എസ്. സുരേഷ് കുമാര്‍ /വര: ഗിരീഷ് മൂഴിപ്പാടം
പതിവിന് വിപരീതമായി അച്ഛന്‍ അന്ന് വീട്ടില്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി കുരുത്തക്കേടുകള്‍ ഒന്നും ഒപ്പിക്കാന്‍ കഴിയാതെ അവശകുമാരനായ് കുത്തിയിരിക്കുന്ന സമയത്താണ് മുകളില്‍ ഇളം മഞ്ഞ പെയിന്റടിച്ച കറുത്ത അംബാസിഡര്‍ കാര്‍ വീട്ടുമുറ്റത്ത് വന്ന് സഡന്‍ ബ്രേക്കിട്ടത്. ഹായ്…!കാറിന്റെ പുറകി ലെ സീറ്റില്‍ കൊച്ചുമാമനും പുതിയ മാമിയും. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. അതിഥികള്‍ കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഞാന്‍ ശടേനെ മുന്‍സീറ്റില്‍ ചാടിക്കയറി. ഒന്ന് ഹോണടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കുടവയറന്‍ ഡ്രൈവര്‍ സമ്മതിച്ചില്ല. പിന്നെ റിയര്‍ വ്യൂ മിറര്‍ ഒന്ന് താഴ്ത്തി തലയൊന്ന് കോതി… ഡ്രൈവറെ നോക്കി ഒന്ന് പുഞ്ചിരിച്ചു നോക്കി… പതിയെ സ്റ്റിയറിംഗില്‍ ഒന്ന് തൊടാന്‍ ശ്രമിച്ചപ്പോള്‍ ആ ഉണ്ടക്കണ്ണന്‍ വണ്ടിയില്‍ നിന്നും ഇറക്കിവിട്ടു. ആ പ്ലെഷര്‍ കാറിനോട് വേദനയോടെ വിടപറയേണ്ടി വന്നെങ്കിലും, മുന്നില്‍ നില്‍ക്കുന്ന നവവധുവിന്റെ കൈകളില്‍ മൂന്ന് നാല് പൊതികള്‍ കണ്ടപ്പോള്‍ മനസ്സ് വീണ്ടും ആര്‍പ്പുവിളിച്ചു. ഓടി ചെന്ന് പൊതികള്‍ കൈക്കലാക്കാന്‍ മനസ്സ് കുതിച്ച് ചാടിയെങ്കിലും അച്ഛന്‍ നില്‍ക്കുന്നത് കണ്ട് മനസ്സിന് കടിഞ്ഞാണിട്ടു. കാരണമുണ്ട്. വീട്ടില്‍ വരുന്ന ആര് എന്ത് തന്നാലും വാങ്ങരുത്. വേണ്ടാ… എന്ന് പറയണം. ഇത് സാക്ഷാല്‍ അംബേദ്കറുടെ കൂടെയിരുന്ന് കട്ടന്‍ചായയും കുടിച്ചുകൊണ്ട് അച്ഛന്‍ തയ്യാറാക്കിയ ഞങ്ങളുടെ വീട്ടിലെ ഭരണഘടനയിലെ 7-ാം ഖണ്ഡിക 3-ാം അനുഛേദം നിഷ്‌കര്‍ഷി ച്ചിട്ടുള്ളതാണ്. ഇത്തരം ഐ.പി.സിയും സ്റ്റാ ന്റിംഗ് ഇന്‍സ്ട്രക്ഷനും ഒക്കെ ഞങ്ങളുടെ വീ ട്ടിലെ പൂച്ചകള്‍ക്ക് പോലും അറിയാം. പക്ഷേ അവറ്റകള്‍ അതൊന്നും പാലിക്കാറില്ല. എന്നാല്‍ എനിക്കത് പാലിച്ചേ പറ്റു. കാരണം ശിശു സംരക്ഷണ നിയമമോ ബാലാവകാശ നിയമങ്ങളൊ ഒന്നും നിലവില്‍ വന്നിട്ടുള്ള കാലമായിരുന്നില്ല അന്ന്. വിരുന്നു പാര്‍ക്കാന്‍ വന്ന പുതുമണവാട്ടി ബ്രിട്ടാനിയയുടെ വലിയ പായ്ക്കറ്റ് എടുത്ത് നീട്ടിയപ്പോള്‍ വള്ളിനിക്കറിട്ട ആ അഞ്ചാം ക്ലാസ്സുകാരന്‍ അച്ഛന്റെ അനുസരണാശീലനായി പതിവ് പോലെ ദേഹം അഷ്ടകോണലായ് വളച്ചുകൊണ്ട് വേണ്ടാ…..വേണ്ടാ….ന്നും പറഞ്ഞുകൊണ്ട് നിന്ന് പരുങ്ങി. എന്തായാലും നീട്ടിപ്പോയതല്ലേ… മണവാട്ടിക്ക് തോറ്റുകൊടുക്കാന്‍ താല്‍പര്യമില്ല./
വാങ്ങിച്ചോടാ… വേറെയാരുമല്ലല്ലോ… മാമിയല്ലേ? മണവാളന്‍ ഇഷ്ട കളത്രത്തിന്റെ ചമ്മല്‍ മാറ്റാന്‍ ശ്രമിച്ചു നോക്കി. മൊത്ത പൊതിയും തട്ടിപ്പറിച്ചുകൊണ്ട് ഒരൊറ്റ ഓട്ടം വച്ചുകൊടുക്കണം എന്ന് മനസ്സ് വെമ്പിയെങ്കിലും ചെറുക്കന്‍ പോറല്‍ വീഴുന്ന ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ വേണ്ട…വേണ്ട…. എന്ന് തനിയാവര്‍ത്തനം വായിച്ചുകൊണ്ട് അവിടമാകെ മണ്ടി നടന്നു.
