക്യേ? എന്തിനാണയാള്‍ പേരു ചോദിച്ചത്? ഓ…! ഒരു പേരിലെന്തിരിക്കുന്നു. പെട്ടെന്നാണവള്‍ക്ക് കുറ്റബോധം തോന്നിയത്. പക്ഷേ അയാള്‍ അഡ്ഡ്രസ്സ് ചോദിച്ചില്ലല്ലോ..ഞനെന്തിനാ അതു പറഞ്ഞത്.
പെട്ടെന്നവള്‍ തിരുത്തി:ഞാനല്ലല്ലോ പറഞ്ഞത്. ആരോ എന്നെക്കൊണ്ട്… സത്യമായും. ആരോ എന്നെക്കൊണ്ട്…
അപ്പോള്‍ അവളുടെ ചോദ്യങ്ങളെല്ലാം ഒരൊറ്റ ചോദ്യമായി. എന്തായിങ്ങനെ…. ജീവിതത്തില്‍ ഓര്‍ത്തുകൊണ്ടിരിക്കാന്‍ ഒരാളുണ്ടാവുക ഞാന്‍ ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു എന്നു പറഞ്ഞു കേള്‍ ക്കാന്‍ ഒരാളുണ്ടാകുക എനിക്കൊരാളുണ്ടെന്ന ഓര്‍മ്മയില്‍ ഓര്‍ത്തു കൊണ്ടിരിക്കാന്‍ ഒരാളുണ്ടാവുക. ഓര്‍ത്തോര്‍ത്ത് ഇ ന്നലെയും നാളെയും ഇന്നും ഇന്നും ഇന്നലെയും നാളെയും നാളെയും ഇന്നും ഇന്നലെയും ഒരു കേന്ദ്രബിന്ദുവിലാവുക. സുനിതയ്ക്ക് ആരുമുണ്ടായിരുന്നില്ല. അമ്മ കാറ്റു നക്കികൊണ്ടുപോയ ഒരോര്‍മ. അച്ഛന്‍ ജീവനുള്ള വെറുമൊരോര്‍മ. ആകെയുള്ളത് ഒരു മുത്തിയമ്മ മാത്രം പ്രായമാകുമ്പോള്‍ കെട്ടികിടക്കുന്ന സ്‌നേഹം വാത്സല്യമായി ആരിലേക്കെങ്കിലും പകരേണ്ടേ. അതിനൊരാള്‍. സുനിത. മുത്തിയമ്മയുടെ വാത്സല്യത്തെക്കുറിച്ച് സുനിതയ്ക്ക് അത്രയേ തോന്നിയിരുന്നുള്ളു. പിന്നെയുള്ളത് സീതയാണ്
ഒരേ പ്രായക്കാര്‍. അമ്മയില്ലാത്തവര്‍. കളിക്കൂട്ടുകാരി. കരള്‍ക്കൂട്ടുകാരി. അതൊരു വാ പോയ കോടാലി അവളുടെ വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഒന്നു തുമ്മിയാല്‍ ഇവിടെ കേള്‍ക്കാം. അവള്‍ക്ക് ഒരു എഴുത്തെഴുതേണ്ട കാര്യമില്ലല്ലോ. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. അവള്‍ ഞാനും ഞാന്‍ അവളുമാണ്. അവള്‍ വീണ്ടുമാ എഴുത്തിലേക്കു നോക്കി
ജീവിതത്തില്‍ ആദ്യത്തെതെന്തും അത്രമേല്‍ പ്രിയപ്പെട്ടതാകയാല്‍ ആ എഴുത്ത് അവള്‍ മെല്ലെ മുഖത്തോടു ചേര്‍ത്തു വച്ചു. പക്ഷേ. ഈ എഴുത്ത്. സുനിതയ്ക്ക് ആര് എഴുത്തയയ്ക്കാന്‍. ആരായിരിക്കും. അവള്‍ വംശാവലിയുടെ നാള്‍ വഴികളില്‍ പരതി ഒരു മുഖം പോലും ഓര്‍മ്മയില്‍ തെളിയുന്നില്ല.എങ്കിലും.അതാരായിരിക്കും. പലപ്പോഴും മനസ്സ് തട്ടീം മുട്ടീം നില്‍ക്കുമ്പോള്‍ സീത ഒരു മുട്ടുശാന്തിയായിരുന്നു. പക്ഷേ ഇതെങ്ങനെ സീതയോട്…. വേണ്ട ഇതാരോടും പറയണ്ട. ആ എഴുത്ത് ഒരു സ്വകാര്യ സ്വത്തായി അവള്‍ കണ്ടു ജനാര്‍ദ്ദനന്‍ ഉപേക്ഷിച്ചുപോയ വീടിന്റെ പിന്‍ഭാഗത്തെ തിണ്ണയില്‍ ചെന്നിരുന്ന് അവള്‍ എളിയില്‍ തിരുകിയിരുന്ന എഴുത്തെടുത്തു പെട്ടെന്നൊരു ഭീതിയില്‍ അവള്‍ എഴുത്തിലെ അഡ്രസ്സിലേക്ക് നോക്കി ചിലപ്പോഴൊക്കെ കണ്ണുകള്‍ ചതിക്കും. അവള്‍ ആകാശത്തിന്റെ കണ്ണുകള്‍ കൊണ്ട് എഴുത്ത് പരിശോധിച്ചു.
