ശ്രീകല ചിങ്ങോലി
കാലടിയേറ്റം,തറഞ്ഞുപോം ആഴത്തിലാഴക്കു-
വെള്ളം, ചെളിച്ചാലുകെട്ടിയോരീറന്‍വഴി
കാട്ടുപൊന്തകള്‍,മുള്ളുകള്‍,ചാടിനടക്കും
ചെറുപരല്‍മീനുകള്‍
ചോടുമുഴുവന്‍ അഴുകി കടയറ്റു ചാഞ്ഞു കിടക്കുന്ന
ചെങ്കുളത്തിച്ചെടി
താളത്തില്‍ നീളന്‍ കഴുത്താട്ടിനില്‍ക്കുന്നൊ-
രാറ്റു കറുക, ഇലഞ്ഞിയും വാകയും
ആകെ വകഞ്ഞു കടക്കയാണിന്നെന്റെ
നേരിനും നേരായ ജന്മഗേഹത്തിലേക്കാ-
വണിപ്പൂക്കള്‍ പറിക്കാന്‍ കുളിരിടം
തേടിയിരിക്കാന്‍ കടങ്കഥയോര്‍ക്കുവാന്‍.
ഈ വഴിച്ചാര്‍ത്തിലുണ്ടെന്നോ തലയറ്റു-
കേണുകിതയ്ക്കുന്ന മാവിന്റെ പാതികള്‍
പ്രാണഹര്‍ഷങ്ങള്‍ വിതച്ചുപൊലിഞ്ഞുപോം
ജീവന്റെ നേര്‍ക്കാഴ്ച,അഗ്നി സമര്‍പ്പണം
ചെയ്തു മടങ്ങിയോരെന്റെ മിത്രങ്ങള്‍ക്കു
പട്ടടതീര്‍ക്കാന്‍ കുനിഞ്ഞ ശിരസ്സുകള്‍
പട്ടുപോകുന്നതാം ഓര്‍മ്മവടുക്കളായ്
കെട്ടിനില്‍ക്കുന്നു നിര്‍ജീവം വിമൂകമായ്.
എത്ര നിരാലംബംജീവിതം കെട്ടുറപ്പൊക്കെ-
യഴിഞ്ഞു ശ്ലഥമായ വാഴ്‌വുകള്‍
പിന്‍നിലാച്ചിത്രങ്ങളൊത്തിരി പാകിയ
മങ്ങാസ്മൃതികള്‍ തന്‍ തട്ടകം ഗേഹമി-
ന്നാരും തിരക്കാത്തനാഥമാം നൗകയായ്
നീങ്ങുകയാണിന്നു വ്യഥതന്‍ കടലിതില്‍
ശോഭനമെത്രയോ ജീവിതത്തിന്റെ
നേര്‍ച്ചക്രങ്ങള്‍ പാകിക്കടന്നതാംരഥ്യകള്‍
ഭഗ്നരഥങ്ങളില്‍ ഇന്നു പാറുന്നൊരീ
ദുഃഖക്കൊടിയടയാളങ്ങള്‍ കണ്ടൊട്ടു-
ഞെട്ടിയും ശോകമിയന്നുമെന്‍ മൂകമാം
ഹൃത്തടം വിങ്ങി,കിനാവില്‍
കനവറ്റ മുദ്രണംപേറി,ഇടംതിരിഞ്ഞുള്ളൊരീ-
ഓരോ വഴിച്ചാലുമേറ്റം വിളംബനം
ചെയ്യുന്നതോരോ അടയാളമല്ലയോ!!!