പുതുമണവാട്ടിക്ക് അതൊരു വലിയ നാണക്കേടായിപ്പോയി. നീട്ടിയപൊതി പിറകോട്ടെടുക്കാനുള്ള ചമ്മല്‍…ങ്ങ്ഹാ…! അത്രയ്ക്കായോ? എന്നാല്‍ പിന്നെ കൊച്ചന്റെ കൈകളില്‍ പിടിപ്പിച്ചിട്ടേയുള്ളു കാര്യം എന്ന മട്ടില്‍ ചെറുക്കനെ പിടിച്ചു നിര്‍ത്തി. പാവം അവരറിഞ്ഞോ ആ കളരി അഭ്യാസിയുടെ മെയ്‌വഴക്കവും മസിലുപിടിത്തവും. അപ്പോഴേക്കും ചെറുക്കന്‍ കിടന്ന് പുളയുന്നു… കുതറുന്നു… വില്ലുപോലെ വളയുന്നു. മണവാട്ടിയും വിടുന്ന മട്ടില്ല. പിടിവലിയില്‍ അവരുടെ സാരിയും മേലാപ്പും ഒക്കെ അഴിഞ്ഞു പോകുമെന്ന ഘട്ടത്തിലായപ്പോള്‍ പാവം ആ സ്ത്രീ തോറ്റു പിന്മാറി.
ഇപ്പോ എങ്ങനെയുണ്ട്.. എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് അച്ഛന്‍.
മാമിയുടെ മുഖം വെളറി വെളുത്തു. അതുകണ്ട് മാമന്റെ മുഖം ഇരുണ്ട് കറുത്തു. എന്തായാലും ഹല്‍വയും ബിസ്‌ക്കറ്റും ഗ്രേപ്പ്‌സുമൊക്കെ അമ്മ വാങ്ങി അടുക്കളയില്‍ കൊണ്ട് വച്ചത് കൊണ്ട് രംഗം കൂടുതല്‍ വഷളായില്ല. കുശലങ്ങള്‍ക്കിടയില്‍ എന്നെയും കൂട്ടികൊണ്ടാണ് അവര്‍ കന്യാകുമാരിക്കു പോകുന്നത് എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ലഡുപൊട്ടി. ആ ശുഭവാര്‍ത്ത എത്രയും വേഗം എന്റെ കൂട്ടുകാരായ പരിഷകളെ അറിയിക്കാന്‍ ഞാന്‍ നിലം തൊടാതെ പുറത്തേക്ക് ചാടി. സെവന്റീസ് കളിച്ചുകൊണ്ടിരുന്ന ശ്രീക്കുട്ടനോടും ബാബുവിനോടും ഞാന്‍ വിശേഷങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അവന്‍മാര്‍ക്ക് ഒരു കുലുക്കവുമില്ല. നമ്മളെത്ര കണ്ടിരിക്കുന്നു…പോടേ…പോടേ…എന്ന മട്ടില്‍ അവന്മാര്‍ കളി തുടര്‍ന്നു. രാംഗോപാലാണ് ചെറുതായെങ്കിലും ഒന്ന് അസൂയപ്പെട്ടത്. ഇവന്‍മാരെ അങ്ങനെ വിട്ടാല്‍ പറ്റൂല്ലല്ലോ. ഞാന്‍ ചിലതീരുമാനങ്ങള്‍ എടുത്തു. ഇവനെയൊക്കെ വീഴ്ത്തിയിട്ടേയുള്ളു കാര്യം. കൊച്ചുമാമന്‍ എയര്‍ഫോഴ്‌സിലായതിനാല്‍ ഞങ്ങള്‍ക്ക് ഫ്രീയായി ഏറോപ്ലേന്‍ കിട്ടുമെന്നും, നാഗര്‍കോവില്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഈ കാര്‍ ഉപേക്ഷിച്ചിട്ട് ഏറോപ്ലേനിലാവും കന്യാകുമാരിക്ക് പോവുക എന്നുമൊക്കെ ഞാനങ്ങ് കീച്ചി. ആകാശത്ത് ഒരു പൊട്ട് പോലെ പറക്കുന്ന ഏറോപ്ലേനിനെ കാണുമ്പോള്‍ ഇവടെ നിന്ന് റ്റാറ്റാ കാണിക്കുന്ന പരിഷകള്‍ക്ക് അതുതന്നെ വേണം. ഏറ്റു. അതങ്ങട് ഏറ്റു. ശ്രീകുട്ടന്റെയും, ബാബുവിന്റെയും മുഖത്ത് ഇപ്പോള്‍ അസൂയയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുകയാണ്.കൂടട്ടെ…കൂടട്ടെ… നന്നായിപ്പോയി. വിശേഷം ചെറുതായൊന്ന് പരന്ന് തുടങ്ങി. മറ്റുള്ളവന്മാരും കളി നിര്‍ത്തി പതുക്കെ പതുക്കെ ഓരോരുത്തരായ് അടുത്തുകൂടാന്‍ തുടങ്ങി. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല. രാജുവിനാണെങ്കില്‍ ദുഃഖം കൊണ്ട് കണ്ഠം ഇടറി.