നക്ഷത്രശോഭയുള്ള അക്ഷരങ്ങള്‍. വടിവൊത്ത് സുന്ദരമായ കൈപ്പട. വലത്തേക്ക് ചെരിച്ച് ഒഴുക്കുള്ള എഴുത്തുരീതി. മയില്‍പ്പീലി കണ്ണുകള്‍ വിടര്‍ത്തി അവള്‍ വായിച്ചു. സുനിതാ ജനാര്‍ദ്ദനന്‍. അവള്‍ പേരിനു മുന്നില്‍ ഒരു ശരിയിട്ടു. ശരിയാണ്. മനയ്ക്കകുഴിയില്‍. ശരിയാണ്.പിന്നെ ഒരു ജലപ്രവാഹമായി കണ്ണുകള്‍ ബാക്കിയെല്ലാം ഒരു ഞൊടിയിടയില്‍ ഒപ്പിയെടുത്തു. ശരിയാണ്. ശരിയാണ്. ശരിയാണ്. എല്ലാം ശരിയാണ്. പക്ഷേ. ആരാണ്. ആരുടേതാണ്. ആരുടേതാണ്. അവള്‍ എഴുത്ത് മറിച്ചും തിരിച്ചും പലവട്ടം ആവര്‍ത്തിച്ചു നോക്കി ഒരു തിട്ടവുമുണ്ടായിരുന്നില്ല. ആരായാലും ആകട്ടെ മനസ്സ് ചിലപ്പോഴൊക്കെ ഒരു അനുരഞ്ജനത്തിന് തയ്യാറാകും. അവളും അതംഗീകരിച്ചു. ആരായാലും ആകട്ടെ
നിറഞ്ഞ ഉദ്വേഗത്തില്‍ അവള്‍ എഴുത്ത് തുറന്നു
നീ സ്‌നേഹിച്ചാലും ഇല്ലെങ്കിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിനക്കായ് മാത്രം ഞാന്‍ ജീവിക്കുന്നു. ആയിരം നോമ്പുകള്‍ നോറ്റ വൃതശുദ്ധിയോടെ.
