സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറവിലങ്ങാട് സയന്‍സ് സിറ്റി പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ശ്രീ. മോന്‍സ് ജോസഫ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് 2014-ലാണ് സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സയന്‍സ് സെന്റര്‍, ത്രിമാന പ്ലാനറ്റേറിയവും ബഹിരാകാശശാസ്ത്ര ഗാലറിയും ഉള്‍ക്കൊളളുന്ന സ്പേസ് തിയേറ്റര്‍, മോഷന്‍ സിമുലേറ്റര്‍, ആംഫി തിയേറ്റര്‍ തുടങ്ങിയവയാണ് ആദ്യഘട്ടമായി സയന്‍സ് സിറ്റിയില്‍ വിഭാവനം ചെയ്തിരുന്നത്.
ഇതില്‍ സ്പേസ് തിയേറ്റര്‍ കെട്ടിടം, മോഷന്‍ സിമുലേറ്റര്‍ കെട്ടിടം, ആംഫി തിയേറ്റര്‍, എന്‍ട്രന്‍സ് പ്ലാസ കെട്ടിടം എന്നിവയുടെ നിര്‍മ്മാണം 2014-15ല്‍ തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
കോട്ടയം സയന്‍സ് സിറ്റിയുടെ മുടങ്ങിക്കിടന്ന വിവിധ പ്രവൃത്തികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി 2022 ഡിസംബര്‍ 23ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കോട്ടയം സയന്‍സ് സിറ്റി സന്ദര്‍ശിക്കുകയും എം.പി, എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുകയും ഏജന്‍സികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഏജന്‍സിയായ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയം 2022 മെയ് മാസം സയന്‍സ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇതോടൊപ്പം, മോഷന്‍ സിമുലേറ്റര്‍ കെട്ടിടം, ആംഫി തിയേറ്റര്‍, എന്‍ട്രന്‍സ് പ്ലാസാ കെട്ടിടം, പ്രവേശന കവാടങ്ങള്‍ എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫുഡ് കോര്‍ട്ട് കെട്ടിടം, വൈദ്യുതീകരണ പ്രവൃത്തികള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവയുടെ പണി പൂര്‍ത്തിയായി വരുന്നു.
മൈക്രോകോണ്‍ക്രീറ്റിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സ്പേസ് തിയേറ്റര്‍ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്നുവെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മൈക്രോകോണ്‍ക്രീറ്റിംഗിന് പകരമായി സാങ്കേതിക സമിതിയുടെ അനുമതിയോടു കൂടി ടെൻസൈൽ ഫാബ്രിക് (Tensile Fabric) ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കാൻ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍വ്വഹണ ഏജന്‍സിയായ എച്ച്.എൽ.എൽ. ഹൈറ്റ്സ്, സ്പേസ് തിയേറ്റര്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് പുതിയ ദര്‍ഘാസ് ക്ഷണിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ കെട്ടിടത്തില്‍ സ്ഥാപിക്കുവാനുളള പ്ലാനറ്റേറിയം ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ കമ്പനിയായ കാൾസീസ് ബഹു. സുപ്രീംകോടതിയില്‍ ആർബിട്രേഷൻ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നടന്നുവരുന്നു.
കോട്ടയം സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായി ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്റ് സയന്‍സ്, എമേര്‍ജിങ് ടെക്നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രിമാന തിയേറ്ററും വിവിധ വര്‍ക്ക്ഷോപ്പുകളും, ഓഡിറ്റോറിയവും, സയന്‍സ് പാര്‍ക്കും, ദിനോസര്‍ പാര്‍ക്കും ഉള്‍പ്പെട്ട സയന്‍സ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനായി ക്യാമ്പസിനുള്ളിലെ റോഡുകളുടെ നിര്‍മ്മാണം, വൈദ്യുതീകരണം ജലവിതരണ സംവിധാനം എന്നിവ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസിനുള്ളിലെ റോഡുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ചു കഴിഞ്ഞു. വൈദ്യുതീകരണ പ്രവൃത്തികളുടെ ചുമതല പൊതുമേഖലാസ്ഥാപനമായ കെല്ലിനാണ് (M/s. KEL) നല്കിയിട്ടുളളത്. സയന്‍സ് സെന്ററിലേക്കും അനുബന്ധകെട്ടിടങ്ങളിലേക്കുമുളള ജലവിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നു.
സയന്‍സ് സിറ്റിയുടെ നിര്‍മ്മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി ബഹു. എം.എല്‍.എ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടെ യോഗം വീണ്ടും ചേരാവുന്നതാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.