സത്യം ചെയ്…. നീ ഏറോപ്ലേനിലാണോ പോണത്
അമ്മയാണെ… എന്ന് നാവിന്റെ തുമ്പുവരെ വന്നെങ്കിലും പെട്ടെന്ന് ഞാന്‍ ആളങ്ങ് മാറി.
എനിക്ക് മനസില്ല. നീ വേണേല്‍ വിശ്വസിച്ചാല്‍ മതിവിശ്വസിക്കാതിരിക്കാന്‍ ഇവന്മാരുടെ മാമന്‍മാര്‍ ആരും എയര്‍ഫോഴ്‌സില്ലല്ലോ.
അതുപോട്ടെ… കന്യാകുമാരിയില്‍ എയര്‍ പോര്‍ട്ടില്ലല്ലോ പിന്നെങ്ങനെ പ്ലെയിനിറങ്ങും?ഇതാ അടുത്തവന്‍.
ബഷീറിന് പണ്ടേ താനൊരു വലിയ ബുദ്ധിരാക്ഷസനാണെന്നാ വിചാരം. ഇപ്പോള്‍ എന്റെ രക്ഷയ്ക്ക് രാംഗോപാല്‍ വന്നു.
എയര്‍പ്പോര്‍ട്ടില്ലെങ്കിലും എയര്‍ഫോഴ്‌സുക്കാരുടെ പ്ലെയിന്‍ കടലിലും ഇറക്കാം. രാം ഗോപാല്‍ ഉറക്കേ പ്രഖ്യാപിച്ചു. അങ്ങനെ പറഞ്ഞുകൊടുക്കടാ ചക്കരക്കുട്ടാ! ഈ കണ്ണടക്കാരന്‍ രാംഗോപാല്‍ അടുത്തിടയായി ചെന്നയില്‍ നിന്നും ട്രാന്‍സ്ഫറായി വന്നതാ. ഞങ്ങളെക്കാളുമൊക്കെ ലോകപരിചയം കൂടുതലാണെന്ന് അവന്‍ തന്നെ പറഞ്ഞ് തന്നിട്ടുണ്ട്.
കേള്… കേള്… കേട്ട് പഠിക്ക്. കിണറ്റ് തവളകളെ. രാംഗോപാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ രാജുവിനെ പുച്ഛിച്ചു തള്ളി. രാജു ചമ്മിപ്പോയി. എനിക്ക് സ്‌നേഹം മൂത്തു. ഞാന്‍ രാംഗോപാലിന് വണ്ടിയുണ്ടാക്കാന്‍ ബ്രിട്ടാനിയ
ബിസ്‌ക്കറ്റിന്റെ കൂട് ഫ്രീയായി കൊടുക്കാമെന്ന് രഹസ്യമായി സത്യം ചെയ്തു കൊടുത്തു.
ചേച്ചിമാര്‍ മാമിയുടെ പുതിയ പച്ച കമ്മലില്‍ റിസര്‍ച്ച് നടത്തികൊണ്ട് അടുക്കളയുടെ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്. അവരുടെ ശ്രദ്ധയില്‍പെടാതെ ഞാന്‍ കാര്‍ഗ്ഗില്‍ നുഴഞ്ഞ് കയറ്റക്കാരനായി സ്റ്റോര്‍റൂമില്‍ നുഴഞ്ഞുകയറി. അവിടമാകെ പരതി. അമ്മ ബിസ്‌ക്കറ്റ് പൊട്ടിച്ച് കുപ്പിയിലാക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒരെണ്ണം പോലും ഇതുവരെ പുറത്തെടുത്തിട്ടില്ല. മക്കളോട് സ്‌നേഹമില്ലാത്ത ദുഷ്ട തള്ള. കഷ്ണങ്ങളാക്കപ്പെട്ട ഹലുവ തുണ്ടുകള്‍ കുപ്പിക്കുള്ളിലെ ‘ഭൂതങ്ങളായി ശാപമോക്ഷത്തിനായി എന്നെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ടിരുന്നു. എനിക്ക് പണ്ടേ അലിവാര്‍ന്ന മനസായത് കൊണ്ട് ഞാന്‍ അവറ്റകള്‍ക്ക് ശാപമോക്ഷം കൊടുക്കാമെന്ന് തീരുമാനിച്ചു. ഒരു പിടിവാരി നിക്കറിന്റെ പോക്കറ്റിലാക്കി പുറത്തിറങ്ങി. സത്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഓരോ കഷ്ണം രാംഗോപാലിനും മറ്റും കൊടുക്കണമെന്ന് കരുതിയതാണ്. പക്ഷേ ഒന്നു രണ്ട് കഷ്ണം ഹല്‍വ തുണ്ടുകള്‍ നാവിലൂടെ അലിഞ്ഞിറങ്ങിയപ്പോള്‍ എന്റെ മനസ്സങ്ങ് മാറി. ഇവന്മാര്‍ക്ക് ഈയിടെയായി ഇത്തിരി അഹങ്കാരം കൂടുതലാണ്. പോട്ട് തെണ്ടികള്‍. ഇവനൊന്നും ഹല്‍വ തിന്നാനൊള്ള അര്‍ഹതയില്ല. വേണേല്‍ കൈയൊന്ന് മണപ്പിക്കാന്‍ കൊടുക്കാം അതുമതി.