ജോണ്‍ സാമുവേല്‍
അക്ഷരങ്ങള്‍ ഉതിര്‍ മണികളായി എഴുത്തില്‍ നിന്നും കൊഴിഞ്ഞു വീണു. അവശേഷിച്ചവ ഇലത്തുമ്പിലെ കാറ്റു പോലെ ഊയലാടി. എവിടെയൊക്കെയോ ഒരു നേരിയ വിറയല്‍. അവളോര്‍ത്തു. കാണാത്തതു കാണും കേല്‍ ക്കാത്തതു കേള്‍ക്കും അറിയാത്തതറിയും അതാണീപ്രായം മുത്തിയമ്മയുടെ ഉപദേശം. അതുകൊണ്ടീ ജോണ്‍ സാമുവേല്‍. ഒരു കൈക്കുമ്പിള്‍ വെള്ളം കൊണ്ടവള്‍ മനസ്സ് കഴുകി വെടിപ്പാക്കി. വെള്ളത്തോടൊപ്പം മനസ്സില്‍ നിന്നും ജോണ്‍ സാമുവേല്‍ ഒഴുകിപ്പോയി. എങ്കിലും. ആ എഴുത്തു മാത്രമവള്‍ ഒഴുക്കിക്കളഞ്ഞില്ല ജീവിതത്തില്‍ പ്രിയപ്പെട്ട ഒന്ന് എങ്ങനെ. പ്രിയപ്പെട്ടതെല്ലാം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കണം അവള്‍ എഴുത്ത് ബ്രേസിയറിനും മുലകള്‍ക്കുമിടയില്‍ തിരുകി ഹൃദയത്തോട് ചേര്‍ത്തു വച്ചു
കാറ്റ് അരയാലിന്‍ കൊമ്പിലായിരുന്നു. കേള്‍ക്കുന്നുണ്ടോ. എന്ത്. അസമയത്തെ കാ ലന്‍കോഴിയുടെ കൂവല്‍. എന്ത്! ഞാന്‍ കേട്ടില്ലല്ലോ. കൊത്തിച്ചുടും വെട്ടിച്ചുടും/കൊത്തിച്ചുടും വെട്ടിച്ചുടും.അതിനര്‍ത്ഥമെന്താണ്. അ റിയില്ലേ കണ്ണുകള്‍ പൂട്ടി മനസ്സിന്റെ ആഴങ്ങളിളേക്കിറങ്ങുക വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ കാത്തിരിക്കുക. കാലം എല്ലാം വെളിവാക്കും
പരീക്കപ്പീടികയ്ക്കതൊരു വാര്‍ത്തയായിരുന്നു. ഏറെ നാള്‍ ഓര്‍ത്തിരിക്കാന്‍ ഒരു വാര്‍ത്ത. ഒരു വാര്‍ത്ത കൊട്ടിഘോഷിച്ച് ആഘോഷിച്ചു കഴിയുമ്പോള്‍ നാട് അടുത്ത വാര്‍ത്തക്കായി കാത്തിരിക്കും. അടുത്ത വാര്‍ത്തയെത്തുമ്പോള്‍ ആദ്യത്തെ വാര്‍ത്തയെ നിസ്സാരവത്കരിച്ച് പുതിയ വാര്‍ത്തയുടെ പിന്നാലെ പോകും. അതിന്റെ ആയുസ്സ് അടുത്ത വാര്‍ത്ത വരെയെ ഉള്ളു. പക്ഷേ, പുതിയ വാര്‍ത്ത….അതാരും പ്രതീക്ഷിച്ചിരുന്നില്ല. ഗ്രാമത്തിലെ അമ്മമാര്‍ പെണ്‍മക്കളോടു പറഞ്ഞു കൊടുക്കുമായിരുന്നു ”സീതയെക്കണ്ടു പഠിക്ക്. എന്തൊരൊതുക്കം. എന്തൊരു വിനയം. എന്തൊരൊച്ചടക്കം. അതിനൊക്കെയൊരു യോഗം വേണം”. ആ സീതയില്‍ നിന്ന്
ആദ്യത്തെ വീട്ടില്‍ പത്രം ഇടുന്നതിനൊപ്പം, പത്രക്കാരനാണ് ആ വാര്‍ത്ത പറഞ്ഞത്. അറിഞ്ഞോ…?
എന്താ…?
നിങ്ങളറിഞ്ഞില്ലേ…?
എന്താണ്…?
നിങ്ങളീ നാട്ടിലൊന്നുമല്ലേ ജീവിക്കണേ…?
എന്താ ഉണ്ടായേന്നു പറ
നമ്മടെ സീതേടെ കാര്യം
സീതേടെ എന്തു കാര്യം…?
അറിഞ്ഞിട്ടും അറിഞ്ഞില്ലാന്നു നടിക്കരുത്
സത്യമായിട്ടും അറിഞ്ഞില്ല. എന്താ കാര്യം.?
