മയക്കുമരുന്ന് വിതരണവും കടത്തും തടയാന്‍ കര്‍ശനനടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

24
0

മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേഖല ഐ.ജിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനായി തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവല്‍ക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനകള്‍ക്ക് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ശരീരത്തില്‍ ഘടിപ്പിച്ചും വാഹനങ്ങളില്‍ സ്ഥാപിച്ചും പ്രവര്‍ത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സൈബര്‍ ഡിവിഷന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വിദഗ്ദ്ധമായി അന്വേഷിക്കുന്നതിന് പോലീസിന് കൂടുതല്‍ ആത്മവിശ്വാസം കൈവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കേസന്വേഷണത്തില്‍ മാര്‍ഗനിര്‍ദേശമോ സംശയനിവാരണമോ ആവശ്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ ഡിവിഷനില്‍ പുതുതായി ആരംഭിച്ച ഇന്‍വെസ്റ്റിഗേഷന്‍ ഹെല്‍പ്പ് ഡെസ്ക്കുകളെ ആശ്രയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കണമെന്ന വിവരത്തിന് പരമാവധി പ്രചാരണം നല്‍കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

പൊതുതിരഞ്ഞെടുപ്പ്, ഉത്സവങ്ങള്‍ എന്നിവ അടുത്തുവരുന്ന സാഹചര്യത്തില്‍ പോലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി കമൻ്റേഷൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.