വിരുന്നുകാര്‍ വന്നതിന്റെ ആഘോഷതിമിര്‍പ്പ് അടുക്കളയില്‍ തുടങ്ങികഴിഞ്ഞു. ഇന്ന് എന്തായാലും ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാവും. തീര്‍ച്ച. പുതുപ്പെണ്ണെക്കെയുള്ളത് കൊണ്ട് പായസവും കാണും. അന്നൊക്കെ ഞങ്ങളുടെ വീട്ടില്‍ കോഴിയിറച്ചി വയ്ക്കുക എന്നാല്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഗാര്‍ഡ് ഡ്യൂട്ടി മാറുന്നത് പോലെയുള്ള വലിയൊരുചടങ്ങ് തന്നെയായിരുന്നു. വല്ല ആണ്ടെക്കോ ചങ്ക്രാന്തിക്കോ മാത്രമേ ആ ചടങ്ങ് നടക്കാറുള്ളു എന്ന് മാത്രം. അച്ഛന്റെ ഒരു ശേഷക്കാരി വത്സല ചേച്ചിയും ഭര്‍ത്താവും അങ്ങ് ബോംബേയിലാ. വല്ലപ്പോഴും അവര്‍ വരുമ്പോഴാണ് വീട്ടില്‍ കോഴിക്കറി മണക്കുന്നത്. സംഭവ ദിവസം രാവിലെ മുതല്‍ വീട്ടില്‍ വലിയ തിരക്കും ബഹളവുമൊക്കെയായിരിക്കും. ചിക്കനെ കുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും പാചക കലാനിധി ബോംബെ ഫെയിം വത്സല സദാനന്ദനാണ് അവസാന വാക്ക്. അമ്മയ്ക്ക് ചിക്കന്റെ സിലബസ് അത്രയ്ക്ക് പിടിയില്ലാത്തതിനാല്‍ എന്തിനും ഏതിനും സംശയങ്ങളാണ്.
വത്സലേ… ഇത്രീം ഉള്ളി മതിയോന്ന് നോക്കിയേ…മസാല അരയ്ക്കുമ്പോ ഈ പട്ടയും കൂടി അരയ്ക്കണോ അതോ പൊടിച്ചു ചേര്‍ത്താല്‍ മതിയോ…?വെളുത്തുള്ളി തികയുമോടീ?വത്സലേ… എരിവ് മതിയാന്ന് ഒന്ന് നോക്കിയേ…..
അമ്മയിലെ സംശയകുമാരി ഉണര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയുമില്ല. അനര്‍ഗ്ഗള നിര്‍ഗ്ഗളമായി സന്ദേഹങ്ങള്‍ അമ്മ പുറപ്പെടുവിച്ചുകൊണ്ടിരിക്കും.
അമ്മായി… മൊളക് കൊറേക്കൂടി ചേര്‍ക്കണം. ഇറച്ചിക്ക് നല്ല എരിവില്ലെങ്കില്‍ ശരിയാവില്ല…ചീഫ് ഷെഫ് വത്സലാസദാനന്ദന്റെ അറിവിന്റെ അങ്ങാടിയിലെ അവസാന വാക്ക്. ഇനി അപ്പീലില്ല. എരിയില്ലേല്‍ പുള്ളി തൊടത്തില്ല….
ഇതു പൊങ്ങച്ചം. പച്ച ഇറച്ചി പാത്രത്തില്‍ വച്ച് കൊടുത്താല്‍ പോലും അസ്സലായിരിക്കുന്നു വത്സലേന്നും പറഞ്ഞ് അനുസരണയോടെ തിന്നിട്ട് എണീറ്റ് പോകുന്ന ഇനമാ ഈ പറഞ്ഞ പുള്ളിയും കോമയും.
ചെറിയഉള്ളി ഇനിയും ചേര്‍ക്കണം എന്ന സെഷന്‍സ് കോടതിവിധി നടപ്പാക്കാന്‍ ശിക്ഷിക്കപ്പെട്ട ചേച്ചിമാര്‍ കരഞ്ഞ് കരഞ്ഞ് ഉള്ളിതൊലിച്ചുക്കൊണ്ടിരിക്കും. അടുക്കളയില്‍ അപ്പോഴേക്കും വലിയൊരു യുദ്ധത്തിന്റെ പ്രതീതി ഉണ്ടായി കഴിഞ്ഞിരിക്കും. ചില സാദാ പടയാളികള്‍ ഇരുന്ന് പറപറാന്ന് തേങ്ങ ചിരണ്ടുന്നത് കാണാം. ചിലര്‍ തേങ്ങാപ്പാല്‍ പിഴിയുന്നു. നമ്മള്‍ ചരിത്രത്തില്‍ ജോര്‍ജ്ജ് ഒന്നാമന്‍ എഡ്‌വര്‍ഡ് രണ്ടാമന്‍ എന്നൊക്കെ കേട്ടിട്ടുള്ളത് പോലെ ഇവിടെയും തേങ്ങാപ്പാല്‍ ഒന്നാമനും തേങ്ങാപ്പാല്‍ രണ്ടാമനും ഒക്കെ ഉണ്ട്. വക്കും ദിക്കും നോക്കി എരിയും രുചിയും നോക്കി ചേര്‍ക്കേണ്ടസമയത്ത് ചേര്‍ക്കേണ്ട രീതിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്താലെ ഇറച്ചിക്ക് സ്വാദ് ഉണ്ടാവുകയുള്ളു. അല്ലാതെ ഇതൊന്നും കളിച്ച കളിയല്ല കേട്ടോ…! വത്സലാ മേം അങ്ങ് സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കും. തേങ്ങാപ്പാല്‍ ചേര്‍ക്കാനുള്ള അവകാശം ശിപായിമാര്‍ക്കില്ല. ചീഫ് ഷെഫിന് മാത്രമേയുള്ളു. ഇതിനിടയ്ക്ക് കുക്കറിന്റെ ചില വിസിലുകളും പൊട്ടലും ചീറ്റലുമൊക്കെ കേട്ടെന്നിരിക്കും. ഞെട്ടരുത്. പോര്‍മുനയില്‍ അതൊക്കെ പതിവാണ്. പടയാളികള്‍ക്ക് എപ്പോഴും ഏകാഗ്രത വേണം. എത്രാമത്തെ വിസിലില്‍ ഫ്‌ളെയിം താഴ്ത്തണം എപ്പോള്‍ ആളികത്തിക്കണം എന്നൊക്കെ ലെഫ്റ്റിനന്റ് കേണല്‍ വത്സലയുടെ ഓര്‍ഡര്‍ ലഭിക്കുമെന്ന് പറയാന്‍ പറ്റത്തില്ല. എല്ലാരും അതീവ ജാഗ്രതയോടെ വേണം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. ഇല്ലെങ്കില്‍ ചീഫ് ഓഫ് ദ ആര്‍മി സ്റ്റാഫ് വയലന്റാവും.