ഈ നാട്ടുകാരെല്ലാമറിഞ്ഞു. എന്നിട്ടും നിങ്ങളു മാത്രമറിഞ്ഞില്ലാന്നു പറഞ്ഞാ…!
എന്താന്നു പറ. സീതയ്‌ക്കെന്തു പറ്റി?
എന്തു പറ്റാനാ. സീത ഒളിച്ചോടിപ്പോയി. ഇനി പറ്റാനുള്ളതൊക്കെ അതു കഴിഞ്ഞല്ലേ പറ്റൂ. അതോ പറ്റിയോ…. ആര്‍ക്കറിയാം.
ഇതാരാ പറഞ്ഞേ. അവളങ്ങനെ ചെയ്യ്യേല.
ചെയ്യ്യേല. മിണ്ടാപ്പൂച്ച കലമുടയ്ക്കൂന്നല്ലേ പറയണെ. ഞാന്‍ പറഞ്ഞതു കേക്കണ്ട. ഒന്നു തെരക്കി നോക്ക്.
പത്രത്തിനൊപ്പം വാര്‍ത്ത നാടുനീളെയെത്തി. പിന്നെ വാമൊഴിയായും വരമൊഴിയായും വാര്‍ത്ത പെറ്റുപെരുകി.
അരയാല്‍ ചോദിച്ചു: ”അതു സത്യമാണോ..?
കാറ്റു പറഞ്ഞു, ”സത്യമാണ്”
ആരുടെ കൂടെ. പരീക്കപ്പീടികയിലെ ആര്‍ക്കും അറിയില്ല. സുനിതയ്ക്ക്…? ഇല്ല. സുനിതയ്ക്കുപോലും
ഇല്ല. അറിയില്ല
സുഹൃത്തേ, സുഹൃത്തിനറിയാമോ….?
അറിയാം
ആരാണ്?
പട്ടണത്തിലുള്ള ഒരു വലിയ കാശുകാരന്റെ മകന്റെ കൂടെ.
എന്നാല്‍ അതു ചതിയായിരിക്കും.
അല്ല. അവന്‍ ചതിക്കില്ല. അവള്‍ അവന്റെ വിധിയുടെ ഭാഗമാണ്.
സീതയെന്തിയേ വീട്ടില്‍ പറയാതിരുന്നത്.
ഓരോന്നിനും ഓരോ വിധിയുണ്ട്. ദൈവേഷ്ടം, തലേലെഴുത്ത്, വിധി, മക്ബൂത്ത്, ശിരോരേഖ എന്നൊക്കെ പറയാറില്ലേ അതുതന്നെ. നിന്റെ തളിരിലകളില്‍ ഒരെണ്ണം മഞ്ഞയാക്കാനോ, മഞ്ഞയായ ഒന്നിനെ പച്ചയാക്കാനോ നിനക്കു കഴിയുമോ. നിന്റെ പൊഴിയുന്ന ഒരിലയെ തണ്ടില്‍ പിടിച്ചു നിര്‍ത്താനോ, പൊഴിയാത്ത ഒരെണ്ണത്തെ പൊഴിച്ചു കളയാനോ നിനക്കു കഴിയുമോ? വിധിയെന്താണോ അതിനനുയോജ്യമായ സാഹചര്യങ്ങള്‍ സംജാതമാകും. അരയാല്‍ മൗനത്തിലായി
കേട്ടിട്ടില്ലേ
കളഭച്ചുവരുവച്ച വീട്/ഇളംപൂം കല്ല്യാണമാല/ഇന്നാര്‍ക്ക് ഇന്നാരെന്ന്/എഴുതി വച്ചല്ലോ ദൈവം കല്ലില്‍.