യുദ്ധഭൂമിയിലെ ഈ ബഹളങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് നെഞ്ച് പട പടാന്ന് ഇടിക്കും. കുക്കറില്‍ നിന്നും ചീനച്ചട്ടിയിലോട്ട് ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോഴിയില്‍ മസാലക്കൂട്ടിട്ട് ഇളക്കുമ്പോള്‍ വരുന്ന ഒരുതരം മണമുണ്ട്… എനിക്ക് നാവീന്ന് വെള്ളം ഊറിവരും. എന്നാല്‍ കണ്ണില്‍ നിന്നും ധാരധാരയായ് വെള്ളം ഊറിവരുന്നത് അച്ഛന്റെ അടുത്തിരുന്ന് ചിക്കന്‍ കഴിക്കുമ്പോഴാണ്. ആ പരട്ട വത്സലചേച്ചിടെ വാക്കും കേട്ട് ഉള്ള മുളക്‌പൊടിയും കുരുമൊളകും ഒക്കെ വാരിത്തട്ടി ഇപ്പോ നാവ് മുതല്‍ അണ്ടകടാഹം വരെ ഒരുതരം നീറ്റലാണ്. മൂക്കും പിഴിഞ്ഞ് കണ്ണീരും ഒലിപ്പിച്ചുകൊണ്ട് ചിക്കന്റെ മുമ്പേയിരുന്ന് നിലവിളിച്ചുകൊണ്ടിരിക്കുന്ന കൊച്ചനോട് അച്ഛന്റെ ഇന്‍സ്ട്രക്ഷന്‍.
ഡാ… ആ ചാറും കൂടി എടുത്ത് കഴിക്കടാ….
കേണല്‍ വത്സലാജിയുടെ സ്ട്രാറ്റജിക് ഓപ്പറേഷനില്‍ എവിടെയോ പിഴവ് സംഭവിച്ചുപോയതിനാല്‍ കോഴിമൊത്തം വെന്ത് കലങ്ങി ഒരുതരം സൂപ്പ് പരുവത്തിലായിട്ടുണ്ട്. കഷ്ണം കാണാനേയില്ല. ചില എല്ലുകള്‍ മാത്രം ബാക്കി. പിന്നെ കൊറെ തേങ്ങാപ്പാലും മസാലക്കൂട്ടും കുടുംബകോടതിയിലെ ഭാര്യ ഭര്‍ത്താക്കന്മാരെപ്പോലെ പാത്രത്തിന്റെ രണ്ടറ്റത്തായി പിണങ്ങി പി രിഞ്ഞ് നില്‍പ്പുണ്ട്.
ആകെ കണികാണാന്‍ പറ്റുന്നത് നാലഞ്ച് എല്ലിന്‍ കഷ്ണങ്ങള്‍.
ഡാ… ആ എല്ലെടുത്ത് ഉറിഞ്ച്…. എല്ലിനകത്ത് മജ്ജയുണ്ട്… ദാ… ഇങ്ങനെ അച്ഛന്റെ വക ഡെമോ. ഇവിടെ മനുഷ്യന്റെ മജ്ജയും മാംസവും ഒക്കെ നീറി പണ്ടാരമടങ്ങിയിരിക്കുമ്പോഴാ അച്ഛന്റെ ഒരു ഉപദേശം.
ശരിയച്ചാ…
ഞാന്‍ കരഞ്ഞ് കൊണ്ട് ചാറു കൂട്ടും…. എല്ല് കടിച്ച് വലിക്കും… മൂക്ക് പിഴിഞ്ഞ് നിക്കറില്‍ തേയ്ക്കും… കണ്ണ് തുടയ്ക്കും… ഹോ… ഓര്‍ക്കാന്‍ പോലും വയ്യാ… അതൊരു പീഢനകാലം തന്നെയായിരുന്നു. അതുപോലെയാണ് അന്നൊക്കെ ചപ്പാത്തിയുണ്ടാക്കല്‍ എന്നത് ഒരു ചിന്ന സംഭവം ഒന്നുമല്ല. ബ ക്കിംഗ്ഹാം പാലസ്സിന്റെ അത്രയ്ക്കുള്ള ചടങ്ങുകള്‍ ഇതിന് ഇല്ലെങ്കിലും വാഗാ അ തിര്‍ത്തിയിലെ ഇന്ത്യ പാക്ക് ഗേയ്റ്റ് അടയ്ക്കലിന്റെ ചടങ്ങുകള്‍ തീര്‍ച്ചയായും ഇതിനുണ്ട്. മാവ് കൊല്ലുക എന്ന ഒരു സവിശേഷ ഇനത്തോട് കൂടിയാണ് ചടങ്ങുകള്‍ സമാരംഭിക്കുന്നത്. കോഴിയെ കൊല്ലും ആടിനെ കൊല്ലും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്തിനാണ് ജീവനില്ലാത്ത ഈ പാവം മാവിനെ കൊല്ലുന്നത് എന്നത് എന്റെ എക്കാലത്തെയും സംശയമാണ്. മാവ് കൊല്ലാന്‍ അച്ഛനോ പൗരുഷമുള്ള മറ്റ് ആണുങ്ങള്‍ ആരെങ്കിലും തന്നെ വേണം. വലിയ പുരുഷകേസരി ചമഞ്ഞ് നടന്നിട്ട് കാര്യമൊന്നുമില്ല. എന്നെ ആ പ്രദേശത്ത് ആരും അടുപ്പിക്കത്തില്ല. ഓടിച്ചുവിടും.
മാവ് കൊല്ലുക എന്നാല്‍ മാവിനെ കുഴയ്ക്കുക എന്ന അര്‍ത്ഥം മാത്രമേയുള്ളു. പക്ഷേ ഇന്നത്തപ്പോലെ വെറുതേയങ്ങ് മാവ് കുഴക്കലല്ല. അമ്മേടെ പട്ടാളം വലിയണ്ണന്‍ വിശ്വനാഥന്‍ നായര്‍ പണ്ട് സിംലയില്‍ ഫാമിലികൊണ്ട് പോയപ്പോള്‍ അവിടുന്ന്അടിച്ചുമാറ്റിയ റോട്ടിയുടെ ഒരു രഹസ്യക്കൂട്ട് സ്‌നേഹം മൂത്തപ്പോള്‍ വസുമതി അമ്മായി അമ്മയ്ക്ക് കൈമാറിയിട്ടുണ്ടത്രേ. കൊക്കോകോളയുടെ രഹസ്യം പോലെ ആ റസിപ്പി ഇന്നും അധികം ആര്‍ക്കും കൈമാറിയിട്ടില്ല. ഇളംവെയിലത്ത് ഉണക്കിപ്പൊടിച്ച ഗോതമ്പ് മാവ്. നല്ലെണ്ണ, ഡാല്‍ഡ, ഒരു നുള്ള് സോഡാപ്പൊടി അല്ലെങ്കില്‍ ഈസ്റ്റ്, നെയ്യ്, നാലുതുള്ളി നാരങ്ങാനീര്, വനസ്പതി എന്നിങ്ങനെ നമ്മള്‍ സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത പല ചേരുവകള്‍ ചേര്‍ത്താണ് മാവ് കുഴയ്‌ക്കേണ്ടത്. നനുത്ത നാരകത്തിന്റെ ഇല, മുട്ടനാടിന്റെ പല്ല്, കാഞ്ഞിരത്തിന്റെ വേര് എന്നിവ കൂടി ചേര്‍ക്കണം എന്ന് കല്‍പ്പിക്കാത്തത് ഭാഗ്യം. തുളുനാടന്‍ കളരിയിലെ വായ്ത്താരിപോലെ ഇതിനുമുണ്ടൊരു വായ്ത്താരി. മുഷ്ടി ചുരുട്ടി… ഇടിച്ചു പരത്തി… വലത് കൈ മുന്നോട്ട് വച്ച്… ഞെരിഞ്ഞമര്‍ന്ന്…. ഉരുട്ടി കുഴച്ച്…. ഇടത് കാല്‍ പിന്നോട്ട് വച്ച്… ആഞ്ഞ് ചവിട്ടി… ഇടിച്ച് പരത്തി… എന്നിങ്ങനെ പോകുന്നു ആ വായ്ത്താരി. ഇങ്ങനെ പരുവപ്പെടുത്തി ചുട്ടെടുക്കുന്ന ചെരുപ്പ് പോലത്തൊരു ആഹാര പദാര്‍ത്ഥമാണ് അന്ന് ചപ്പാത്തി എന്ന പേരില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്ന് കരുതിയിട്ടാണോ, അതോ ചപ്പാത്തി എന്ന പേരില്‍ ഒരു ഫെമിനൈന്‍ ടച്ച് ഉള്ളതിനാലാണോ വീട്ടിലെ ആണുങ്ങളൊന്നും അന്ന് വലിയ കുറ്റമൊന്നും പറയാതെ ഈ ചെരുപ്പുകള്‍ തിന്ന് സായൂജ്യം അടഞ്ഞിരുന്നു. പില്‍സ്‌ബെറിയും ആശീര്‍വാദും ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലമായതിനാല്‍ ഞങ്ങള്‍ പിള്ളേര്‍ ഇത്തരം ചെരുപ്പുകള്‍ക്കായ് തപസ്സനുഷ്ഠിക്കാനും തയ്യാറായിരുന്നു. പക്ഷേ കുറ്റം പറയരുതല്ലോ മുടിഞ്ഞ മണമായിരുന്നു അന്നത്തെ ചെരുപ്പുകള്‍ക്ക്. പിന്നല്ലേ… നെയ്യും, നല്ലെണ്ണയും, ഡാല്‍ഡയും ഒക്കെ ചേര്‍ത്ത് കുഴച്ച് ചുട്ടെടുക്കുന്നതല്ലേ… എങ്ങനെ ഏഴുവീട് മണക്കാതിരിക്കും.