എന്നാലും സീതയ്ക്ക് വീട്ടില്‍പ്പറയത്തില്ലാരുന്നോ. ഓരോന്നിനും ഓരോ വിധിയാണ്. ദൈവം പറഞ്ഞു വച്ചിട്ടുള്ളത്. വിധിയെ തടുക്കാനാവില്ലരണ്ടു മനസ്സുകള്‍ തമ്മില്‍ ഇഷ്ടപ്പെട്ടാല്‍….ഒരു മനസ്സും മറ്റൊരു മനസ്സും തമ്മില്‍ ചേര്‍ന്നാല്‍….ഒന്നും ഒന്നും മൂന്നാണ്. സിനേര്‍ജിസം എന്നു പറയും. പിന്നെ അതൊരു പ്രവാഹമാണ്. ഊര്‍ജ്ജ പ്രവാഹം. എന്തിനു തടയണം. തടസ്സപ്പെടുത്താന്‍ ഒത്തിരി കല്ലുകള്‍ ഉണ്ട്. പലപേരുകളില്‍. പല രൂപങ്ങളില്‍. പല ഭാവങ്ങളില്‍. തടയേണ്ട…സ്വതന്ത്രമായ് ഒഴുകട്ടെ. കെട്ടിനിര്‍ത്തിയാല്‍ കെട്ടുപൊട്ടിക്കും. അല്ലെങ്കില്‍ കോളിളകിക്കൊണ്ടിരിക്കും. തടയേണ്ട. ഒഴുകട്ടെ. സ്വതന്ത്രമായ് ഒഴുകട്ടെ. അരയാല്‍ അത്ഭുതം കൂറി. എവിടന്നു കിട്ടി ഈ അറിവുകള്‍.
യാത്രയില്‍ നിന്ന്. യാത്ര. യാത്രമാത്രമാണ് സത്യമായിട്ടുള്ളത്. യാത്രയെന്നാല്‍ ചലനം. നിരന്തരം
ചലിച്ചുകൊണ്ടിരിക്കുക. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്. മറ്റൊന്നില്‍ നിന്നും വേറൊന്നിലേക്ക്. വേറൊന്നില്‍ നിന്നും വേറെയൊന്നിലേക്ക്, വേറെയൊന്നില്‍ നിന്നും മറ്റൊന്നിലേക്ക.് യാത്ര ചാക്രികമാണ്. യാത്ര തുടങ്ങിയിടത്തെത്തികഴിയുമ്പോള്‍ അവിടെയെല്ലാം മാറിയിരിക്കും. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും. വീണ്ടും യാത്ര.യാത്ര
യാത്രയാണ് സത്യം. യാത്ര മാത്രമാണ് സത്യം. യാത്ര മാത്രമാണ് നിത്യ സത്യം.
എത്ര ആലോചിച്ചിട്ടും സുനിതയ്ക്കതുള്‍ക്കൊള്ളാനായില്ല. മഞ്ഞിലുറഞ്ഞ ഒരു ശിലാരൂപമായി അവള്‍ താടിക്ക് കൈയ്യും കൊടുത്തിരുന്നു.
സീത…എന്റെ സീതപ്പെണ്ണ്.
അപ്പോള്‍ അവര്‍ രണ്ടു മഞ്ഞു പ്രതിമകളായി ഏതോ മഞ്ഞു മലയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്നൊരു കാറ്റ് വീശി.മരുഭൂമിയിലെ ചൂടുള്ള കാറ്റ്. കാറ്റില്‍ സീതയുടെ മഞ്ഞുപ്രതിമ ഉരുകി വെള്ളത്തുള്ളികളായി. കാറ്റ് ആ വെള്ളത്തുള്ളികളെയും കൊണ്ട് മരുഭൂമിയിലേക്കു പോയി. അവിടെ വെയില്‍ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്ന മണല്‍ കാട്ടില്‍ മഴയായി പൊഴിച്ചു. മഴയേറ്റിടം തണുത്ത്, നാമ്പുകള്‍ കിളിര്‍ത്ത് പച്ചപ്പിന്റെ ചെറു തുരുത്തായി. അവിടേക്ക് പക്ഷികള്‍ പറന്നു വന്നു. ചൂടാറ്റി പറന്നുപോയി. അവിടേക്കു പറന്നു വന്ന കുരുവികള്‍ കൂടു കൂട്ടി. പുല്‍ച്ചാടികള്‍ ചാടി നടന്നു.
മഞ്ഞുപ്രതിമയില്‍ നിന്നു പുറത്തിറങ്ങി സുനിത പറഞ്ഞു: പ്രിയതോഴി നിനക്കു നല്ലതു വരട്ടെ. നല്ലതു മാത്രം.