അങ്ങനെ അടുക്കളയില്‍ ചപ്പാത്തിയും ചിക്കനുമൊക്കെ വെന്തുയരുമ്പോള്‍ ഞാന്‍ വെന്തുരുകുന്ന മനസ്സുമായി പുറത്ത് കളിക്കുകയായിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് നുഴഞ്ഞ് കയറും സ്റ്റോര്‍ റൂമിലേയ്ക്ക്. ഈ സമയം കൊണ്ട് അലുവയും, ബിസ്‌ക്കറ്റും കൂടാതെ ഗ്രേപ്പ്സ്സും, ഓറഞ്ചും സൂക്ഷിച്ചിരുന്ന ബി യും സി യും നിലവറകള്‍ കൂടി ഞാന്‍ കണ്ടെത്തികഴിഞ്ഞിരുന്നു. നുഴഞ്ഞ് കയറുക നിക്കറിന്റെ രണ്ട് പോക്കറ്റുകളിലും ഇവ കുത്തി നിറയ്ക്കുക. പുറത്ത് ചാടുക. വീട്ടിനുള്ളിലിരുന്ന് തിന്നാലല്ലേ കൈയ്യോടെ പിടിക്കപ്പെടുകയുള്ളു. അങ്ങനെ എത്ര പ്രാവശ്യം എന്റെ പോക്കറ്റുകള്‍ നിറച്ചുവെന്നോ എത്രത്തോളം തിന്നുതീര്‍ത്തുവെന്നോ ഒരു കണക്കുമില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ കൊണ്ട് വന്ന് പലഹാരപ്പൊതികള്‍ മുഴുവനും കാലി.
നാല് മണിയോട് കൂടിയാണ് യാത്രാ സംഘം കേപ് കോമറിനിലേയ്ക്ക് പുറപ്പെടുന്നതെന്ന് അനൗണ്‍ സ്‌മെന്റ് വന്നു. അന്ന് സണ്‍സെറ്റ്, പിന്നെ അമ്പലം വിസിറ്റ്, പിറ്റേന്ന് സണ്‍റൈസ്, ബോട്ട് യാത്ര പിന്നെ റിട്ടേണ്‍ ട്രിപ്പ്. ഇങ്ങനെ പോകുന്നു പ്രോഗ്രാം. എനിക്കിഷ്ടമായി. ഞങ്ങളുടെ പ്രോഗ്രാം ചാര്‍ട്ട് ഉണ്ണിയേയും ശ്രീകുട്ടനേയും അറിയിക്കാന്‍ ഞാന്‍ ഓടി. രണ്ട് ദിവസത്തേയ്ക്ക് ഞാന്‍ ഉണ്ടാവില്ലെന്നും അതുകൊണ്ട് പട്ടം ഉണ്ടാക്കാനുള്ള ഈര്‍ക്കിലും നൂലും പേപ്പറുമെല്ലാം തിരികെ കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ ശ്രീകുട്ടന്‍ വിങ്ങിപ്പൊട്ടി. ഇതിനിടയ്ക്ക് ഞാന്‍ പ്ലേനില്‍ പറക്കാന്‍ പോകുന്ന കാര്യം നാടുമുഴുവന്‍ അറിഞ്ഞിരിക്കുന്നു. എനിക്ക് വയ്യ… ഇവന്മാരുടെ ഒരു കാര്യം…
നിന്ന് കളിക്കാന്‍ സമയമില്ല… ഞാന്‍ പോട്ടേ എന്നും പറഞ്ഞ് ഇത്തിരി വെയിറ്റിട്ട് തന്നെ ഞാന്‍ നടന്നു. ഇവന്മാര്‍ ഇത്തിരി അസൂയപ്പെട്ടോട്ടെ. അല്ല പിന്നെ.
പണ്ടും അങ്ങനെ തന്നെ. നാട്ടിലായാലും വീട്ടിലായാലും അസൂയാലുക്കളെ കൊണ്ട് ഒരു രക്ഷയുമില്ല. ടീം കേപ്‌കോമറീനില്‍ പേരു ചേര്‍ത്തില്ലെന്നും പറഞ്ഞ് ഇളയചേച്ചി കരകരപ്രിയാ രാഗത്തില്‍ മോങ്ങികൊണ്ട് പുരയുടെ ചുറ്റും മണ്ടിനടന്നു നോക്കി. ആരും മൈന്റ് ചെയ്യുന്നില്ലെന്ന് ഉറപ്പായപ്പോള്‍ താനേ നിര്‍ത്തി. എനിക്കാണേല്‍ ആ വീര്‍ത്ത മുഖം കണ്ടപ്പോള്‍ സന്തോഷത്തില്‍ മനസ്സ് ചാടിതിമിര്‍ത്തു.
അങ്ങനെ അലക്കിതേയ്ച്ച ഒരു അള്ളാഹുള്ളാ നിക്കറുമിട്ട് പോണ്‍സിന്റെ അരട്ടിന്‍ കുമ്മായപ്പൊടിയും പൂശി കാറിന്റെ ഡ്രൈവര്‍ സീറ്റിനരികെ ചാടി കയറാന്‍ ഞാന്‍ ഒരുങ്ങുമ്പോളാണ് ഓര്‍ക്കാപ്പുറത്ത് ഒരു വെള്ളിടി മാതിരി….
ജൗളിക്കടയിലെ കോറത്തുണി പൊടുന്നനയങ്ങ് വലിച്ചുക്കീറുന്ന മാതിരി….
ദര്‍ര്‍റ്….
പിന്നെ അസഹനീയമായൊരു ദുര്‍ഗന്ധം. തുടര്‍ന്ന് അടിവയറ് കുത്തിയുള്ള വേദന. വയറ്റില്‍ ചില ശബ്ദ കോലാഹലങ്ങളും വെടികെട്ടും.എനിക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. അന്ന് സ്വച്ഛ് ഭാരതവും സൗചാലയവും ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തത് കൊണ്ട് ഞാന്‍ ഓടി കക്കൂസിലേയ്ക്ക്. ആരെയും അറിയിക്കേണ്ട എന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ല. ഇളയ സഹോദരിക്ക് ഇപ്പോള്‍ പാല്‍പ്പായസം കുടിച്ച സന്തോഷം. ആ ദ്രോഹി നാലാള്‍ കേള്‍ക്കേ ഉറച്ച് കൂവി.
അമ്മാ… കണ്ടതും കടിയതും ഒക്കെ വാരിത്തിന്ന് ഈ ചെറുക്കന് വയറിളക്കം. എനിക്കങ്ങ് നാണക്കേടായി. ഞാന്‍ തളര്‍ന്നവശനായ് പുറത്തേയ്ക്ക് വന്നപ്പോള്‍ നവവധുവിന്റെ മുഖത്ത് ഒരു അടക്കിപ്പിടിച്ച ചിരി.
രാവിലെ പൊതിനീട്ടിയപ്പോ എന്തൊരു പുകിലായിരുന്നു. ഇതായിരുന്നു ചിരിയുടെ അര്‍ഥം. എനിക്ക് മനസ്സിലായി. എന്നാലും ഒന്നും അറിയാത്ത മട്ടില്‍ ഞാന്‍ മുഖവും വീര്‍പ്പിച്ച് പുറത്തേക്ക് ഇറങ്ങി.
ഡാ… വെള്ളം കൊണ്ടുവന്ന് ഇവിടം കഴുകി വൃത്തിയാക്കടാ ഇളയത് ശവത്തില്‍ കുത്തി. ഇവള്‍ മനപൂര്‍വ്വം പോരിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. തിരിച്ചടിക്കാം എന്ന് വച്ചാല്‍…. അതാ വീണ്ടും പൊട്ടലും ചീറ്റലും. വയ്യാ… എനിക്ക് വയ്യാ..പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ വീണ്ടും കക്കൂസില്‍ അഭയം പ്രാപിച്ചു. ഇപ്പോഴത്തെ പ്രഖ്യാപനം അമ്മയുടേത്. ചുമ്മാതല്ല…. കൊണ്ട് വന്ന സാധനങ്ങള്‍ മുഴുവന്‍ ഈ ചെറുക്കന്‍ വയററിയാതെ വാരിത്തിന്നിരിക്കുന്നു. ഇനി വല്ല ആശുപത്രീലും കൊണ്ട് പോകേണ്ടി വരുമോന്തോ?
എനിക്കിപ്പോള്‍ ഡിസ്ചാര്‍ജ്ജ് താഴോട്ടും മുകളിലോട്ടും ആയി. ഓക്കാനം….ഛര്‍ദ്ദി… വീണ്ടും വയറിളക്കം. ഞാന്‍ നാണവും മാനവും ഒക്കെ വെടിഞ്ഞു. നിക്കര്‍ അഴിച്ചു ദൂരെ കളഞ്ഞിട്ട് ദിഗമ്പര സന്യാസിയായി കക്കൂസിലേയ്ക്ക് ഓടി.
ആങ്ങ്… നിങ്ങളിനി സമയം കളയണ്ട. നിങ്ങള്‍ ഇറങ്ങിക്കോ. അവനിത്തിരി ഇഞ്ചി ചതച്ച് പിഴിഞ്ഞ് കൊടുത്തുനോക്കാം. അച്ഛന്റെ കരളെപ്പിളര്‍ക്കുന്ന കല്‍പ്പന
ആ ദുഷ്ടക്കൂട്ടര് പിന്നെ ഒരു നോക്ക് പോലും തിരിഞ്ഞു നിന്നില്ല. എത്രയും പെട്ടെന്ന് സണ്‍സെറ്റ് കാണാനുള്ള തിടുക്കത്തിലായിരുന്നു അവര്‍. റ്റാറ്റാന്നും ബിര്‍ലാന്നുമൊക്കെ പറഞ്ഞ് അവര്‍ വണ്ടിവിട്ടു. നിറ മിഴികളോടെ ഞാന്‍ വണ്ടി വളവ് തിരിയുന്നത് നോക്കി നില്‍ക്കുമ്പോഴാ ഇതാ വീണ്ടും തുടങ്ങി. അടിവയറ്റിലെ ആ ഇരമ്പല്‍. എഞ്ചിന്‍ തകരാറിലായ ഏതോ ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ ഇരമ്പല്‍ പോലെയാണ് എനിക്കത് കേട്ടത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ വീണ്ടും ഓടിത്തുടങ്ങി